സാഹസം ചെയ്യുന്നവർ ഒന്നുകിൽ തികഞ്ഞ മഠയരോ അല്ലെങ്കിൽ അതിബുദ്ധിമാന്മാരോ ആയിരിക്കും. മറ്റുളളവരെ അമ്പരപ്പിച്ചുകൊണ്ട് അവർ ഓരോന്നും അനുവർത്തിക്കുന്നു. ലക്ഷ്യത്തിലെത്തിച്ചേർന്നാൽ അനുമോദനം നേടാം. പരാജയപ്പെട്ടാൽ അവഹേളിക്കപ്പെടുന്നത് അറിയുന്നില്ലെന്നും ഭാവിക്കും.
എന്തായാലും ഗോപി ഒന്നുറച്ചു കഴിഞ്ഞു. നേരിട്ട് കല്യാണിയമ്മയുടെ വീട്ടിൽ ചെന്ന് അവരോട് തന്റെ ഇംഗിതം തുറന്നു പറയുക.
പോയാൽ ഒരു വാക്ക്. ലഭിച്ചാൽ ഒരു ആന. ആ മനോഭാവമായിരുന്നു അവന്.
മുറ്റത്തെ മുരിങ്ങച്ചുവട്ടിൽ ഇളംവെയിലും കാഞ്ഞുകൊണ്ടിരിക്കുന്ന മുത്തച്ഛനെ സമീപിച്ചു ഗോപി വെളുക്കെ ഒന്നു ചിരിച്ചു.
“മുത്തച്ഛൻ എന്നെ അറിയുകേലായിരിക്കും?”
ശബ്‌ദം കേട്ട് പുരികത്തിനുമീതെ കൈകൾ വച്ച് വൃദ്ധൻ സൂക്ഷിച്ചു നോക്കി.
“മനസ്സിലായില്ല; ആരാ?”
“ഇവിടത്തുകാരനല്ല. എങ്കിലും കുറച്ചുകാലമായിട്ട് ഈ നാട്ടിലാ ജോലി. എന്റെ പേര് ഗോപി എന്നാണ്.”
കയ്യിൽ കരുതിയിരുന്ന നാലഞ്ചുകെട്ടോളം വരുന്ന ബീഡിപ്പൊതി നീട്ടിയിട്ട് ഗോപി വിനീത സ്വരത്തിൽ പറഞ്ഞു.
“ഇത് വെച്ചോളൂ മുത്തച്ഛാ.. ബീഡിയാണ്.”
“ബീഡിയോ? വേണ്ട വേണ്ട….ഞാൻ ബീഡിവലി നിർത്തി.”
“മുത്തച്ഛന് ബീഡി ഇഷ്‌ടമാണെന്ന് കേട്ടിട്ടുണ്ടല്ലോ?”
“ങാ…അങ്ങിനെ ഒരു ജീവിതമായിരുന്നു രണ്ടുമാസം മുമ്പ്. ഇപ്പോൾ എല്ലാശീലങ്ങളും നിർത്തി. എല്ലാരും നിർത്തി. ഇന്ന് ഇവിടെ ഒരു പുതിയ ജീവിതമാ.”
ഇനി എന്തു പറയണമെന്ന് നിശ്ചയമില്ലാതെ ഗോപി നിൽക്കവേ വീടിന്റെ പിറകിൽ നിന്ന് കറമ്പിപ്പശുവിനെയും പിടിച്ചുവലിച്ചുകൊണ്ട് കല്യാണിയമ്മ മുറ്റത്തേക്കു വന്നു. അവരുടെ മുഖത്ത് ഗൗരവം പരന്നു. ഗോപി വശ്യമായ രീതിയിൽ പുഞ്ചിരിച്ചു. തിണ്ണയുടെ തൂണിൽ പശുവിടെ കെട്ടിയിട്ട് കല്യാണിയമ്മ ധൃതിയിൽ മുമ്പോട്ടു വന്നു. അവരുടെ ഭാവം കണ്ട് ഗോപിക്ക് പതർച്ചയുണ്ടായി.
“എന്താ വന്നത്?”
ഗോപിയുടെ വരണ്ട തൊണ്ടയിൽ നിന്ന് വിനയസ്വരം ഉയർന്നു.
“ഞാൻ പത്തനംതിട്ടക്കാരനാണ്. ഇവിടെ മേത്തരുടെ പാലം പണിക്കുവന്ന ചെറിയൊരു കോൺട്രാക്‌ടറാണ്. ജീവിക്കാനുളള കാശ് കിട്ടും. പേര് ഗോപി.”
കല്യാണിയമ്മയ്‌ക്ക് ഭാവവ്യത്യാസമില്ല.
“അതിനു ഞങ്ങളെന്തു വേണം? മരിക്കണോ?”
“തെറ്റിദ്ധരിക്കരുത്. സന്മനസ്സുണ്ടെങ്കിൽ എന്നെ സഹായിക്കണം. ഞാൻ പറയുന്നതൊന്ന് ശ്രദ്ധിക്കണം.”
എന്തോ എടുക്കാൻ ജനാലക്കരികിലെത്തിയ ശാന്ത അകത്തുനിന്നു നോക്കിയപ്പോൾ മുറ്റത്ത്, അമ്മയ്‌ക്കും മുത്തച്ഛനുമരികെ നിന്ന് ഗോപി സംസാരിക്കുന്നതു കണ്ടു. അമർഷമാണാദ്യം തോന്നിയതെങ്കിലും വിനീതനായി നിൽക്കുന്ന ഗോപിയുടെ ഭാവവും സംഭാഷണവും ശ്രദ്ധിച്ചു.
“അച്ഛനും അമ്മയ്‌ക്കും ഞാൻ ഒരു മകനേയുളളു. ജീവിക്കാനുളള സ്വത്തും കാര്യങ്ങളും ഞങ്ങൾക്കുണ്ട്.”
അയാൾ സ്വയം പരിചയപ്പെടുത്തുന്നു. എന്തായിരിക്കും ഉദ്ദേശം? ശാന്ത കൂടുതൽ ശ്രദ്ധിച്ചു. ഗോപി പറഞ്ഞു.
“ഇവിടത്തെ പെൺകുട്ടിയെ എനിക്കിഷ്‌ടമാണ്. വിരോധമില്ലെങ്കിൽ എനിക്കവളെ….”
“ഫ! എരപ്പാളി!”
കതിന പൊട്ടുന്നപോലെ ഒരാട്ടുകൊടുത്തു കല്യാണിയമ്മ. അകത്തുനിന്നിരുന്ന ശാന്തപോലും ഞെട്ടിപ്പോയി. ഗോപിയുടെ നേരെ വിരൽ ചൂണ്ടി കല്യാണിയമ്മ താക്കീതു നൽകി.
“മര്യാദക്കേടു പറഞ്ഞാൽ ചൂലെടുത്തു ഞാൻ മുഖത്തടിക്കും.”
ഗോപി പതറിയില്ല. തളർന്നുമില്ല.
“ചേച്ചി എന്തു വേണമെങ്കിലും പറഞ്ഞോളൂ….നിങ്ങൾ കരുതുന്നതരത്തിൽ വന്നവനല്ല ഞാൻ. വിരോധമില്ലെങ്കിൽ എന്റെ കാരണവന്മാർ വന്ന് നിയമപ്രകാരം കല്യാണമാലോചിക്കാം. സമ്മതമെങ്കിൽ ശാന്തയെ എനിക്കു വിവാഹം ചെയ്‌തുതരണം.”
ഫലമെന്തുമാകട്ടെ, ഉളളിലുളളതു പറഞ്ഞു തീർന്നപ്പോൾ ഒരു കുന്നുകയറിയിറങ്ങിയ ആശ്വാസം തോന്നി ഗോപിക്ക്. അയാളുടെ ഓരോ വാക്കുകളും ജനലിന് സമീപം നിന്ന് ശാന്ത കേൾക്കുകയായിരുന്നു. അവളാ ചെറുപ്പക്കാരനെ സൂക്ഷിച്ചുനോക്കി. ഒരു കൂസലുമില്ലാത്ത ഭാവം. തെല്ല് മുൻപ് അയാളുടെ മുഖത്തുനോക്കി ആട്ടിയ അമ്മപോലും മരവിച്ചപോലെ നിൽക്കുന്നു. ആരേയും കീഴ്‌പ്പെടുത്തത്തക്കവിധം വല്ല വശീകരണശക്തിയുമുണ്ടോ അയാൾക്ക്? അതോ എന്തും നേരിടാനുളള ആത്മധൈര്യം ഉണ്ടായിരിക്കുമോ? എങ്കിൽ അതല്ലേ ഒരു പുരുഷന്റെ ഉത്തമലക്ഷണം. ധൈര്യമില്ലാത്ത പുരുഷൻ സമൂഹത്തിനുതന്നെ ദ്രോഹം ചെയ്‌തെന്നു വരും.
ശാന്ത ചിന്താകുലയായി. ഓർമ്മകളുടെ പ്രാന്തതലത്തിൽ ശശിധരന്റെ മുഖം തെളിഞ്ഞു. ചുരുങ്ങിയ നാളുകൾ കൊണ്ട് എന്തെല്ലാം മോഹങ്ങളാണ് ആ മനുഷ്യൻ തന്നിലുണർത്തിയത്?
തീയിൽ മുളച്ച താൻ വെയിലത്ത് വാടരുതെന്ന് കൃഷ്‌ണപിളളസാർ ഉപദേശിച്ചിട്ടും ശശിധരൻ എന്ന ‘ശാപരശ്‌മി’ തന്നെ കരിച്ചു കളഞ്ഞു. അല്ലെങ്കിൽ എന്തിന് ആ മനുഷ്യനെ കുറ്റം പറയണം? അർഹിക്കാത്തത് ആഗ്രഹിച്ച താൻ തന്നെയല്ലേ തെറ്റുകാരി? തങ്കക്കിനാക്കളെ താലോലിക്കാവുന്ന ചുറ്റുപാടുകളാണോ തനിക്കുളളത്? തന്റെ കുടുംബചരിത്രമറിയുന്ന ആരെങ്കിലും ആത്മാർത്ഥതയോടെ തന്നെ സ്വീകരിക്കുമോ?
കെട്ടുപിണഞ്ഞ ചിന്തകൾക്കിടയിൽ ഗോപിയുടെ ശബ്‌ദം വീണ്ടും കേട്ടു.
“ഇവിടുത്തെ എല്ലാ കഥകളും അറിഞ്ഞിട്ടുതന്നെയാണ് ഞാൻ വന്നിരിക്കുന്നത്. സാഹചര്യങ്ങൾ മനുഷ്യനെ പലതും ആക്കിയെന്നുവരും. എനിക്കതിൽ പ്രയാസമില്ല. ഒരുകാര്യം തീർച്ചയാണ്. ശാന്ത നിഷ്‌ക്കളങ്കയണെന്ന് എനിക്ക് അറിയാം. ശാന്തയെ ഞാൻ വിശ്വസിക്കും, സ്‌നേഹിക്കും.”
ശാന്ത കിതപ്പോടെ സ്വയം പറഞ്ഞു.
“ഇല്ല എന്നെ ആരും വിശ്വസിക്കില്ല. എന്നെ ആരും സ്‌നേഹിക്കുകയില്ല.”
ഭൂമി കറങ്ങുന്നതുപോലെ അവൾക്കുതോന്നി. കാലുകൾ ഇടറുന്നുണ്ടോ? കട്ടിലിൽ പോയി കിടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ?..വേച്ചുവേച്ച് അവൾ അകത്തേയ്‌ക്കു നടന്നു. കണ്ണുകൾക്ക് മയക്കം വരുന്നു. കൈകൾ ആലംബത്തിനായി അലഞ്ഞെങ്കിലും ശൂന്യാന്തരീക്ഷത്തിൽ പിടികിട്ടാതെ തളർന്നു. ബോധരഹിതയായി അവൾ തറയിൽ അലച്ചുവീണു.
മുറ്റത്ത് ഗോപിയുടെ വർത്തമാനത്തിൽ മുഴുകി കല്യാണിയമ്മയും മുത്തച്ഛനും നിൽക്കുകയായിരുന്നു. ആദ്യമുണ്ടായ വെറുപ്പു മാറിയപ്പോൾ ഗോപിയുടെ വരവിൽ അർത്ഥമുണ്ടെന്നവർക്കുതോന്നി.
കാഴ്‌ചയ്‌ക്ക് സുമുഖനും ജീവിക്കാൻ പണിയുമുളള ഒരു ചെറുപ്പക്കാരൻ. നൂലാമാലകളുടെ നീർക്കയത്തിൽപ്പെട്ട് നീറിക്കഴിയുന്ന തന്റെ മകൾക്ക് ആശ്വാസം നൽകാൻ ഒരുപക്ഷേ, ഗോപിക്ക് കഴിഞ്ഞെങ്കിലോ? ആ മാതൃഹൃദയം നിമിഷങ്ങൾക്കുളളിൽ നിറം പിടിപ്പിച്ച സ്വപ്‌നങ്ങൾ പലതും നെയ്‌തു.
ഗോപി പൊരുതിക്കയറുകയായിരുന്നു. “ഞാൻ തറവാട്ടിൽ പിറന്ന ഒരു ചെറുപ്പക്കാരനാണ് ചേച്ചീ…”
കല്യാണിയമ്മ കുണ്‌ഠിതം രേഖപ്പെടുത്തി. “അതുകൊണ്ടല്ല കുഞ്ഞേ….അവളുടെ അഭിപ്രായം അറിയാതെ ഒന്നും പറയാൻ പറ്റില്ല.”
ഗോപിയും വിട്ടില്ല. “എനിക്കും ധൃതിയില്ല. സാവധാനം ഒരു മറുപടി കിട്ടിയാൽ മതി. കല്യാണം കഴിഞ്ഞാലും പഠിക്കണമെന്നുണ്ടെങ്കിൽ ശാന്തയ്‌ക്ക് പഠിക്കാം. അത്തരം കാര്യങ്ങളിൽ ഒരെതിരും എനിക്കുണ്ടാവുകയില്ല.”
മുത്തച്ഛൻ ഗോപിയുടെ മുഖത്തേയ്‌ക്ക് ഉറ്റുനോക്കി.
“മോൻ ബീഡി വലിക്കുമോ?”
“അയ്യോ ഇല്ല മുത്തച്ഛാ….മുത്തച്ഛനുവേണ്ടി ഞാൻ ബീഡി മേടിച്ചെന്നേയുളളൂ….ബീഡിവലി, ചീട്ടുകളി ഇതൊക്കെ എനിക്ക് പരമ വിരോധമാണ്.”
വൃദ്ധൻ സന്തോഷത്തോടെ ഗോപിയുടെ കരം കവർന്നിട്ട് പറഞ്ഞു.
“നല്ലത്. എങ്കിലെന്റെ മോൻ നന്നാകും.”
കല്യാണിയമ്മ ഗോപിയോട് പല കാര്യങ്ങളും ചോദിച്ചു. തന്റെ വീടിനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും പൊടിപ്പും തൊങ്ങലും വെച്ചുതന്നെ ഗോപി പറഞ്ഞു കേൾപ്പിച്ചു.
വീട്ടുകാർ പ്രതാപശാലികളാണെങ്കിലും തന്റെ ഇഷ്‌ടത്തിനൊത്തൊരു വിവാഹം നടത്താൻ അച്‌ഛനും അമ്മയും സമ്മതിക്കുമെന്നും ശാന്തയെ കണ്ടാൽ അവർ അതിരറ്റ് ആഹ്ലാദിക്കുമെന്നും ഗോപി പറഞ്ഞപ്പോൾ കല്യാണിയമ്മയുടെ കരളിൽ പൂത്തിരി കത്തി.
ഒരു ഗ്ലാസ്സ് കാപ്പി കൊടുത്തിട്ടെ ഈ ചെറുപ്പക്കാരനെ വിടാവൂ എന്ന നിനവോടെ അവർ അകത്തേക്ക് നടന്നു. വാതിൽ കടന്നപ്പോൾ ഭയന്നുപോയി. നിലത്ത് കമിഴ്‌ന്നടിച്ചു ശാന്ത കിടക്കുന്നു. പരിഭ്രമത്തോടെ അവർ ഓടിയടുത്തു.
“അയ്യോ! ഇതെന്തുപറ്റി?….മോളേ….മോളേ..”
അവർ മകളെ താങ്ങിയെടുത്തു. വാടിയ ചേമ്പിൻതണ്ടുപോലെ അവൾ കുഴഞ്ഞു കിടക്കുന്നു.
“അയ്യോ….അച്ഛാ…ഓടിവന്നേ.”
കല്യാണിയമ്മ ഉറക്കെ കരഞ്ഞു. മുത്തച്ഛനും ഗോപിയും തിടുക്കപ്പെട്ടു വന്നു.
“എന്താ എന്തുപറ്റി?”
കൂടുതൽ വെപ്രാളപ്പെട്ടത് ഗോപിയാണ്.
“എന്റെ കുഞ്ഞിന് ഒരു ബോധവുമില്ലല്ലോ ഗോപി.”
കല്യാണിയമ്മ വേവലാതിയോടെ മകളെ നോക്കി.
“ശാന്തേ…എന്റെ മോളൊന്നു കണ്ണുതുറന്നേ….അമ്മയെ ഒന്നു നോക്കൂ മോളേ….”
ഗോപി സമാധാനിപ്പിച്ചു.
“ബഹളം കൂട്ടാതിരിക്കൂ….വേഗം കുറച്ച് വെളളം കൊണ്ടുവരൂ.”
“അയ്യോ..എന്റെ കുഞ്ഞിന് എന്തുപറ്റിയോ ഭഗവതീ!”
മാറത്തടിക്കുന്ന കല്യാണിയമ്മയോട് ഗോപി ആശ്വാസവാക്കുകൾ പറഞ്ഞു.
“ഭയപ്പെടാനൊന്നുമില്ല. വേഗം കുറച്ചുവെളളം കൊണ്ടുവരൂ. വേണമെങ്കിൽ നമുക്ക് ഡോക്‌ടറേയും വരുത്താം.”
കല്യാണിയമ്മയെ വെളളമെടുക്കാൻ പറഞ്ഞുവിട്ടിട്ട് ശാന്തയെ താങ്ങി ഗോപി തന്റെ മടിയിൽ കിടത്തി. മിണ്ടാനാകാതെ സ്തബ്ധനായി നില്‌ക്കുന്ന മുത്തച്ഛനോട് ഗോപി പറഞ്ഞു.
“മുത്തച്ഛാ ഒന്നു വീശണമല്ലോ. കടലാസ്സോ പുസ്‌തകമോ ഉണ്ടെങ്കിൽ എടുത്തുകൊണ്ടു വരൂ.”
“വീശുപാളയുണ്ട് മോനേ…?”
“വേഗം കൊണ്ടുവരൂ. വല്ലാതെ വിയർക്കുന്നു.”
മുത്തച്ഛൻ ധൃതിയിൽ തന്റെ മുറിയിലേക്കു പോയി. തന്റെ മടിയിൽ തളർന്നു കിടക്കുന്ന ശാന്തയുടെ മുഖത്തേക്ക് ഗോപി നോക്കി. ഈയൊരു മുഹൂർത്തത്തിനായി താൻ എത്ര കൊതിച്ചതാണ്? സമീപത്ത് ആരുമില്ല. പെട്ടെന്ന് കുനിഞ്ഞ് അവളുടെ വിടർന്ന ചുണ്ടുകളിൽ ഗോപി അമർത്തി ചുംബിച്ചു. എന്നിട്ട് ഒന്നുമറിയാത്ത മട്ടിൽ ഇരുന്നു കളഞ്ഞു. കല്യാണിയമ്മ വെളളവുമായി വന്നു. വീശുപാളയുമായി മുത്തച്ഛനും. ഗോപി കൈകുടന്നയിൽ വെളളം പകർന്ന് ശാന്തയുടെ മുഖത്തു തളിച്ചു. കല്യാണിയമ്മയും മുത്തച്ഛനും മാറിമാറി അവളെ വിളിച്ചുകൊണ്ടിരുന്നു.
തെല്ലു കഴിഞ്ഞപ്പോൾ ഒരു ഞരക്കത്തോടെ ശാന്ത കണ്ണുകൾ ചിമ്മി. ഒന്നും വ്യക്തമാകുന്നില്ല. മൂടൽമഞ്ഞിൽ അവ്യക്തമായ രൂപങ്ങൾ….അമ്മയുടെയും മുത്തച്ഛന്റെയും ശബ്‌ദം കേൾക്കാം. അവൾ കണ്ണുതുറന്നു. രൂപങ്ങൾ അല്പാല്പമായി പരിചിതമാകുന്നു. അമ്മ, മുത്തച്ഛൻ, പിന്നെ…..പിന്നെ…ആ ചെറുപ്പക്കാരൻ ഗോപി…, അയാൾ വീശുകയാണ്.
മന്ദസ്‌മേരത്തോടെ ഗോപി ചോദിച്ചു.
“ആശ്വാസം തോന്നുന്നുണ്ടോ? പേടിക്കാനില്ല. വേണ്ടിവന്നാൽ ഞാൻ ഡോക്‌ടറെ കൊണ്ടുവരാം.”
ഒന്നും മനസ്സിലായില്ല. ഡോക്‌ടറെ കൊണ്ടുവരാൻ തനിക്കെന്താണ് രോഗം? തന്റെ ചുറ്റുപാടും എല്ലാവരും നിൽക്കുന്നതെന്തിന്? നനഞ്ഞു കുതിർന്നമട്ടിൽ താനും നിലത്തു കിടക്കുന്നു…..
ശാന്ത മെല്ലെ എഴുന്നേറ്റിരുന്നു.
ഗോപി പറഞ്ഞു. “ഈ വെളളം കുടിക്കൂ.”
അയാൾ ഗ്ലാസ് നീട്ടി. ശാന്ത പറഞ്ഞു.
“വേണ്ട.”
“ഇത്തിരി കുടിക്കൂ മോളേ…”
“വേണ്ടമ്മേ.”
“എന്റെ മോള് എങ്ങിനെയാ വീണത്? വല്ലയിടത്തും മുട്ടിയോ?”
“സാരമില്ല. ഒന്നും പറ്റിയില്ല.”
ശാന്ത മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. അമ്മ അവളെ സഹായിച്ചു.
“അകത്തുകൊണ്ടുപോയി കിടത്തൂ. അല്പനേരം വിശ്രമിച്ചാൽ ഈ ക്ഷീണം മാറും.” ഗോപി പറഞ്ഞു.
“ശരിയാണ് മോളേ….വരൂ….അകത്തുപോയി കിടക്കാം.”
അമ്മയുടെ വാക്കുകേട്ട ശാന്ത മെല്ലെ എഴുന്നേറ്റു. മന്ദംമന്ദം അകത്തേക്കു നടന്നുപോയി.
**************************************************************************
Generated from archived content: choonda33.html Author: sree-vijayan