ചിത്രകാരിയായ സന്ധ്യ പടിഞ്ഞാറെ മാനത്ത് വർണ്ണങ്ങൾ ചാലിച്ച് മായാചിത്രങ്ങൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ പാടവരമ്പത്തുകൂടി വന്ന പരീത് അവിശ്വസനീയമായ ഒരു രംഗം കണ്ടു.
വാറ്റുചാരായം വിൽക്കുന്ന ‘കൊട്ടുവടി കുമാര’ന്റെ ചെറ്റപ്പുരയിലേക്ക് ഗോപി കയറിപ്പോകുന്നു. കൂടെ കൂട്ടുകാരനായ കൃഷ്‌ണൻകുട്ടിയുമുണ്ട്. തെല്ലൊരന്ധാളിപ്പോടെ നിന്നുപോയി. തനിക്ക് ആള് പിശകിയെന്നു വരുമോ? ഇല്ല. ഗോപിയും കൃഷ്‌ണൻകുട്ടിയും തന്നെ. ആരെങ്കിലും തങ്ങളെ കാണുന്നുണ്ടോ എന്ന് ചുറ്റുപാടും നോക്കിയതിനുശേഷമാണ് അവർ കുമാരന്റെ പുരയിടത്തിലേക്ക് കയറിയത്.
പാടവരമ്പിൽനിന്നും റോഡിലേയ്‌ക്ക് ധൃതിയിൽ പരീത് നടന്നു.
ഗോപി മദ്യപിക്കുമോ? മദ്യപിക്കുവാൻ തന്നെയാണ് അവൻ കുമാരന്റെ പുരയിലേക്ക് പോയതെന്ന് എന്താണ് തീർച്ച? ഒരുപക്ഷേ, കുമാരനെ കണ്ട് ജോലി സംബന്ധമായ എന്തെങ്കിലും കാര്യങ്ങൾ സംസാരിക്കാനുമായിക്കൂടെ? പക്ഷേ, കുമാരന് ജോലിയുമായി എന്തു ബന്ധം?
കളളവാറ്റും ബിസിനസ്സുമല്ലാതെ ഇന്നേവരെ ഒരു പണിക്കും കുമാരൻ പോയിട്ടില്ല. അവനെ നാട്ടിൽ അറിയുന്നതുതന്നെ നല്ല മേൽവിലാസത്തിലല്ല.
പകൽ മാന്യന്മാരായ പലരും തലയിൽ മുണ്ടിട്ട് അസമയങ്ങളിൽ കുമാരന്റെ വീട് സന്ദർശിക്കാറുണ്ട്. ഗോപിക്ക് ആ വിവരം അറിഞ്ഞുക്കൂടെന്നു വരുമോ?
ഗോപി മദ്യപിക്കുമെന്ന് ഇന്നേവരെ പരീത് അറിഞ്ഞിട്ടില്ല. ശാന്തയെ കല്യാണം കഴിക്കുന്നതിനുമുമ്പ്, പാലം പണിക്കുവന്ന ഒരാളെന്ന നിലയിൽ കവിഞ്ഞ് ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കേണ്ടുന്ന സംഗതികളൊന്നും ഉണ്ടായിട്ടുമില്ല. അറിയുന്ന കാലം തൊട്ട് അടക്കവും ഒതുക്കവുമുളള നല്ലൊരു പയ്യൻ എന്ന രീതിയിലെ മനസ്സിലാക്കിയിട്ടുളളു.
പ്രതീക്ഷയ്‌ക്ക് വിപരീതമായി ഒരപശകുനം നേരിൽ കണ്ടപ്പോൾ വീർപ്പുമുട്ടൽ തോന്നി.
കുമാരന്റെ വീട്ടിലേയ്‌ക്ക് കയറിച്ചെന്നാലോ? താൻ പിന്തുടരുന്ന വ്യക്തി കുറ്റക്കാരനല്ലെങ്കിൽ മാനസികമായി അതൊരു ബുദ്ധിമുട്ടുണ്ടാക്കുകയില്ലേ?
എന്തായാലും ഗോപി മടങ്ങി വരുന്നതുവരെ കാത്തിരിക്കുക. വരുമ്പോൾ എന്തിനവിടെ പോയെന്ന കാര്യം നേരിട്ടു ചോദിച്ചറിയുക. ആ നിനവോടെ പരീത് കലുങ്കിൽ കയറി ഇരിപ്പുറപ്പിച്ചു. അന്തിച്ചന്തയിൽ നിന്നുമടങ്ങുന്ന വഴിയാത്രക്കാർ പലരും പരീതിനോട് കുശലം ചോദിച്ചു. തോന്നിയ മറുപടിയും നൽകി തുടരെത്തുടരെ ബീഡിയും വലിച്ച് അയാൾ ഇരുന്നു.
സമയം വൈകുന്തോറും മനസ്സിൽ ആശങ്കകളുയർന്നു. സങ്കല്പങ്ങളെല്ലാം വഴിമാറിപ്പോകുന്നു.
സൽസ്വഭാവിയെന്ന് കരുതിയ ആ ചെറുപ്പക്കാരൻ തകരാറുകാരനാണെന്ന് വരുമോ? കുമാരന്റെ വാറ്റുചാരായം കുടിക്കാരിൽ ഗോപിയും ഒരു പതിവുകാരനായിരിക്കുമോ?
അങ്ങിനെയെങ്കിൽ നല്ലവളായ ആ പെൺകുട്ടിയുടെ ഭാവിയെന്തായിരിക്കും? അമ്മയെപ്പോലെ അവൾക്കും ചതിപറ്റുകയില്ലേ? പുളിങ്കൊമ്പെന്ന് കരുതി കയറിപിടിച്ചത് മുരിക്കിൻ കൊമ്പായിത്തീരില്ലേ? പരീതിന് ആധിയായി. അയാൾ അസ്വാസ്ഥ്യത്തോടെ കലുങ്കിൽ നിന്നെഴുന്നേറ്റു.
അപ്പോൾ നിഴലുകളുടെ രൂപത്തിൽ കൂട്ടുകാരന്റെ തോളിൽ കയ്യിട്ട് ആടിയാടി കുമാരന്റെ പടികടന്ന് ഗോപി റോഡിലേക്കിറങ്ങുകയായിരുന്നു.
നിഴലുകൾ കലുങ്കിനടുത്തെത്തി.
“ആരാത്? ഗോപിയല്ലേ?”
ചോദ്യം കേട്ട് നിഴലുകൾ വിളറിയോ? പരീത് അടുത്തേയ്‌ക്ക് ചെന്നു.
“രണ്ടുപേരുമുണ്ടല്ലോ? എവിടെ പോയിരുന്നു?”
ചാരായത്തിന്റെ മണം പുരണ്ട അക്ഷരങ്ങൾ ഉതിർന്നു വീണു.
“ഞങ്ങൾ ഒരു സ്‌നേഹിതന്റെ വീടുവരെ പോയി.”
പരീത് ഒന്നു ചിരിച്ചു. ഗോപിയുടെ അന്വേഷണം.
“ഇതെന്താണ് ഇരുട്ടത്ത് നിൽക്കുന്നത്?”
“ഇരുട്ട് ഒരു സി.ഐ.ഡീനെപ്പോലെയാണല്ലോ? പല രഹസ്യങ്ങളും അത് ബെളിച്ചത്ത് കൊണ്ടുവരും.”
ആ ഫലിതം ഗോപിയേയും കൂട്ടുകാരനേയും സുഖിപ്പിച്ചു. അവർ ചിരിച്ചു. ഗോപി പറഞ്ഞു.
“പരീത്‌ക്കാ പറഞ്ഞത് നേരാണ്. അർദ്ധരാത്രി ഓർക്കാപ്പുറത്ത് നേരം വെളുത്തുപോയാൽ നല്ലവരെന്ന് കരുതുന്ന പലരും കുറ്റവാളികളാകുമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.”
ആ വിജ്ഞാനകോശത്തിന്റെ തൊലിനുളളി ആസ്വദിക്കുവാൻ പരീതിന് രസം തോന്നിയില്ല. അമർഷസ്വരമുയർന്നു.
“ബേദാന്തം ഞമ്മളും ഒരുപാട് കേട്ടിട്ടൊണ്ട് മോനേ….കൊട്ടുവടി കുമാരന്റെ ബാറ്റുചാരായത്തിന് ഇതിലും ബലിയ പ്രമാണങ്ങൾ പറയിപ്പിക്കാൻ കയിഞ്ഞെന്നു വരും.”
ഗോപിക്ക് സ്വരത്തിലെ ഗൗരവം മനസ്സിലായി. തന്റേടിയായ പരീതിനോട് എതിരിടുന്നത് ഭൂഷണമല്ല. നയത്തിൽ അടുത്തു.
“പരീത്‌ക്കാ… തെറ്റിദ്ധരിക്കരുത്. വല്ലാത്ത ജലദോഷം. പനിയ്‌ക്കുമോ എന്നൊരു സംശയം. കുരുമുളകുപൊടിച്ചിട്ട് ഒരു ഗ്ലാസ് നാടൻ ചാരായമടിച്ചാൽ നല്ലതാണെന്ന് ഒരാൾ പറഞ്ഞു…”
“എങ്കിലൊരു കാര്യം ചെയ്യ്. ആശുപത്രികളൊക്കെ പൊളിച്ചുകളഞ്ഞ് പകരം ചാരായശാപ്പ് നടത്താൻ ഞമ്മക്ക് ഗവർമ്മേണ്ടിലേക്ക് എയ്‌താം.”
ഗോപിയും കൂട്ടുകാരനും പൊട്ടിച്ചിരിച്ചു. പക്ഷേ, ചിരിയുടെ മീതെ പരീതിന്റെ കനത്ത ശബ്‌ദം.
“നിർത്ത്!”
ബ്രേക്കിട്ടപോലെ ചിരി നിന്നു.
“നല്ലതു പറയുമ്പ മണ്ടൻ ചിരി പാടില്ല. അത് ആണുങ്ങൾക്ക് ചേർന്നതല്ല.”
ലഹരി ഇറങ്ങിപ്പോയി. ഇരുട്ടിലും പരീതിന്റെ രൂക്ഷദൃഷ്‌ടികൾ ചാട്ടുളിപോലെ തറച്ചുകയറി.
മറുത്തൊന്നും പറയാനില്ല. നാട്ടിൽ ജനസ്വാധീനവും കുറവാണ്. അവിവേകം ചിന്തകളുടെ പലവഴിക്കും സഞ്ചരിച്ച് മടങ്ങിവന്ന് സ്വയം അടങ്ങി.
പിന്നീട് കേട്ടത് ഉപദേശ വാക്കുകളായിരുന്നു.
“നല്ലതെന്ന് പറയിപ്പിക്കാൻ എളുപ്പം കയിഞ്ഞൂന്ന് ബരൂല്ല മോനെ….പശ്ശേ, നശിക്കാൻ നാലു നിമിശം മതി.”
അതിനു ഗോപി മറുപടി പറഞ്ഞില്ല.
“ഏതായാലും ഇന്ന് മോനൊരു കുടുംബത്തിന്റെ ചൊമതലക്കാരനാണ്. കൂട്ടുകാരെന്ന രീതിയില് ചില ഹറാം പിറന്നവര് പുറകെക്കൂടും. അവര് ചൂണ്ടുന്ന ബയിയിൽ കൂടി നീങ്ങിയാല് ഹലാക്കിന്റെ പടുകുയീലേ ചെന്ന് ബിയൊളളൂ. ഓർത്തോ.”
തീപ്പെട്ടിയുരച്ച് ഒരു ബീഡിയും കൂടി കത്തിച്ചിട്ട് പരീത് നേരെ കിഴക്കോട്ട് നടന്നു. തെല്ലുക്കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ഗോപിയും കൃഷ്‌ണൻകുട്ടിയുമെന്ന നിഴലുകൾ ഇരുട്ടിൽ അലിയുകയായിരുന്നു.
Generated from archived content: choonda43.html Author: sree-vijayan