ഒരു സമ്മേളനത്തിൽ പങ്കെടുത്തതിനുശേഷം മടങ്ങുകയായിരുന്നു പ്രൊഫസർ കൃഷ്‌ണപിളള. ലോഡ്‌ജിലേക്കു കാറിൽ കൊണ്ടുവിടാമെന്ന് സമ്മേളനഭാരവാഹികൾ നിർബ്ബന്ധിച്ച് പുറകെ വന്നെങ്കിലും ഒരു സുഹൃത്തിന്റെ വീട്ടിൽ കയറാനുണ്ടായിരുന്നതിനാൽ താൻ ബസ്സിൽ പൊയ്‌ക്കൊളാമെന്നു പറഞ്ഞ് അദ്ദേഹം അവരെ മടക്കി അയച്ചു.
ബസ്‌റ്റോപ്പിൽ ഏറെ നേരം കാത്തുനിന്നു. എല്ലാ ബസ്സുകളും പോകുന്നത് എതിർഭാഗത്തേക്കാണ്. അല്ലെങ്കിലും ആവശ്യമുളളപ്പോൾ ഒരു വണ്ടിയും സമയത്തിന് കിട്ടുകയില്ലല്ലോ…അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. യുക്തിക്ക് സ്ഥാനമൊന്നുമില്ലെങ്കിലും സിഗരറ്റു കത്തിച്ചാൽ രണ്ടുവലി വലിക്കാൻ കഴിയുന്നതിനുമുമ്പ് സാധാരണഗതിയിൽ ബസ്സു വരാറുണ്ടെന്ന കാര്യം അദ്ദേഹം ഓർമ്മിച്ചു.
മനഃപൂർവ്വം സിഗരറ്റു കത്തിച്ചതിനാലോ എന്തോ ഇപ്രാവശ്യം എന്നിട്ടും ബസ്സു വന്നില്ല. ഘടനയില്ലാത്ത ആലോചനകളിൽ മുഴുകി അസ്വസ്ഥനായി അദ്ദേഹം നിൽക്കവേ തെല്ലുദൂരെ ആളുകൾ കൂട്ടംകൂടി നില്‌ക്കുന്നതുകണ്ടു. അവർ ഒരു പക്ഷിശാസ്‌ത്രക്കാരനെ പൊതിഞ്ഞുനിന്ന് അയാളുടെ വാമൊഴികൾ ശ്രദ്ധിക്കുകയാണ്. എതിർവശത്തേക്ക് തിരിഞ്ഞിരിക്കുന്നതിനാൽ പ്രൊഫസർക്ക് പക്ഷിശാസ്‌ത്രക്കാരന്റെ മുഖം കാണാൻ വയ്യ. പക്ഷേ, വാക്കുകൾ കേൾക്കാം. തത്ത വലിച്ചിട്ട കാർഡു നിവർത്തി ഒരു ചെറുപ്പക്കാരന്റെ ജാതകരഹസ്യം അയാൾ വിവരിക്കുകയാണ്.
“ലക്ഷ്‌മീഭഗവതിയുടെ പടമാണല്ലോ സാറെ തത്ത വലിച്ചിട്ടിരിക്കുന്നത്? ഇത് ഒരു വലിയ സംഭവത്തിന്റെ സൂചനയാ. കേട്ടോ സാറേ…ഞാൻ ലക്ഷണം പറഞ്ഞവരൊക്കെ തലകുലുക്കി എന്നെ സമ്മതിച്ചിട്ടൊണ്ട്. അതുകൊണ്ടാ പറയുന്നത്, ഇതുവരെ സാറിന് കഷ്‌ടകാലമായിരുന്നു. ശത്രുക്കൾ പലതരത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ദൈവാധീനം കൊണ്ട് ഒന്നും ഏറ്റിട്ടില്ല.
ഇനിയിപ്പോൾ കുഴപ്പമൊന്നുമില്ല. മകരം പത്താം തീയതി മുതൽ പതിനൊന്നാമിടത്ത് വ്യാഴമാ. ഒരു പെണ്ണ് സാറിനെ വട്ടമിട്ടിട്ടൊണ്ട്. പക്ഷേ, ആ വലയിൽ വീഴരുത്. തുറന്നു പറയാം സാറെ, മകരം പത്താം തീയതിക്കുശേഷം ഒരു ലോട്ടറി കിട്ടാൻവരെ യോഗമൊണ്ട്. ലോട്ടറി മാത്രമല്ല, വാഹനഭാഗ്യവും കാണുന്നു. അതേപ്പറ്റി കൂടുതൽ അറിയണമെങ്കിൽ കൈരേഖ നോക്കണം. അതിനു ഫീസ് മൂന്നുരൂപയാ…”
അതൃപ്തിയോടെ ചെറുപ്പക്കാരൻ എഴുന്നേറ്റു.
“ശരി. ലോട്ടറി കിട്ടുമ്പം ഇപ്പം നോക്കിയതിന്റെ കൂലിയും തന്നേക്കാം. താൻ ഇതുവരെ പറഞ്ഞതൊക്കെ കളളമാണെടോ. പച്ചക്കളളം.”
“സാറിനു വിശ്വാസമില്ലെങ്കിൽ കൈരേഖ നോക്കിയ്‌ക്കണ്ട. പക്ഷേ തത്തയെകൊണ്ട് കാർഡ് എടുപ്പിച്ചതിന്റെ ഫീസ് എട്ടണ തന്നിട്ടുപോകൂ..”
“തരാൻ മനസ്സില്ലെങ്കിലോ?”
പക്ഷി ശാസ്‌ത്രക്കാരൻ പിടഞ്ഞെണീറ്റു.
“സാറെ മര്യാദയ്‌ക്ക് കാശു തന്നിട്ടുപോ. അല്ലെങ്കിൽ ഞാൻ വിടത്തില്ല.”
പോകാൻ ഭാവിച്ച ചെറുപ്പക്കാരനെ അയാൾ തടഞ്ഞ് കൈയ്‌ക്കു കടന്നു പിടിച്ചു.
“എങ്കിൽ നീ മേടിക്ക്.” ചെറുപ്പക്കാരൻ കൈകുതറി നടന്നു. പക്ഷിശാസ്‌ത്രക്കാരൻ വിളിച്ചു പറഞ്ഞു.
“ഇനിലും ഭേദം പോയി തെണ്ടിതിന്നുകയാണെടാ.”
ആളുകൾ ഒന്നടങ്കം ചിരിച്ചു. ക്ഷുഭിതനായ ചെറുപ്പക്കാരൻ മടങ്ങിവന്നു.
“നീ എന്താ പറഞ്ഞത്?”
“പറഞ്ഞതു പറഞ്ഞതുതന്നെയാ.”
“ഠേ!”
പക്ഷിശാസ്‌ത്രക്കാരന്റെ കവിളത്ത് ഒരമിട്ടു പൊട്ടി. പൊതുജനം ഞെട്ടി. കൂസലില്ലാതെ ചെറുപ്പക്കാരൻ നടന്നുപോയി. അയാൾ കൺമുമ്പിൽ നിന്നു മറഞ്ഞപ്പോൾ പക്ഷിശാസ്‌ത്രക്കാരൻ തലയിൽ കൈവച്ച് ഉറക്കെ പ്‌രാകി.
“നിനക്കൊരു ലോട്ടറിയും കിട്ടുകേലടാ. നിന്നെ കരിമൂർഖൻ കൊത്തുമെടാ തെണ്ടീ!”
അതും പറഞ്ഞ് അയാൾ തിരിഞ്ഞുനോക്കിയത് പ്രൊഫസർ കൃഷ്‌ണപിളളയുടെ മുഖത്തേയ്‌ക്കാണ്. ഇരുവരും ഒപ്പം നടുങ്ങി.
എന്തൊക്കെയാണീ കാണുന്നത്? സ്വപ്‌നമോ? മിഥ്യയോ?
അരിശത്തോടെ പ്രൊഫസർ അയാളെ സമീപിച്ചു. ആ മനുഷ്യൻ മരവിച്ചു നില്‌ക്കുകയാണ്. പ്രൊഫസർ ചോദിച്ചു.
“ഗോപിയുടെ അമ്മാവനല്ലേ നിങ്ങൾ?”
പക്ഷിശാസ്‌ത്രക്കാരന് വാക്കുകളില്ല. അയാളുടെ പക്ഷിക്കൂടും, നിരത്തിവച്ചിരിക്കുന്ന കൈരേഖ ചിത്രങ്ങളും ശ്രദ്ധിച്ചതിനുശേഷം പ്രൊഫസർ ചോദ്യമാവർത്തിച്ചു.
“പറയൂ…എന്താ ഇതിന്റെയൊക്കെ അർത്ഥം?”
ഭയവും പരിഭ്രമവും കലർന്ന ഭാവത്തിൽ അയാൾ കൈകൂപ്പി.
“സാറ് എന്നോട് ക്ഷമിക്കണം. ഗോപിസാറ് എന്നോട് പറഞ്ഞു അവിടെവന്ന് അങ്ങേരുടെ അമ്മാവനെപ്പോലെ അഭിനയിച്ച് കുറച്ചു സംസ്‌കൃതശ്ലോകങ്ങളൊക്കെ ചൊല്ലണമെന്ന്. എഴുപത്തഞ്ചുരൂപ പ്രതിഫലം തരാമെന്നു പറഞ്ഞു. എന്റെ കഷ്‌ടപ്പാടുകൊണ്ട് ഞാനതിന് സമ്മതിച്ചു. സാറ് എനിക്ക് മാപ്പുതരണം. എന്നോടൊന്നും തോന്നരുത്.”
ഇടിവെട്ടേറ്റപോലെ പ്രൊഫസർ നിന്നു ദഹിച്ചു. എന്തൊക്കെയാണീ കേൾക്കുന്നത്? നിഷ്‌ക്കളങ്കയായ ആ പെൺകുട്ടി ഇരയെന്നു കരുതി ചെന്ന് കൊത്തിയിരിക്കുന്നത് ക്രൂരവും ആപൽക്കരവുമായ ചൂണ്ടയിലാണോ?
പ്രൊഫസർ ഉദ്വേഗത്തോടെ തിരക്കി.
“ഗോപിയെ നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നോ?”
“ഇല്ല സാറേ. ചാരായഷാപ്പിൽ വച്ച് കണ്ടൊളള പരിചയമേയൊളളൂ.”
“ങേ!” പ്രൊഫസർ ഒരിക്കൽക്കൂടി ഞെട്ടി.
പക്ഷിശാസ്‌ത്രക്കാരൻ തുടർന്നു.
“കല്ലുംക്കൂട്ടത്തിലെ ചാരായഷാപ്പിൽ സാധാരണ പുളളിവരും. അവിടെവച്ചുളള പരിചയമാണ്.”
വിയർപ്പുതുളളികൾ കുരുത്ത നെറ്റിത്തടം കൈലേസുകൊണ്ട് ഒപ്പാൻപോലും ശക്തിയില്ലാതെ പ്രൊഫസർ തളർന്നു നിന്നു. തനിക്ക് പോകേണ്ട ബസ്സ് കടന്നുപോയതുപോലും അദ്ദേഹം അറിഞ്ഞില്ല.
Generated from archived content: choonda37.html Author: sree-vijayan