പ്രൊഫസറുടെ ലോഡ്‌ജിൽ വച്ച് പല പ്രാവശ്യം ശാന്ത ശശിധരനെ കണ്ടു. ഓരോ തവണയും തന്റെ ഇംഗിതമറിയാൻ അദ്ദേഹം ധൃതി കാണിച്ചിട്ടും വ്യക്തമായ ഒരു മറുപടി നൽകാൻ കഴിഞ്ഞില്ല. താൻമൂലം ആ മനുഷ്യൻ ഏറെ പ്രയാസപ്പെടുന്നുണ്ടെന്നവൾക്കു ബോധ്യമായി.
ഒടുവിൽ ഒരു തീരുമാനത്തിലെത്തി. തന്റെ രക്ഷകനായ കൃഷ്ണപ്പിളളസാറിനോട് എല്ലാം തുറന്നു പറയുക. അദ്ദേഹം ചൂണ്ടുന്ന പാതയിലൂടെ സഞ്ചരിക്കുക.
സൗകര്യം ലഭിച്ച ഒരു ദിവസം അവൾ സകലകാര്യങ്ങളും സാറിനോട് പറഞ്ഞു.
പ്രൊഫസർ അതിരറ്റാഹ്ലാദിച്ചു. തന്റെ വത്സലശിഷ്യനോട് തികഞ്ഞ മതിപ്പുതോന്നി. ശാന്തയോടദ്ദേഹം പറഞ്ഞു.
“ഞാൻ സന്തോഷിക്കുന്നു കുട്ടീ….ഒരു നല്ല ഭാവി നിനക്കുണ്ടാവുന്നതിൽ മറ്റാരേക്കാളും അഭിമാനം എനിക്കുണ്ട്.”
“എന്റെ ചുറ്റുപാടുകളൊന്നും അദ്ദേഹത്തിനറിഞ്ഞുക്കൂടാ സാർ. സാറ് ശശിച്ചേട്ടനോട് എല്ലാം തുറന്ന് സംസാരിക്കണം.”
“സംസാരിക്കാം. വിശദമായിത്തന്നെ സംസാരിക്കാം. എനിക്ക് വിശ്വാസമുണ്ട്. നിന്റെ കഥകൾ കേട്ടാൽ ശശി നിന്നെ കൂടുതൽ സ്‌നേഹിക്കും.”
പ്രൊഫസർ മറ്റൊരു രഹസ്യം അറിയിച്ചു.
“മിനിഞ്ഞാന്ന് ശശി ഇക്കാര്യം എന്നോട് സൂചിപ്പിച്ചിരുന്നു.”
“ങേ..?”
“അതേ കുട്ടീ…മടിച്ചുമടിച്ചാണ് സംസാരിച്ചതുതന്നെ. വിവാഹം കഴിഞ്ഞാലും നിന്നെ കോളേജിൽ വിടാൻ ശശിക്കു സമ്മതമാണ്.”
ആയിരം പൂക്കളുടെ സൗരഭ്യം ഒന്നിച്ച് കരളിലേയ്‌ക്ക് ഊർന്നിറങ്ങി.
ഗുരുവായൂരപ്പാ! എന്തൊക്കെയാണീ കേൾക്കുന്നത്? അവിടത്തേയ്‌ക്ക് ഇത്രമേൽ കാരുണ്യം തന്നോടുണ്ടോ? അമ്മയും മുത്തച്ഛനും തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ഫലമായിരിക്കുമോ ഈ ഭാഗ്യം?
പ്രൊഫസർ വെളിയിലേയ്‌ക്ക് ദൃഷ്‌ടിപായിച്ചുകൊണ്ട് പറഞ്ഞു.
“അതാ ശശി വരുന്നുണ്ട്. ശാന്ത അകത്തേയ്‌ക്ക് പൊയ്‌ക്കൊളളൂ. വിളിക്കുമ്പോൾ വന്നാൽമതി. ഞാൻ വിശദമായി ഒന്നും ഒളിച്ചു വയ്‌ക്കാതെ തന്നെ സംസാരിക്കാം. നീ ഇവിടെ ഉണ്ടെന്ന കാര്യം തല്‌ക്കാലം ശശി അറിയേണ്ട.”
ശാന്ത അകത്തേയ്‌ക്ക് പോയി. നിഗൂഢമായ ഒരു മന്ദഹാസം പ്രൊഫസറുടെ ചുണ്ടിൽ വിരിഞ്ഞു നിന്നു. വാതിൽക്കൽ ശശിധരൻ എത്തിയപ്പോൾ അദ്ദേഹം ക്ഷണിച്ചു.
“വരൂ ശശി….ഇരിക്കൂ..”
ശശിധരൻ സോഫായിൽ ഇരുന്നു.
* * * * * * * * * * * * * * * * * * * * * * * * *
അകത്തെ മുറിയിൽ ചുമരിൽചാരി വെളിയിലേയ്‌ക്ക് മനംതിരിച്ച് ശാന്ത നിൽക്കുകയാണ്. പ്രൊഫസറുമായുളള സംഭാഷണം ഒരു വാക്കുപോലും വിടാതെ കേൾക്കണം. നെഞ്ചിടിപ്പിന് ശക്തി കൂടി. തൊണ്ട വരളുന്നെന്നും ദാഹിക്കുന്നെന്നും അവൾക്കു തോന്നി. പക്ഷേ, നടന്നുപോയി വെളളമെടുത്ത് കുടിക്കാൻ കഴിയുന്നില്ല. നന്നേ പരിക്ഷീണയായിരുന്നു. തളർച്ചയോടെ ചുമരിലേയ്‌ക്ക് ചുമലുംചാരി അവൾ നിന്നു.
കുശലപ്രശ്‌നങ്ങൾക്കുശേഷം പ്രൊഫസർ ശശിധരനോട് ആമുഖമായി പറഞ്ഞു.
“മധുരമെന്നു കരുതി നാം കഴിക്കുന്നത് ഇരട്ടിമധുരമാകരുത് ശശി.”
ശശി പ്രൊഫസറുടെ നേർക്കുനോക്കി.
പ്രൊഫസർ തുടർന്നു. “ശശി അന്നൊരു സംഗതി സൂചിപ്പിച്ചില്ലോ…അതേക്കുറിച്ചാണ് ഞാൻ പറയുന്നത്. ശാന്തയെ സംബന്ധിക്കുന്ന എല്ലാകാര്യങ്ങളും മനസ്സിലാക്കിയതിനുശേഷം ശശി ഒരു തീരുമാനമെടുക്കുക. അതാണുത്തമം.”
“എനിക്കു തീരുമാനിക്കാനൊന്നുമില്ല സാർ. എന്നായാലും ഞാൻ വിവാഹിതനാകണം. മനസ്സിനിണങ്ങിയ ഒരു ബന്ധവുമാവുമ്പോൾ അതിലൊരു ഭംഗിയില്ലേ?”
“തീർച്ചയായും. അതാണ് ശരി. പക്ഷേ, വിവാഹം ഒരു കുട്ടിക്കളിയല്ലല്ലോ. ലുക്ക് ബിഫോർ യു ലീപ് എന്നൊന്നില്ലേ? ചാടുന്നതിനുമുമ്പ് ശ്രദ്ധിച്ചാൽ ജീവിതാന്ത്യം വരെ സംതൃപ്‌തിയോടെ കഴിയാം. അപശബ്‌ദങ്ങളെ ഒഴിവാക്കാനും പറ്റും.” പ്രൊഫസർ മൃദുവായി ചിരിച്ചു.
ശാന്തയുടെ നെഞ്ചിടിപ്പിന് ശക്തിക്കൂടി. തളർച്ച അധികരിച്ചപ്പോൾ സമീപത്തുകിടന്ന സ്‌റ്റൂൾ ചുമരിനരികിലേയ്‌ക്ക് നീക്കിയിട്ട് അവൾ ഇരുന്നു. വിസിറ്റിംഗ് റൂമിൽനിന്ന് ശശിധരന്റെ വാക്കുകൾ കേട്ടു.
“ഇത് എന്റെ ഒരു ഭ്രമമാണെന്ന് സാറ് കരുതരുത്. ശാന്തയെ ഞാൻ ഇഷ്‌ടപ്പെടുന്നു. അറിവു ശരിയാണെങ്കിൽ ആ പെൺകുട്ടി എന്നേയും…”
ശാന്ത ചുമരിലേയ്‌ക്ക് കവിൾ അമർത്തി. ചുമരിൽ നിന്നുളള സുഖകരമായ തണുപ്പ് ആത്മാവിലേക്ക് ഊർന്നിറങ്ങി.
പ്രൊഫസർ പറഞ്ഞു. “ശശീ, എല്ലാം മനസ്സിലാക്കൂ…ശാന്തയുടെ വീട്ടിൽ അവൾ ഒരു ഒറ്റപ്പെട്ട കുട്ടിയാണ്. വിഷമുളളുകൾക്കുളളിൽ പനിനീർപ്പൂ നിൽക്കാറില്ലേ? അതുപോലെ.”
പ്രൊഫസർ ഒന്നു നിർത്തി എന്നിട്ടു തുടർന്നു. “ശാന്തയുടെ അമ്മ നാട്ടുകാർ അവഹേളിക്കുന്ന ഒരു സ്‌ത്രീയാണ്. ഗതികേടുകൊണ്ട് പലരീതിയിലും അവർക്കു ജീവിക്കേണ്ടിവന്നു.”
അകത്തിരുന്ന ശാന്ത ഞെട്ടി. അടക്കിപ്പിടിച്ച വികാരവായ്‌പോടെ പ്രൊഫസറുടെ വാക്കുകൾ അവൾ കേട്ടുകൊണ്ടിരുന്നു
“ജീവിക്കാൻ വേണ്ടി ആ അമ്മയ്‌ക്ക് അങ്ങിനെയൊക്കെ ആകേണ്ടിവന്നു ശശീ…പക്ഷേ ആ പെൺകുട്ടി ഒരിക്കലും ചീത്തയല്ല. ആയിട്ടുമില്ല.”
ശാന്ത കാതുകൂർപ്പിച്ചു. പരീക്ഷാഫലമറിയാൻ വെമ്പുന്ന കണക്കേ അവൾ കാത്തിരുന്നു. നെഞ്ചിടിപ്പിന്റെ ശബ്‌ദം പുറത്തുകേൾക്കുമാറ് ഉച്ചത്തിലായി. ശശിച്ചേട്ടന്റെ ഒച്ച കേൾക്കാത്തതെന്ത്? തന്റെ തനിരൂപം മനസ്സിലായപ്പോൾ ബോധമില്ലാതെ അദ്ദേഹം സോഫായിൽ വീണു കാണുമോ? ഓടിച്ചെന്ന് പറഞ്ഞെങ്കിലോ?
“വേണ്ട ശശിച്ചേട്ടാ… നിങ്ങളെന്നെ വിവാഹം കഴിക്കേണ്ട…ഞാനൊരു വേശ്യയുടെ മകളാണ്.”
പ്രൊഫസറുടെ കനമുളള ശബ്‌ദം കാതിൽ മുഴങ്ങി.
“ശശി വിളറുന്നത് ഞാൻ കാണുന്നു. ബുദ്ധിമുട്ടേണ്ട. ആലോചിക്കാൻ ഇഷ്‌ടംപോലെ സമയമുണ്ട്. തിരിച്ചും മറിച്ചും ചിന്തിക്കുക. ഒരു ശതമാനമെങ്കിലും സംശയമുണ്ടെങ്കിൽ ശാന്തയെ മറക്കണം. അല്ലെങ്കിൽ അവളുടെ നന്മയിൽ വിശ്വസിക്കണം. സമയമെടുത്ത് സാവധാനം ആലോചിക്കൂ..”
ശശിയുടെ മനസ്സിൽ ശാന്തയുടെ മനോഹരരൂപം തെളിഞ്ഞുവന്നു.
പക്ഷേ, മുഖത്തിന്റെ പകുതിഭാഗവും കരുവാളിച്ചപോലെ. മനക്കണ്ണുകൊണ്ട് സൂക്ഷിച്ചുനോക്കിയപ്പോൾ ആ ഭാഗം വീണ്ടും പ്രസന്നമായി. പക്ഷേ, ആദ്യം ശോഭയോടെ തെളിഞ്ഞ മുഖം പൊടുന്നനെ ഇരുണ്ടു. എന്താണിതിന്റെ അർത്ഥം? ശാന്തയിൽ മാലിന്യമുണ്ടെന്നോ? അമ്മയുടെ പാരമ്പര്യം അവളിലും അന്തർലീനമായി കിടപ്പുണ്ടെന്നോ?
ഛെ! ഛെ!…പളുങ്കുപോലെ പവിത്രയാണവൾ…ആണോ?
വീണ്ടും സംശയത്തിന്റെ കരിനിഴൽ…
പ്രൊഫസർ തിരക്കി. “ശശിയെന്താ മിണ്ടാത്തത്? വ്യക്തമായി ചിന്തിച്ചിട്ട് നാളെ ഒരു മറുപടി പറഞ്ഞാൽ മതി.”
ശശി തലയുയർത്തി. അധരങ്ങളിൽ നിന്ന് ക്ഷീണസ്വരം അടർന്നു.
“എനിക്കെല്ലാം അതിശയമായി തോന്നുന്നു സാർ. ഇത്ര ക്രൂരമായ ചുറ്റുപാടാണ് ആ കുട്ടിയുടേതെന്ന് ഞാൻ അറിഞ്ഞില്ല.”
പ്രൊഫസർ നെടുവീർപ്പിട്ടു.
“മുളളുകൊളളാതെ പറക്കാൻ ശ്രമിക്കുന്ന ഒരു ചിത്രശലഭമാണവൾ. ശശിയെപ്പോലെ ഉയർന്ന ബോധമുളളവർക്കേ അവളെ രക്ഷിക്കാൻ കഴിയൂ.”
“എന്റെ കുടുംബാംഗങ്ങളെ സാറിനു പരിചയമില്ലല്ലോ. യാഥാസ്ഥിതികരിൽ യാഥാസ്ഥിതികരാണ്. നിത്യരോഗിയാണ് എന്റെ ചേച്ചി. എന്നോട് അതിരറ്റ വാത്സല്യമാണ്. ചെറിയൊരു നൊമ്പരം മനസ്സിലേറ്റാൽ മതി ചേച്ചി വീണുപോകും. ഒരു സാഹസത്തിന് ഞാൻ മുതിർന്നാൽ എന്റെ ചേച്ചിയെ ജീവനോടെ എനിക്കു കിട്ടിയില്ലെന്നുവരും സാർ.”
പ്രൊഫസർ ഉദ്യോഗപ്പെട്ടു.
“അപ്പോൾ?”
ശശിധരൻ പറഞ്ഞു. “സാറ് ക്ഷമിക്കണം. ശാന്തയെ ഞാൻ മറക്കാൻ ശ്രമിച്ചുകൊളളാം.”
മുകളിൽനിന്ന് കനമുളള ഒരു കരിങ്കല്ല് ശിരസ്സിൽ വന്നുവീണതുപോലെ ശാന്തയ്‌ക്കു തോന്നി. കണ്ണിലൂടെ മിന്നൽപിണരുകൾ. ചേതന തന്നിൽനിന്ന് ഊർന്നുപോവുകയായിരുന്നു. കടന്നലുകൾ കൂർത്ത മുളളുകൾകൊണ്ട് ശരീരമാസകലം ആഞ്ഞുകുത്തി. എഴുന്നേറ്റപ്പോൾ തലചുറ്റുന്നതുപോലെ തോന്നി. ചുമരിൽ പിടിച്ച കൈത്തലം വഴുതിപ്പോകുന്നു. വിറയ്‌ക്കുകയും വിയർക്കുകയും ചെയ്യുന്നുണ്ട്. ശാന്ത വീണ്ടും സ്‌റ്റൂളിലിരുന്നു.
Generated from archived content: choonda29.html Author: sree-vijayan