പ്രത്യേക ശുപാർശകളൊന്നും കൂടാതെത്തന്നെ അവറാച്ചൻ മുതലാളിയുടെ അറക്കക്കമ്പനിയിൽ പരീതിന് ജോലി കിട്ടി. പറയത്തക്ക അദ്ധ്വാനമില്ല. ഞായറാഴ്‌ചയൊഴികെ മറ്റെല്ലാ ദിവസങ്ങളിലും കമ്പനിപ്പടിയ്‌ക്കലുണ്ടാകണം. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് ജോലി. ഉച്ചയ്‌ക്ക് ഒരു മണിക്കൂർ വിശ്രമം.
പോസ്‌റ്റാഫീസിനോട് തൊട്ടുളള വൈദ്യശാലയുടെ വരാന്തയിൽ കിടക്കുന്ന ബഞ്ചിൽ ‘മാതൃഭൂമി’ പത്രവും നോക്കി പരീത് ഉച്ചസമയം കഴിച്ചുക്കൂട്ടും. മരുന്നുകടക്കാരൻ കൃഷ്‌ണൻനായർ ആളൊരു രസികനാണ്. പണ്ട് അയാൾ അകവൂർ മനയ്‌ക്കലെ പുറം കാര്യസ്ഥനായിരുന്നു. മനയ്‌ക്കലെ ധനശേഷി കുറഞ്ഞപ്പോൾ തമ്പുരാക്കന്മാരുടെ അനുവാദത്തോടെ ജോലി ഉപേക്ഷിച്ചു. കുറച്ച് പണം മുടക്കി സർക്കാർ വൈദ്യനായിരുന്ന് പെൻഷൻ പറ്റിയ കേശവൻ വൈദ്യരുമൊന്നിച്ച് കൂട്ടുക്കച്ചവടാടിസ്ഥാനത്തിൽ നല്ലൊരു വൈദ്യശാല ആരംഭിച്ചു. കേശവൻ വൈദ്യരുടെ മരണത്തോടെ വൈദ്യശാല അവതാളത്തിലായി. പിന്നീട് സംശയിച്ചു നിന്നില്ല, പങ്കുപിരിഞ്ഞ് സ്വന്തമായി മരുന്നു കടയിട്ടു.
കൃഷ്‌ണൻനായരും പരീതും ഉറ്റ സുഹൃത്തുക്കളാണ്. മരുന്നിടിക്കാനും, അരിഷ്‌ടാസവങ്ങളുണ്ടാക്കാനും പണ്ടുമുതലേ കൃഷ്‌ണൻനായർക്ക് ഒരുകൈ സഹായമായിരുന്നു പരീത്. ഉച്ചയ്‌ക്ക് വീട്ടിൽ നിന്നു കൊണ്ടുവരുന്ന ആഹാരത്തിൽ ഒരുപങ്ക് പരീതിന് കൊടുത്തിട്ടേ കൃഷ്‌ണൻനായർ ഉണ്ണാറുളളൂ. അറക്കക്കമ്പനിയിൽ ജോലി ലഭിച്ചതോടെ പരീത് ഉച്ചയൂണ് ഹോട്ടലിൽ നിന്നാക്കി. എന്നാലും വൈദ്യശാലയിലെ ബഞ്ചിലിരിപ്പും വിശ്രമവും തുടർന്നുകൊണ്ടേയിരുന്നു.
അപൂർവ്വമായി ചിലപ്പോൾ രാത്രിയിലും കമ്പനിയിൽ ജോലിയുണ്ടാകും. കൂപ്പുലേലം കഴിഞ്ഞ് ലോറികളിൽ തടി കൊണ്ടുവരുമ്പോഴാണത്. പുനലൂർ, തെന്മല ഭാഗത്തുനിന്നാണ് തടികൾ അധികവും വരിക. ആ ദിവസങ്ങളിൽ ഗേറ്റ് തുറന്ന് തടികൾ അട്ടിയിടുന്നതുവരെ ഉറക്കമിളച്ച് കാത്തിരിക്കണം. ഇടയ്‌ക്കൊന്നു സഹായിക്കുകയും വേണ്ടിവരും. തണ്ടുമിടുക്കും കാര്യപ്രാപ്തിയുമുളള ആളെന്ന നിലയ്‌ക്ക് അവറാച്ചൻ മുതലാളിക്കും പരീതിനെ ഇഷ്‌ടമായിരുന്നു.
സാധാരണരീതിയിൽ കമ്പനിയിൽ ‘ഓവർ ടൈം’ ജോലിയില്ലാത്ത ദിവസങ്ങളിൽ സന്ധ്യയ്‌ക്കുമുമ്പേ പരീത് വീട്ടിലേക്കുപോകും.
സ്വന്തമായി വീടുണ്ടെങ്കിലും സ്വന്തക്കാരായി ഭർത്താവ് മരിച്ച മൂത്ത സഹോദരിയും മക്കളും മാത്രമേയുളളൂ. സഹോദരിയുടെ രണ്ടുമക്കളും ജോലിക്കു പോകുന്നു. ഇഷ്‌ടികക്കളത്തിലെ ദിവസക്കൂലിക്കാരാണവർ. പകൽ മുഴുവൻ വെയിലുകൊണ്ടാലും ചെലവിനുളളത് കഷ്‌ടിച്ചേ കിട്ടുകയുളളൂ. എന്നാലും ഉമ്മയുടെ ദുഃഖം കുറയ്‌ക്കാൻ അവർ ജോലി ചെയ്യുന്നു.
തന്റെ പേരിലുളള വീടും പുരയിടവും പെങ്ങൾക്കു കൊടുക്കണമെന്ന ആശയാണ് പരീതിനുളളത്. അക്കാര്യം കല്യാണിയമ്മയോട് പരീത് പറഞ്ഞിട്ടുമുണ്ട്. കല്യാണിയമ്മക്കും അത് തൃപ്‌തിയായിരുന്നു.
കുട്ടിക്കാലം മുതലേ കല്യാണിയമ്മയെ അറിയാം. കഥകളിക്കാരൻ നാണുനായർ സംബന്ധം ചെയ്യുന്നതിന് മുൻപേ അവൾ പരീതിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ അറിയാതെ ഒരിക്കിളി കരളിൽ കടച്ചിലുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, മുസ്ലീം സമുദായത്തിൽപ്പെട്ട താൻ ഒരു നായർ യുവതിയോട് അടുക്കുന്നതെങ്ങിനെ?
അയിത്തത്തിന്റെ അതിർവരമ്പുവിട്ട് അടുത്താൽ അപകടമുണ്ടാവുന്ന കാലവുമായിരുന്നല്ലോ അത്?
‘മേത്തച്ചെറുക്കൻ’ തൊട്ടെന്നോ, തീണ്ടിയെന്നോ കേട്ടാൽമതി, കുടുമവച്ച നായർപ്രമാണിമാർ കാരക്കോലുമായി പാഞ്ഞെത്തും. സർക്കാർപോലും അക്കാലത്ത് അവർ പറയുന്നതേ കേൾക്കൂ. അന്നത്തെ പ്രതാപശാലികളായ പ്രമാണിമാരും അന്നത്തെ സർക്കാരും ഇങ്ങിനി വരാത്തവണ്ണം മൺമറഞ്ഞുവെന്നോർത്തപ്പോൾ പരീതിന് ചിരിവന്നു.
കഴുത്തിൽ കാൽപ്പവൻ കോർത്ത പൊന്നും നൂലും കയ്യിൽ കട്ടിക്കാപ്പും കാലിൽ പാദസരവുമണിഞ്ഞ് അലക്കിയ ചുട്ടിത്തോർത്തു കൊണ്ട് താറുമുടുത്ത് നഗ്നമായ മാറിൽ പുന്നക്കാമുഴുപ്പുളള മുലകളുമായി നനവാർന്ന ചുമന്ന ചുണ്ടും കോട്ടി “ആമ്പൽപ്പൂ പറിച്ചു തരാമോ?” എന്ന് തന്നോട് ചോദിക്കാറുളള പന്ത്രണ്ടുകാരി കല്യാണിക്കുട്ടിയെ -മനയ്‌ക്കലെ കാര്യസ്ഥന്റെ പുന്നാരമോളെ പരീതിന് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.
അന്നൊക്കെ കല്യാണിക്കുട്ടി മിണ്ടാത്ത താമസമേയുളളൂ, എത്ര ആഴമുളള കുളത്തിലും താൻ എടുത്ത് ചാടുമായിരുന്നു.
കരിമ്പായൽ നിറഞ്ഞ നിലയില്ലാവെളളത്തിൽ ഇറങ്ങുന്നത് അപകടമാണെന്ന് അറിയാമായിരുന്നിട്ടും കല്യാണിക്കുട്ടിയുടെ മുമ്പിൽ മടിയും പേടിയും കാണിക്കാൻ ഒരിക്കലും തയ്യാറല്ലായിരുന്നു. കാലുകൊണ്ട് തുഴഞ്ഞുനിന്ന് ഒരിക്കൽ ആമ്പൽപ്പൂ പറിക്കവേ തന്റെ സമീപത്തു കൂടി ഒരു നീർക്കോലി നീന്തുന്നതുകണ്ട് കരയ്‌ക്കുനിന്ന് ഉറക്കെ കരഞ്ഞവളാണ് വാരനാട്ടെ കല്യാണിക്കുട്ടി.
പക്ഷേ, നിർഭയനായി, ഒരു ജേതാവിനെപ്പോലെ കൈനിറയെ ആമ്പൽപ്പൂക്കളുമായി താൻ കരയ്‌ക്കു കയറിയപ്പോൾ ആഹ്ലാദം കൊണ്ട് കല്യാണിക്കുട്ടി തുളളിച്ചാടി.
പൂണ്ടടക്കം കെട്ടിപ്പിടിച്ച് ഒരു പഞ്ചാരമുത്തം കൊടുക്കാൻ അന്ന് കരള് പിടച്ചതാണ്.
പക്ഷേ, മേത്തച്ചെറുക്കൻ സാഹസം കാണിച്ചാൽ നാട്ടിൽ കലാപമുണ്ടാകാൻ മറ്റെന്തെങ്കിലും വേണോ? നായർ പ്രമാണിമാർ കോമരം തുളളുകില്ലേ? യാഥാസ്ഥിതികന്മാർ നാടുതന്നെ കുട്ടിച്ചോറാക്കിയെന്നുവരും.
എത്രയോ രാത്രികളിൽ അക്കാലത്ത് നിശ്ശബ്‌ദമായി താൻ പടച്ചവനോട് ഇരന്നിട്ടുണ്ട്.
“റബ്ബുൽ ആലമീനായ നമ്പുരാനെ, കല്യാണിക്കുട്ടീനെ ‘ദീൻ’ ബിസ്വോദിപ്പിച്ച് ഞമ്മക്ക് കെട്ടിച്ച് തരണേ റബ്ബേ!”
ഓർമ്മകളിൽ ഇന്നും ആ മധുരചിത്രങ്ങൾ മങ്ങാതെ തെളിഞ്ഞു കിടക്കുന്നു.
കല്യാണിക്കുട്ടിക്ക് എന്തെല്ലാംതരം കളിപ്പാട്ടങ്ങൾ അക്കാലത്ത് താൻ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു. തെങ്ങോലകൊണ്ട് തത്തയും, പാമ്പും, പന്തും, പീപ്പിയും ചാതുര്യത്തോടെ നിർമ്മിക്കുമായിരുന്നു.
അതിലേറെ കല്യാണിക്കുട്ടിക്കിഷ്‌ടം വാഴപ്പിണ്ടികൊണ്ട് പരീതുണ്ടാക്കുന്ന ഈച്ചക്കൂടായിരുന്നു. പിണ്ടിക്കഷ്‌ണം രണ്ടായി ഒടിച്ച് അല്പം വലിക്കുമ്പോൾ എങ്ങുനിന്നോ ആയിരമായിരം നൂലുകൾ വാർന്നുവരും. നൂലുകൾക്ക് മേൽത്തട്ടും കീഴ്‌ത്തട്ടുമായി പിണ്ടിക്കഷ്‌ണങ്ങൾ!..
തത്തക്കൂടിന്റെ ആകൃതിയുളള അതിൽ ജീവനുളള ഈച്ചകളെ പിടിച്ചിട്ട് പരീത് കല്യാണിക്കുട്ടിക്ക് സമ്മാനിക്കും. അവൾ തന്റെ കലാവിരുതിനെക്കുറിച്ച് അതിശയപൂർവ്വം വാഴ്‌ത്തും. അപ്പോൾ, പരീത് ഒരു മഹാനെപ്പോലെ, മന്ദഹാസത്തോടെ നെഞ്ചും തളളിച്ചുനിന്ന് എല്ലാം കേൾക്കുമായിരുന്നു.
അന്ന് കരളിൽ താൻ പണിത കിളിക്കൂട് കേടുകൂടാതെ ഇന്നും സൂക്ഷിക്കുന്നു.
കൂടണയാൻ കിളിയും വെമ്പുന്നുണ്ടെന്നറിയാം. എന്നിട്ടും….എന്നിട്ടും….
“ഓ… എന്റെ റബ്ബേ!… നീ തന്നെ എല്ലാം നേരെയാക്കിത്തരണേ ഇലാഹീ!…”
പരീത് നെടുവീർപ്പിട്ടു.
Generated from archived content: choonda42.html Author: sree-vijayan