കട്ടിലിൽ മുത്തച്ഛൻ കൂനിക്കൂടി ഇരിക്കുകയാണ്. ബീഡി വലിക്കുകയും ഇടതടവില്ലാതെ ചുമക്കുകയും ചെയ്യുന്നുണ്ട്. കല്യാണിയമ്മ അങ്ങോട്ടു കടന്നുചെന്നു.
“അച്ഛാ”
“ങേ?”
തുറുമിഴിയോടെ മകളെ നോക്കിയിട്ട് കൈത്തലം കൊണ്ട് പളളയമർത്തി വൃദ്ധൻ വല്ലാതെ ചുമച്ചു.
“അച്ഛൻ അവളോടൊന്നു പറയൂ എഴുന്നേറ്റ് വല്ലതും കഴിക്കാൻ. വയറുകാഞ്ഞ് വല്ല സുഖക്കേടും വരുത്തിക്കൂട്ടും.”
ചുമക്കിടയിൽ പകപ്പോടെ തിരക്കി.
“ഇതുവരെ ഒന്നും കഴിച്ചില്ലേ?”
“ഇല്ലച്ഛാ. എന്റെ ശബ്‌ദം കേൾക്കുന്നതുപോലും അവൾക്കിഷ്‌ടമല്ല.”
മുണ്ടിന്റെ കോന്തലകൊണ്ട് കല്യാണിയമ്മ മൂക്കു തുടച്ചു. പുറകിൽ ശാന്തയുടെ ഒച്ചകേട്ടു.
“ഇഷ്‌ടമാണമ്മേ. എനിക്കെല്ലാം ഇഷ്‌ടമാണ്.”
അമ്മ തിരിഞ്ഞു നോക്കി. ശാന്ത മുറിയിലേക്കു വന്നു. അസാധാരണ ഗൗരവമായിരുന്നു മുഖത്ത്.
“അമ്മയെ മാത്രമല്ല. അമ്മ ചെയ്യുന്ന ജോലിയും എനിക്കിഷ്‌ടമാണ്. ഇനി ഈ വീട്ടിൽ ഉറക്കമിളയ്‌ക്കാൻ ഒരാൾ മാത്രം പോരാ. അമ്മയോടൊപ്പം ഞാനുമുണ്ട്.”
കല്യാണിയമ്മ ഞെട്ടിപ്പോയി.
“മോളേ!” ശാന്തയുടെ ഉറച്ച ശബ്‌ദം മുറിയിൽ മുഴങ്ങി.
“അതേയമ്മേ, ഞാൻ എത്ര ശ്രദ്ധിച്ചാലും, എവിടെ ചെന്നാലും അമ്മയുടെ മേൽവിലാസമാണെനിയ്‌ക്ക്. അമ്മ വിചാരിക്കാതെ എനിക്ക് രക്ഷപ്പെടാൻ ആവില്ല. നമുക്ക് ഒരുമിച്ച് നശിക്കാമമ്മേ. കോളേജിലേക്ക് ഞാനിനി പോകുന്നില്ല.”
വിങ്ങിപൊട്ടലോടെ കല്യാണിയമ്മ യാചിച്ചു.
“അമ്മയ്‌ക്ക് മാപ്പുതരൂ മോളേ. ഇനി ഒരിക്കലും അമ്മ…”
മകൾ അലറി.
“വേണ്ട, ലോകത്തിലാരേയും ഞാൻ വിശ്വസിക്കില്ല. ആരും എനിക്കുവേണ്ടി ത്യാഗം ചെയ്യണ്ട. ഞാൻ തീർച്ചയാക്കി കഴിഞ്ഞു. എനിക്ക് പഠിക്കണ്ട. പഞ്ചായത്ത് പ്രസിഡണ്ടിനോടും പരിചയക്കാരോടും ചെന്നു പറയൂ. ആരുവന്നാലും സ്വീകരിക്കാൻ വേണ്ടി മകൾ ഇവിടെ ഒരുങ്ങിയിരിക്കുന്നുണ്ടെന്ന്.”
സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്‌ദതയെ കല്യാണിയമ്മയുടെ ഏങ്ങലടികൾ ഭീതിദമാക്കി.
***************************************************************************
ശാന്ത പഠിത്തം നിറുത്തിയ വാർത്ത കേട്ടപ്പോൾ സതി അന്ധാളിച്ചു നിന്നുപോയി. വിശ്വസിക്കാനാവാത്ത തരത്തിൽ അവൾ പ്രൊഫസറുടെ മുഖത്തേയ്‌ക്ക് നോക്കി. കൈലേസുകൊണ്ട് കണ്ണുതുടച്ചതിനുശേഷം പ്രൊഫസർ പറഞ്ഞു.
“ഞാൻ വളരെയേറെ നിർബ്ബന്ധിച്ചു നോക്കി അവളുടെ മനസ്സുമാറ്റാൻ. പക്ഷേ, സാധിച്ചില്ല.”
സതി ചോദിച്ചുഃ “ഞങ്ങൾ ശാന്തയുടെ വീടുവരെ ഒന്നുപോയാലോ സാറെ? ഞാനും പൊന്നമ്മയും?”
“ശ്രമിച്ചുനോക്കൂ. ഈശ്വരൻ എന്തെല്ലാമോ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെയൊക്കെ നടക്കും.?
അദ്ദേഹം നെടുവീർപ്പിട്ടു. പ്രൊഫസറുടെ അനുവാദത്തോടെ സതിയും പൊന്നമ്മയും പിറ്റേന്നുതന്നെ പോയി.
കൂട്ടുകാരുടെ വരവിന്റെ ഉദ്ദേശമെന്തെന്ന് ശാന്തയ്‌ക്കറിയാമായിരുന്നു. ആവുന്നത്ര നിർബ്ബന്ധം അവർ ചെലുത്തിനോക്കിയിട്ടും വിപരീതമായിരുന്നു ഫലം. ശാന്ത തീർത്തു പറഞ്ഞു.
”ഇനി കോളേജിലേയ്‌ക്ക് ഞാൻ വരികയില്ല. ഒരിക്കലും…ഒരിക്കലും…“
ആ നിശ്ചയദാർഢ്യത കണ്ട് മനമുരുകിയ കൂട്ടുകാരികൾ ജീവച്ഛവങ്ങളെപ്പോലെ യാത്ര പറഞ്ഞു.
***************************************************************************
കല്യാണിയമ്മയിൽ നിന്നാണ് പരീത് സംഗതിയറിഞ്ഞത്. അയാളുടെ ഉളളിൽ വേദന ചുഴിഞ്ഞിറങ്ങി. എങ്ങിനെയെങ്കിലും…ശാന്തയെ കോളേജിലേയ്‌ക്ക് പറഞ്ഞയച്ചേ പറ്റൂ. വീട്ടിൽ നിന്നാൽ അനർത്ഥങ്ങൾ കൂടുകയേ ഉളളൂ. ബുദ്ധി ഉറയ്‌ക്കാത്ത പ്രായമാണ് വിവേകക്കുറവു കാണിക്കാൻ മടിക്കാത്ത പരുവം. ദീർഘനേരത്തെ ആലോചനയ്‌ക്കുശേഷം പരീത് തീരുമാനിച്ചു. നേരിട്ടുപോയി ശാന്തയുടെ കാലുപിടിച്ചപേക്ഷിക്കണം. മേലിൽ അമ്മ ഒരുതരത്തിലും ചീത്തവഴിയ്‌ക്ക് നീങ്ങുകയില്ലെന്ന് അവൾക്കു ഉറപ്പുകൊടുക്കണം. ശാന്തയ്‌ക്കു സമ്മതമെങ്കിൽ കൂലിവേലയെടുത്തിട്ടെങ്കിലും അമ്മയേയും മുത്തച്ഛനേയും പോറ്റാൻ താൻ തയ്യാറാണെന്ന് തീർത്തു പറയണം. അതുകേട്ടാൽ ശാന്ത സമ്മതിക്കാതിരിക്കുകയില്ല.
പടച്ചവനെ നിരൂപിച്ചുകൊണ്ട് പരീത് നടന്നു.
***************************************************************************
മുറ്റത്തെ മുരിങ്ങാച്ചുവട്ടിൽ അലസമായി എന്തോ വായിച്ചുകൊണ്ട് കസാലയിലിരിക്കുകയായിരുന്നു ശാന്ത. പടികടന്ന് ചെന്ന പരീത് നേരെ അവളെ സമീപിച്ചു.
”ശാന്തമോളേ!“
സ്‌നേഹസ്വരത്തിൽ അയാൾ വിളിച്ചു. ശാന്ത തിരിഞ്ഞുനോക്കി. പരീത് പുഞ്ചിരിച്ചു.
ശാന്തയുടെ മുഖത്ത് മുഷിഞ്ഞ മേഘങ്ങളുടെ ഘോഷയാത്ര. കനപ്പിച്ച ശബ്‌ദത്തിലുളള അന്വേഷണം.
”എന്താ വന്നത്? എന്തുവേണം?“
പരീത് അമ്പരന്നു. എങ്കിലും മന്ദഹസിക്കാൻ ശ്രമിച്ചു.
”മോളെന്താ അങ്ങിനെ ചോദിക്കണത്? ഞമ്മള് പണ്ടും ഇബടെ ബരാറില്ലേ?“
ശാന്തയുടെ ശബ്‌ദം ഉയർന്നു.
”ചോദിക്കേണ്ട ആവശ്യമുണ്ട്. മേലിൽ ഈ പടിയിങ്ങോട്ടു കടന്നാൽ ആരായാലും അരിവാളിന് ഞാൻ അരിഞ്ഞിടും.“
ഓർക്കാപ്പുറത്തേറ്റ അടിയായിരുന്നു. പരീത് മലച്ചു നിന്നുപോയി. വീണ്ടും ശാന്തയുടെ താക്കീത്.
”ചെന്ന് കൂട്ടുകാരോടും പറഞ്ഞേക്ക് മരിക്കാൻ വേണ്ടിമാത്രം ഇങ്ങോട്ടു പോന്നാൽ മതിയെന്ന്.“
അരിശം കൊണ്ട് അടിമുടി വിറച്ച് അമർത്തിച്ചവുട്ടി അവൾ അകത്തേക്ക് കയറിപ്പോയി. എതിരെവന്ന് കാലിലുരസി സൗമ്യത കാണിച്ച കുറിഞ്ഞിപ്പൂച്ചയെ പുറംകാലുകൊണ്ട് ആഞ്ഞൊരടി കൊടുത്തു. ”മ്യൂവൂ“ എന്ന് കരഞ്ഞുകൊണ്ട് കുറിഞ്ഞി മുറ്റത്ത് മലർന്നടിച്ചു വീണു. ഒരു പിടച്ചിലിനുശേഷം പ്രാണഭീതിയോടെ അതെഴുന്നേറ്റ് എങ്ങോട്ടോ ഓടിപ്പോയി. പരീത് കുനിഞ്ഞ ശിരസ്സുമായി സാവധാനം പടികടന്ന് നീങ്ങുന്നത് ജനലിനപ്പുറത്തുനിന്ന് ശാന്ത കാണുന്നുണ്ടായിരുന്നു. ക്രൂരമായ സംതൃപ്തിയോടെ അവൾ പിറുപിറുത്തു.
”ഓരോ ബന്ധങ്ങളും ഇങ്ങനെ വേരോടെ പിഴുതെറിയണം.“
***************************************************************************
കവലവിലേയ്‌ക്കു പോകുമ്പോൾ പിറ്റേന്ന് കല്യാണിയമ്മ പരീതിനെ കണ്ടു. അവർ മാപ്പിരന്നു. മകളുടെ പെരുമാറ്റത്തിൽ വൈരാഗ്യം തോന്നരുതേ എന്നപേക്ഷിച്ചു. തനിക്ക് വെറുപ്പോ വൈരാഗ്യമോ അല്ല തോന്നുന്നതെന്നും ശാന്തയെക്കുറിച്ച് താൻ അഭിമാനം കൊളളുന്നെന്നും പരീതു പറഞ്ഞു.
”അവളൊരു ചൊണക്കുട്ടിയാണ്. തെറ്റായാലും ശെരിയായാലും ശാന്തമോള് പറയണതനുസരിച്ചേ ഇനി നടക്കാവൂ.“
”എന്തിനും ഞാൻ തയ്യാറാണ് പരീതേ. പക്ഷേ, അവൾ പഠിത്തം മുടക്കിക്കളഞ്ഞല്ലോ!“
”എല്ലാം തലേലെയിത്ത് എന്ന് കരുതിയാ മതി. ഞമ്മള് കണക്ക് കൂട്ടിയതോണ്ട് ആയില്ല. പടച്ചോന് ബേറൊരു കണക്കുണ്ട്. ഞമ്മക്കാരിക്കും പുടികിട്ടാത്ത കണക്ക്.“
”ഞാൻ മൂലം എന്റെ മോളുടെ ജീവിതവും നശിച്ചു.“
കല്യാണിയമ്മ നിയന്ത്രണംവിട്ടു തേങ്ങി. ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ പരീതും കുഴങ്ങി.
***************************************************************************
Generated from archived content: choonda31.html Author: sree-vijayan