നാളുകൾ ചിലതു കഴിഞ്ഞു. പൂച്ച വർഗ്ഗീസും ഗോപിയുമായി ചെറിയൊരു ‘കശപിശ’ നടന്നു. അടിപിടിയിലേക്ക് എത്തിച്ചേരുമായിരുന്ന ആ വാക്‌സമരം പറഞ്ഞവസാനിപ്പിച്ചത് ഗോവിന്ദൻനായരും കൃഷ്‌ണൻകുട്ടിയുമാണ്.
വർക്ക്‌സ്പോട്ടിൽ വച്ചായിരുന്നതുകൊണ്ട് സംഗതി അല്പം വഷളായി. എൻജിനീയർ സ്വാമിയും, മെയിൻ കോൺട്രാക്‌ടർ മേത്തരും വിവരമറിഞ്ഞു.
ഇരുവർക്കും അവർ താക്കീതു നല്‌കി. പൂച്ച വർഗ്ഗീസ് ആരോടെന്നില്ലാതെ പിറുപിറുക്കുന്നതു കേട്ടു.
“നാണംകെട്ട ഒരു കുടുംബത്തിൽനിന്നും പെണ്ണുകെട്ടിയിട്ട് അവൻ ആണുങ്ങളോട് കളിക്കാൻ ഒരുങ്ങുന്നു. ജോലി പോയാലും വേണ്ടില്ല, ഉയിരുണ്ടെങ്കിൽ ഞാൻ ഇതിന് പകരം വീട്ടും.”
ഗോപിക്ക് സമാധാനം പറയണമെന്നുണ്ട്. പക്ഷേ, മേലുദ്യോഗസ്ഥൻമാരും തൊഴിലാളികളും നില്‌ക്കുന്നു. അനാശാസ്യ സംഭവങ്ങളിലേക്ക് തിരിഞ്ഞാൽ മനഃപൂർവ്വം അനർത്ഥങ്ങളെ ക്ഷണിച്ചു വരുത്തുകയായിരിക്കും. ഗോപി ബുദ്ധിപൂർവ്വം സ്വയം ഒതുങ്ങി.
ഉച്ചക്കഴിഞ്ഞ് ജോലിയിൽ വ്യാപൃതനായി ഇരിക്കുമ്പോൾ ഒരു തൊഴിലാളി വന്നറിയിച്ചു.
“സാറിനെ തിരക്കി ആരോ വന്നിരിക്കുന്നു. ടൂൾസ് റൂമിൽ കാത്തിരിപ്പുണ്ട്.”
“ആരാണ്? പേരുപറഞ്ഞോ?”
“ഇല്ല.”
ഗോപി ടൂൾസ് റൂമിലേയ്‌ക്ക് നടന്നു. വന്നത് കൃഷ്‌ണപിളളയായിരുന്നു.
ഗോപിയെ കണ്ടപാടെ അദ്ദേഹം അടിമുടിയൊന്നു നോക്കി.
“സാറെപ്പോൾ വന്നു? വീട്ടിൽ പോയിരുന്നോ?”
“പോയിരുന്നു.”
“എന്തൊക്കെയുണ്ട് വിശേഷം?”
“പ്രത്യേക വിശേഷമൊന്നുമില്ല. ഗോപിയെ കാണാൻ തന്നെ ഇറങ്ങിയതാണ്.”
“എന്താ സാറേ?”
“ഇവിടെയിപ്പോൾ മറ്റാരും ഇല്ലല്ലോ. ഗോപിയോടു തുറന്നുതന്നെ സംസാരിക്കാം.”
“സംസാരിക്കൂ.”
“ഗോപീ…തിന്മയ്‌ക്ക് ഇരുമ്പിന്റെ ശക്തിയുണ്ടായെന്നുവരും. മറിച്ചാണ് നന്മ. അതിന് വാഴപ്പിണ്ടിയുടെ ബലമേ കാണൂ. അതുകൊണ്ടുതന്നെ നന്മയെ നമ്മൾ പൊന്നുപോലെ സൂക്ഷിക്കണം.”
ഗോപിക്ക് ഒന്നും മനസ്സിലായില്ല. അവൻ പുരികം ചുളിച്ചു.
“സാറ് ഉദ്ദേശിക്കുന്നത്?”
“മറ്റൊന്നുമല്ല; ഗോപിയുടെ അമ്മാവനെ ഈയിടെ ഞാൻ കണ്ടു.”
ഓർക്കാപ്പുറത്ത് ഗോപി നടുങ്ങിയത് പ്രൊഫസർ ശ്രദ്ധിച്ചു. എന്തെങ്കിലും അവൻ പറയുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, മൂകമായി തലയും താഴ്‌ത്തി അവൻ നിന്നതേയുളളു.
ഉളളുനൊന്ത പ്രൊഫസർ ഇത്രയും പറഞ്ഞു.
“ഞാൻ ദുഃഖിക്കുന്നു ഗോപി….വളരെയേറെ ദുഃഖിക്കുന്നു.”
അതിനും ഗോപി മറുപടി പറഞ്ഞില്ല. യാത്ര ചോദിച്ചപ്പോഴും ഗോപി മൗനം പാലിച്ചതേയുളളു. കൈലേസ്സുകൊണ്ട് കണ്ണീരൊപ്പി കൃഷ്‌ണപിളള ടെന്റിൽ നിന്ന് പുറത്തേക്കിറങ്ങി.
****************************************************************************
ക്ഷീണിച്ചു തളർന്നമട്ടിൽ ഗോപി വരാന്തയിലേയ്‌ക്ക് കയറി. തലയിണക്കവിയനിൽ ‘ഗുഡ് ലക്ക്’ തുന്നിക്കൊണ്ടിരുന്ന ശാന്ത എഴുന്നേറ്റു ചെന്നു.
“ഇന്നെന്താ നേരത്തെ?”
“ഓ… ഒന്നുമില്ല.”
അലസമായി മറുപടി പറഞ്ഞിട്ട് ഗോപി അകത്തേക്ക് നടന്നു. ശാന്ത പുറകെ ചെന്നു.
“കൃഷ്‌ണപിളള സാറിനെ കണ്ടോ?”
ഗോപി ഒന്നു നടുങ്ങി. അവൻ കളളം പറഞ്ഞു.
“ഇല്ല.”
“ഇവിടെ വന്നിരുന്നു. ജോലിസ്ഥലം തിരക്കി അങ്ങോട്ടു പോന്നിട്ടുണ്ടായിരുന്നല്ലോ?”
“കണ്ടില്ല.”
അവൻ ഷർട്ട് ഊരി ഹാങ്ങറിൽ തൂക്കി.
കാപ്പിയുമായി ശാന്ത വന്നപ്പോൾ ചിന്താഭരിതനായി കട്ടിലിൽ കിടക്കുന്ന ഭർത്താവിനെയാണ് കണ്ടത്. ശാന്ത അരികിലിരുന്നു. ഗോപി ചിന്തയിൽ തന്നെ.
“ഇതെന്ത് ആലോചനയാണെന്നേ? കാര്യമെന്താ?”
മറുപടി പറയാതെ ഗോപി കാപ്പിപ്പാത്രം വാങ്ങിച്ച് സാവധാനം മൊത്തിക്കുടിക്കാൻ തുടങ്ങി. മുഖം ആകെ ംലാനമായിരിക്കുന്നു. ശാന്തയ്‌ക്ക് വിഷമമായി.
“പറയൂ; അസുഖം വല്ലതുമുണ്ടോ?”
“ഇല്ല.”
“പിന്നെ?”
“ജീവിക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിക്കുകയാണ്.”
ശാന്ത കിലുകിലെ ചിരിച്ചു. ഭർത്താവിന്റെ മാറിലേക്ക് കവിളമർത്തി ആ മിഴികളിലേക്ക് ചരിഞ്ഞു നോക്കി അവൾ കിടന്നു. ഗോപിയിൽ ഭാവമാറ്റമൊന്നുമില്ല. ശാന്ത ചിരി നിർത്തി.
“ആട്ടെ, ജീവിക്കേണ്ടെന്ന് തോന്നാൻ കാരണം?”
“കാരണമുണ്ട്.” ഗോപി നെടുവീർപ്പിട്ടു.
“എന്നെ മടുത്തു അല്ലേ?”
“നിനക്കൊന്നുമറിഞ്ഞുക്കൂടാ ശാന്തേ. ആളുകൾ അതുമിതും പറഞ്ഞുതുടങ്ങി.”
ആശങ്കയോടെ അവൾ തിരക്കി.
“എന്തിനെപ്പറ്റി?”
“ആ മനുഷ്യൻ ഇവിടെ കയറി വരുന്നതിനെപ്പറ്റി. പ്രൊഫസർ കൃഷ്‌ണപിളള.”
ശാന്ത ഞെട്ടിപ്പോയി. എന്താണീ കേൾക്കുന്നത്? കൃഷ്‌ണപിളള സാറിനെക്കുറിച്ച് അപവാദം പറഞ്ഞത് ആരായിരിക്കും? ആരായാലും ആ പുണ്യാത്മാവിനെ അവഹേളിച്ച നാവ് പഴുത്തുപോവുകയേയുളളൂ. അവളുടെ കണ്ണുകൾ തുളുമ്പിപ്പോയി.
ഗോപിയുടെ ഉറച്ച ശബ്‌ദം വീണ്ടും കേട്ടു.
“ആ മനുഷ്യൻ മേലിൽ ഇവിടെ കയറിവരാൻ പാടില്ല. എനിക്കത് ഇഷ്‌ടമല്ല. നാളെത്തന്നെ ആ വിവരത്തിന് നീ കത്തെഴുതണം.”
ശാന്ത തളരുകയായിരുന്നു. ഗോപിയുടെ വാക്കുകൾ അവളെ തകർക്കുകയായിരുന്നു.
Generated from archived content: choonda40.html Author: sree-vijayan