നടന്ന സംഭവങ്ങൾ കൂട്ടുകാരൻ കൃഷ്‌ണൻകുട്ടിയെ ഗോപി വിസ്‌തരിച്ചു കേൾപ്പിച്ചു. കൃഷ്‌ണൻകുട്ടി അതിശയിച്ചു പോയി. എങ്ങിനെ ഇത്ര ധൈര്യം ഗോപിക്കുണ്ടായി? ആഹ്ലാദത്തിമിർപ്പോടെ ഗോപി പറഞ്ഞു.
“അങ്ങിനെ ഒന്നാംഘട്ടം തരണം ചെയ്‌തടോ. കാരണവരേയും തളളയേയും ‘ഡക്കുവേല’യിൽ പാട്ടിലാക്കി.
കൃഷ്‌ണൻകുട്ടി ഓർമ്മിപ്പിച്ചു.
”തല്‌ക്കാലം മറ്റാരോടും ഇതുപറയേണ്ട. അസൂയ പെരുത്ത ലോകമാണ്. നിന്നെക്കുറിച്ച് നല്ലതും ചീത്തയും പറഞ്ഞ് അവരെ ഉപദേശിക്കാൻ ആളുകളുണ്ടായെന്നുവരും. പയ്യെ തിന്നാൽ പനയും തിന്നാം.“
”പക്ഷേ ക്ഷമ കിട്ടുന്നില്ലെടാ അളിയാ. ഈയിടെ നീ അവളെ കാണാറില്ലല്ലോ? പുല്ലിൽ കിടന്ന വെളളരിയ്‌ക്കയാ. കണിവെളളരിക്ക!“
കൂട്ടുകാരൻ ചെറുചിരിയോടെ പാടി.
”…..കാത്തുസൂക്ഷിച്ചൊരു കസ്‌തൂരിമാമ്പഴം
കാക്ക കൊത്തിപോകും…അയ്യോ….
കാക്ക കൊത്തിപ്പോകും…“
”പോകും പോകും….എങ്കിൽ എന്റെ കൈകൊണ്ട് കാക്കയുടെ പിടലിയും പോകും.“
ഗോപി മേശപ്പുറത്തിരുന്ന ലഹരി നിറച്ച ഗ്ലാസ് ഒറ്റവീർപ്പിന് മോന്തി കാലിയാക്കി.
***************************************************************************
അകലെ അമ്പലത്തിൽ നിന്നുയരുന്ന കൊട്ടും മേളവും ശ്രദ്ധിച്ചുകൊണ്ട് വൃദ്ധൻ ഉമ്മറത്തിരിക്കുകയായിരുന്നു. കല്യാണിയമ്മ കറമ്പിപ്പശുവിന് കാടിവെളളം കൊടുത്തുകൊണ്ട് മുറ്റത്തു നില്‌ക്കുന്നു. പശുവിനെ വാങ്ങാനുളള പണം കിട്ടിയതെവിടെ നിന്നാണെന്ന് ശാന്ത ഇതുവരെ ചോദിച്ചിട്ടില്ല. പരീതിന്റെ സംഭാവനയാണെന്ന് കല്യാണിയമ്മ പറഞ്ഞിട്ടുമില്ല. അമ്മയ്‌ക്കും മകൾക്കുമിടയ്‌ക്ക് ധ്രുവങ്ങളുടെ അകൽച്ചയുണ്ട്. സൂചി വീണാൽപോലും കേൾക്കാവുന്ന നിശ്ശബ്‌ദതയാണ് സദാസമയത്തും ആ വീട്ടിൽ. അപരിചിതരായ മൂന്നു മനുഷ്യജീവികൾ അവിടെ പാർക്കുന്നുവെന്നേ തോന്നൂ. ആജ്ഞങ്ങളോ അന്വേഷണങ്ങളോ ഇല്ലാതെ കർമ്മങ്ങൾ നടക്കുന്നു. സംഭാഷണങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. ഒരു നിശ്ശബ്‌ദ ചലച്ചിത്രംപോലെ ഉന്മേഷമില്ലാത്ത-വിരസമായ ദൈനംദിന കൃത്യങ്ങൾ. വല്ലപ്പോഴും മുത്തച്ഛന്റെ ക്ഷീണിച്ച ശബ്‌ദം മാത്രം അതിന് ഒരപവാദമായിരുന്നു.
കാടിവെളളം കുടിച്ചു തീർന്നപ്പോൾ പശുവിന്റെ മുൻപിൽ നിന്നും പാത്രം മാറ്റിയിട്ട് കല്യാണിയമ്മ അച്ഛനെ സമീപിച്ചു.
”അച്ഛാ…അച്ഛൻ പറഞ്ഞാലെ അവൾ അനുസരിക്കൂ…“
വൃദ്ധൻ തലയുയർത്തി മകളെ നോക്കി. ജലം വറ്റിയ മിഴികൾ മരിച്ചപോലെ നിന്നു. ഹൃദയത്തിലെ നിർവികാരതയാകാം കാരണം.
കല്യാണിയമ്മ തുടർന്നു. ”ഞാൻ പുറത്തും തിരക്കി. ആളുകൾക്കും ഗോപിയെക്കുറിച്ച് മറിച്ചൊരഭിപ്രായമില്ല. കുടുംബസ്ഥിതിയും മോശമല്ലെന്നാ കേൾവി. കാഴ്‌ചയ്‌ക്കും തരക്കേടില്ല. ജോലിയുമുണ്ട്.“
വൃദ്ധൻ മെല്ലെ മുരടനക്കി. കഫക്കറ പുരണ്ട ശബ്‌ദം.
”കല്യാണി, ആണും പെണ്ണുമായിട്ട് ഒരു വിത്തല്ലെ ഈ തറവാട്ടിലൊളളൂ. അവളെ നിർബന്ധിച്ച് ഒരു കാര്യവും ചെയ്യാതിരിക്കുന്നതാ നല്ലത്.“
കല്യാണിയമ്മ ഒന്നും മിണ്ടിയില്ല. ദീർഘമായൊന്നു നിശ്വസിച്ചു. കുളി കഴിഞ്ഞ വേഷത്തിൽ ശാന്ത പടികടന്ന് വരുന്നതു കണ്ട് അവർ വീടിന്റെ പിൻഭാഗത്തേക്കുപോയി.
ശാന്ത നടക്കല്ലിനടുത്തെത്തി.
”മുത്തച്ഛാ, പ്രസാദം.“
വൃദ്ധൻ വാത്സല്യത്തോടെ പുഞ്ചിരിക്കെ അവൾ പ്രസാദം തന്റെ മുത്തച്ഛന്റെ നെറ്റിയിൽ തൊടുവിച്ചു. തുളസിയിലയും പൂവും ചെവിക്കിടയിൽ തിരുകിയപ്പോൾ ഒരു ശിശുവിനെപ്പോലെ കാരണവർ ഇക്കിളികൊണ്ടു ചിരിച്ചു.
”മുത്തച്ഛാ, അമ്പലത്തിൽ ഇപ്പൊഴേ തിക്കും തിരക്കും തുടങ്ങി. നാളെ ‘കൊടിയേറ്റ’മായതുകൊണ്ട് രാത്രിയിൽ വെടിക്കെട്ടുണ്ടാവുത്രേ.“
വൃദ്ധൻ ഓർമ്മകളിലേക്കു തെന്നിമാറി.
”പണ്ടൊക്കെ പത്തുദിവസത്തെ ഉത്സവമായിരുന്നു മോളെ. നിനക്കോർമ്മയില്ല. മനക്കലെ വല്യബ്‌രാൻ ഉളള കാലത്ത് എന്തായിരുന്നു മേളം!“
നാലുദിവസത്തെ കഥകളി. പിന്നെ പാട്ടുകച്ചേരി, ഹരികഥ, നാഗസ്വരം, കൂടിയാട്ടം, ഓട്ടൻതുളളൽ, പകലൊക്കെ പഞ്ചവാദ്യവും പാണ്ടിമേളവും. എന്തെല്ലാം തകർത്താടിയ ക്ഷേത്രമാ. ങാ…അന്ന് ഭഗവാനും ഉഗ്രമൂർത്തിയായിരുന്നു. വിളിച്ചാൽ വിളികേൾക്കും….”
“ഇപ്പോ ഈശ്വരനും ഉറങ്ങിപ്പോയി. അല്ലേ മുത്തച്ഛാ?”
“അതെ മോളേ. മഹാപാപം ചെയ്യാൻ മനുഷ്യർക്കു മടിയില്ലാണ്ടായപ്പോ… ഈശ്വരന്മാരും മടുത്തു. ശപിച്ചാൽ ആകെ പ്രളയമാ. അതുകൊണ്ടാ അവരും കണ്ണടക്കുന്നത്.”
“നല്ല മനസ്സുതോന്നി അവരൊന്ന് ശപിച്ചെങ്കിലെന്നാണ് മുത്തച്ഛാ എന്റെ പ്രാർത്ഥന.”
ശാന്തയുടെ കണ്ണുകൾ സജലങ്ങളായി. വൃദ്ധൻ അതു കണ്ടു.
“മോളെ, എന്താ നിനക്ക്?”
“ഒന്നുമില്ല മുത്തച്ഛാ…ഒന്നുമില്ല.”
അവൾ മിഴിനീരൊപ്പി. മുത്തച്ഛൻ എഴുന്നേറ്റ് അവളുടെ തോളിൽ പിടിച്ചു.
“എന്റെ മോളോട് മുത്തച്ഛന് ഒന്ന് പറയാനുണ്ട്. നിനക്ക് അഹിതമായ ഒരു സംഗതിക്കും മുത്തച്ഛൻ നിർബ്ബന്ധിക്കില്ല. നിനക്കിഷ്‌ടമില്ലാത്ത ആരും ഇവിടെ കയറിവരാനും പാടില്ല.”
“എനിക്കറിയാം മുത്തച്ഛാ. ഇനി ഇവിടെ വരുമ്പോൾ ആ മനുഷ്യനോട് പറഞ്ഞേക്കൂ ഈ കല്യാണത്തിന് എനിക്ക് സമ്മതമാണെന്ന്.”
“ങേ?”
വൃദ്ധൻ ഒന്നു പകച്ചു.
“അതേ മുത്തച്ഛാ. എനിക്ക് സമ്മതമാണ്. ആ മനുഷ്യൻ എന്നെ വിവാഹം കഴിക്കുന്നത് എനിക്ക് സമ്മതമാണ്.”
അവൾ തിടുക്കത്തിൽ അകത്തേയ്‌ക്ക് കയറി. തന്റെ പേരക്കിടാവ് എന്തൊക്കെയാണ് പറയുന്നതെന്ന് മനസ്സിലാവാതെ വൃദ്ധൻ അവളുടെ പോക്കും നോക്കി മിഴിച്ചുനിന്നു.
***************************************************************************
കൃഷ്‌ണപിളളസാറിനു കത്തെഴുതി പോസ്‌റ്റു ചെയ്‌തിട്ട് മടങ്ങുംവഴി രാമൻനായരുടെ ചായക്കടയിൽ പരീതിരിക്കുന്നത് ശാന്ത കണ്ടു. ഒരാഴ്‌ചയായി വിചാരിക്കുന്നതാണ്, പരീതിനെ ഒന്നു കാണണം. ക്ഷണികകോപത്താൽ അന്നൊരിക്കൽ അവഹേളിച്ചതിന് ആ മനുഷ്യനോട് മാപ്പു പറയണം. തന്റെ കുടുംബത്തിൽ ദാഹാസക്തരായി കയറി വരുന്ന രാത്രിഞ്ചരന്മാരുടെ പട്ടികയിൽ പരീതിനെ ഒരിക്കലും അവൾ ഗണിച്ചിട്ടില്ല. ആ മനുഷ്യൻ തന്റെ കുടുംബത്തെ ഹാർദ്ദമായി സ്‌നേഹിക്കുന്ന വിവരം അവൾക്കറിയാം.
അമ്മയുടെ ശരീരലാവണ്യത്തേക്കാൾ അയാൾ സ്‌നേഹിക്കുന്നത് മറ്റുചിലതാണെന്നുമറിയാം. എങ്കിൽ പിന്നെ അന്ന് വീട്ടിൽ കയറിവന്നപ്പോൾ കയർത്തു സംസാരിച്ചതും കർക്കശമായി പെരുമാറിയതുമെന്തിന്?
നിയന്ത്രണംവിട്ട കുതിരയെപ്പോലെയായിരുന്നു മനസ്സ്. കടിഞ്ഞാൺ പിടിച്ചില്ലെന്നു മാത്രമല്ല, അന്ന് അതിനു തുനിഞ്ഞുമില്ല.
അതിനുശേഷം ആയിരംവട്ടം ആശിച്ചു മാപ്പു പറയണം. പക്ഷേ, ആളെ കണ്ടുകിട്ടേണ്ടേ?
പതിവില്ലാത്തവിധം ശാന്ത ചായക്കടയുടെ മുമ്പിലേയ്‌ക്ക് ചെല്ലുന്നത് പരീത് ശ്രദ്ധിക്കുകയായിരുന്നു.
വെളിയിൽ നിന്നുകൊണ്ട് പരീതിനോടായി അവൾ ചോദിച്ചു.
“ഒന്നു വെളിയിലേക്കു വരാമോ?”
“ബരാല്ലോ.”
പരീത് ബഞ്ചിൽ നിന്നെഴുന്നേറ്റു. ശാന്ത റോഡിലേക്കു നടന്നപ്പോൾ അയാൾ പിറകെ ചെന്നു.
“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. പാടംവരെ എന്റെകൂടെ വരുമോ?”
അവളുടെ ശബ്‌ദത്തിന് ഇടർച്ചയുണ്ടെന്ന് പരീത് മനസ്സിലാക്കി.
“ബരാം മോളെ…എന്താ പറയാനൊളളത്?”
“വരൂ.”
കലുങ്കും കഴിഞ്ഞ് വയൽ വരമ്പിലൂടെ നിശ്ശബ്‌ദരായി അവർ നടന്നു. രണ്ടുപേരുടെയും മനസ്സിൽ തിരതല്ലുന്ന വികാരം പവിത്രമായിരുന്നു. ഇടക്കിടയ്‌ക്ക് സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പുന്ന ശാന്തയോട് പരീത് തിരക്കി.
“മോളെന്തിനാ കരേണത്?”
ആ ചോദ്യം സൂചിമുനയായിരുന്നു. കദനം നിറഞ്ഞ് ബലൂൺപോലെ വീർത്ത് വീർപ്പുമുട്ടുന്ന ഹൃദയത്തിൽ സൂചിമുനയേറ്റപ്പോൾ ശാന്ത വാവിട്ടുകേണു. പരീതിനും വീർപ്പുമുട്ടി. ആശ്വാസവാക്കുകൾക്കുവേണ്ടി അയാൾ കുഴങ്ങി. ശാന്തയിൽനിന്ന് ഗദ്‌ഗദാക്ഷരങ്ങൾ ഉതിർന്നു വീണു.
“എനിക്ക് മാപ്പുതരൂ…എന്റെ അഹങ്കാരംകൊണ്ട് നിങ്ങളെ ഞാൻ ഏറെ വേദനിപ്പിച്ചു?”
പരീതിന്റെ കണ്ണുകൾ ഈറനായി.
“സാരമില്ല മോളേ….മോള് പറഞ്ഞതും ചെയ്‌തതുമാണ് ശരി. ആൺതുണയില്ലാത്ത ആ ബീട്ടില് മോളെങ്കിലും തന്റേടമായിട്ട് നിന്നില്ലെങ്കില് ആ കുടുംബം ബെണ്ണീരിട്ടു പോകും.”
ശാന്തയ്‌ക്ക് ആശ്വാസം ലഭിച്ചില്ല. വിക്കിവിക്കി അവൾ പറഞ്ഞു.
“എങ്കിലും എല്ലാം മറന്ന് ഞാൻ അന്ന് എന്തൊക്കെയോ പറഞ്ഞു.”
“ഇല്ല മോളെ…അന്ന് മോള് പറഞ്ഞതില് ഒരശ്ശരംപോലും തെറ്റില്ല. ആലോശിച്ചു നോക്കിയപ്പ ഞമ്മക്ക് എന്തൊരു തന്തോശം തോന്നീന്നറിയാവോ!”
ശാന്ത കണ്ണീരിലൂടെ ആ അത്ഭുതമനുഷ്യനെ നോക്കി.
നിസ്വാർത്ഥതയോലുന്ന ഭാവം. നിഷ്‌ക്കളങ്കമായ രൂപം.
പരീത് മന്ദഹസിക്കുകയായിരുന്നു.
“മോള് നടക്ക്. ബിരോദമില്ലെങ്കില് ബീടിന്റെ പടിവരെ ഞമ്മളും ബരാം.”
“എന്നാലും വീട്ടിലേയ്‌ക്കു കടന്നുവരില്ല അല്ലേ?”
മഴമേഘങ്ങൾക്കിടക്ക് വെയിൽനാളമെന്നപോലെ ശാന്തയും മന്ദഹസിക്കാൻ ശ്രമിക്കുകയായിരുന്നു.
പരീതും ചിരിച്ചു. ആ ചിരിയിലെ വാത്സല്യം ശാന്തയെ ആഹ്ലാദിപ്പിച്ചു. ഇരുവരും മുന്നോട്ടു നടന്നു. വീടെത്താറായപ്പോൾ ശാന്ത പറഞ്ഞു.
“നമ്മൾ രണ്ടുപേരുംകൂടി ചെല്ലുമ്പോൾ അമ്മയ്‌ക്ക് അതിശയമായിരിക്കും.”
വാസ്‌തവമായിരുന്നു. കല്യാണിയമ്മ അത്ഭുതപ്പെട്ടുപോയി. ഉറ്റ ചങ്ങാതിയെ കൂട്ടിക്കൊണ്ടുവരുന്ന കണക്കെ തന്റെ മകൾ പ്രസരിപ്പോടെ പരീതൊരുമിച്ചു വരുന്നു.
ഇതെന്ത് മായം?
മകൾ ചോദിച്ചു. “അമ്മേ, ചായയില്ലേ?”
“ഉവ്വ്”
“എടുക്കൂ. മുത്തച്ഛനേയും വിളിക്കൂ.”
കല്യാണിയമ്മ അകത്തേക്കു നീങ്ങി.
മുത്തച്ഛൻ പുറത്തേക്കു വന്നു. ചായ കുടിക്കുന്നതിനിടയിലാണ് ശാന്ത വിവാഹിതയാകാൻ തീരുമാനിച്ച വിവരം പരീത് അറിയുന്നത്. പെട്ടെന്ന് തോന്നിയ വല്ലായ്‌മ പുറത്തുകാണിക്കാതെ പരീത് ചോദിച്ചു.
“പഠിത്തം കഴിഞ്ഞിട്ട് പോരെ കല്യാണം?”
മുത്തച്ഛനാണുത്തരം പറഞ്ഞത്.
“എല്ലാം തീരുമാനിച്ചു പരീതെ. തിയ്യതി നിശ്ചയിക്കാനായി ചെറുക്കന്റെ വീട്ടുകാരും മറ്റും വ്യാഴാഴ്‌ച വരും.”
ഒന്നും മിണ്ടാതെ പരീത് തലകുനിച്ചു. കല്യാണിയമ്മ ഓർമ്മിപ്പിച്ചു.
“അന്ന് പരീതും ഉണ്ടാകണം കേട്ടോ. കൃഷ്‌ണപിളളസാറിനെയും വിവരമറിയിച്ചിട്ടുണ്ട്. ഉച്ചയ്‌ക്കുമുമ്പെ ഗോപിയുടെ ആൾക്കാരെത്തും.”
Generated from archived content: choonda34.html Author: sree-vijayan