സൃഷ്‌ടിയുടെ ഉദ്ദേശമെന്തെന്ന് പ്രപഞ്ചകർത്താവിനുപോലും പിടിയില്ലെന്നു തോന്നുന്നു. ഇണ ചേരുന്ന ജീവികളിൽ നിന്ന് പ്രതിരൂപങ്ങൾ പിറക്കുന്നതനുസരിച്ച് സ്രഷ്‌ടാവും അബദ്ധകർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണോ? അതോ അതികൗശലത്തോടെ അറിഞ്ഞുകൊണ്ട് ‘ക്രൂരമായ വിനോദക്കളരി’യിൽ പയറ്റു നടത്തുന്നതോ? എങ്കിൽ കരുണാമയനായ ഈശ്വരൻ ഇത്രകണ്ട് കഠിനഹൃദയത്തിന് ഉടമയാകുന്നതെങ്ങിനെ?
അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ജീവിതത്തിന്റെ അർത്ഥസമ്പുഷ്‌ടമായ പൊരുളെന്ത്?
വിവേകമെന്ന വിശ്വനിധി ലഭിച്ച മനുഷ്യനെന്ന പ്രതിഭാസം സൃഷ്‌ടിയുടെ അത്യാതിശയമെന്നല്ലേ ധിഷണാശാലികൾ രേഖപ്പെടുത്തിയിരിക്കുന്നത്?
അപ്പോൾ പിന്നെ അതിബുദ്ധിമാനായ മനുഷ്യന്റെ എല്ലാ കണക്കുക്കൂട്ടലുകളേയും തെറ്റിക്കുന്ന അനുഭവങ്ങൾ ആർക്കുവേണ്ടി ഈശ്വരൻ മിനഞ്ഞുവെയ്‌ക്കുന്നു?
എത്തുംപിടിയുമില്ലാത്ത ഈ ജീവിതത്തിന്റെ ഉദ്ദേശമെന്ത്?
സ്വതന്ത്രേച്ഛമായ മനുഷ്യൻ നിയമങ്ങളെ ലംഘിക്കുവാൻ താൽപര്യം കാണിക്കുന്നു. പക്ഷേ, അദൃശ്യമായ ഏതോ ബലമുളള നൂലിൽ കുരുങ്ങിയാണ് അവൻ വിക്രിയകൾ പ്രകടിപ്പിക്കുന്നതെന്ന് തീർച്ച. ആ നൂല് അയയുന്നതുവരെ പല അത്ഭുതങ്ങളും അഭ്യാസങ്ങളും കാണിക്കാൻ പറ്റും. ഒടുവിൽ നടുക്കങ്ങളുടെ ഏതോ നിമിഷത്തിൽ ശക്തിയേറിയ ഒരു വലിയിൽപെട്ട് ചൂണ്ടയിൽ കുരുങ്ങിയ മത്സ്യംപോലെ അപാരതയെപ്പറ്റി ദുഃസ്വപ്നവും കണ്ട് കണ്ട് മനസ്സില്ലാമനസ്സോടെ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു.
ചൂണ്ടയിടുന്നതും, ഇരയെ വലിച്ചെടുക്കുന്നതുമായ വ്യക്തിയോ ശക്തിയോ ആണോ ഈശ്വരൻ? സൃഷ്‌ടിയും സംഹാരവും ഒരു ബിന്ദുവിന്റെ സ്വഭാവം തന്നെയോ?
ആയിരിയ്‌ക്കാം. അനുഭവങ്ങൾ അതാണല്ലോ കാണിക്കുന്നതും.
ബസ്സിറങ്ങി ഉല്ലാസഭാവത്തോടെ വീട്ടിലേയ്‌ക്കു നടന്ന ശാന്തയ്‌ക്ക് താൻ ഒരു പുതിയ സ്ഥലത്ത് ചെന്നുപറ്റിയ അനുഭവംപോലെ തോന്നി. കവലയിലെ ആളുകൾ അതിശയപൂർവ്വം അവളെ കാണുകയും സംസാരിക്കുകയും ചെയ്‌തു. പഴയപോലുളള ഭയമോ സങ്കോചമോ അവൾക്കനുഭവപ്പെട്ടില്ല. ശാന്ത നടന്നു നീങ്ങിയപ്പോൾ ചായക്കടയിൽ ആളുകൾ സംസാരിച്ചു.
“…..ആ കട്ടി നന്നാവും. അവൾ ഐശ്വര്യമുളളവളാ.”
“അല്ലെങ്കിലും ചേറിൽ നിന്നല്ലെ രാമൻനായരെ ചെന്താമര മുളയ്‌ക്കുക?”
“ശരിയാ മാഷേ, മനുഷ്യർക്ക് നന്നാകാൻ ഇത്രസമയം വേണമെന്നൊന്നും ഇല്യാ.”
* * * * * * * * * * * * * * * * * * * * * * * * *
അടുക്കളയിലിരുന്ന് കല്യാണിയമ്മ ചേന അരിയുകയായിരുന്നു. അച്ഛന് പണ്ടേ പത്ഥ്യമാണ് ചേനക്കഷ്‌ണമിട്ട മോരൊഴിച്ചുക്കൂട്ടാൻ. സൗദാമിനി ടീച്ചറുടെ വീട്ടിൽനിന്ന് കിട്ടിയ വെണ്ണ കടയാത്ത മോരും വിളഞ്ഞ ചേനയും രണ്ടുദിവസത്തേക്കുളള കറിയുടെ പ്രശ്‌നം തീർത്തു.
ഉമ്മറത്ത് കാൽ പെരുമാറ്റം കേട്ടു തല ഉയർത്തി നോക്കി.
“ആരാ അത്?”
പരീതിന്റെ മറുപടി കേട്ടപ്പോൾ മുഖം വികസിച്ചു.
“ഇപ്രത്തേയ്‌ക്ക് വരൂ. ഇത്തിരി ജോലിയിലാ.”
പരീത് വന്നു. കല്യാണിയമ്മ ഇരിക്കാൻ പലകയിട്ടുകൊടുത്തു. ഒരു ബീഡിക്ക് തീകൊളുത്തിയിട്ട് പരീത് ഇരുന്നു.
“ഞമ്മള് ചിട്ടിക്കാരന്റെ ബീട്ടീന്ന് ബരികേണ്. അറുന്നൂറിന്റെ ചിട്ടി ഇരുന്നൂറ്റിമുപ്പത് രൂപാ കുറച്ച് ബിളിച്ചെടുത്തു.”
കല്യാണിയമ്മ നെറ്റിചുളിച്ചു.
“അയ്യോ അത്രയും കുറച്ച് വിളിച്ചതെന്തിനാ?”
പരീത് ചിരിച്ചു.
“സാരമില്ല….” പൂങ്കുടി കുട്ടപ്പൻ നായരിക്കടെ ബീട്ടില് ഒരു പശു നിൽപ്പൊണ്ട്. പെറ്റിട്ട് രണ്ടുമാസം കയിഞ്ഞതേ ഒളള്. മുന്നൂറ്റി നാല്പത് രൂപായ്‌ക്ക് കബൂലാക്കാം.“
”പാലെത്ര കിട്ടും?“
”രണ്ടു കുപ്പീല് കൊറയൂല്ലാ…ഞമ്മള് ബാക്ക് പറയാൻ പോകേണ്.“
പരീതിന്റെ നിഷ്‌ക്കളങ്കമായ ചിരി.
കല്യാണിയമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. തനിക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നു! ആ സ്‌നേഹത്തിന്റെ നൂറിലൊരംശമെങ്കിലും തിരിച്ചുനൽകാൻ താൻ അർഹയാണോ? കിളികൊത്തിയ മാമ്പഴമല്ലേ താൻ? വീണ്ടും തന്നോട് പ്രിയം തോന്നുവാൻ കാരണമെന്ത്? ഈശ്വരന്റെ കല്പനകൾ അനുസരിക്കുകതന്നെ.
പരീത് തിരക്കി.
”എന്താ മുണ്ടാത്തത്? കുട്ടപ്പൻ നായരിട്ടെ ബാക്കു പറയട്ടെ? രണ്ടായ്‌ചയ്‌ക്കുളളില് ഉറുപ്യ കിട്ടും.“
”എല്ലാം പരീതിന്റെ ഇഷ്‌ടം. ചോദ്യം ചെയ്യാതെ എന്തും അനുസരിക്കാൻ തയ്യാറാണ് ഞാൻ.“
പരീതിന്റെ അധരങ്ങളിൽ വീണ്ടും വെളളിപ്പൂക്കൾ.
കല്യാണിയമ്മ മനസ്സിൽ സ്വയം ചോദിച്ചു.
”ഇങ്ങനെ നിഷ്‌ക്കപടമായി ചിരിക്കാൻ കഴിയുന്നതെങ്ങനെ?“
രണ്ടാഴ്‌ചക്കുളളിൽ കറവപ്പശുവിനെ കൊണ്ടുവരാൻ പറ്റുമെന്നും അതിനുശേഷം ഇന്നുളള ജീവിതരീതി പാടേ ഉപേക്ഷിക്കണമെന്നും പരീതു സൂചിപ്പിച്ചപ്പോൾ ഹർഷോന്മാദത്താൽ കോരിത്തരിക്കുകയായിരുന്നു കല്യാണിയമ്മ. ഉളളതിൽനിന്നും പത്തുവർഷത്തെ പ്രായംപോലും തനിക്കു കുറഞ്ഞുപോയെന്ന് തോന്നി.
കാപ്പി തയ്യാറാക്കാൻ ഭാവിച്ചപ്പോൾ പരീത് തടഞ്ഞു. പോകാനായി എഴുന്നേറ്റു. കാപ്പി കുടിക്കാതെ പോകരുതെന്നുളള നിർബ്ബന്ധം അയാളെ വീണ്ടും അവിടെത്തന്നെയിരുത്തി.
തകർപ്പുകാരിയായ പെൺകിടാവിനെപ്പോലെ കല്യാണിയമ്മ ഒത്തിരി തമാശ പറയുകയും ചിരിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.
Generated from archived content: choonda26.html Author: sree-vijayan