വിരുന്നുകാർ യാത്ര പറഞ്ഞ് തിരക്കും ബഹളവും അവസാനിച്ചപ്പോൾ ഒരു പിതാവിന്റെ വാത്സല്യത്തോടെ പ്രൊഫസർ ഗോപിയെ വിളിച്ചു.
“ഗോപി വരൂ…ഇറങ്ങുന്നതിനുമുമ്പ് എനിക്ക് ഗോപിയോടല്പം സംസാരിക്കാനുണ്ട്.”
വരാന്തയിലെ തൂണുംചാരി കല്യാണിയമ്മ നിൽക്കുന്നുണ്ട്. കതകിൽ പിടിച്ചുകൊണ്ട് വാതിൽക്കൽ ശാന്തയും. കസാലയിലിരുന്ന പ്രൊഫസറുടെ സമീപത്തേക്ക് ഗോപി ചെന്നു.
“വിരോധമില്ലെങ്കിൽ ഞാൻ ആദ്യം സംസാരിച്ചതിനെക്കുറിച്ച് ഒരിക്കൽകൂടി ഗോപി ആലോചിക്കുക. കാരണം, നഷ്‌ടപ്പെടാത്ത ധനമാണ് വിദ്യാധനം. ഗോപിക്കു വിരോധമില്ലെങ്കിൽ കോളേജിൽ പോകാൻ ശാന്ത സമ്മതക്കുറവു കാണിക്കില്ലെന്നാണ് എന്റെ വിശ്വാസം.”
അല്പനേരത്തെ മൗനത്തിനുശേഷം ഗോപി തലയുയർത്തി.
“എട്ടുപത്തു ക്ലാസ് പഠിപ്പല്ലേ സാറെ എനിക്കുളളൂ. എന്റെ ഭാര്യ ബി.എ.ക്കാരിയും എം.എക്കാരിയുമൊക്കെ ആയാൽ ഒരു കാലത്ത് വിദ്യാഭ്യാസം കുറഞ്ഞ എന്നെ തഴഞ്ഞെങ്കിലോ എന്ന പേടിയും എനിക്കുണ്ടാവില്ലേ?”
ആ പ്രസ്താവം കേട്ട് പ്രൊഫസർ മൃദുവായി ചിരിച്ചു. ശാന്തയുടെ അധരങ്ങളിൽ മന്ദഹാസം മരവിച്ചു നിന്നു. ഭരതവാക്യമെന്ന നിലയിൽ പ്രൊഫസർ പറഞ്ഞു.
“ഗോപീ….വിദ്യാഭ്യാസം വിവേകമുണ്ടാക്കും. വിവേകത്തിന്റെ നല്ല പേരാണ് സംസ്‌കാരം. ശാന്തയോട് കൂടുതൽ അടുക്കുമ്പോൾ ഗോപിക്കത് മനസ്സിലാകും.”
***************************************************************************
ആയിരം സ്വപ്നങ്ങളുടെ സാക്ഷാത്‌കാരമാണ് ആദ്യരാത്രിയെന്ന് കവികൾ ആലങ്കാരികഭാഷയിൽ ഉദ്‌ഘോഷിച്ചിട്ടുളളത് വായിച്ചിട്ടുണ്ട്. ജന്മാന്തരങ്ങളായി മനുഷ്യൻ ആ അനർഘരാവിലെ അനുഭൂതികളെ വാഴ്‌ത്താറുണ്ടെന്നും കേട്ടിട്ടുണ്ട്.
അജ്ഞാതരായ രണ്ടാത്മാക്കൾ അടുത്തറിയുകയും അന്ത്യംവരെ ഇണപിരിയാതെ കഴിയാൻ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ആ പുണ്യരാത്രിക്ക് ഒരു വെളളത്താമരപൂവിന്റെ സ്നിഗ്‌ദ്ധതയും ശുഭ്രതയും പവിത്രതയുമുണ്ടത്രെ.
വെളുത്ത താളുകളിൽ പതിയുന്ന നിറമോലുന്ന അക്ഷരങ്ങളും വാക്കുകളും വാചകങ്ങളുംപോലെ നൂതനാനുഭവങ്ങൾ നിറഞ്ഞ ആ അസുലഭരാത്രി ജീവിതത്തിലെ ഭാഗ്യമുഹൂർത്തമായി ശാന്തക്കും ബോധ്യപ്പെട്ടു.
ഇന്നലെവരെ പരിശുദ്ധിയോടെ സ്വന്തമായി കാത്തുസൂക്ഷിച്ചിരുന്നതെല്ലാം അമിതമായ വിലതന്നു വാങ്ങുവാൻ ഒരാളുണ്ടായിരിക്കുന്നു. തനിക്ക് അഭയവും ആശ്വാസവുമരുളാൻ സുരക്ഷിതമായ ഒരു സങ്കേതമുണ്ടായിരിക്കുന്നു.
അമോഘമായ ആനന്ദത്തിന്റെ വിഷാദബിന്ദുവായി അവൾ അലിയുകയായിരുന്നു.
സീൽക്കാരങ്ങൾ, വിട്ടകലാനാവാത്ത കെട്ടിപ്പുണരുകൾ…ചുടുചുംബനങ്ങൾ, ബന്ധങ്ങൾ.. ബന്ധനങ്ങൾ…
മേനി മേനിയിലേക്ക് ഇഴകിച്ചേർന്നപ്പോൾ ഊഷ്‌മളനിശ്വാസങ്ങൾക്കു ലഹരിയോലുന്ന സുഗന്ധമായിരുന്നു.
വാശിയുളള നാഗങ്ങളെപോലെ നഗ്നമേനികൾ പുളയുകയായിരുന്നു. ഒടുവിൽ, ഒരു നടുക്കത്തിന്റെ നിഗൂഢതയിലേക്ക് വഴുതിവീണപ്പോൾ ഞെട്ടിത്തെറിക്കുന്ന നക്ഷത്രങ്ങളെ ഓർമ്മിച്ചുപോയി.
എന്തൊക്കെയാണ് നടന്നത്? ഓർത്തപ്പോൾ ലജ്ജ തോന്നി.
പക്ഷേ കേൾക്കാൻ കൊതിച്ച, കോരിത്തരിപ്പിക്കുന്ന എത്രയെത്ര നുണുങ്ങുകാര്യങ്ങൾ വിറയാർന്ന മൊഴികളിലൂടെ തന്റെ കാതിലേക്കു പകർന്നു തന്നു.
കണ്ടനാൾ മുതൽ തന്നെക്കുറിച്ച് നിനയ്‌ക്കാത്ത ഒരു നിമിഷംപോലും ഉണ്ടായിരുന്നില്ലെന്ന്. തന്നെക്കുറിച്ചുളള കിനാവുകളിൽ മുഴുകി ആഹാരംപോലും ഉപേക്ഷിച്ച് തപം അനുഷ്‌ഠിച്ചിട്ടുണ്ടെന്ന്! അമ്പലത്തിലും പളളിയിലും തനിക്കുവേണ്ടി വഴിപാടും നേർച്ചയും കഴിച്ചിട്ടുണ്ടെന്ന്!…ഈ വിവാഹം നടന്നില്ലായിരുന്നെങ്കിൽ തീർച്ചയായും ആത്മഹത്യ ചെയ്യുമായിരുന്നെന്ന്!
“ഈശ്വര! അങ്ങനെ സംഭവിക്കാതിരുന്നതെത്ര ഭാഗ്യം.”
ഒരു ശിശുവിനെപ്പോലെ തന്നോട് പറ്റിച്ചേർന്ന് കിടന്നുറങ്ങുന്ന ആത്മനാഥന്റെ മുഖത്തേയ്‌ക്ക് ശാന്ത മിഴിതിരിച്ചു. ജനലിലൂടെ തുളുമ്പിയൊഴുകുന്ന നറുംനിലാവിൽ ആ നിഷ്‌ക്കളങ്കഭാവം വ്യക്തമായി കാണാം.
കളളൻ! എന്തെല്ലാം കുസൃതിത്തരങ്ങളാണ് ഇതുവരെ കാട്ടിക്കൂട്ടിയത്. എന്നിട്ട് ഒന്നുമറിയാത്തമട്ടിൽ കിടന്നുറങ്ങുന്നു.
ആ ചുണ്ടുകളിൽ ഒന്നുകൂടി അമർത്തി ചുംബിക്കുവാൻ അവളുടെ മനം കൊതിച്ചു. പക്ഷേ, ധൈര്യം വന്നില്ല. എങ്ങാൻ അറിഞ്ഞെങ്കിലോ? ഉണർന്നെങ്കിലോ?
വൃക്ഷശിഖരങ്ങൾക്കിടയിൽ കുടുങ്ങിയ പേടമാൻ കൊമ്പുകൾപോലെ ഗോപിയുടെ കൈകാലുകൾ തന്റെ മേനിയിൽ പടർന്ന് കുരുങ്ങിയിരിക്കുകയാണ്. മതി. ഈ കിടപ്പുതന്നെ അനുഭൂതി പകരുന്നതാണ്.
ഉഷസ്സിലുണരുന്ന ഉഷമലരിപോലെ ഉദാത്തമായ കവിഭാവനപോലെ, മിന്നൽപോലെ, മിന്നൽപിണരുപോലെ അവൾ സ്വയം മറന്നു കിടന്നു. മനസ്സ് അറിയാതെ ജപിച്ചു കൊണ്ടിരുന്നു.
അനന്തകോടി നക്ഷത്രങ്ങളെ! നിങ്ങൾ ഈ അനർഘനിമിഷങ്ങൾക്ക് ജീവൻ പകരൂ. നിറങ്ങൾ ലജ്ജിക്കുന്ന ഈ മുഹൂർത്തത്തിന് വികാരം പകരൂ. സപ്തസ്വര സരിത്തുക്കളെ, നിങ്ങളീ പവിത്രതയിൽ പുണ്യാഹമൊഴുക്കൂ!…
കിഴക്കു വെളളക്കാറു വീശിയപ്പോൾ ദീർഘ തപസ്സിന്റെ മോഹനിദ്രയിൽ നിന്ന് അവളെയുണർത്താൻ കാക്കകൾ മനഃപൂർവ്വം കരഞ്ഞു. ശാന്ത കട്ടിലിൽ നിന്നെഴുന്നേറ്റു. നഗ്നമേനിയിൽ ചുളിവീണ വസ്‌ത്രങ്ങൾ വാരിചുറ്റി. അപ്പോഴും തളർന്നു കിടന്നുറങ്ങുന്ന ആത്മപ്രിയന്റെ മുഖത്തേക്ക് തെല്ലുനേരം നോക്കിനിന്നു.
വീണ്ടും മനസ്സിൽ തോന്നി.
കളളൻ! കുസൃതിത്തരങ്ങളെല്ലാം കാട്ടിക്കൂട്ടിയിട്ട് ഒന്നുമറിയാത്തപോലെ കിടന്നുറങ്ങുന്നു.
തലമുടി വാരിക്കെട്ടിയിട്ട് വാതിൽ തുറന്ന് അവൾ കുളിമുറിയിലേക്കുപോയി.
***************************************************************************
ശാന്ത കാപ്പിയുമായി വന്നപ്പോഴും ഗോപി നല്ല ഉറക്കത്തിലായിരുന്നു. ലജ്ജ കലർന്ന മൃദുസ്വരത്തിൽ അവൾ അവനെ കുലുക്കിവിളിച്ചു. ഗോപി കണ്ണുതുറന്നു. വിശ്വസിക്കാൻ കഴിഞ്ഞില്ല… നുകർന്നിട്ടും തീരാത്ത ലാവണ്യരൂപം തൊട്ടുമുൻപിൽ! ലജ്ജയിൽ കുതിർന്ന ആ സ്വർണ്ണവിഗ്രഹത്തിന്റെ ഉടമ താനാണല്ലോ എന്ന് നിനയ്‌ക്കേ ഉളളിൽ മോഹസമുദ്രം അലയടിച്ചുയർന്നു..
ഗോപി കൈനീട്ടി. കാപ്പിപ്പാത്രം കൊടുക്കാൻ തുനിയവേ അവനവളെ തന്റെ മാറിലേക്ക് വലിച്ചടുപ്പിച്ചു. ശാന്ത ചിരിച്ചു കൊണ്ടുപറഞ്ഞു.
“യ്യോ…കാപ്പിപോകും.”
വാക്കുകൾ ശ്രദ്ധിക്കാൻ ഗോപി മിനക്കെട്ടില്ല. പ്രഭാതകുളിരിൽ ഇളംചൂടുളള കൈതപ്പൂമേനിയായിരുന്നു ആവശ്യം. ധൃതിയിൽ ഗ്ലാസ് നിലത്തുവെച്ച് അവൾ അവനിലേക്ക് കുഴഞ്ഞുവീണു. ഇക്കിളിയാൽ പരിസരം മറന്ന് ശാന്ത ചിരിച്ചുപോയി. അടുത്ത മുറിയിൽ നിന്ന് മുത്തച്ഛന്റെ ശബ്‌ദമുയർന്നു.
“ആരാ ചിരിക്കുന്നത്? മണിയെത്രയായി?”
ശാന്ത പിടഞ്ഞെഴുന്നേറ്റുകൊണ്ട് ശാസനാസ്വരത്തിൽ പറഞ്ഞു.
“അയ്യോ.. മുത്തച്ഛൻ കേട്ടു.”
അവൾ അടുക്കളയിലേയ്‌ക്കോടി. ആ കിടപ്പിൽ കിടന്നുകൊണ്ട് ഗോപി വൃഥാ ആലോചിച്ചു.
പ്രായമായാൽ മനുഷ്യൻ എത്രാം വയസ്സിൽ മരിക്കണം?
Generated from archived content: choonda36.html Author: sree-vijayan