ശാന്ത പടികടന്നു വന്നപ്പോൾ ഉമ്മറത്തെ വാതിൽ ചാരിയിരിക്കുന്നതു കണ്ടു. വീട്ടിൽ ആരുമില്ലായിരിക്കുമോ? അതായിരുന്നു ശങ്ക. നടക്കല്ലു കയറി വരാന്തയിലേക്ക് കാലുവെച്ചതേയുളളൂ അടുക്കളവശത്തുനിന്നും അമ്മയുടെ ചിരികേട്ടു. ഹൃദയത്തിൽ കുളിരുകോരി. ആനന്ദം ക്ഷണികമായിരുന്നു. അമ്മയോടൊപ്പം ഒരു പുരുഷനും പൊട്ടിച്ചിരിക്കുന്നു. ആരാണയാൾ? പകൽ സമയത്ത് തന്റെ വീട്ടിൽ വരാൻ ധൈര്യമുണ്ടായ ആ മനുഷ്യന്റെ സങ്കോചമില്ലായ്‌മ…അപകടകരമായി തോന്നി. വരിക മാത്രമല്ലല്ലോ…അകത്തിരുന്ന് കൂസലന്യേ ചിരിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നു…അയാളെ പറയുന്നതെന്തിന്? തന്റെ അമ്മയല്ലേ ഇതിനൊക്കെ കാരണം? രാത്രികാലങ്ങളിലുളള നടപടികൾ പട്ടാപ്പകലും അമ്മ അനുവർത്തിക്കുന്നുവെന്നല്ലേ ഇതിനർത്ഥം? ശാന്തയ്‌ക്കു വരേണ്ടായിരുന്നുവെന്ന് തോന്നി. ഉളള വേദനയുമായി കോളേജിലെവിടെയെങ്കിലും കഴിഞ്ഞാൽ മതിയായിരുന്നു.
അകത്തുനിന്നും വീണ്ടും ചിരി. ശാന്ത അമർഷം പൂണ്ടു. നിൽക്കണ്ടാ- കോളേജിലേയ്‌ക്ക് തന്നെ മടങ്ങിപ്പോകാം. വന്നവിവരം പോലും തൽക്കാലം ആരും അറിയണ്ട. അവൾ മുറ്റത്തേക്കിറങ്ങാൻ ഭാവിച്ചു.
പെട്ടെന്നൊരു ശബ്‌ദം. “ആരാ ചിരിയ്‌ക്കണത്? സമയമെത്രയായി?”
മുത്തച്ഛൻ! കരളിൽ വല്ലാത്തൊരു കടച്ചിൽ. എത്ര നാളായി പ്രിയപ്പെട്ട മുത്തച്ഛനെ ഒരുനോക്കു കണ്ടിട്ട്. കാണാതെ എങ്ങിനെ മടങ്ങും? അവൾ ഇറയത്തിന്റെ അറ്റത്തുളള ചായിപ്പുമുറിയുടെ ഭാഗത്തേയ്‌ക്ക് നടന്നു. വാതിൽ ചാരിയിട്ടേ ഉളളൂ. മെല്ലെ തുറന്നു. കട്ടിലിൽ മുത്തച്ഛൻ മൂടിപ്പുതച്ചു കിടക്കുകയാണ്. മുഖംപോലും കാണാൻ വയ്യ.
കുറേനേരം വൃഥാ നോക്കിനിന്നു. ശബ്‌ദമുണ്ടാക്കാതെ പെട്ടിതുറന്ന് കരിമ്പടം പുറത്തെടുത്ത് കട്ടിലിൽ വച്ചു. വേദന തിരളുന്ന മനസ്സോടെ മൗനഭാഷയിൽ മുത്തച്ഛനോട് യാത്ര ചോദിച്ചു.
“എന്നോട് ക്ഷമിക്കണേ മുത്തച്ഛാ….ആരേയും കാണാതെ ഞാൻ തിരിച്ചുപോവുകയാണ്.”
എന്തോ ഫലിതം പൊട്ടിച്ചതിനാലാവാം അമ്മയുടെ ചിരി. ഒപ്പം പുരുഷന്റെ പൊട്ടിച്ചിരിയും.
ശാന്ത കലിയോടെ ആ ഭാഗത്തേക്ക് കാതു കൂർപ്പിച്ചു.
കരിമ്പടത്തിനുളളിൽ നിന്ന് മുത്തച്ഛൻ വിളിച്ചു ചോദിച്ചു.
“ആരാ അപ്പുറത്ത് ചിരിക്കുന്നത്? മണിയെത്രയായി?”
ആരും ഉത്തരം പറഞ്ഞില്ല.
ശാന്ത സൂട്ട്‌കേയ്‌സുമായി ഇറയത്തേയ്‌ക്കു കടന്നു. ആവുന്നത്ര വേഗം പടി കടക്കണം. ആ ധൃതിയിൽ മുറ്റത്തേക്ക് ഇറങ്ങവേ പെട്ടി കയ്യിൽനിന്ന് വഴുതിപ്പോയി. കുത്തിനിറച്ചു വച്ചിരുന്ന സാമഗ്രികൾ നടക്കല്ലിൽ ചിതറിവീണു.
പകപ്പോടെ കയ്യിൽ കിട്ടിയതൊക്കെ വാരിയിട്ടു. അകത്തുനിന്ന് കാൽപെരുമാറ്റം കേട്ടതുപോലെ തോന്നി. സൂട്ട് കേയ്‌സടച്ച് അവൾ പടിക്കലേയ്‌ക്ക് നടന്നു. പടിക്കലെത്തുന്നതിനു മുമ്പേ ഉമ്മറവാതിൽ തുറന്ന് കല്യാണിയമ്മ വരാന്തയിലെത്തി. അവർക്ക് വിശ്വസിക്കാനൊത്തില്ല. തന്റെ മകളല്ലേ പെട്ടിയുമായി പോകുന്നത്? അവൾ എപ്പോൾ വന്നു? ആരേയും കാണാതെ എങ്ങോട്ടു പോകുന്നു? മടങ്ങിപ്പോവുകയായിരിക്കുമോ? നിമിഷങ്ങൾക്കുളളിൽ പല നിനവുകളുംകൂടി കെട്ടുപിണഞ്ഞു. പരിഭ്രമത്തോടെ അവർ വിളിച്ചു.
“ശാന്തേ…”
ഷോക്കേറ്റതുപോലെ ശാന്ത നിന്നു. തിരിഞ്ഞുനോക്കി. വരാന്തയിൽ അമ്മ നിൽക്കുന്നു. തന്നെ നൊന്തുപ്രസവിച്ച തന്റെ അമ്മ! വിവിധ ഭാവങ്ങൾ ശാന്തയുടെ മുഖത്ത് തെളിഞ്ഞുമാഞ്ഞു. കോപവും ദുഃഖവും അവളെ വിഷമിപ്പിച്ചു. അമ്മയുടെ ചിലമ്പിച്ച ശബ്‌ദം.
“നീയെപ്പോഴാ മോളേ വന്നത്? ആരോടും മിണ്ടാതെ എങ്ങോട്ടാ പോകുന്നത്?”
മൗനം. വിങ്ങിപ്പൊട്ടി ശാന്ത നിന്നു. മടങ്ങിയാലോ? ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞാലോ? മിണ്ടാതെ തിരിച്ചുപോന്നതിന് മാപ്പു ചോദിച്ചാലോ?
സ്തബ്ധചിന്തയിലാണ്ടു നിൽക്കവേ അതാ അകത്തുനിന്ന് അമ്മയുടെ സമീപത്തേക്ക് ഒരു പുരുഷൻ കടന്നുവരുന്നു. ഒന്നേ നോക്കിയുളളു. ആളെ വ്യക്തമായില്ല. ഇരച്ചുകയറിയ കോപത്തോടെ അവൾ മുഖം തിരിച്ചു.
ഒട്ടും വൈകിയില്ല. അവൾ പടിക്കലേയ്‌ക്ക് കാലുകൾ നീട്ടിചവുട്ടി. അമ്മയുടെ ‘ശാന്തേ, ശാന്തേ’ എന്ന വിളികൾ പുറകിൽ പലവട്ടം മുഴങ്ങി. പക്ഷേ തളരാത്ത മനസ്സോടെ, അടങ്ങാത്ത അമർഷത്തോടെ ശരംവിട്ടതുപോലെ മുൻപോട്ടു നടന്നു മറഞ്ഞു.
പടിവരെ മകളെ വിളിച്ചുകൊണ്ട് ഓടിയത് കല്യാണിയമ്മയ്‌ക്ക് ഓർമ്മയുണ്ട്. കാൽ എവിടെയോ തട്ടി മറിഞ്ഞു വീണതും മനസ്സിൽ തെളിഞ്ഞുവന്നു.
കട്ടിലിൽ കിടന്നുകൊണ്ട് തന്റെ സമീപത്ത് നില്‌ക്കുന്ന പരീതിനോട് പരിക്ഷീണയായി കല്യാണിയമ്മ തിരക്കി.
“എന്റെ മോളിനി തിരിച്ചുവരില്ലേ?”
പരീതെന്തു പറയും? ആശ്വാസവാക്കുകൾക്ക് അവിടെ എന്തു പ്രസക്തി?
Generated from archived content: choonda27.html Author: sree-vijayan