ഒരു ദിവസം പഞ്ചായത്ത് പ്രസിഡണ്ട് മത്തായി ചോദിച്ചു. “ഞാനിവിടെ വരുന്ന കാര്യത്തിൽ പരീതിനല്പം നീരസമുണ്ട്, അല്ലേ?”
ഉമ്മറത്തെ ബഞ്ചിൽ ചരിഞ്ഞുകിടക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേർക്ക് ദൃഢമായി നോക്കി കല്യാണിയമ്മ പറഞ്ഞു.
“തുറന്നുപറയാം സാറേ, സാറിവിടെ വരുന്നതിൽ പരീതിന് വിരോധമുണ്ട്. ഞങ്ങൾ തമ്മിലുളള ബന്ധം അതാണ്.”
“മനസ്സിലായില്ല…”
“നാലാംവേദക്കാരനാണെങ്കിലും പരീതിന്റെ മനസ്സ് ശുദ്ധമാണ്.”
കല്യാണിയമ്മയുടെ ആ പ്രസ്താവനയും പിടികിട്ടാതെ വന്നപ്പോൾ പ്രസിഡണ്ട് എഴുന്നേറ്റിരുന്നു.
“ഹ! അന്ന് പിന്നെ അവനെപ്പറ്റി പരാതി പറഞ്ഞതോ?”
കല്യാണിയമ്മ പുഞ്ചിരിച്ചു.
“ആദ്യം ഞാനും അങ്ങിനെയൊക്കെ ധരിച്ചിരുന്നു. സാറിനറിയാമോ? ഇവിടെ വരുന്നുണ്ട് പോകുന്നുണ്ട് എന്നല്ലാതെ എന്റെ ശരീരത്തിൽ ആ മനുഷ്യൻ തൊട്ടിട്ടുപോലുമില്ല.”
മത്തായി ഉറക്കെ ചിരിച്ചു.
“എന്നാൽ അവൻ ആണല്ലായിരിക്കും.”
“അതെന്തോ….പരീതിനൊരു ജോലി കിട്ടിയാൽ ഞങ്ങൾ കല്യാണം കഴിക്കും. അതിനുശേഷം ഇന്നത്തെ കല്യാണിയമ്മയെ നിങ്ങൾ കാണില്ല. ഞാൻ ആ മനുഷ്യന്റെ നല്ലവളായ, വിശ്വസ്തയായ ഭാര്യയായിരിക്കും!”
അതു പറഞ്ഞതോടെ കല്യാണിയമ്മയ്‌ക്ക് കരച്ചിൽ വന്നു. അവർ കണ്ണു തുടച്ചു മൂക്കുചീറ്റി.
വാതിൽക്കൽ വൃദ്ധന്റെ തല പ്രത്യക്ഷപ്പെട്ടു.
“പ്രസിഡണ്ടിന്റെ കയ്യിൽ ബീഡിയൊണ്ടോ ഒരെണ്ണം തരാൻ?”
മത്തായി ഒന്നു പരുങ്ങി. ജാള്യതയോടെ ചിരിച്ചു. മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണീരു തുടച്ചിട്ട് കല്യാണിയമ്മ അച്ഛനോട് പറഞ്ഞു.
“തലയണച്ചോട്ടിൽ ബീഡിവച്ചിട്ടുണ്ടച്ഛാ”
വൃദ്ധൻ മകളെ ശ്രദ്ധിച്ചു.
“മോളെന്തിനാ കരയുന്നത്?”
“ഒന്നുമില്ലച്ഛാ…..”
അവർ മുഖം തിരിച്ചു. കാരണവരുടെ മുഖത്ത് വിവരണാതീതമായ ഭാവപ്പകർച്ചയുണ്ടായി. തെല്ലൊരു അരിശത്തോടെ മത്തായിയെ തുറിച്ചുനോക്കി.
“പ്രസിഡണ്ടായാലും പെട്ടിയാപ്പീസറായാലും പെണ്ണുങ്ങളെ കരയിപ്പിക്കുന്നത് യോഗ്യതയൊന്നുമല്ല.”
മത്തായി ആകെ പകച്ചു. വൃദ്ധൻ കലിയോടെ തുടർന്നു.
“അറിഞ്ഞുകൊണ്ടാണ് ഇവിടെ മഹാപാപം ചെയ്യുന്നത്. കാര്യം കഴിഞ്ഞിട്ട് കാശും കൊടുക്കാണ്ട് പോകാമെന്നു വെച്ചാൽ പെണ്ണുങ്ങളെങ്ങിനെ കരയാതിരിക്കും? ഇതൊരു ആണത്തമൊന്നുമല്ല.”
ക്രൂദ്ധ ദൃഷ്‌ടിയോടെ വൃദ്ധൻ നിന്നു വിറച്ചു.
“അയ്യോ അച്ഛാ…അച്ഛനിങ്ങു വന്നേ…”
പരിഭ്രമത്തോടെ കല്യാണിയമ്മ കാരണവരെ പിടിച്ച് അകത്തേയ്‌ക്ക് കൊണ്ടുപോയി. അപ്പോഴും എന്തെല്ലാമോ മൂപ്പിലാൻ പിറുപിറുക്കുന്നുണ്ടായിരുന്നു. ശകുനം പിശകിയ യാത്രക്കാരനെപ്പോലെ പഞ്ചായത്ത് പ്രസിഡണ്ട് വിളറിവെളുത്തു നിൽക്കുകയായിരുന്നു. കാരണവർ അകത്തേയ്‌ക്ക് പോയതോടെ രക്ഷപ്പെട്ട കണക്കേ അയാൾ ഝടുതിയിൽ പുറത്തേക്കിറങ്ങി നടന്നു.
* * * * * * * * * * * * * * * * * * * * * * * * *
സാധനങ്ങളെല്ലാം ശാന്ത സൂട്ട്‌ക്കേയ്‌സിലടുക്കിവച്ചു. കൃഷ്‌ണപിളളസാർ വാങ്ങിക്കൊടുത്ത സൂട്ട്‌ക്കേയ്‌സാണ്. കൂട്ടുകാർക്കെല്ലാം അതിഷ്‌ടപ്പെട്ടു. കാഴ്‌ചയിൽ വലിപ്പം തോന്നുകില്ലെങ്കിലും ഒട്ടേറെ സാധനങ്ങൾ കൊളളും. കൊണ്ടുനടക്കാൻ വളരെ സൗകര്യം. കനവും കുറവ്.
വീട്ടിൽനിന്ന് പോന്നതിനുശേഷം അങ്ങോട്ടു പോയിട്ടേയില്ല. കത്തുകളിലൂടെ വിവരങ്ങളറിയാറുണ്ട്. പോകാനും അമ്മയെയും മുത്തച്ഛനേയും കാണാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. അവരുടെ കാര്യങ്ങളോർത്ത് പലപ്പോഴും ആധികൊളളാറുണ്ട്. എന്നിരുന്നാലും നാട്ടിലേയ്‌ക്ക് ചെല്ലാൻ മനസ്സിലൊരു തളർച്ച. ആളുകൾ വൃഥാ തുറിച്ചു നോക്കും. അമ്മയുടെ മേൽവിലാസത്തിലെ ആരും തന്നെ കാണുകയുളളു.
തനിക്കൊരു നിലവന്നാൽ-ആരേയും ആശ്രയിക്കാതെ ജീവിക്കാവുന്ന ചുറ്റുപാടു വന്നാൽ-ഇന്നുളള മാലിന്യം മാറുമായിരിക്കും. അതിനിനി എത്രയോ നാളുകൾ നീങ്ങണം? അതുവരെ അമ്മയേയും മുത്തച്ഛനേയും കാണാതിരിക്കുകയോ? അതോർത്തപ്പോൾ ഉളളിൽ ആധിപെരുത്തു. വീട്ടിലേയ്‌ക്ക് പറന്നു ചെല്ലണമെന്ന് തോന്നി.
അമ്മയും മുത്തച്ഛനും തന്നെ കാണുമ്പോൾ എത്രമാത്രം സന്തോഷിക്കും?
വീട്ടിൽനിന്ന് പോരുമ്പോൾ ഉണ്ടായിരുന്ന രൂപമാണോ തനിക്കിന്? വളരെയെല്ലുന്തി കൊലുന്നനെയുളള കൈകാലുകളോടെ നാട്ടിൽനിന്ന് തിരിച്ച താൻ ഇന്ന് കൊഴുത്തു തുടുത്ത് മനോഹരിയായിരിക്കുന്നു.
കണ്ണാടിയിൽ നോക്കുമ്പോൾ സ്വയം നടുങ്ങാറുണ്ട്. എന്തിനിത്ര സൗന്ദര്യം ഈശ്വരൻ തനിക്കു തന്നു?
എവിടെയോ വായിച്ചതോ ആരോ പറഞ്ഞു കേട്ടതോ ആയ വാചകം ഓർമ്മയിൽ വന്നു.
“കുടിലിലെ സൗന്ദര്യം അപകടം ക്ഷണിച്ചു വരുത്തും.”
“നിനക്കെന്താ ശാന്തേ എപ്പോഴും ഒരു ചിന്ത?”
പ്രൊഫസറുടെ ചോദ്യം കേട്ട് ശാന്ത ഒന്നു വല്ലാതായി. പിന്നീടവൾ ചിരിച്ചു. പ്രൊഫസർ തുടർന്നു.
“ചിന്തിക്കാനും ആധികൊളളാനുമാണെങ്കിൽ നിരവധി പ്രശ്‌നങ്ങളുണ്ട് ലോകത്തിൽ. നാളെ എന്തു സംഭവിക്കുമെന്ന് നമുക്കറിയില്ലാത്ത സ്ഥിതിക്ക് ഉന്മേഷത്തോടെ ഇന്ന് കഴിയുക-ലക്ഷ്യബോധമാണ് വേണ്ടത്. എങ്ങിനെ ലക്ഷ്യത്തിലേയ്‌ക്കെത്തുമെന്ന് വെപ്രാളപ്പെടാൻ തുടങ്ങിയാൽ ഒരടി മുന്നോട്ടു വയ്‌ക്കാൻ കഴിയില്ല കുട്ടീ….”
ശാന്ത സമാധാനമൊന്നും ഉരിയാടിയില്ല. അവൾ മന്ദഹസിച്ചുകൊണ്ട് ഗുരുമുഖത്തു നിന്നുളള ഉപദേശം കേട്ടുനിന്നു.
പ്രൊഫസർ അലമാരയില നിന്ന് ‘പൊളിത്തീൻ’ കടലാസിൽ പൊതിഞ്ഞ നനുത്ത പച്ചക്കമ്പിളിപ്പുതപ്പ് പുറത്തേയ്‌ക്കെടുത്തു.
“ഇത് പെട്ടിയിൽ വെച്ചേക്കൂ….മുത്തച്ഛനുളളതാണ്..”
പുതപ്പ് ഒതുക്കി വച്ചതിനുശേഷം ശാന്ത സ്യൂട്ട്‌കേയ്‌സ് അടച്ചു.
“തിങ്കളാഴ്‌ച രാവിലെത്തന്നെ വരണം കേട്ടോ.. ക്ലാസ്സ് മുടക്കരുത്.”
“ശരി സാർ.”
യാത്ര പറഞ്ഞ് അവൾ പുറത്തേയ്‌ക്കിറങ്ങി.
Generated from archived content: choonda25.html Author: sree-vijayan