വസ്‌ത്രമെല്ലാം ശരിയാക്കി കല്യാണിയമ്മ നൽകിയ മൂരിച്ചീപ്പുകൊണ്ട് തല ചീകുന്നതിനിടയിൽ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
“കാരണവര് ഇപ്രത്തേയ്‌ക്ക് വരുന്നതിനു മുൻപ് പോയേക്കാം. കണ്ടാൽ പുളളി ബീഡി ചോദിക്കും. ഒരു കുറ്റി ബീഡിപോലും കയ്യിലില്ല.”
“അല്ലെങ്കിലും ഇതെന്തൊരു ബീഡിവലിയാ? ഇന്നലെത്തന്നെ നാലഞ്ചു കെട്ടു വലിച്ചു കാണും.”
“മരണനേരത്ത് അത്രയും കുറച്ചു വലിച്ചാൽ മതിയല്ലോ?”
ഒരു ഫലിതം പറഞ്ഞിട്ട് മത്തായി ചിരിച്ചു.
“പിന്നേയ് ഇന്നലെ പറഞ്ഞകാര്യം മറക്കല്ലേ സാറേ.” കല്യാണിയമ്മ ഓർമ്മിപ്പിച്ചു.
“എന്തുകാര്യം?” മത്തായിയ്‌ക്ക് പിടികിട്ടിയില്ല.
“അല്ലാ മറന്നോ? ഓ തണ്ണിപ്പുറത്തായിരുന്നല്ലോ എല്ലാം സമ്മതിച്ചത്?”
“ഒന്നുകൂടി പറ എന്റെ പൊന്നേ.”
കല്യാണിയമ്മയുടെ കവിളിൽ പഞ്ചായത്ത് പ്രസിഡണ്ട് മെല്ലെ നുളളി.
കല്യാണിയമ്മ നിവേദനം സമർപ്പിച്ചു.
“ആ പരീതിന്റെ ഉദ്ദേശമെന്താണെന്ന് ഒന്നറിയണം. എന്നും ഈ ഇറയത്ത് വന്നിരിക്കും. എന്തു ചോദിച്ചാലും മിണ്ടുകയില്ല. കുഞ്ഞുനാളുതൊട്ടേ പരിചയമുളള ആളല്ലേ എന്ന് കരുതി അങ്ങേരുടെ ദേഹത്തെങ്ങാനും ഒന്നുതൊട്ടാൽ എന്റെ കൈതട്ടിമാറ്റും.”
“ഹ! പിന്നെ എന്തിനാ അവൻ ഇവിടെ കയറി വരുന്നത്?”
ഒരു പിടിയും കിട്ടുന്നില്ല. ഞാൻ എന്തെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിലാ ഉത്തരം തന്നെ. ശാന്തയെ കണ്ടാൽ വിളിച്ച് ഒരുജാതി ഉപദേശം. എന്നോടെങ്ങിനേയുമാകട്ടെ എന്റെ മോളോട് മര്യാദക്കേട് വല്ലതും പറയുമോ എന്നാ എന്റെ പേടി.“
വിവരണം കേട്ട് മത്തായിയ്‌ക്ക് മൂക്കത്ത് അരിശം അരിച്ചുകയറി.
”പരീത് അത്രയ്‌ക്കായോ? മര്യാദയ്‌ക്കല്ലെങ്കിൽ അവന്റെ ചങ്ക് ഞാൻ കലക്കും.“
”കയ്യേറ്റമൊന്നും വേണ്ട. സാറ് വിളിച്ചൊന്ന് ഉപദേശിച്ചാൽ മതി.“
”അത് ഞാനേറ്റു. എന്റെ പഞ്ചായത്തില് വേറൊരാൾ തോന്ന്യാസം നടത്താൻ ഞാൻ സമ്മതിക്കില്ല.“
അയാൾ ചുമലിലെ ഷാൾ ശരിയാക്കി. കല്യാണിയമ്മ സംതൃപ്തി നിറഞ്ഞ ഭാവത്തോടെ ഓർമ്മിപ്പിച്ചു.
”സാറ് പോകാൻ നോക്കൂ. നേരം ഒത്തിരിയായി.“
പുറത്തേയ്‌ക്ക് നോക്കി പഞ്ചായത്ത് പ്രസിഡണ്ട് വല്ലായ്‌മപ്പെട്ടു.
”ആളുകൾ ശ്രദ്ധിക്കുമല്ലോ. വഴിയിൽ വല്ലവരുമുണ്ടോ?“
”ഞാൻ നോക്കിയിട്ട് വരാം.“
കല്യാണിയമ്മ പുറത്തേയ്‌ക്ക് നടന്നു.
പഞ്ചായത്ത് പ്രസിഡണ്ടിന് കെണിയിൽപെട്ട മോഷ്‌ടാവിന്റെ വെപ്രാളം.
വരാന്തയുടെ അറ്റത്തുളള വാതിൽ കടന്ന് മുത്തച്ഛൻ തിണ്ണയിലെത്തി. ഊന്നുവടിയിൽ ബലംകൊണ്ട് വൃദ്ധൻ നിവർന്നു നിന്നു. തിമിരം ബാധിച്ച കണ്ണുകൾ ചിമ്മി സൂക്ഷിച്ചു നോക്കി.
”ആരാത്?“
മത്തായി ഒന്നു പരിഭ്രമിച്ചു. കൃത്രിമച്ചിരി പുരണ്ട വാക്കുകൾ.
”ഞാനല്ലേ…പ്രസിഡണ്ട്… മത്തായി. പഞ്ചായത്തിലേയ്…“
കേവലഭാവത്തിൽ വൃദ്ധൻ പിറുപിറുത്തു.
”പ്രസിഡണ്ടോ പ്രധാനമന്ത്രിയോ ആരായാലും ബീഡിയൊണ്ടോ ഒരെണ്ണം തരാൻ?“
”ഇല്ലല്ലോ; ഒന്നും കയ്യിലില്ല.“
വീണ്ടും വൃദ്ധന്റെ പിറുപിറുപ്പ്.
”കയ്യിലൊന്നുമില്ലാത്ത പ്രസിഡണ്ടാ അല്ലേ?“
മത്തായിയ്‌ക്ക് ഇളിഭ്യച്ചിരി. വൃദ്ധൻ വടിയും കുത്തി വേച്ചുവേച്ചു മുറ്റത്തേയ്‌ക്ക് നടന്നു. പടിക്കൽനിന്നും കല്യാണിയമ്മയെത്തി.
”ആരുമില്ല സാറേ, കണ്ണുമടച്ച് നടന്നോളൂ.“
മത്തായി മുറ്റത്തേയ്‌ക്കിറങ്ങി. രണ്ടടി വച്ചില്ല കല്യാണിയമ്മ ഒച്ചവെച്ചു.
”നിന്നേ സാറേ..“
പഞ്ചായത്തു പ്രസിഡന്റ് പകച്ചു. കല്യാണിയമ്മ അടുത്തുചെന്ന് അയാളുടെ തോളിൽനിന്നും നീളമുളള ഒരു തലമുടി നുളളിയെടുത്തു.
”കണ്ടോ ഒരു തലമുടി. ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും?“
”എന്തു വിചാരിക്കാനാ. മൂന്നുനാലു പിളേളരുടെ തന്തയാ ഞാൻ.“
”എന്നാലും സാറിന്റെ കെട്ടിയോൾക്ക് ഇത്രേം നീളമുളള മുടിയൊണ്ടോ സാറേ?“
കല്യാണിയമ്മ കിലുകിലെ ചിരിച്ചു. ചിരിയിൽ പങ്കുചേർന്ന് മത്തായി കുസൃതിക്കാരിയായ കല്യാണിയമ്മയുടെ വയറ്റത്ത് നുളളി. ആ രംഗം കണ്ടുകൊണ്ട് ശാന്ത ഉമ്മറത്തേയ്‌ക്ക് വന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒന്നു വിളറി.
വിഡ്‌ഢിച്ചിരിയോടെ ധൃതിയിൽ അയാൾ പരിചയം പുതുക്കി.
”അല്ലാ മോളല്ലേ…? നന്നായിട്ട് പഠിക്കണം കേട്ടോ. പഠിച്ചു മിടുക്കിയാകണം. എന്നിട്ടുവേണം അമ്മയ്‌ക്കൊരു നല്ലകാലം വരാൻ..“
പ്രതികരണം കാക്കാതെ തിടുക്കത്തിൽ മത്തായി പടിയ്‌ക്കലേയ്‌ക്ക് നടന്നു.
കല്യാണിയമ്മ നോക്കുമ്പോൾ കനപ്പിച്ച ഭാവത്തോടെ ശാന്ത വിദൂരതയിൽ നോക്കി നില്‌ക്കുകയായിരുന്നു.
”നീ കുളിക്കാൻ പോകുന്നില്ലേടീ?“
”ഇല്ല“
ശാന്തയുടെ കനത്ത ശബ്‌ദം.
”സ്‌ക്കൂളിൽ പോകണ്ടേ? ഇന്ന് പരീക്ഷയല്ലേ?“
”ഞാൻ പരീക്ഷയെഴുതുന്നില്ല.“
കല്യാണിയമ്മയുടെ ശബ്‌ദത്തിൽ നീരസം.
”പിന്നെ എന്റെ മോള് എന്തു ജോലിയ്‌ക്കു പോകാനാ ഭാവം?“
”എന്തായാലും അമ്മയുടെ ജോലിയ്‌ക്കല്ലാ, മരിച്ചാലും ആ തൊഴിൽ ഞാൻ ചെയ്യില്ല.“
ഒരടിയേറ്റത്തുപോലെ കല്യാണിയമ്മ നിന്നു വിളറി. കരളിൽ ചുഴലിക്കാറ്റ് ചൂളംകുത്തി. കണ്ണുകളിൽ ഇരുട്ടുപരന്നതുപോലെ. ചുട്ടുനീറുന്ന നിമിഷങ്ങൾ.
പരിസരബോധം വന്നപ്പോൾ മുഖത്ത് വേദന തളംകെട്ടി. ഗദ്‌ഗദസ്വരത്തിൽ അവർ പറഞ്ഞു.
”അതേ മോളേ… എന്റെ മോള് അമ്മേടെ തൊഴിൽ ചെയ്യരുത്. അമ്മയെപ്പോലെ നീ ആകരുത്.“
ശാന്ത അമ്മയെ നോക്കി. ചൂടേറ്റ മെഴുകുതിരിപോലെ അമ്മ ഉരുകുന്നു. അവൾക്കു സഹിച്ചില്ല. അമ്മയുടെ ചുമലിലേയ്‌ക്ക് നെറ്റിയമർത്തി അവൾ പൊട്ടിക്കരഞ്ഞു.
Generated from archived content: choonda3.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English