വാതിൽക്കൽ മുട്ടുകേട്ടപ്പോൾ ശാന്ത പിടഞ്ഞെണീറ്റ് ഓടിച്ചെന്ന് വാതിൽ തുറന്നു. കയ്യിൽ ഒന്നുരണ്ട് ഉപ്പേരിപ്പൊതികളുമായി ഗോപി സാവധാനം അകത്തേക്കു കയറി.
“ഉറങ്ങിയെന്നു വിചാരിച്ചു.”
“ഞാനോ?”
“ഓ… ഭർത്താവു വരാതെ പതിവ്രതയായ ഭാര്യക്ക് ഉറങ്ങാൻ പാടില്ലല്ലോ?”
ഗോപി മെല്ലെ ചിരിച്ചു. ശാന്ത നാണംകൊണ്ട് തുടുത്തു. അവൾ പരിഭവിച്ചു.
“എന്തൊരു പോക്കാ പോയത്? മറ്റുളളവരുടെ വിശപ്പുണ്ടോ അറിയുന്നു.”
“മഹാറാണിക്ക് ഉണ്ണാമായിരുന്നില്ലേ?”
“ഞാൻ ഒറ്റയ്‌ക്കോ?”
വെളുത്ത മുഖം ഒന്നുകൂടി തുടുത്തു.
“വല്ലാത്ത തലവേദന. എനിക്കു ചോറു വേണ്ട ശാന്തേ….നീ ഉണ്ടോളൂ…”
ഗോപി മെല്ലെ നടന്ന് കട്ടിലിൽ ഇരുന്നു. നടപ്പ് ശാന്ത ശ്രദ്ധിച്ചു. പന്തിക്കേടുണ്ടോ? ഗോപി അവളെ നോക്കി പുഞ്ചിരിച്ചു. ചിരിയിലും പന്തിയില്ലായ്‌മയുണ്ട്. കണ്ണുകൾ ക്രമംവിട്ട് മയങ്ങിയിരിക്കുന്നു. സംശയത്തോടെ ശാന്ത തിരക്കി.
“കുടിച്ചിട്ടുണ്ടോ?”
ഗോപി വീണ്ടും ചിരിച്ചപ്പോൾ അവൾക്കു പരിഭ്രമമായി.
“സത്യം പറയൂ. കുടിച്ചിട്ടുണ്ടോ?”
“ഉണ്ട്.”
“ങേ..?”
അവൾ ഞെട്ടി. അമ്മയെ വിവാഹം കഴിച്ച ‘ഹംസം നാണുനായരും’ കുടിയനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അങ്ങിനെയെങ്കിൽ തന്റെ വിധിയും അമ്മയുടേതായിത്തീരുമോ? ഗുരുവായൂരപ്പാ? കുടിച്ചെന്നുളളത് വാസ്‌തവമാണോ?
ഗോപിയുടെ ശബ്‌ദമുയർന്നു.
“നിനക്കിതിന്റെ മണം ഇഷ്‌ടമല്ലെങ്കിൽ കുറച്ചു തുളസിക്കതിരും തിരുമ്മി മണത്തുകിടന്നാൽ മതി. ഉറക്കം വന്നോളും. അല്ലെങ്കിൽ ചന്ദനത്തിരി കത്തിക്കാം.”
ശാന്ത മുഖം പൊത്തി പൊട്ടിക്കരഞ്ഞു. അതുകാൺകെ കട്ടിലിൽ നിന്നെഴുന്നേറ്റ്, ഗോപി അവളെ സമീപിച്ചു തോളിൽ പിടിച്ചു. ഒഴിഞ്ഞുമാറിക്കൊണ്ട് ശാന്ത പറഞ്ഞു.
“എന്നെ തൊടരുത്.”
“കാരണം?”
“കുടിക്കുന്ന ആളെ എനിക്കിഷ്‌ടമല്ല.”
“പക്ഷേ, നീയെന്റെ ഭാര്യയാണ്.”
“ഞാനാണതു തീരുമാനിക്കാൻ.”
ഗോപിക്കു കലികയറി.
“ഈ പുരയ്‌ക്കു ഞാൻ തീവെയ്‌ക്കും.”
ശാന്ത പരിഭ്രമത്തോടെ ‘അമ്മേ, അമ്മേ’ എന്നു വിളിച്ചു. ഗോപി പൊട്ടിച്ചിരിച്ചു. അടുത്ത മുറിയിൽനിന്നും കല്യാണിയമ്മ വിളികേട്ടു.
“എന്താ മോളേ?”
ഗോപിയാണതിന് മറുപടി പറഞ്ഞത്.
“ഒന്നുമില്ലമ്മേ…തീപ്പെട്ടി കാണാഞ്ഞിട്ട് വിളിച്ചതാ. കിട്ടി.”
“മോനെപ്പോഴാ വന്നത്?” കല്യാണിയമ്മ ചോദിച്ചു.
“ഇപ്പം വന്നതേയുളളൂ.”
“ശാന്തേ ചോറെടുത്ത് അലമാരിയിൽ വെച്ചിട്ടുണ്ട്. ഞാൻ വന്ന് വിളമ്പിത്തരണോ?”
അതിന് ഗോപിയാണ് മറുപടി നല്‌കിയത്.
“വേണ്ടമ്മേ… ഞങ്ങൾ ഉണ്ടോളാം. അമ്മ ഉറങ്ങിക്കോളൂ.”
“മീൻകറി ഉറിയിലിരിപ്പുണ്ട് മോളേ…”
“ങാ…” ഗോപി സമ്മതം മൂളി.
തന്നോട് ഗൗരവം കാണിച്ച അദ്ദേഹം അമ്മയോട് സൗമ്യസ്വരത്തിൽ സംസാരിക്കുന്നു. എന്താണിതിന്റെ പൊരുൾ?
ഗോപി വശ്യമായി ചിരിച്ചു.
“മണ്ടിപ്പെണ്ണേ; ഇങ്ങടുത്തുവാ.”
ഭാവപ്പകർച്ചയോടെ അവൾ അനങ്ങാതെ നിന്നു. ഗോപി അടുത്തേക്ക് ചെന്നു.
“നീ ഇത്ര പാവമാണെന്ന് ഞാൻ കരുതിയില്ല.”
ശാന്തയുടെ ചുമലിൽ പിടിച്ചുകൊണ്ട് അവൻ തുടർന്നു.
“വയറിന് സുഖമില്ലാഞ്ഞതുകൊണ്ട് ഞാൻ കുറച്ച് അഭയാരിഷ്‌ടം കഴിച്ചു. എന്റെ തങ്കക്കുടത്തിന്റെ ധൈര്യം പരീക്ഷിക്കാൻ കളളുകുടിയനെപ്പോലെ അഭിനയിച്ചതാണ്.”
ശാന്ത അവിശ്വാസത്തോടെ ചോദിച്ചു.
“ഈ പറയുന്നത് സത്യമാണോ?”
“എന്റെ പൊന്നിനോട് ഞാൻ കളളം പറയുമോ?”
അവൻ അവളെ തന്നോടടുപ്പിച്ചു. കണ്ണീരിൽ കുതിർന്ന മന്ദഹാസത്തോടെ ശാന്ത ആ മാറിലേക്ക് പടർന്നു കയറി.
Generated from archived content: choonda39.html Author: sree-vijayan