മുപ്പത്തിനാല്‌

പറഞ്ഞതുപോലെ വ്യാഴാഴ്‌ച ഉച്ചയ്‌ക്കുമുമ്പേ തന്നെ കൃഷ്‌ണപിളളസാറെത്തി. ഗോപിയുടെ വീട്ടിൽനിന്ന്‌ അമ്മാവൻ മാത്രമേ ഉണ്ടായിരുന്നുളളു. കൂട്ടത്തിൽ ഗോപിയും കൂട്ടുകാരൻ കൃഷ്‌ണൻകുട്ടിയും. പാലം പണിയുടെ വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായരും.

കൃഷ്‌ണപിളളസാർ ഗോപിയുടെ അമ്മാവനെ പരിചയപ്പെട്ടു. എവിടെയോവെച്ച്‌ താൻ കണ്ടുമറന്ന ഒരുരൂപം പോലെ അദ്ദേഹത്തിനു തോന്നി. എവിടെവച്ചായിരിക്കും? അദ്ദേഹം ശങ്കിച്ചു. പക്ഷേ, ഗോപിയുടെ അമ്മാവന്‌ പ്രൊഫസറെ കണ്ടിട്ടുളളതായി തെല്ലുപോലും ഓർമ്മയില്ല. ഒരേ ഛായയിൽതന്നെ എത്രയോ

പേർ ലോകത്തിലുണ്ട്‌? ഇരുവരും അങ്ങിനെ സമാധാനിച്ചു.

കല്യാണനിശ്ചയത്തിന്‌ വന്നവർക്കായി ചെറിയതോതിൽ സദ്യയുണ്ടായിരുന്നു. സദ്യയുടെ മേൽനോട്ടം പാചക വിദഗ്‌ദ്ധനായ പുക്കാടൻ നാരായണൻനായരാണ്‌ ഏറ്റെടുത്തത്‌.

പരീത്‌ പുറം കാര്യങ്ങൾക്കായി പ്രസരിപ്പോടെ ഓടിനടക്കുന്നുണ്ടായിരുന്നു.

ഊണുകഴിഞ്ഞ്‌ ഏവരും ഉമ്മറത്തേക്കു വന്നപ്പോൾ നാളും മുഹൂർത്തവും നിശ്ചയിക്കാൻ കവടിക്കിഴിയുമായി കണിയാനും എത്തി.

ജാതകം പരിശോധന നടന്നു. ചെറുക്കന്റെയും പെണ്ണിന്റെയും നക്ഷത്രങ്ങൾ ഒരേഗണത്തിൽപ്പെട്ടതാണ്‌.

“ഗണമൊത്താൽ ഗുണം പത്ത്‌”- ജോത്സ്യൻ വിധി പറഞ്ഞു. പൊരുത്തക്കുറവും രജൂർദോഷവുമൊന്നുമില്ല. സൗഭാഗ്യകരമായ ബന്ധം തന്നെ.

“ഇനി നാളും മുഹൂർത്തവും നിശ്ചയിക്കാമല്ലോ.” ഗോപിയുടെ അമ്മാവൻ തിരക്കി. പ്രൊഫസർ തലകുലുക്കി.

“മകരം പത്താം തീയതി മംഗളകർമ്മങ്ങൾക്ക്‌ മുഹൂർത്തമുളള ദിവസമാണ്‌.” പഞ്ചാംഗം നോക്കി ജോത്സ്യൻ പ്രഖ്യാപിച്ചു.

മറ്റാരും കാണാതെ ഗോപി മെല്ലെ അമ്മാവനെ തോണ്ടി. അമ്മാവന്റെ സ്വരമുയർന്നു.

“അത്രയ്‌ക്കങ്ങോട്ടു നീട്ടണോ? ശുഭസ്യ ശീഘ്രം എന്നൊന്നില്ലേ? കാര്യങ്ങൾ വേഗം നടക്കട്ടെ.”

മറ്റുളളവർക്കും ആ അഭിപ്രായമായിരുന്നു.

രണ്ടാഴ്‌ചവിട്ട്‌ പോകേണ്ടെന്ന അഭിപ്രായം ഗോപി പ്രകടിപ്പിച്ചപ്പോൾ ജോത്സ്യൻ പറഞ്ഞു.

“എങ്കിൽ അത്രയ്‌ക്കും നീളണമെന്നില്ല. ഇന്നേക്ക്‌ ഒമ്പതാം ദിവസം വിവാഹകർമ്മാദികൾക്ക്‌ ഉചിതമായ മുഹൂർത്തമുണ്ട്‌.”

കല്യാണിയമ്മയ്‌ക്ക്‌ പരിഭ്രമമായി.

“അയ്യോ അതു പറ്റുമോ? ആദ്യവും അവസാനവുമായി ഈ മുറ്റത്ത്‌ ഒരു പന്തൽ ഉയരുന്നതല്ലേ? അയൽക്കാർക്കെങ്കിലും ഒരുപിടി ചോറ്‌ കൊടുത്തേ അത്‌ നടത്താൻ പറ്റൂ. ഒരാഴ്‌ചക്കുളളിൽ കാര്യങ്ങൾ അടുപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല.”

ഗോപി ഉപായത്തിൽ വീണ്ടും അമ്മാവനെ തോണ്ടി. ഗീർവാണമട്ടിലുളള അമ്മാവന്റെ ശബ്‌ദം വീണ്ടുമുയർന്നു.

“കാര്യം ഞങ്ങള്‌ തറവാട്ടുകാരാ. പക്ഷേ, ആ അഹങ്കാരമൊന്നും ഞങ്ങൾക്കില്ല. കാരണം മോടിയൊന്നും കൂടാതെ കല്യാണം നടത്തണമെന്നാ ഞങ്ങളുടെ ആഗ്രഹം.”

വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായർ അതിനെ പിന്താങ്ങി.

“ഒരു കണക്കിന്‌ ഗോപിയുടെ അമ്മാവൻ പറഞ്ഞതാണ്‌ ശരി. ഉത്സവവും വിവാഹവും ആർഭാടമാക്കി നടത്തി നശിച്ച എത്രയോ തറവാടുകൾ നമ്മുടെ നാട്ടിലുണ്ട്‌. ചടങ്ങ്‌ നടക്കണമെന്നല്ലേയുളളൂ? എന്തിന്‌ വെറുതെ ആർഭാടതയ്‌ക്കുവേണ്ടി പണം ചെലവാക്കുന്നു?”

പ്രൊഫസർ ഓർമ്മിപ്പിച്ചു.

“പണത്തെക്കുറിച്ച്‌ നിങ്ങളാരും വിഷമിക്കണമെന്നില്ല. പണമെത്ര വേണമെങ്കിലും നമുക്കുണ്ടാക്കാം. മുത്തച്ഛനെന്താ അഭിപ്രായമൊന്നും പറയാത്തത്‌?”

വൃദ്ധൻ പറഞ്ഞു.

“എല്ലാരുംകൂടി തീരുമാനിക്കുന്നതിനപ്പുറം എനിക്കൊന്നും പറയാനില്ല.”

തീരുമാനം നടന്നു. ഏറ്റവും അടുത്ത ശുഭമുഹൂർത്തത്തിൽ തന്നെ വിവാഹം തീർച്ചപ്പെടുത്തി.

***************************************************************************

ആർഭാടതയ്‌ക്കു ഒട്ടും കുറവുവന്നില്ല. വിളിക്കേണ്ടവരെയൊക്കെ വിളിച്ചു. ക്ഷേത്രസന്നിധിയിൽ വച്ച്‌ ഗോപി ശാന്തയെ വരണമാലയണിയിച്ചു.

കൃഷ്ണപിളളസാറിന്റെ മേൽനോട്ടത്തിൽ ഉപ്പേരിയും പാൽപ്പായസവും രണ്ടുകൂട്ടം പ്രഥമനും ഉളള സദ്യ നടന്നു. കയ്യും കഴുത്തും നിറയെ ആഭരണങ്ങളുമായി ശാന്ത ഒരു ദേവതയെപ്പോലെ നിന്നപ്പോൾ കല്യാണിയമ്മ അഹം മറന്ന്‌ മകളുടെ കവിളിൽ ചുംബിച്ചു.

എല്ലാ ചെലവുകളും കൃഷ്‌ണപിളളസാറാണ്‌ ചെയ്തത്‌. ഇത്ര മോടിയിലൊരു കല്യാണം ആ നാട്ടിൽ നടന്നിട്ടില്ലെന്ന അഭിനന്ദനങ്ങളോടെ ആളുകൾ പിരിയാൻ തുടങ്ങി.

ഗോപിയുടെ വീട്ടിൽ നിന്ന്‌ അമ്മാവനൊഴികെ മറ്റാരും വന്നിട്ടില്ലെന്ന കാര്യം പ്രൊഫസർ പ്രത്യേകം ശ്രദ്ധിച്ചു. അതിനു കാരണമെന്ത്‌? അച്‌ഛൻ വാതരോഗമായി കിടക്കുകയാണെന്ന്‌ ഗോപി പറഞ്ഞത്‌ അറിഞ്ഞിട്ടുണ്ട്‌. എന്നാലും അമ്മയും മറ്റു കുടുംബാംഗങ്ങളുമില്ലേ? അവരാരും വരാതിരുന്നതെന്ത്‌? അവർക്ക്‌ ഈ ബന്ധത്തിൽ എതിർപ്പു കാണുമോ? സൗകര്യം പോലെ അന്വേഷിച്ചറിയാമെന്ന്‌ പ്രൊഫസർ സമാധാനപ്പെട്ടു.

ഗോപി പന്തലിൽനിന്നും അമ്മാവനെ വിളിച്ച്‌ മുറ്റത്തെ മുരിങ്ങച്ചുവട്ടിലേക്ക്‌ കൊണ്ടുപോയി. പേഴ്‌സ്‌ തുറന്ന്‌ ഒരു നൂറുരൂപാ നോട്ട്‌ എടുത്ത്‌ ആരും കാണാതെ നീട്ടി.

“പറഞ്ഞ തുകയിൽ നിന്നും ഇരുപത്തഞ്ചുരൂപ കൂടുതലുണ്ട്‌.”

അമ്മാവന്റെ മുഖം മങ്ങി.

“ഒരു നൂറ്റമ്പത്‌ രൂപയെങ്കിലും താ. ചില്ലറ നുണയാണോ ഞാനിതുവരെ പറഞ്ഞുകൂട്ടിയത്‌? ശ്ലോകങ്ങൾ തന്നെ എത്ര ചൊല്ലി? ഇതുപോലെ ഒരു അമ്മാവനെ സാറിന്‌ തപസ്സിരുന്നാൽ കിട്ടുമോ സാറേ?”?

സ്വന്തം കഴിവിനെ പുകഴ്‌ത്തി അയാൾ വിലപേശി. ഗോപി സമാധാനിപ്പിച്ചു.

“ആവശ്യമുളള പണം ഇനിയും തരാമെടോ. ഞാൻ അങ്ങോട്ടല്ലേ വരുന്നത്‌? നൂറ്റമ്പതല്ല ഇരുന്നൂറ്റമ്പത്‌ തികച്ചു തന്നേക്കാം.”

അമ്മാവന്റെ മുഖം തെളിഞ്ഞു. ഗോപി ഓർമ്മിപ്പിച്ചു.

“പിന്നെ ഒരു കൊച്ചുകുഞ്ഞുപോലും ഈ തട്ടിപ്പ്‌ അറിയരുത്‌ കേട്ടോ.”

അമ്മാവൻ വെളുക്കെ ചിരിച്ചു.

“സാറെ….ജാതിയില്‌ ഇത്തിരി കുറഞ്ഞവനാണെങ്കിലും ഞാൻ തന്തയില്ലാഴിക കാണിക്കുകയില്ല.”

ചിരിച്ചുകൊണ്ട്‌ ഗോപി അയാളുടെ ചുമലിൽ തട്ടി.

പെട്ടെന്ന്‌ അകത്തേക്ക്‌ ദൃഷ്‌ടിപായിച്ച്‌ ഗോപി പറഞ്ഞു.

“അതാ അവരെല്ലാം ഇങ്ങോട്ടു വരുന്നുണ്ട്‌.”

അവർ സമചിത്തത പാലിച്ച്‌ നിന്നപ്പോൾ പ്രൊഫസറും ശാന്തയും കല്യാണിയമ്മയും ആ വശത്തേക്ക്‌ വന്നു. പ്രൊഫസർ ചോദിച്ചു.

“അമ്മാവനും മരുമകനുംകൂടി എന്താ ഗൂഢാലോചന?”

വിനയസ്വരത്തിൽ ഗോപി പറഞ്ഞു.

“അമ്മാവന്‌ ഉടനെ പോകണമെന്ന്‌. വീട്ടിൽ അമ്മായിയും രണ്ടു കുട്ടികളും മാത്രമെയുളളു.”

കല്യാണിയമ്മ തിരക്കി.

“എന്നിട്ട്‌ അവരെയൊന്നും കല്യാണത്തിന്‌ കൊണ്ടുവരാതിരുന്നതെന്താ?”

അമ്മാവൻ മെല്ലെ താടി ചൊറിഞ്ഞു.

“കാര്യം ഞങ്ങൾ തറവാട്ടുകാരാണെങ്കിലും ഞങ്ങൾക്ക്‌ ആ അഹംഭാവമില്ല. കാരണം, പിളേളർക്കൊക്കെ ചൊറിയാ. പെമ്പറന്നോരു മാത്രമേ വീട്ടുജോലിക്കൊളളൂ.”

ഗോപി ഇടയ്‌ക്കു കയറി പറഞ്ഞു.

“മൂത്തമകൻ സ്ഥലത്തില്ല. കോളേജിൽ പഠിക്കുകയാ.”

“ഏതു ക്ലാസ്സിൽ പഠിക്കുന്നു?” പ്രൊഫസർ തിരക്കി.

“എം.വി.വി.എസ്സിനാ! വക്കീൽ പരീക്ഷയ്‌ക്ക്‌!”

അമ്മാവന്റെ മറുപടി കേട്ട്‌ പ്രൊഫസർക്ക്‌ അനുകമ്പ തോന്നി. ശാന്തയും ചിരിയൊതുക്കി. ആ അപകടഘട്ടം തരണം ചെയ്തത്‌ ഗോപിയാണ്‌.

“അമ്മാവന്‌ ഇംഗ്ലീഷ്‌ ജ്ഞാനം കഷ്‌ടിയാണ്‌. അവൻ ബി.എയ്‌ക്ക്‌ പഠിക്കുന്നു. ഫൈനൽ ഇയറാണ്‌.”

“അതെയതെ…വി.എക്ക്‌ പഠിക്കുകയാ. എന്റെ മോനായതുകൊണ്ട്‌ പറയുകയല്ല, കൊച്ചുകഴുവേറി പഠിക്കാൻ ബഹുസമർത്ഥനാ. ഇംഗ്ലീഷും പരന്ത്രിസുമൊക്കെ പറയണകേട്ടാൽ നമ്മൾ അതിശയിച്ചുപോകും.” ഇല്ലാത്ത മകന്റെ പേരിൽ ആ അഭിനവ മാതുലൻ അഭിമാനം കൊണ്ടു.

“പോകണമെന്ന്‌ നിർബ്ബന്ധമാണെങ്കിൽ അമ്മാവൻ വൈകിക്കണ്ട. പതിനഞ്ചു മിനിട്ടിനുളളിൽ കവലയിൽ ബസ്സുവരും.” ഗോപി ഓർമ്മിപ്പിച്ചു.

“പോകണം പോകണം. പോയില്ലെങ്കിൽ ആകെ കുഴയും.”

അമ്മാവൻ കൈക്കൂപ്പി എല്ലാവരോടും യാത്രാനുമതി ചോദിച്ചു.

“എങ്കിൽ ഞാൻ….?

എല്ലാവരും തലകുലുക്കി. ഗോപിയിലെ അനുസരണയുളള മരുമകന്റെ ശബ്‌ദമുയർന്നു.

”ഞങ്ങൾ താമസിയാതെ അങ്ങോട്ടു വന്നേക്കാം അമ്മാവാ.“

ഓർമ്മവന്നപോലെ അമ്മാവൻ പറഞ്ഞു.

”വരണം വരണം….എല്ലാവരും വരണം. എന്റെ മരുമകളോട്‌ ഞാൻ പ്രത്യേകം പറയുവാ. കാര്യം ഞങ്ങള്‌ തറവാട്ടുകാരാണേലും ഞങ്ങൾക്ക്‌ ആ അഹംഭാവമില്ല. കാരണം, മുറ്റത്തും പറമ്പിലുമൊക്കെ തേങ്ങ വീണു കിടക്കുവാ. മോള്‌ വന്നാലേ അതൊക്കെ ഒന്ന്‌ പെറുക്കി കളപ്പുരയില്‌ വയ്‌ക്കാൻ പറ്റൂ. കുരുമുളകും പാക്കുമാണെങ്കിൽ പഴുത്ത്‌ പഴുത്ത്‌…“

ഇടയ്‌ക്ക്‌ കയറി ഗോപി പറഞ്ഞു.

”വൈകാതെ ഞങ്ങൾ വന്നേക്കാമമ്മാവാ. അമ്മാവൻ ചെല്ലൂ. അല്ലെങ്കിൽ ബസ്സുപോകും.“

”ശരിയാ…ബസ്സുപോയാൽ ആകെ കുഴയും. എങ്കിൽ ഞാൻ ഇങ്ങോട്ട്‌…“ കൈക്കൂപ്പികൊണ്ട്‌ അയാൾ വീണ്ടും യാത്ര ചോദിച്ചു.

പ്രൊഫസർ പറഞ്ഞു. ”ശരി. പിന്നെ കാണാം.“

അമ്മാവൻ പടികടന്ന്‌ നടന്നു.

Generated from archived content: choonda35.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമുപ്പത്തിയൊന്ന്‌
Next articleമുപ്പത്തിയഞ്ച്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English