പന്തിക്കേടോടെയാണ് ഗോപി അകത്തേക്ക് കടന്നത്. ഹരിക്കെയിൻ വിളക്കിന്റെ തിരിനീട്ടി മേശപ്പുറത്തുവച്ചിട്ട് ധൃതിയിൽ പോയി ചോറും കറികളുമെടുത്ത് ശാന്ത തിരിച്ചുവന്നു. മുറിയിൽ വല്ലാത്തൊരു ഗന്ധം. അവൾ ഭർത്താവിനെ നോക്കി. ചിന്താമഗ്നനായി കട്ടിലിൽ ഇരിക്കുകയാണ് ഗോപി. ശാന്തയ്‌ക്ക് സംശയമായി. അവൾ അന്വേഷിച്ചു.
“വയറിന് ഇന്നും സുഖമില്ലേ?”
“ഉം?…. എന്തുവേണം?”
“അരിഷ്‌ടത്തിന്റെ മണം!”
മറുപടി രൂക്ഷമായ ഒരു നോട്ടത്തിന് ശേഷമുണ്ടായ കനത്ത മൗനമായിരുന്നു.
ശാന്തയ്‌ക്ക് ഒന്നും തന്നെ മനസ്സിലായില്ല. ഈ ഭാവമാറ്റത്തിന് താൻ എന്തുതെറ്റു ചെയ്‌തു?
ഗോപിയുടെ പരുഷത നിറഞ്ഞ ശബ്‌ദമുയർന്നു.
കൃഷ്‌ണപിളളസാറിന് കത്തയച്ചോ?“
ആ ചോദ്യത്തിന്റെ അനവസരത്തെ അവൾ ഭയപ്പെട്ടു. മുഖം വാടിപ്പോയി. ചുണ്ടുകൾ വിറകൊളളുകയും ചെയ്‌തു. മൗനത്തെ വെട്ടിമുറിക്കാൻ മൂർച്ചയുളള വാക്കുകൾ വീണ്ടും ക്രൂരമായി പ്രയോഗിക്കപ്പെട്ടു.
”എനിക്കറിയാം; അയക്കില്ല. പഴയ ലോഹ്യക്കാരനല്ലേ? വെറുപ്പിക്കാൻ കഴിയില്ലല്ലോ?“
വെളളിടിയായിരുന്നു അത്. ഏറ്റത് ആത്മാവിലാണ്. പാദം തൊട്ട് നെറുകവരെ ഞരമ്പുകളിലൂടെ ചൂടുളള എന്തോ ഇരച്ചുകയറി. ചുഴലിക്കാറ്റിന്റെ ചൂളം വിളി കാതിലോ കരളിലോ? വിഷം പുരട്ടിയ വജ്രസൂചികൾ തലച്ചോറിൽ തറഞ്ഞു കയറിയപ്പോൾ ബോധം നഷ്‌ടപ്പെട്ടിരുന്നു.
ഓർമ്മവന്നപ്പോൾ ചുമരിൽ ചാരി നില്‌ക്കുകയായിരുന്നു.
ക്ഷേത്രത്തിലെ വിഗ്രഹത്തെയാണ് ചവുട്ടിമറിച്ചിരിക്കുന്നത്. ഹിരണ്യകശിപുക്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?
ഈ പാപവാക്കുകൾക്ക് പരിഹാരമെന്ത്?
”ഗുരുവായൂരപ്പാ…എനിക്ക് ശക്തിതരണേ?“
അഞ്ജലിക്കൂപ്പുന്ന, തേങ്ങുന്ന ആത്മാവ്. വിറക്കുന്ന വരണ്ടചുണ്ടുകൾ.
അപ്പോൾ മുറിയിൽ ചാർമിനാറിന്റെ കരിഞ്ഞമണം പരന്നു.
ഗോപി ഊതിവിട്ട വാക്കുകൾക്ക് കാഠിന്യം കൂടിപ്പോയെന്ന് ഗോപി ഓർമ്മിച്ചു. മദ്യപിച്ചതിന് കുറ്റപ്പെടുത്താതിരിക്കാനെടുത്ത അടവായിരുന്നു. എങ്കിലും നിനച്ചതിനേക്കാൾ ശക്തിയേറിപ്പോയില്ലേ?
അതുണ്ടാക്കിയ പ്രതികരണം നേരിൽ കണ്ടപ്പോൾ ആകെ അങ്കലാപ്പായി. പക്ഷെ, പുറത്തുകാണിക്കാൻ വയ്യ.
പശ്ചാത്തപിച്ചാൽ പിന്നീടത് വിപരീതം ചെയ്യും. മനഃപൂർവ്വം വാശിപിടിച്ച് ഇരിക്കുകയേ മാർഗ്ഗമുളളു. ബോധപൂർവ്വം അഭിനയിക്കുകയേ നിർവ്വാഹമുളളു. ഒളിക്കണ്ണെറിഞ്ഞു നോക്കി.
ശാന്ത ഒരു നീർക്കുടുക്കപോലെ ദുഃഖത്തിൽ കുതിർന്നു നിൽക്കുന്നു. ഗദ്‌ഗദം കലർന്ന ഭാഷയിൽ ഗോപി ആത്മഗതം ചെയ്‌തു.
‘നാട്ടുകാരുടെ കുത്തുവാക്കുകൾ കേട്ട് കരണം പുകയുന്നു. ഇന്നലെവരെ ഈ കുടുംബത്തിൽ നടന്നത് എന്താണെന്ന് എല്ലാർക്കും അറിയാം. ഇന്നും അത്തരം ജീവിതമാണിവിടെയെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നാണ് വാശിയെങ്കിൽ അതുതന്നെ നടക്കട്ടെ.”
ഒരിക്കൽകൂടി ഒളിക്കണ്ണെറിഞ്ഞു നോക്കി. ഉണ്ട്, പ്രതികരണമുണ്ട്. ശാന്ത തന്റെ വിലാപം കാതു കൂർപ്പിച്ച് ശ്രദ്ധിക്കുന്നുണ്ട്.
അഭിനയം തുടർന്നു. “എനിക്കറിയാം ഞാൻ ചെയ്തത് തെറ്റാണെന്ന്. പക്ഷേ, കുത്തുവാക്കുകൾ കേട്ട് സഹികെട്ടപ്പോൾ മനസ്സിന് സമാധാനം കിട്ടാൻ വേണ്ടി ജീവിതത്തിൽ ആദ്യമായി ഇന്നെനിക്ക് ചാരായം കുടിക്കേണ്ടിവന്നു.”
ശാന്ത ഞെട്ടിപ്പോയി. കൂടുതൽ ദുഃഖത്തോടെ ഗോപി തുടർന്നു.
“നശിക്കട്ടെ. എല്ലാ മാന്യതയും നശിക്കട്ടെ. എന്റെ ഭാര്യക്കും വീട്ടുകാർക്കും അതാണാവശ്യമെങ്കിൽ അതുതന്നെ നടക്കട്ടെ.”
അവൻ കിടക്കയിലേക്ക് കമിഴ്‌ന്നു കിടന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു. എങ്ങിനെയെന്നറിഞ്ഞുക്കൂടാ, ആവശ്യത്തിന് കണ്ണീരും വന്നു.
ഉളളുപൊളളിയ ശാന്ത ഭർത്താവിന്റെ അടുത്തേയ്‌ക്ക് പാഞ്ഞുചെന്നു. കെട്ടിപ്പിടിച്ചുകൊണ്ടവൾ യാചിച്ചു.
“എന്നോട് ക്ഷമിക്കൂ….എനിക്കു മാപ്പുതരൂ…എനിക്ക് മാപ്പ് തരൂ…”
ദീനമായി അവൾ കെഞ്ചിക്കൊണ്ടിരുന്നു.
**************************************************************************
പാതിരാക്കഴിഞ്ഞിട്ടും ശാന്തയ്‌ക്ക് ഉറക്കം വന്നില്ല. കൂർക്കം വലിക്കുന്ന ഭർത്താവിനരികെ ലക്ഷ്യബോധമില്ലാത്ത മനസ്സോടെ അവൾ കിടന്നു.
സ്വയം ചോദിച്ചു.
ഈ ലോകം ഇത്ര നന്ദികെട്ടതാണോ?
എഴുതി വായിക്കാൻ മാത്രം കൊളളാവുന്ന വാക്കുകളായിരിക്കുമോ സ്‌നേഹം, വാത്സല്യം, കടപ്പാട് എന്നിവ. അവക്കൊരു വിലയുമില്ലേ?
നല്ല മനുഷ്യരെ ഒടുങ്ങാത്ത പകയോടെ വീക്ഷിക്കുന്നതെന്ത്?
മോഹാലസ്യപ്പെട്ട അന്തരാത്മാവിന് മോചനം ലഭിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് വരുമോ ഈശ്വരാ!
വേദനയോടെ അവൾ നിശ്വസിച്ചു. ചാരായത്തിന്റെ അസഹനീയമായ ഗന്ധത്തിൽ മുങ്ങി മയങ്ങിക്കിടക്കുന്ന ഭർത്താവിന്റെ മുഖത്തേക്ക് നോക്കി.
വാടിത്തളർന്ന മുഖം. ജനങ്ങളുടെ പരിഹാസം മൂലം ചാരായക്കടയിൽ അഭയം പ്രാപിച്ചെന്ന്! ഈ നില നാളെയും ആവർത്തിക്കുകയില്ലേ?
അമ്മയെ നശിപ്പിച്ച ’ഹംസം നാണുനായർ‘ തടിലോറി കേറി ചിതറി മരിച്ച കഥ…ഉളളിൽ ഇടിമിന്നൽ! ’അയ്യോ‘ എന്ന് വിളിച്ച് ഉറക്കെ കരയണമെന്ന് തോന്നി. അവൾ പിടഞ്ഞെണീറ്റു.
കട്ടിൽ കുലുങ്ങിയപ്പോൾ മയക്കത്തിൽ നിന്ന് ഗോപിയും ഉണർന്നു. പരുക്കൻ ചോദ്യം.
“എന്താ ഉറങ്ങിയില്ലേ?”
ശാന്ത മിഴിതുടച്ചു. ഭാവം മാറ്റി.
“വല്ലതും കഴിക്കണ്ടേ? ഉണരട്ടെയെന്നു കരുതി കാത്തിരിക്കുകയാണ് ഞാൻ. ചോറിരുന്ന് ആറിത്തണുത്തു.”
അപ്പോഴാണ് പരിസരബോധം വന്നത്.
തെല്ലുനേരം മൗനം പാലിച്ചു. പിന്നീട് തിരിഞ്ഞു കിടന്നു.
ശാന്തയുടെ ഉളളിൽ വീണ്ടും ഉഷ്‌ണം. മിഴിനീർ കവിളിലൂടൊഴുകി.
“എന്നെ ഇഷ്‌ടമല്ല അല്ലേ?” അവൾ തേങ്ങി.
അതിനും മറുപടിയുണ്ടായില്ല. ഉത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വേട്ടാളന്റെ കൂട്ടിൽ ദൃഷ്‌ടിപതിച്ച് ഗോപി കിടന്നു.
വിതുമ്പുന്ന ചുണ്ടുകൾ വീണ്ടും തിരക്കി.
“പറയൂ, എന്നെ ഒട്ടും വിശ്വസിക്കാൻ ഒക്കുന്നില്ല അല്ലേ?”
മൃദുവായ കൈകൾ അവന്റെ കവിൾ തലോടി. കണ്ണുകൾ തമ്മിൽ ഇടഞ്ഞു. മനസ്സിന് ഇടർച്ച വന്നു.
മദ്യഗന്ധമുളള ആവേശമാർന്ന ശബ്‌ദം.
“എന്താ ശാന്തേ!”
കരുത്തുളള കൈവലയത്തിനുളളിൽ അവളൊരു കിളിക്കുഞ്ഞായി.
കിളി കരഞ്ഞുകൊണ്ടിരുന്നു.
“ഞാൻ മൂലം ഏറെ ദുഃഖം അനുഭവിക്കേണ്ടി വരുന്നുണ്ടല്ലേ?”
ഗോപി ആശ്വസിപ്പിച്ചു.
“ഇല്ല ശാന്തേ….സാരമില്ല..”
“ഉണ്ട്. അതുകൊണ്ടല്ലേ പോയി ചാരായം കുടിച്ചത്? ഞാൻ കാരണമല്ലേ നിങ്ങളും നശിക്കണത്?”
പെട്ടെന്നവളുടെ വായ് പൊത്തികൊണ്ട് അവളെ മാറോടണച്ച് ഇറുകെ പുൽകി. കാതിൽ അവൻ പറഞ്ഞുകൊണ്ടിരുന്നു.
“നീയെന്റെ ജീവനാണ് തങ്കം…. എന്നെ വിശ്വസിക്കൂ. ഇനി ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ല; ഒരിക്കലും…. ഒരിക്കലും…”
ഗദ്‌ഗദങ്ങളുടെ തേങ്ങലുകൾ സീൽക്കാരങ്ങളിലേക്ക് വിലയിക്കുമ്പോൾ പുറത്ത് കുളിരും നിലാവും പുളകം പെയ്യുകയായിരുന്നു.
Generated from archived content: choonda44.html Author: sree-vijayan