അപരാധിയുടെ മുഖഭാവത്തോടെ ശശിധരൻ പ്രൊഫസറോട് യാത്ര ചോദിച്ചു.
“ഞാൻ പോകട്ടെ സാർ?”
“ആകട്ടെ.”
പ്രൊഫസർ തലയാട്ടി. ശശിധരൻ പുറത്തേയ്‌ക്ക് നടന്നു. വാതിൽവരെ പ്രൊഫസർ തന്റെ ശിഷ്യനെ പിന്തുടർന്നു. ഗേറ്റിൽ ചെന്നപ്പോൾ ശശി ഒരിക്കൽകൂടി തിരിഞ്ഞുനോക്കി. വാതിൽപ്പടിമേൽ പിടിച്ചുകൊണ്ട് നിശ്ശബ്‌ദമായ ഒരു കടൽപോലെ അക്ഷോഭ്യനായി തന്നെത്തന്നെ ഉറ്റുനോക്കി തന്റെ ഗുരുനാഥൻ നിൽക്കുന്നു. ശശിധരന് ലജ്ജ തോന്നി. തലകുനിച്ച് അയാൾ നടന്നു. ദീർഘമായി നിശ്വസിച്ചുകൊണ്ട് പ്രൊഫസർ പിൻതിരിഞ്ഞു.
ഭാഗ്യമില്ലാത്ത ആ പെൺകുട്ടിയെ എങ്ങിനെ സമാധാനിപ്പിക്കുമെന്നായി ചിന്ത. അകത്തേയ്‌ക്ക് ചെന്നപ്പോൾ മുറിയിൽ ശാന്തയില്ലായിരുന്നു. അദ്ദേഹം വിളിച്ചു.
“ശാന്തേ…. ശാന്തേ…”
ആരും വിളികേട്ടില്ല.
എവിടെ പോയിരിക്കും?
പ്രൊഫസർ എല്ലാമുറികളിലും വരാന്തയിലും കുളിമുറിക്കരികിലും അന്വേഷിച്ചു. ഇല്ല. ഒരിടത്തും ശാന്തയില്ല.
ലോഡ്‌ജിന്റെ പിൻഭാഗത്തുളള മതിലിൽ ചെറിയൊരു ഗേറ്റുണ്ട്. തൂപ്പുകാർ അതുവഴിയാണ് വരുന്നത്. അദ്ദേഹം അങ്ങോട്ടു ചെന്നു. ശരിയാണ്; ആ ഗേറ്റു തുറന്നു കിടക്കുന്നു. ശാന്ത അതിലെ പോയിക്കാണും. ഇടവഴിയും കോൺഗ്രസ്സ് ഹൗസും കടന്ന് അവൾ ഹോസ്‌റ്റലിൽ എത്തിക്കാണും. നിമിഷനേരം ആലോചിച്ചു നിന്നിട്ട് അദ്ദേഹം ഗേറ്റടച്ച് അകത്തേക്കു നടന്നു. ധൃതിയിൽ ഡ്രസ്സുമാറി ഹോസ്‌റ്റലിലേക്കു പോകാൻ ഭാവിക്കവേ മറ്റൊരു ചിന്ത ഉളളിൽ ഉയർന്നു.
ശാന്തയെ ഇപ്പോൾ വിളിച്ച് ആശ്വസിപ്പിക്കാൻ മുതിർന്നാൽ അവൾ കൂടുതൽ മനോവ്യഥപ്പെടുകയില്ലേ? കുറച്ചുനേരം ഒറ്റയ്‌ക്ക് കഴിയുന്നതല്ലേ നല്ലത്?
ഏകാന്തത ഏതു ദുഃഖത്തേയും തെല്ലൊന്നു ലാഘവപ്പെടുത്തുന്നുണ്ടല്ലോ? അതെ; അതാണ് നല്ലത്. പ്രൊഫസർ തീരുമാനിച്ചു. വൈകുന്നേരം ഹോസ്‌റ്റലിൽ ചെന്ന് അവളെ കാണാം. അതുവരെ അവൾ വിശ്രമിക്കട്ടെ. പ്രൊഫസർ ധരിച്ച വേഷം അഴിച്ചുമാറ്റി. വല്ലാതെ വിയർക്കുന്നെന്ന് മനസ്സിലായപ്പോൾ ഫാനിന്റെ സ്വിച്ചമർത്തി ഓവർ സ്പീഡിലാക്കി. ചാരുകസേര ഫാനിന്റെ ചുവട്ടിലേയ്‌ക്ക് വലിച്ചു നീക്കി അതിൽ തളർന്നു കിടന്നു.
* * * * * * * * * * * * * * * * * * * * * * * * *
വൈകുന്നേരം ഹോസ്‌റ്റലിൽ ചെന്നപ്പോഴാണ് പ്രൊഫസർ ഞെട്ടിയത്. സതിയാണ് വിവരം പറഞ്ഞത്.
“വീട്ടിലാർക്കോ അസുഖമാണെന്ന് ടെലഗ്രാം കിട്ടിയതിനാൽ ശാന്ത നാട്ടിലേയ്‌ക്ക് പോയിരിക്കുന്നത്രെ.”
“സതി ടെലഗ്രാം വായിച്ചുവോ?” പ്രൊഫസർ ചോദിച്ചു.
സതി പറഞ്ഞു. “ഇല്ല. സ്പെഷൽ ക്ലാസ്സു കഴിഞ്ഞ് ഞാൻ വന്നപ്പോഴേയ്‌ക്കും അവൾ പോയിക്കഴിഞ്ഞു. മേശപ്പുറത്ത് കുറിപ്പെഴുതി വച്ചിരുന്നു.”
അല്പനേരത്തെ മൗനത്തിനുശേഷം പ്രൊഫസർ യാത്ര പറഞ്ഞിറങ്ങി.
എന്താണ് ശാന്തയുടെ ഉദ്ദേശം? അദ്ദേഹത്തിനൊരു പിടിയും കിട്ടിയില്ല.
* * * * * * * * * * * * * * * * * * * * * * * * *
കൊടുങ്കാറ്റുപോലെയാണ് ശാന്ത വീട്ടിലേക്ക് ചെന്നത്. വാതിലുകൾ ഒച്ചയോടെ തളളിത്തുറന്നു. സൂട്ട്‌കേയ്‌സ് മുറിയുടെ മൂലയ്‌ക്കിലേയ്‌ക്ക് വലിച്ചെറിഞ്ഞു. മുടിയുമഴിച്ചിട്ട് ഇരുട്ടുനിറഞ്ഞ മുറിയിൽ പായ്‌പോലും നിവർത്താതെ വെറും തറയിൽ അവൾ കിടന്നു.
ആധിയോടെ അടുത്തുവന്ന അമ്മയും മുത്തച്ഛനും ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഒരു മറുപടിയും നൽകാതെ അവൾ മുഖം തിരിച്ചു. കല്യാണിയമ്മ നെഞ്ചത്തടിച്ചു കരഞ്ഞപ്പോൾ എഴുന്നേറ്റിരുന്ന് ഒരു സിംഹിയുടെ മുഖഭാവത്തോടെ അവൾ ശബ്‌ദിച്ചു.
“സ്വൈരം തരില്ലെങ്കിൽ ഇവിടന്നും ഇറങ്ങിപ്പോയേക്കാം.”
ഏങ്ങലടിയോടെ അമ്മ മുറിയിൽനിന്നും പുറത്തേയ്‌ക്ക് നടന്നു. രാത്രി അത്താഴമുണ്ണാൻ നിർബന്ധിച്ചപ്പോഴും ശാന്ത കൂട്ടാക്കിയില്ല. പച്ചവെളളംപോലും കുടിക്കാതെ അമ്മയും മകളും അന്ന് ഉറങ്ങാതെ കഴിച്ചു.
* * * * * * * * * * * * * * * * * * * * * * * * *
പിറ്റേന്ന് രാവിലെ പ്രൊഫസർ കൃഷ്‌ണപിളള വീട്ടിലെത്തി. അദ്ദേഹത്തെ കണ്ടതോടെ നിയന്ത്രണം വിട്ടകണക്കേ ശാന്ത പൊട്ടിക്കരഞ്ഞു. പ്രൊഫസർ എത്ര നിർബ്ബന്ധിച്ചിട്ടും കോളേജിലേക്ക് മടങ്ങാൻ അവൾ കൂട്ടാക്കിയില്ല. സാന്ത്വനപ്പെടുത്താൻ പറഞ്ഞ ഓരോ വാക്കുകളും ‘വറച്ചട്ടിയി’ൽ വീണ ജലകണം കണക്കെ പ്രയോജനരഹിതമായി. താൻ ഇനിയാർക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കരുതെന്ന വാശിയായിരുന്നു ശാന്തയ്‌ക്ക്. മനോവ്യഥയോടെ നിരാശാപൂർവ്വം പ്രൊഫസർക്ക് മടങ്ങേണ്ടിവന്നു. കരഞ്ഞു വീർത്ത കണ്ണുകളുമായി ശാന്ത കിടന്നു.
* * * * * * * * * * * * * * * * * * * * * * * * *
Generated from archived content: choonda30.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English