പോലീസ് ക്വാർട്ടേഴ്‌സിന്റെ പടിക്കലൂടെ നടന്നുപോവുകയായിരുന്ന പ്രൊഫസർ കൃഷ്‌ണപിളള യാദൃച്ഛികമായി ശശിധരനെ കുറിച്ചോർത്തു. ആരോ പറഞ്ഞു കേട്ടിരുന്നു, ഈയിടെ ശശിക്കു സ്ഥലം മാറ്റമാണെന്ന്. എങ്ങോട്ടാണെന്നൊന്നും അറിയാൻ വയ്യ. തമ്മിൽ കണ്ടിട്ടുതന്നെ നാളുകളായി. അന്നൊരിക്കൽ ലോഡ്‌ജിൽവെച്ച് സംസാരിച്ചു പിരിഞ്ഞതാണ്. മയമില്ലാത്ത വാക്കുകളാണ് താൻ അന്ന് പ്രയോഗിച്ചത്. ആ പ്രയോഗം അനാവശ്യമായിരുന്നില്ലേ എന്ന് പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എല്ലാവർക്കും വിശാലമനസ്ഥിതി വേണമെന്ന് വാശിപിടിച്ചിട്ടെന്തു കാര്യം? ശശി ശാന്തയെ വിവാഹം ചെയ്‌താൽ നല്ലതാണെന്ന് തനിക്കു തോന്നിയത് ശരിയാണ്. പക്ഷേ, ആ തോന്നൽ ശശിക്കും വേണ്ടേ? ആരും കുറ്റം പറയാത്ത തറവാടിത്തവും പാരമ്പര്യവും തന്റെ ഭാര്യയ്‌ക്കുണ്ടായിരിക്കണമെന്ന് ഒരാൾ ആഗ്രഹിച്ചു പോകുന്നത് തെറ്റാണോ? രണ്ടിലൊരാൾ മരിച്ചുപിരിയുന്നതുവരെ നിലനില്‌ക്കേണ്ടതല്ലേ ദാമ്പത്യം? ഇടയ്‌ക്കുവെച്ച് ആരോപണങ്ങളും അപശബ്‌ദങ്ങളും ഉണ്ടായാൽ ജീവിതം തന്നെ തകർന്നു പോവുകയില്ലേ? അതുമല്ല വിവാഹം കഴിച്ചുചെല്ലുമ്പോൾ വീട്ടുകാർക്കും വധുവിനെ ഇഷ്‌ടപ്പെടേണ്ടേ? വധുവിന്റെ ചുറ്റുപാടുകളും പാരമ്പര്യവും കുടുംബനിലയും വേണ്ടപ്പെട്ടവർ അന്വേഷിക്കുകയില്ലേ? ഒരു വേശ്യയുടെ മകളാണെന്നറിഞ്ഞാൽ ശശിയുടെ അമ്മയ്‌ക്കും സഹോദരിമാർക്കും ശാന്തയെ ഉളളുതുറന്ന് സ്‌നേഹിക്കാൻ കഴിയുമോ!
എന്തായാലും ആ അദ്ധ്യായം എന്നേന്നേയ്‌ക്കുമായി അവസാനിച്ചല്ലോ. ഇനി അതേക്കുറിച്ച് ആലോചിക്കുന്നതിന് എന്തു പ്രസക്തി?
ഇരുമ്പുഗേറ്റ് തളളിത്തുറന്ന് പ്രൊഫസർ ഡി.എസ്.പി ക്വാർട്ടേഴ്‌സിലേക്കു ചെന്നു.
വെളിയിലാരുമില്ല. അകത്ത് ആളുളള ലക്ഷണമുണ്ട്. ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന കോളിംഗ് ബെല്ലിന്റെ ബട്ടൻ അമർത്തിയിട്ട് പ്രൊഫസർ പുറത്തിട്ടിരുന്ന കസേരയിൽ ഇരുന്നു. കാഴ്‌ചയിൽ നന്നേ മെലിഞ്ഞ ഒരു പയ്യൻ വാതിൽ തുറന്ന് കടന്നുവന്നു. അവൻ ചോദിച്ചു.
“എന്താ?”
“ഡി.എസ്.പി. അദ്ദേഹം അകത്തുണ്ടോ?”
“ഉണ്ട്.”
“ഒന്നു കാണണമായിരുന്നു.”
“ഏമാനെ ഇപ്പോൾ കാണാൻ പറ്റുകില്ല. ആരെങ്കിലും വന്നാൽ, അത്ര അത്യാവശ്യമല്ലെങ്കിൽ വൈകുന്നേരം വരാൻ പറഞ്ഞ് കിടക്കുവാ.”
“അസുഖം വല്ലതുമാണോ?”
പയ്യൻ ചുറ്റും നോക്കിയിട്ട് പതുക്കെ പറഞ്ഞു.
“സ്വല്പം അടിച്ചിട്ട് കിടക്കുവാ.”
പ്രൊഫസർ മിഴിച്ചു നോക്കി.
“എന്ത് ശശി കുടിക്കുമോ?”
പയ്യൻ പരിഭ്രമിച്ചു.
“അയ്യോ…പതുക്കെ പറ. ഏമാൻ കേട്ടാൽ എന്നെ കൊന്നുകളയും.”
പ്രൊഫസർ അവനു ധൈര്യം നൽകി.
“പേടിക്കണ്ട. ഞാൻ ആരോടും പറയാൻ പോകുന്നില്ല.”
പയ്യന് ആശ്വാസമായി. പ്രൊഫസർ തിരക്കി.
“എല്ലാദിവസവും ഏമാൻ കുടിക്കാറുണ്ടോ?”
“ഈയിടെയായിട്ടു തുടങ്ങിയതാ. എന്നാലും നല്ല കപ്പാസിറ്റിയാണ്. ഒരു കുപ്പി മുഴുവൻ തീർന്നാലും അനങ്ങത്തില്ല. അത്രയ്‌ക്ക് പവ്വറാ.”
വിശ്വസിക്കാനാകാത്ത വാർത്തകൾ. വാസ്‌തവത്തിൽ ലോകത്തിന്റെ ഗതിയെങ്ങോട്ടാണ്. സൽസ്വഭാവത്തിന് മാതൃകയായിരുന്നു ശശിധരൻ. പലരോടും തന്റെ ശിഷ്യനെക്കുറിച്ച് അഭിമാനത്തോടെ താൻ സംസാരിച്ചിട്ടുണ്ട്. ഇന്ന് അതെല്ലാം വ്യർത്ഥമായിരിക്കുന്നു. പഠിപ്പും പദവിയുമുളള ശശി ഇത്തരത്തിലാണെങ്കിൽ വെറും സാധാരണക്കാരനായ ഗോപിയെ കുറ്റം പറഞ്ഞിട്ടെന്തു ഫലം?
ദീർഘമായി നിശ്വസിച്ചുകൊണ്ട് അദ്ദേഹം മുറ്റത്തേക്കിറങ്ങി. പയ്യൻ ചോദിച്ചു.
“ഏമാൻ ചോദിച്ചാൽ ആരു വന്നെന്ന് പറയണം?”
ഒന്നുമടിച്ചെങ്കിലും പ്രൊഫസർ മറുപടി നൽകി.
“കൃഷ്‌ണപിളളയെന്നു പറഞ്ഞാൽ മതി.”
അദ്ദേഹം ഇറങ്ങിനടന്നു. ഗേറ്റ് കടക്കാൻ തുനിഞ്ഞപ്പോഴുണ്ട് പുറകിൽനിന്നും വിളിച്ചു കൂവിക്കൊണ്ട് പയ്യൻ ഓടിവരുന്നു. പ്രൊഫസർ തിരിഞ്ഞുനിന്നു. പയ്യൻ അണപ്പോടെ അറിയിച്ചു.
“ഏമാൻ വിളിക്കുന്നു. അങ്ങോട്ടുവരാൻ പറഞ്ഞു.”
പ്രൊഫസർ വീണ്ടും ക്വാർട്ടേഴ്‌സിലേക്കു നടന്നു. ഉറക്കച്ചടവുളള മുഖത്തോടെ, കലങ്ങിയ കണ്ണുകളോടെ വരാന്തയിൽ ശശിധരൻ നിൽപുണ്ടായിരുന്നു.
“സാറ് വന്നിട്ട് മിണ്ടാതെ മടങ്ങിപോയതെന്താ?”
“കിടക്കുകയാണെന്നറിഞ്ഞു. എങ്കിൽ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി.”
“വേണ്ടപ്പെട്ടവർ വരുന്നത് ബുദ്ധിമുട്ടല്ല സാർ. വരാതിരുന്നാലാണ് ബുദ്ധിമുട്ട്.”
ശശിധരന്റെ വാക്കിലെ പരിഭവവും നിരാശാബോധവും പ്രൊഫസർ മനസ്സിലാക്കി. അദ്ദേഹം പുഞ്ചിരിച്ചു.
“പക്ഷേ ശശിയുടെ സ്ഥാനമാനങ്ങളെ ഞാൻ ബഹുമാനിക്കണമല്ലോ. ഒരു പോലീസ് ഓഫീസറുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ ശ്രദ്ധിക്കേണ്ടത് സാധാരണക്കാരന്റെ ചുമതലയല്ലേ?”
മനഃപൂർവ്വം ഒരൊളിയമ്പെയ്യാനാണ് അദ്ദേഹത്തിന് തോന്നിയത്. അസ്‌ത്രമേറ്റ കാട്ടുപ്രാവിനെപോലെ ശശിധരൻ പിടക്കുന്നത് സാകൂതം അദ്ദേഹം ശ്രദ്ധിച്ചു.
ഇരുവരും സ്വീകരണമുറിയിലേക്കു കയറി. പെർഫ്യൂമുകളുടെ നറുമണം നിറഞ്ഞു നിന്നിരുന്നെങ്കിലും അതിനിടയിലൂടെ ഉയരുന്ന രൂക്ഷമായ മദ്യത്തിന്റെ ഗന്ധം പ്രൊഫസർ തിരിച്ചറിഞ്ഞു. എന്തിനീ ചെറുപ്പക്കാരൻ ഇങ്ങനെ നശിക്കുന്നു?
ഉപദേശിച്ചാൽ ചെവികൊളളുമോ? അതോ അവജ്ഞയോടെ അവഗണിക്കുമോ? എന്തായാലും തന്റെ ധർമ്മം നിറവേറ്റണം. ആവിധ ചിന്തയോടെ കൃഷ്‌ണപിളളസാർ ഇരുന്നു. വേലക്കാരൻ പയ്യൻ സ്‌ക്വാഷ് കൊണ്ടുവന്നു വച്ചു.
“എനിക്കു വേണ്ട ശശീ….ഡയബറ്റിക്ക് പെഷ്യന്റ്‌സിന് സ്‌ക്വാഷ് ശത്രുവാണ്.”
“ക്ഷമിക്കണം. ഞാൻ അക്കാര്യമോർത്തില്ല. മധുരമില്ലാത്ത ചായയുണ്ടാക്കാം.” പയ്യനെ നോക്കി ചായ തയ്യാറാക്കാൻ നിർദ്ദേശിച്ചു. പ്രൊഫസർ വിലക്കി.
“ഒന്നും വേണ്ട. ശശിക്കു സ്ഥലം മാറ്റമാണെന്നു കേട്ടു. പോകുന്നതിനുമുമ്പ് ഒരു കാണാമെന്ന് കരുതി കയറിയതാണ്. ഉടൻ മടങ്ങുകയും വേണം.”
“ഈ മാസം ഒടുവിൽ ഞാൻ സ്ഥലം വിട്ടേക്കും. മലബാർ പരിസരത്തേക്കാണ് മാറ്റമെന്നു കേട്ടു.”
“എന്നെ തെറ്റിദ്ധരിക്കാതിരിക്കുമെങ്കിൽ ശശിയോട് എനിക്കൊരപേക്ഷയുണ്ട്.”
ജിജ്ഞാസയോടെ ശശിധരൻ ഗുരുവിന്റെ മുഖത്തേക്കു നോക്കി.
“ശശിയെപ്പോലെ ഉത്തരവാദിത്വമുളള ഒരുദ്യോഗസ്ഥൻ ഇത്തരത്തിൽ ആയിക്കൂടാ. പുതുതായി ആരംഭിച്ച മദ്യപാനത്തെക്കുറിച്ചാണ് ഞാൻ സൂചിപ്പിക്കുന്നത്.”
ശശിയുടെ മുഖത്ത് ംലാനത പരന്നു. ചുമരിലെ ക്ലോക്കിന്റെ ‘ടിക് ടിക്’ ശബ്‌ദമൊഴികെ മുറിയിൽ തികഞ്ഞ നിശ്ശബ്‌ദത തളം കെട്ടി. ഒരു നെടുവീർപ്പിനുശേഷം പ്രൊഫസറുടെ മുഖത്തേക്ക് ശിഷ്യൻ നോക്കി. പ്രൊഫസർ, ശശിയിൽ നിന്നുളള മറുപടിയും പ്രതീക്ഷിച്ചിരിക്കുകയാണ്.
“എന്റെ ദുഃഖത്തിന്റെ ആഴം സാറിനറിയില്ല. ഞാൻ മൂലം ഉന്നതഭാവിയിലേക്കുയരേണ്ട ഒരു പെൺകുട്ടിയുടെ ജീവിതം മുരടിച്ചുപോയി. ആ ജീവിതം തകർത്തത് ഞാനാണ്. ആ അപരാധബോധം എനിക്കുണ്ട് സാർ. പക്ഷേ, നിസ്സഹായനായ എനിക്ക് ആശ്വാസം തരാൻ ലോകത്തിലാരുമില്ല. സ്വയം മറക്കാനും സ്വസ്ഥമായ നിമിഷങ്ങൾക്കും വേണ്ടി ഞാൻ മദ്യത്തെ ആശ്രയിച്ചു.”
ഒരു പ്രഭാഷണംപോലെ സുദീർഘമായിരുന്നില്ലേ ശശിയുടെ പ്രസ്താവം? കൃഷ്‌ണപിളളയ്‌ക്ക് വാസ്‌തവങ്ങളുടെ കിടപ്പ് ബോധ്യപ്പെട്ടു. പക്ഷേ, തിരുത്താൻ കഴിയാത്തവണ്ണം അതിരു ലംഘിച്ച സംഭവങ്ങളല്ലേ കഴിഞ്ഞതെല്ലാം?
“ദുഃഖിക്കുന്നവരെല്ലാം കുടിക്കണമെന്നാണോ ശശി പറയുന്നതിനർത്ഥം? അത്രയ്‌ക്ക് ദിവ്യന്മാരാണോ വിസ്‌കി, ബ്രാണ്ടി എന്നീ മഹാത്മാക്കൾ? കഷ്‌ടം.. കഷ്‌ടം. നമ്മുടെ പുതിയ തലമുറയ്‌ക്ക് എന്തുപറ്റിപ്പോയെന്ന് അതിശയിക്കുകയാണ് ഞാൻ…”
ശശിധരൻ ഉത്തരം ഒന്നും പറഞ്ഞില്ല.
“ജനനത്തിന് മുൻപും മരണത്തിന് ശേഷവും എന്താണെന്ന് നമുക്കറിഞ്ഞുക്കൂടാ. ജീവിക്കുന്ന കാലയളവിലെങ്കിലും ബോധത്തോടെ കഴിഞ്ഞുക്കൂടേ?”
അതിനും ശിഷ്യൻ മറുപടി പറഞ്ഞില്ല.
“ഇഷ്‌ടമുണ്ടെങ്കിൽ ഞാൻ പറഞ്ഞതിനെക്കുറിച്ച് ഒറ്റക്കിരിക്കുമ്പോൾ ചിന്തിക്കൂ. അറിഞ്ഞുകൊണ്ട് അബോധാവസ്ഥയിലേക്കു വീഴുന്നത് ആത്മഹത്യയ്‌ക്കു തുല്യമാണ്.”
പ്രൊഫസർ എഴുന്നേറ്റു. അദ്ദേഹം യാത്ര പറഞ്ഞിറങ്ങി നടന്നപ്പോൾ ഒരു ദിവ്യതേജസ്സ് തന്നിൽ നിന്നകന്നു പോകുന്നതുപോലെ ശശിധരന് തോന്നി. അറിയാതെ കണ്ണുകൾ നിറയുകയും ചെയ്‌തു.
Generated from archived content: choonda41.html Author: sree-vijayan