കവലയിൽ ആളുകൾ വന്നു തുടങ്ങുന്നതേയുളളൂ. വഴിയുടെ രണ്ടരികിലും ഓടും ഓലയും മേഞ്ഞ ആറേഴു കടകൾ. തെല്ലുദൂരെ ഒറ്റപ്പെട്ടു നില്‌ക്കുന്ന ഒരു ചായക്കട. അതിന്റെ ഓരം ചാരി ചെറിയൊരു മുറുക്കാൻ കട. മുറുക്കാൻ കടയുടെ തിണ്ണയിലിരുന്ന് ഒരു ചെറുപ്പക്കാരൻ ബീഡി തെറുക്കുന്നു. ജോലിയ്‌ക്കനുസരിച്ച് ആടിയാടിയാണ് അയാൾ ഇരിക്കുന്നത്. ഒരു പയ്യൻ സമീപത്തിരുന്ന് ബീഡികെട്ടി കൊടുക്കുന്നുണ്ട്.
ചായക്കടയിൽ നാലഞ്ചു പതിവു ചായ കുടിക്കാർ. വഴിയരികിൽ അനാഥമായി കിടക്കുന്ന കൈവണ്ടിയിൽ ചാരി ഒന്നുരണ്ടു തൊഴിലില്ലാ ചെറുപ്പക്കാർ സൊറ പറഞ്ഞിരിപ്പുണ്ട്.
മീൻകാർ കൂവിയാർത്തുകൊണ്ട് കിഴക്കോട്ടു സൈക്കിളിൽ പായുന്നു.
ഗോപിയെന്ന ചെറുപ്പക്കാരൻ മുറുക്കാൻ കടയുടെ അടുത്തുനിന്ന് പത്രം വായിക്കുന്നു.
ഒരു തുണിസഞ്ചിയിൽ പച്ചക്കറി സാമഗ്രികൾ വാങ്ങി നിറച്ചുകൊണ്ട് അകലേനിന്നും കല്യാണിയമ്മ നടന്നു വരുന്നു.
ആരേയും കൂസാത്ത മുഖഭാവം. അളകങ്ങളെ നെറ്റിയിലേയ്‌ക്ക് ഉതിർത്തിട്ട് ശ്രദ്ധയോടെ വാരിക്കെട്ടിയ സമൃദ്ധമായ മുടി. മഷിയെഴുതിയ വിടർന്ന മിഴികൾ. സിന്ദൂരപ്പൊട്ട്, എണ്ണമിനുപ്പുളള കവിൾത്തടം. താടിയിൽ ഒറ്റരോമം എഴുന്നു നില്‌ക്കുന്ന ചെറിയ അരിമ്പാറ. തുടുത്തു ചെമന്ന അധരങ്ങളിൽ കളളച്ചിരിയുമായി ഉടുത്തൊരുങ്ങി നടന്നുവരുന്ന കല്യാണിയമ്മ കണ്ണിനുത്സവം തന്നെയായിരുന്നു.
മുറുക്കാൻ കടയ്‌ക്ക് സമീപം അവർ നിന്നു. സഞ്ചി തിണ്ണയിൽ ചാരിവെച്ചു. ചുറ്റുമുളളവർ പരിചയം ഭാവിച്ചു. പത്രം വായിക്കുന്ന ചെറുപ്പക്കാരനെ കല്യാണിയമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഗോപി പാരായണത്തിൽ മുഴുകി നില്‌ക്കുകയാണ്.
കടക്കാരനെ നോക്കി കല്യാണിയമ്മ ചോദിച്ചു.
“ബാർ സോപ്പുണ്ടോ ഗംങ്ങാധരാ…?”
“ഇല്ലല്ലോ.”
വിനീത സ്വരത്തിൽ കടക്കാരൻ മറുപടി പറഞ്ഞു.
“ചന്ദനത്തിരിയോ?”
“അതും ഇല്ല.”
സോഡാക്കുപ്പികൾ ദൃഷ്‌ടിയിൽ പെട്ടു.
“സോഡയുണ്ടല്ലേ?”
“ഉണ്ട്”
സന്തോഷഭാവത്തിൽ ഗംഗാധരന്റെ മറുപടി. കല്യാണിയമ്മ കളിയാക്കി.
“എങ്കിൽ ഒരെണ്ണം പൊട്ടിച്ച് കുടിച്ചോ?”
അവർ കിലുകിലാ ചിരിച്ചു.
സമീപത്തു നിന്നവരെല്ലാം ഫലിതമാസ്വദിച്ച് ചിരിയിൽ പങ്കുചേർന്നു.
ഗോപി പത്രത്തിൽ മാത്രം ശ്രദ്ധിച്ചു നിന്നു. അവൻ ഫലിതം കേട്ടതേയില്ല.
കടക്കാരനെ നോക്കി കല്യാണിയമ്മ പറഞ്ഞു.
“കടയും പൂട്ടി വല്ല കപ്പലണ്ടിക്കച്ചവടത്തിനും പൊയ്‌ക്കൂടെ?”
ആളുകൾ വീണ്ടും ചിരിച്ചു. ആ ചിരിയിലും ഗോപി പങ്കു ചേർന്നില്ല. വായനയിൽ മുഴുകി നില്‌ക്കുന്ന ആ ചെറുപ്പക്കാരനെ കല്യാണിയമ്മ പ്രത്യേകം ശ്രദ്ധിച്ചു.
ചായക്കടയിലിരുന്ന ഒരാൾ അഭിപ്രായം പാസാക്കി.
“കപ്പലണ്ടിയിലും നല്ലതാ കളളുകച്ചോടം.”
“ങാ കുടിച്ചുതീർക്കാൻ തന്നെപ്പോലെ കുറേ കൊമ്പൻ മീശക്കാരുമുണ്ടല്ലോ.”
കല്യാണിയമ്മയുടെ മറുപടികേട്ട് ജനം ഒന്നടങ്കം പൊട്ടിച്ചിരിച്ചു.
ചായക്കടക്കാരൻ രാമൻനായർ ഭവ്യതയോടെ തിരക്കി.
“കടുപ്പത്തിലൊരു ചായ എടുക്കട്ടെ?”
“വേണ്ട രാമൻനായരേ.”
കല്യാണിയമ്മ മറുപടി പറഞ്ഞു. കൈവണ്ടിയിൽ ചാരി നിന്നിരുന്ന തെമ്മാടിക്കുട്ടപ്പൻ പറഞ്ഞു.
“ക്ഷീണം മാറും.”
ശബ്‌ദം കേട്ട വശത്തേയ്‌ക്ക് കല്യാണിയമ്മ നോക്കി. കുട്ടപ്പൻ തലതിരിച്ച് വിദൂരതയിൽ ദൃഷ്‌ടിപായിച്ചു.
“ഫ! ക്ഷീണം നിന്റെ അമ്മയ്‌ക്ക്”
കുട്ടപ്പൻ ചൂളി. കൂട്ടച്ചിരി മുഴങ്ങി. കല്യാണിയമ്മ കുട്ടപ്പനെ സമീപിച്ചു.
“എടാ നിന്റെ തന്തയുണ്ടല്ലോ. അവൻ എന്നെ കളിയാക്കുകേലാ. അറിയാമോ?”
കുട്ടപ്പൻ മിണ്ടിയില്ല. അവന്റെ തൊണ്ട വരണ്ടിരുന്നു.
വിജയഭാവത്തോടെ കല്യാണിയമ്മ ഗോപിയെ നോക്കി. നടന്നതൊന്നും ഗോപി അറിഞ്ഞിട്ടേയില്ല. തന്റെ ധീരത ആ ചെറുപ്പക്കാരൻ ശ്രദ്ധിച്ചിട്ടില്ലെന്നു മനസ്സിലായപ്പോൾ കല്യാണിയമ്മയ്‌ക്ക് തെല്ലു കുണ്‌ഠിതം തോന്നി.
അവർ കടക്കാരനെ സമീപിച്ചു.
“പുകയിലയുണ്ടെങ്കിൽ കുറച്ചു തരൂ”
“ഒരു ‘കണ്ണി’ തികച്ചെടുക്കട്ടെ?”
“ആകട്ടെ. ഒരു പൊതി ബീഡിയും വേണം.”
ഗംഗാധരൻ സാധനങ്ങൾ എടുത്ത് പൊതിയാനാരംഭിച്ചു. പത്രത്തിൽ നിന്നു മനസ്സു പറിക്കാത്ത ഗോപിയെ കല്യാണിയമ്മ വിളിച്ചു.
“ഏയ് വായനക്കാരൻ…”
ഗോപി തലയുയർത്തി നോക്കി.
“പത്താം ക്ലാസ്സുകാരുടെ പരീക്ഷാഫലത്തെപ്പറ്റി വല്ലതുമുണ്ടോ പത്രത്തിൽ?”
ഗോപി പറഞ്ഞു.
“അറിയാൻ പാടില്ല.”
“ഇയാള് പിന്നെ പത്രോം പിടിച്ചോണ്ട് നിന്ന് ഉറങ്ങുവായിരുന്നോ?”
ആളുകൾ കൂട്ടച്ചിരി മുഴക്കി. ഗോപി വിയർത്തു പോയി. സത്യത്തിൽ കല്യാണിയമ്മയുടെ ചോദ്യം അവന് മനസ്സിലായതേയില്ല. കല്യാണിയമ്മ പിറുപിറുത്തു.
“ഇതൊക്കെ എവിടന്ന് കുറ്റീം പറിച്ച് വരുന്നെടാ”
പുകയിലപ്പൊതിയും ബീഡിയും വാങ്ങി ഒരഞ്ചുരൂപ നോട്ടു നീട്ടിയപ്പോൾ കടക്കാരൻ വീണ്ടും ഭവ്യനായി.
“ബാക്കി തരാൻ ചില്ലറയില്ലല്ലോ”
“ബാക്കി പിന്നെ മതി.”
സഞ്ചിയുമെടുത്ത് പോകുന്ന വഴിയ്‌ക്കും അവർ ഒളിക്കണ്ണിട്ട് ഗോപിയെ ശ്രദ്ധിച്ചു.
കല്യാണിയമ്മ നടന്നു മറഞ്ഞപ്പോൾ കടക്കാരന്റെ നേരെ തിരിഞ്ഞ് ഗോപി തിരക്കി.
“അവരേതാ?”
തെല്ലുനേരത്തെ ആട്ടുകൊണ്ട തെമ്മാടിക്കുട്ടപ്പൻ മുൻപോട്ടു വന്നു.
“അറിയില്ലേ. സ്ഥലത്തെ പ്രധാന സർവ്വീസാ.”
ആളുകൾ മെല്ലെ ചിരിച്ചു. കുട്ടപ്പൻ ഒരു മുറിബീഡി കത്തിച്ചു.
“അവരെന്തിനാ പരീക്ഷാഫലം തിരക്കിയത്?” ഗോപി അന്വേഷിച്ചു.
കുട്ടപ്പൻ പറഞ്ഞു.
“ഒരു മോളുണ്ട്. പഠിക്കുവാ. വാഴക്കൂമ്പുപോലത്തെ ഉരുപ്പടി.”
സദാ ചിരിക്കുന്ന പുഷ്പൻ എന്ന ചെറുപ്പക്കാരൻ പറഞ്ഞു.
“സാറിനെ അവര് കൂടെക്കൂടെ നോക്കുന്നതു കണ്ടല്ലോ. ഞാനോർത്തത് നിങ്ങളുതമ്മിൽ പരിചയമുണ്ടെന്നാ.”
ബീഡി തെറുപ്പുക്കാരൻ അനുഭാവം രേഖപ്പെടുത്തി.
“സൂക്ഷിക്കണേ സാറേ. കിനാവളളിയാ. അകപ്പെട്ടാൽ രക്തം കുടിച്ചേ പിടിവിടൂ.”
ജനം ഒന്നടങ്കം ചിരിച്ചപ്പോൾ ഗോപിയും മന്ദഹസിച്ചു. അവന്റെ മനസ്സിൽ അവ്യക്തമായ എന്തോ നിനവുകൾ കെട്ടുപിണഞ്ഞ് പിടഞ്ഞു.
Generated from archived content: choonda4.html Author: sree-vijayan