കടങ്കഥകളിൽ വിശ്വസിക്കുന്നവനല്ല പരീത്. പരദൂഷണത്തിനും പൊളളവാക്കുകൾക്കും തന്നെ സ്വാധീനിക്കാൻ ഇന്നേവരെ ഇടം കൊടുത്തിട്ടുമില്ല.
കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കാൻ ഓടാറില്ല. കടൽ വറ്റിയെന്നും മാനം ഇടിഞ്ഞെന്നും കേട്ട് വിറളി കൊളളാറുമില്ല. എങ്കിലും പർദ്ദയില്ലാത്ത സത്യങ്ങൾ നേരിൽകണ്ട് ബോധ്യപ്പെട്ടാൽ ഞെട്ടാതിരിക്കുന്നതെങ്ങിനെ? യാദൃച്ഛികമായി ഒരിക്കൽ പറ്റിപ്പോയതാണെങ്കിൽ സമാധാനമുണ്ട്. ചെറുപ്പത്തിന്റെ പാളിച്ചകൾ എന്ന് വിലയിരുത്താമായിരുന്നു. പക്ഷേ, ഇതങ്ങിനെയല്ലല്ലോ? കരുതിക്കൂട്ടി ബോധപൂർവ്വം അനുവർത്തിക്കുന്നതല്ലേ?
ദിവസം ചെല്ലുന്തോറും ഗോപിയുടെ നടപടികൾ ദൂഷ്യരീതിയിലേക്ക് നീങ്ങുകയാണ്.
കൂട്ടുകാരുടെ കൂടെ ഇടറുന്ന കാൽവെപ്പോടെ നടക്കുന്ന ചാരായം മണക്കുന്ന ഗോപിയെ പലതവണ പരീത് കണ്ടു.
പൊരുൾവെച്ച് സംസാരിച്ചു നോക്കി. ഉപദേശിച്ചു നോക്കി. ഭീഷണിപ്പെടുത്തി നോക്കി. പക്ഷേ, ഓരോ തവണയും പരാജയപ്പെട്ടത് താനാണ്.
ഒന്നുമല്ലാത്ത തന്നെ പുച്ഛഭാവത്തോടെ വീക്ഷിക്കാൻ, തന്റെ വാക്കുകളെ അവഗണിക്കാൻ ഗോപിക്ക് ഒരു മടിയും തോന്നിയില്ല. സാരോപദേശങ്ങൾ ജലരേഖകളായി കലാശിച്ചു.
ദുർവൃത്തരായ കൂട്ടുകാരാണ് പിൻബലം. കടിഞ്ഞാണില്ലാത്ത കാടുകയറ്റം എവിടെ ചെന്നവസാനിക്കും? അതായിരുന്നു പരീതിന്റെ ഭയം.
അസമയത്ത് കുടിച്ചുചെന്ന് വീട്ടിൽ വഴക്കും വക്കാണവുമുണ്ടാക്കുന്ന ഗോപി ഒരു പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
അതേക്കുറിച്ച് കല്യാണിയമ്മ കണ്ണീരോടെ പരീതിനോട് സംസാരിച്ചു. ശാന്തയുടെ ആഭരണങ്ങൾ പലതും ഇതിനകം പണയം വെച്ചും, വിറ്റും നശിപ്പിച്ചു കഴിഞ്ഞത്രെ.
നാട്ടുകാരറിഞ്ഞാൽ നാണക്കേടാകുമെന്ന് ഭയന്ന് പലതും മൂടിവെച്ചു കഴിയുകയാണ് ആ കുടുംബം.
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ് നെടുവീർപ്പിടുന്ന മുത്തച്ഛൻ….മൗനവേദനയോടെ മുറിയിൽനിന്നും പുറത്തിറങ്ങാതെ നെടുവീർപ്പിന്റെ ഊന്നുവടിയിൽ ആത്മാവർപ്പിച്ചിരിക്കുന്ന ശാന്ത….
ഈ പതനത്തിൽ ഒരു ഭീരുവിനെപ്പോലെ മാറിനിന്ന് ദുഃഖിക്കാൻ മാത്രമേ തനിക്ക് കഴിവുളളൂ. പരീത് ചിന്തിച്ചു.
ചെരുപ്പിനുളളിൽ മൺതരി വീണാൽ എടുത്തുകളഞ്ഞേ പറ്റൂ. അല്ലെങ്കിൽ മുന്നോട്ടുളള ഓരോ അടിവയ്‌പിലും അസ്വാസ്ഥ്യം വർദ്ധിക്കും.
കല്യാണിയമ്മയുടെ കുടുംബത്തോട് ബന്ധപ്പെടുത്തിയല്ലാതെ തന്റെ നിമിഷങ്ങൾക്ക് അർത്ഥവും ആഴവും നൽകാൻ പരീതിനാവില്ല. മറ്റുളളവർക്ക് അജ്ഞാതമാണെങ്കിലും ആ കുടുംബത്തിലെ ഗൃഹനാഥൻ താനാണെന്ന് പലവുരു കല്യാണിയമ്മ ഓർമ്മിപ്പിച്ചിട്ടുണ്ട്.
പക്ഷേ, ലോകം അതംഗീകരിച്ചിട്ടില്ലല്ലോ. ആ നിലയ്‌ക്ക് പ്രശ്‌നങ്ങളിൽ ഇടപെടാൻ തനിക്കെന്തധികാരം?
എങ്കിലും എല്ലാം കണ്ടുകൊണ്ട് അന്യനെപ്പോലെ അടങ്ങിയിരിക്കുന്നതെങ്ങിനെ?
എന്തും വരട്ടെയെന്ന ചിന്തയോടെ ഒരു സന്ധ്യക്ക് ഗോപിയെ പരീത് നേരിട്ടു.
കുമാരന്റെ പുരയിടത്തിൽ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു ഗോപി. കൂടെ കൃഷ്‌ണൻകുട്ടിയും വർക്കു സൂപ്രണ്ട് ഗോവിന്ദൻ നായരുമുണ്ട്.
ആദ്യകാലങ്ങളിൽ ജനശ്രദ്ധയിൽ പെടാതെ ഒളിച്ചും മറഞ്ഞും മദ്യപിക്കാൻ പോയിരുന്നവർ ഇന്ന് ഗോപ്യതയിൽ വിശ്വസിക്കുന്നില്ലെന്നു തോന്നി.
ലഹരിയിൽ കുതിർന്ന ചതഞ്ഞ വാക്യങ്ങളുമായി ഇടറുന്ന കാൽവെപ്പോടെ വരികയായിരുന്നു. കലുങ്കിന്നരികെ നിന്നിരുന്ന തന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ ഗോപി മുന്നോട്ടു നീങ്ങിയപ്പോൾ പരീത് വിളിച്ചു.
“ഒന്നു നിൽക്കണം. ഒരു കാര്യം പറയാനുണ്ടായിരുന്നു.”
ഗോപിയും കൂട്ടുകാരും തിരിഞ്ഞുനിന്നു. പരീത് അങ്ങോട്ടുചെന്നു. ഗോപി ചോദിച്ചു.
“എന്തുവേണം?”
പരീത് ഒന്നു ചിരിച്ചു. ഒരു തന്റേടിയുടെ ചിരിയായിരുന്നു അത്.
“കൂട്ടുകാരെ ബിട്ടേക്ക്. ഞമ്മക്ക് തമ്മിൽ ഇത്തിരി സംസാരിക്കാനുണ്ട്.”
“ഇപ്പോൾ സൗകര്യപ്പെടുകയില്ല.”
ആ മറുപടി പ്രതീക്ഷിക്കാത്തതായിരുന്നു. പരീത് മെല്ലെ താടി ചൊറിഞ്ഞു.
“പിന്നെ എപ്പോഴാണാവോ സൗകര്യപ്പെടുക?”
പുച്ഛഭാവത്തിൽ ഗോപി പറഞ്ഞു.
“ആലോചിച്ചു പറയാം.”
അവൻ തിരിഞ്ഞു നടക്കാൻ ഭാവിച്ചു. പെട്ടെന്ന് പരീത് ഗോപിയുടെ കോളറിനു കടന്നുപിടിച്ചു. ആ പ്രവൃത്തി ഗോപി പ്രതീക്ഷിച്ചതല്ല. ഇരുമ്പുമുഷ്‌ടിയുടെ പിടി ഒന്നുകൂടി മുറുകി.
“അനങ്ങിപ്പോകരുത് ഹമുക്കേ! രണ്ടും കല്പിച്ചാണ് ഞമ്മള് ഇന്ന് എറങ്ങിയേക്കണത്.”
ഗോപിക്കു മറുപടിയില്ലായിരുന്നു. വർക്ക് സൂപ്രണ്ട് ഗോവിന്ദൻ നായർക്കും കൃഷ്‌ണൻകുട്ടിക്കും പെട്ടെന്ന് മത്ത് ഇറങ്ങിയതുപോലെ തോന്നി. അവർക്ക് വിറയലനുഭവപ്പെട്ടു. അവരെ നോക്കി പരീത് പറഞ്ഞു.
“മാനം ബേണോന്ന്‌ണ്ടങ്കില് സ്ഥലം ബിട്ടോ, ഇമനെ ഒറ്റക്ക് കിട്ടിയിട്ട് ഞമ്മക്കിത്തിരി കാര്യമൊണ്ട്.”
നിസ്സഹായനായി നില്‌ക്കുന്ന ഗോപിയുടെ നേർക്ക് മുഖം തിരിക്കാൻപോലും ശക്തിയില്ലാതെ നെഞ്ചിടിപ്പോടെ ഗോവിന്ദൻനായരും കൃഷ്‌ണൻകുട്ടിയും കാറ്റിലെ കരിയിലപോലെ പറന്നു. പരീത് കോളറിൽ നിന്നും മെല്ലെ പിടിവിട്ടു. എന്നിട്ട് ഗൗരവത്തോടെ ആജ്ഞാപിച്ചു.
“ബാ…”
ആ ഒറ്റയക്ഷരത്തിന്റെ പിന്നാലെ ഒരു കുറ്റവാളിയുടെ ഇടർച്ചയോടെ ഗോപി നടന്നു. മനസ്സിൽ ചോദ്യമുയർന്നു.
ഈ മനുഷ്യൻ തന്നെ എങ്ങോട്ടായിരിക്കും കൊണ്ടുപോകുന്നത്?
പരീത് നേരെ കുമാരന്റെ പുരയിടത്തിലേക്ക് കയറുകയായിരുന്നു. പടി കടന്നപ്പോൾ തിരിഞ്ഞ് ഗോപിയെ നോക്കി.
“സൂശ്ശിച്ച് നടക്കണം. ബീയുമെന്ന് കണ്ടങ്കില് കൈയ്‌ക്ക് പിടിച്ചോളാം.”
മറുപടിയുണ്ടായില്ല. ശ്രദ്ധയോടെ ഗോപി പടികടന്നു. ഇരുവരും കുമാരന്റെ മുറ്റത്ത് എത്തി. അകത്ത് മണ്ണെണ്ണ വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്. കാൽപ്പെരുമാറ്റം കേട്ട് കുമാരൻ മുറ്റത്തേക്ക് നടന്നു. അവൻ ഭവ്യനായി.
“അല്ലാ ആരാണിത് പതിവില്ലാതെ?”
“ഒരുകുപ്പി ചാരായമെടുക്ക്.”
ആ കൽപ്പനകേട്ട് കുമാരൻ ഒന്നുകൂടി ഭവ്യനായി.
“ഇപ്പം കൊണ്ടുവരാം.”
അവൻ ധൃതിയിൽ അകത്തേയ്‌ക്കോടി. ഗോപി തലകുനിച്ച് നിൽക്കുകയാണ്. പരീത് ചോദിച്ചു.
“ഒരു കുപ്പിപോരേ? ബേണങ്കില് പിന്നേം മേടിക്കാം.”
“എനിക്കു വേണ്ട.”
“ബേണം. ഞമ്മളാണത് തീരുമാനിക്കാൻ. മുന്തിയ കുടിക്കാരനാണെന്ന് പറഞ്ഞു കേട്ടിട്ടേയുളളൂ. ഇന്ന് നേരിട്ടൊന്ന് കാണാൻ തീരുമാനിച്ചേക്കുകേണ്.”
ഗോപി ആകെ പതറി. കുമാരൻ കുപ്പിയും രണ്ടു ഗ്ലാസ്സും കൊണ്ടുവന്ന് മുറ്റത്ത് വിരിച്ച പായിൽ സ്ഥാപിച്ചു. പരീത് പറഞ്ഞു.
“ഒരു ഗ്ലാസ്സു മതി. ഞമ്മള് കയിക്കൂലെങ്കിലും കയിക്കുന്ന ഒരാളെ കിട്ടിയപ്പ സൽക്കരിക്കാൻ കൊണ്ടുവന്നതാണ്.”
ഗോപിക്കു സമനില തെറ്റുന്നപോലെ തോന്നി. പരീതിന്റെ നിർദ്ദേശപ്രകാരം കുമാരൻ കുപ്പിയിൽനിന്ന് ഗ്ലാസ്സിലേക്ക് ചാരായം പകർന്നു. നിറഞ്ഞ ഗ്ലാസ്സെടുത്ത് പരീത് നീട്ടി.
“കുടിക്ക്.”
“എനിക്കാവശ്യമില്ല.”
ഗോപി മുഖം തിരിച്ചു. മടിയിൽ നിന്ന് പിച്ചാത്തിയെടുത്തു നിവർത്തി പരീത്. കുമാരനും ഗോപിയും ഒപ്പം ഞെട്ടി. പരീതിന്റെ ശബ്‌ദം വീണ്ടും ഉയർന്നു.
“കുടിക്കാൻ പറഞ്ഞാല് കുടിച്ചോളണം. ഇല്ലെങ്കില് ഈ മുറ്റത്തുനിന്ന് ഒരു മയ്യത്തെടുക്കേണ്ടിവരും.”
ആ ശബ്‌ദവും ഭാവവും കണ്ട് കുമാരൻ ആകെ ഭയന്നു. അവൻ കാലുപിടിച്ചു കരഞ്ഞു.
“പൊന്നു പരീത്‌ക്കാ….നിങ്ങള് കുഴപ്പമുണ്ടാക്കരുത്. എന്റെ കഞ്ഞിയിൽ പാറ്റയിടീക്കരുത്.”
ഗോപി കൂസലില്ലാതെ പറഞ്ഞു.
“നിങ്ങൾക്കെന്നോട് വിരോധമുണ്ടെന്നെനിക്കറിയാം. എന്നെ കൊല്ലാൻ എന്റെ അമ്മാവിയമ്മ നിങ്ങളോട് ശട്ടം കെട്ടിയിട്ടുണ്ടാവും. അങ്ങിനെയാണെങ്കിൽ മടിക്കേണ്ട കൊന്നുകൊളളൂ. ഞാൻ മരിക്കേണ്ടത് എന്റെ ഭാര്യവീട്ടുകാർക്ക് ഇന്നൊരാവശ്യമാണ്.”
ഉച്ചിയിൽ ഒരടിയേറ്റതുപോലെ തോന്നി പരീതിന്. ആർജ്ജിച്ചു വെച്ച ഊർജ്ജം ചോർന്നു പോകുന്നതുപോലെ.
കനത്ത നിശ്ശബ്‌ദതയെ ഭഞ്ജിക്കാൻ വാക്കുകൾക്കു കെല്പില്ലാതായി.
ഗോപിയുടെ അടവ് ഫലിച്ചു. ഒരക്ഷരംപോലും ഉരിയാടാതെ പരീത് പെട്ടെന്ന് അവിടന്നിറങ്ങി പോയി.
Generated from archived content: choonda45.html Author: sree-vijayan