നടന്ന എല്ലാകാര്യങ്ങളും ഒരക്ഷരത്തിന് തെറ്റില്ലാത്തവിധം പ്രൊഫസ്സറെ പറഞ്ഞു കേൾപ്പിച്ചു. ചുവന്നു കലങ്ങിയ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി; എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രൊഫസർ പറഞ്ഞു.
“വരുന്നതെന്തും നേരിടാനുളള കരുത്ത് നാം നേടിവയ്‌ക്കുക. മനഃശക്തിയുണ്ടെങ്കിൽ മാറാലകൾ എല്ലാം മാറികിട്ടും കുട്ടീ.”
തുടർന്ന് പലതും പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. അമ്മയെ വെറുക്കരുതെന്നും, കുടുംബമെന്നത് ഒരു ക്ഷേത്രംപോലെ പുണ്യപ്പെട്ടതാണെന്നും പ്രൊഫസർ ഉപദേശിച്ചു.
ഒട്ടുനേരം കരഞ്ഞ് മനസ്സിന് ലാഘവം വന്നപ്പോൾ സാറിനോട് യാത്ര പറഞ്ഞു ശാന്ത ഹോസ്‌റ്റലിലേയ്‌ക്കുപോയി.
പെട്ടെന്നുളള മടക്കത്തെക്കുറിച്ച് കൂട്ടുകാരികൾ തിരക്കിയപ്പോൾ മുൻകൂട്ടി മറുപടി ഒരുക്കിവച്ചിരുന്നത് കൊണ്ട് വിഷമിക്കേണ്ടിവന്നില്ല.
അമ്മയും മുത്തച്ഛനും ഗുരുവായൂർക്ക് പോയിരിക്കുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങിവരൂ എന്നറിഞ്ഞതിനാൽ താൻ പെട്ടെന്ന് തിരിച്ചുപോന്നു എന്നും ശാന്ത സ്വതസ്സിദ്ധമായ അഭിനയനൈപുണ്യത്തോടെ പറഞ്ഞു കേൾപ്പിച്ചു. കളളം പറഞ്ഞതിന്റെ മനസ്സാക്ഷിക്കുത്ത് ഉളളിൽ വല്ലാത്ത കുടച്ചിലുണ്ടാക്കി. അപ്പോഴും പ്രൊഫസ്സറുടെ വാക്കുകൾ ഓർമ്മയിലെത്തി.
“വരുന്നതെന്തും നേരിടാനുളള കരുത്ത് നാം നേടിവയ്‌ക്കുക.”
* * * * * * * * * * * * * * * * * * * * * * * * *
ആഴ്‌ചകൾ നാലഞ്ചു കഴിഞ്ഞിട്ടും വീട്ടിലേയ്‌ക്ക് കത്തയച്ചില്ല. വിവരമന്വേഷിച്ചും, മാപ്പപേക്ഷിച്ചും അമ്മയുടെ എഴുത്ത് വന്നു. അതിനും മറുപടി വിട്ടില്ല. മനസ്സ് കല്ലുപോലെ കഠിനമായി പോയോ?
കൃഷ്‌ണപിളളസാർ ഓർമ്മിപ്പിക്കാറുണ്ട്. “ആഴ്‌ചയിൽ ഒരു കത്തെങ്കിലും അയയ്‌ക്കണം. അമ്മയെ വിഷമിപ്പിക്കരുത്.”
എന്നിട്ടും എഴുതിയില്ല. എന്തെഴുതാൻ?
തന്റെ സുഖവിവരമല്ലേ അറിയിക്കാനുളളൂ? അമ്മ എങ്ങിനെ കഴിയുന്നുവെന്ന് തനിക്കറിയാമല്ലോ. എല്ലാം സഹിക്കുന്ന മുത്തച്ഛൻ ഉപയോഗമില്ലാത്ത ഒരു വീട്ടുപകരണം പോലെ ചായിപ്പിൽ കിടപ്പുണ്ടാകും.
ശാന്ത നെടുവീർപ്പിട്ടു. ഹോസ്‌റ്റലിലെ വേലക്കാരിപ്പെണ്ണ് ഒരെഴുത്തു കൊണ്ടുവന്നു നീട്ടി. സത്യത്തിൽ ദേഷ്യമാണ് തോന്നിയത്. “അവിടെയെങ്ങാൻ ഇട്ടേക്കൂ രാധേ..”
രാധ കവർ മേശപ്പുറത്ത് വച്ചിട്ടുപോയി. കത്ത് ആരുടേതെന്നോ, എവിടെ നിന്നെന്നോ ആലോചിക്കാൻപോലും മിനക്കെടാതെ അവൾ ദിനകൃത്യങ്ങളിലേയ്‌ക്കും തിരിഞ്ഞു.
ക്ലാസ്സിലേയ്‌ക്കു പോകാൻ ഇറങ്ങിയപ്പോൾ സതിയുടെ ശ്രദ്ധയിൽപ്പെട്ടു. തിരിച്ചും മറിച്ചും നോക്കിയിട്ട് സതി ചോദിച്ചു.
“ഇതെന്താ പൊട്ടിക്കാതെ ഇട്ടിരിക്കുന്നത്? നീ എഴുത്തു വായിച്ചില്ലേ?”
“പിന്നെ നോക്കാം. ബെല്ലടിക്കാൻ സമയമായി.”
സതിയുടെ കയ്യിൽനിന്നും കവർ വാങ്ങി പുസ്‌തകത്തിൽ വച്ചിട്ട് നേരെ കോളേജിലേയ്‌ക്ക് നടന്നു.
ലിഷർ പീരിയഡിൽ അതുമിതുമാലോചിച്ചുകൊണ്ട് വൃഥാ ഇരുന്നപ്പോൾ വീണ്ടും കത്തിനെക്കുറിച്ചോർത്തു. ‘പണ്ടപ്പരപ്പും പരാതീനവും’ പറഞ്ഞ് അമ്മ അതുമിതും എഴുതിയിട്ടുണ്ടാവും. വീണ്ടും മാപ്പിരന്നിട്ടുണ്ടാകും. എത്രയായാലും പെറ്റതളളയല്ലേ? അവരെയങ്ങിനെ മനസ്സിൽ നിന്നകറ്റി നിർത്താൻ കഴിയുമോ?
അങ്ങിനെ ചിന്തിച്ചപ്പോൾ ഉളള് ചുട്ടുനീറാൻ തുടങ്ങി. ബുക്കിൽനിന്ന് കവറെടുത്ത് ഒഴിഞ്ഞ ഒരു കോണിൽ പോയിരുന്ന് തുറന്നു.
ഒരു ഞെട്ടൽ…!
ആരുടെ കയ്യക്ഷരമാണിത്? ഇളംനീല നിറത്തിലുളള കനം കുറഞ്ഞ കടലാസ്സിൽ വടിവില്ലാത്ത അക്ഷരങ്ങൾ…ധൃതിയിലെഴുതിയതുകൊണ്ടാണോ? വാക്കുകളുടെ ഘടനയും അക്ഷരത്തെറ്റും മൂലം വായിക്കാൻപോലും ക്ലേശിക്കേണ്ടിയിരിക്കുന്നു.
അവൾ കത്തിന്റെ അവസാനത്തിലേയ്‌ക്ക് കണ്ണോടിച്ചു.
“….എന്ന് വിനീതനും ആരാധകനുമായ ഗോപിനാഥൻ….”
ആരാധന! നാശം……
കത്തുചുരുട്ടി വലിച്ചെറിയാൻ തോന്നി. പക്ഷേ മുഴുവൻ വായിച്ചില്ലല്ലോ. എന്താണാ മനുഷ്യൻ പറഞ്ഞിരിക്കുന്നത്?
എത്ര കാലമെങ്കിലും താൻ കാത്തിരുന്നുകൊളളാമെന്ന്! തന്നെ നഖശിഖാന്തം സ്‌നേഹിക്കുന്നുവെന്ന്! വിവാഹം കഴിക്കാൻ സമ്മതമല്ലെങ്കിൽ ഒരു വീട്ടുവേലക്കാരനായിട്ടെങ്കിലും ശാന്തയുടെ കൂടെ കഴിയാൻ അനുവദിക്കണേയെന്ന്. ശാന്തയുടെ ചെരിപ്പ് തുടയ്‌ക്കാനെങ്കിലുമുളള ഭാഗ്യം ലഭിച്ചാൽ അതും സ്വർഗ്ഗീയാനുഭൂതി പകരുമെന്ന്!്
ഛെ! അയാൾക്കു ഭ്രാന്താണോ?
കലിയോടെ കത്തു ചുരുട്ടിക്കൂട്ടി. സതി അടുത്തുവന്നു.
“എന്താ ശാന്ത? ആരുടെയാ എഴുത്ത്?”
“ആരാധകന്റെ!” അവൾ ചുരുട്ടിക്കൂട്ടിയ കടലാസ് നീട്ടി. ചുരുളു നിവർത്തി തപ്പിത്തടഞ്ഞ് സതി കത്തു വായിച്ചു. എന്നിട്ട് നിറുത്താതെ ചിരിക്കാൻ തുടങ്ങി. നിർവ്വികാരഭാവത്തോടെ ശാന്ത പറഞ്ഞു.
“തലയ്‌ക്ക് വട്ടിളകിയാൽ എന്തുചെയ്യും?”
സതി ചോദിച്ചു.
“ആരാണീ ഗോപിനാഥൻ?”
“എനിക്കറിയില്ല. ഒന്നുരണ്ടു പ്രാവശ്യമേ ഞാൻ കണ്ടിട്ടുളളൂ. നാട്ടിലെ പാലം പണിയ്‌ക്കുവന്ന എവിടത്തുകാരനോ ആണ്.”
“അപ്പോൾ ജോലിക്കാരനാ അല്ലേ? ആളെങ്ങിനെ?”
“കൊളളാം. കൊമ്പും വാലും തുമ്പിക്കയ്യുമുണ്ട്..”
ശാന്ത ക്ലാസ്സിലേക്ക് നടന്നു. കിലുകിലാ ചിരിച്ചു.
Generated from archived content: choonda28.html Author: sree-vijayan