കൃഷ്ണപിളളസാറിന്റെ ലോഡ്‌ജിൽ മേശപ്പുറത്ത് കൈമുട്ടുകളൂന്നി മുഖവും താങ്ങി ശശിധരന്റെ മുൻപിൽ ശാന്ത നിന്നു. കസേരയിൽ ഇരിക്കുന്ന ശശിധരൻ ശാന്തയുടെ മറുപടിക്കുവേണ്ടി ആ മുഖത്തേയ്‌ക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.
ആയുസ്സിനിടയ്‌ക്ക് ഇത്രയും ബുദ്ധിമുട്ടുളള ഒരു ചോദ്യം തനിയ്‌ക്ക് കിട്ടിയിട്ടില്ല. പഠിച്ച പാഠങ്ങളിലൊന്നും ഇല്ലാത്ത ചോദ്യം. മനസ്സിലാക്കിയ ലോകപരിജ്ഞാനങ്ങളിൽ തപ്പിയിട്ടും പെട്ടന്നൊരുത്തരം കണ്ടുപിടിക്കാൻ ശാന്തയ്‌ക്കു കഴിയുന്നില്ല.
മുമ്പിലിരിക്കുന്ന ശശിധരന്റെ ജിജ്ഞാസയ്‌ക്ക് മൂർച്ച കൂടി.
എന്തെങ്കിലുമൊന്ന് പറഞ്ഞേ തീരൂ. എന്തു പറയും? പൂരിപ്പിക്കാൻ വയ്യാത്ത ഈ ‘പദപ്രശ്‌നം’ തന്റെ സമനില തെറ്റിച്ചിരിക്കുകയാണ്.
ഇത്രപെട്ടെന്ന് ഈ മനുഷ്യൻ എന്തിനീ ചോദ്യമെറിഞ്ഞു?
സിലബസ്സ്‘ അനുസരിച്ചുളള പാഠങ്ങൾ പഠിച്ച് ഉയർന്ന മാർക്ക് വാങ്ങാനല്ലേ താൻ കോളേജിലേയ്‌ക്ക് വന്നത്? പുറത്ത് ഇങ്ങനെയൊരു പരീക്ഷയുണ്ടെന്ന് ആരറിഞ്ഞു? ദീർഘമായ മൗനം കണ്ടപ്പോൾ ശശിധരൻ വീണ്ടും നിർബ്ബന്ധിക്കാൻ തുടങ്ങി.
“പറയൂ, മറുപടി കിട്ടിയിട്ടുവേണം സാറിനോടെനിയ്‌ക്കു സംസാരിക്കാൻ.”
ഇനി മടിച്ചിട്ടു കാര്യമില്ല. ക്ഷമയുടെ നെല്ലിപ്പലകവരെ അദ്ദേഹം കാത്തുകഴിഞ്ഞു. ശാന്ത ചുമരിലെ കലണ്ടറിലേയ്‌ക്ക് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.
“എന്നെക്കുറിച്ച് ശശിച്ചേട്ടന് ഒന്നുമറിഞ്ഞുക്കൂടാ..”
ശശിധരൻ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മുഴക്കം അവളുടെ അന്തരംഗഭിത്തികളിൽ ആഞ്ഞലച്ചു. ശശിധരന്റെ വാക്കുകൾ അർത്ഥസംപുഷ്‌ടമായിരുന്നു.
“എന്റെ ഗുരുനാഥൻ കൃഷ്ണപിളളസാറിന്റെ സംരക്ഷണയിൽ കഴിയുന്ന ഒരു പെൺകുട്ടി. ഞാൻ വിവാഹം കഴിച്ചാൽ എന്റെ ഭാര്യയാകാൻ യോഗ്യതയുളള, കാണാൻ കൗതുകമുളള ഒരു യുവതി, പഠിപ്പിലും കലയിലും സാമർത്ഥ്യക്കാരി. ഇത്രയും അറിഞ്ഞാൽ പോരെ?” ശശിധരൻ ഒന്നുകൂടി ചിരിച്ചു.
“അതല്ല ശശിച്ചേട്ടാ… എന്റെ ചുറ്റുപാടുകൾ…”
“ഞാൻ മനസ്സിലാക്കുന്നു..”
“ങേ…?” ഒരു ഞെട്ടലോടെ ശാന്ത ശശിയെ നോക്കി.
“കഷ്‌ടപ്പാടും ദുരിതവുമുളള ഒരു കുടുംബമാണ് ശാന്തയുടേതെന്നല്ലേ? എനിക്കതിൽ കുണ്‌ഠിതമില്ല. എന്റെ അമ്മയേയും രോഗിണിയായ എന്റെ ചേച്ചിയേയും സ്നേഹിക്കാൻ കഴിയുന്ന പാവപ്പെട്ട ഒരു വീട്ടിലെ പെണ്ണായിരിക്കണം എന്റെ ഭാര്യ എന്ന് എനിക്ക് നിർബന്ധമുണ്ട്.”
ആ വാക്കുകളുടെ മുമ്പിൽ ശാന്ത തലകുനിച്ചു. അവളുടെ മിഴികളിൽ ആർദ്രത ഊറിക്കൂടി. ശശിധരൻ തുടർന്നു.
“ശാന്തയ്‌ക്കറിയാമോ? എനിക്കൊരനുജത്തി ഉണ്ടായിരുന്നു. എന്റെ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് ആദ്യം വിരുന്നുവന്ന സമയം. വീടടക്കം ഞങ്ങൾ ആലുവ ശിവരാത്രിക്കുപോയി. അവിടെവച്ച് ആറുവയസ്സ് പ്രായമുളള എന്റെ അനുജത്തിയെ കാണാതായി. വിവരമറിഞ്ഞപ്പോൾ ചേച്ചി ബോധം കെട്ടുവീണു. എഴുന്നേറ്റത് രോഗിണിയായിട്ടാണ്. ഇന്നും ആ ആധിയോടെ ചേച്ചി ജീവിക്കുന്നു.”
കൈലേസ്സു കൊണ്ട് ശശിധരൻ കണ്ണീരൊപ്പി.
“ചേച്ചി ഇപ്പോൾ എവിടെ?”
“മിക്കവാറും വീട്ടിൽ തന്നെയാണ്. ചിലപ്പോൾ ഭർത്താവിന്റെ വീട്ടിലേയ്‌ക്ക് പോകും. എപ്പോഴും ചിന്ത. ഒരു തപസ്വിനിയുടെ ഭാവം. അതാണ് എന്റെ ചേച്ചിയുടെ രോഗം.”
“കാണാതായ ആ അനുജത്തി?”
“എന്നോടൊന്നും ചോദിക്കരുത് ശാന്തേ…അവളെ കുറിച്ചോർക്കുമ്പോൾ സപ്തനാഡികളും തളർന്നു പോകുന്നു. ഒരു പൂമ്പാറ്റയെപ്പോലെ എന്റെ കൈയ്യിൽ തൂങ്ങി നടക്കാറുളള എന്റെ കൊച്ചനുജത്തി…”
ആ വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ ശശിധരൻ പൊട്ടിക്കരഞ്ഞു.
ശാന്ത ആകെ അന്ധാളിച്ചു. എന്തു പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിക്കും? കഴിഞ്ഞകാലത്തെ വേദനിപ്പിക്കുന്ന ഓർമ്മകളെ ഊതിക്കത്തിച്ചത് താനാണ്. അവൾ തന്നത്താൻ പഴിച്ചു. സ്വയം കരയാനും തന്നോടടുക്കുന്ന ഏവരേയും കരയിപ്പിക്കാനുമാണോ തന്റെ തലവിധി? ശാന്തയുടെ ഉളളിലെ തേക്കം കണ്ണീരായി ധാരമുറിയാതെ ഒഴുകി.
തെല്ലുകഴിഞ്ഞ് ശശിധരൻ മുഖമുയർത്തി. കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു. ശാന്ത പറഞ്ഞു.
“എഴുന്നേറ്റു മുഖം കഴുകൂ…”
അനുസരണയുളള ഇളംപൈതലിനെപ്പോലെ ശശിധരൻ ബാത്ത് റൂമിലേയ്‌ക്ക് പോയി.
ശാന്ത നിനച്ചു. എന്തൊരു പാവമാണീ മനുഷ്യൻ? കീഴുദ്യോഗസ്ഥന്മാരെ കിടുകിടെ വിറപ്പിക്കേണ്ടുന്ന ഒരു പോലീസ് ഓഫീസർ ഇത്രയ്‌ക്ക് സാധുവാകാമോ? കാക്കിക്കുപ്പായത്തിനുളളിൽ പൂപോലെ മൃദുലമായ ഹൃദയമുണ്ടോ? പണ്ട് സതി പറഞ്ഞ വാചകം ഓർമ്മയിലെത്തി.
“….പേടിക്കേണ്ടടീ….പോലീസുകാരും മനുഷ്യരാണ്…”
ശാന്തയ്‌ക്ക് തോന്നി. മനുഷ്യർ മാത്രമല്ല; പരിശുദ്ധരുമാണവർ….
* * * * * * * * * * * * * * * * * * * * * * * * *
പ്രസന്ന ശാസ്‌ത്രികളുടെ പക്കൽനിന്നും പണം വാങ്ങിച്ചതിനുശേഷം ഏതോ പ്രേതബാധയേറ്റതുപോലെയായിരുന്നു കല്യാണിയമ്മ കഴിഞ്ഞിരുന്നത്. അരുതെന്ന് മനസ്സ് വിലക്കാറുണ്ടെങ്കിലും പരിതഃസ്ഥിതിക്കെതിരെ പങ്കായം തുഴയാൻ അവർക്കു കഴിഞ്ഞില്ല. പല രാത്രികളിലും സന്ദർശകർ അവിടെ കയറിയിറങ്ങി. ഓരോ പരിചയക്കാരും വന്ന് പൊയ്‌ക്കഴിയുമ്പോൾ അന്ധകാരത്തിലേയ്‌ക്ക് കണ്ണുനട്ട് അവർ തേങ്ങിക്കരയും. ഗുരുവായൂരപ്പനോട് ഹൃദയം തകർന്ന് അവർ പ്രാർത്ഥിക്കാറുണ്ട്. “ഏറ്റവും വേഗത്തിൽ പരീതിനൊരു ജോലി കിട്ടണേ ഭഗവാനേ…”
ഈയിടെ അധോമുഖനായാണ് പരീതും കഴിയുന്നത്. പകൽ സമയം ചിലപ്പോൾ കയറിവരും. ഉമ്മറത്തെ ബഞ്ചിൽ ആലോചനയിൽ മുഴുകി ഏറെ നേരം ഇരിക്കും. കല്യാണിയമ്മയുടെ ചോദ്യങ്ങൾക്ക് ചുരുങ്ങിയ വാക്കുകളിൽ മറുപടി പറയും. പലപ്പോഴും യാത്രപോലും പറയാതെയായിരിക്കും, ഇറങ്ങിപ്പോവുക. ആ പോക്കു കാണുമ്പോൾ കല്യാണിയമ്മയുടെ ഇടനെഞ്ച് പൊട്ടാറുണ്ട്.
പരീത് തന്നെ അത്യഗാധമായി സ്‌നേഹിക്കുന്നുണ്ടെന്ന വാസ്‌തവമോർക്കെ അവർ അറിയാതെ തേങ്ങിപ്പോകും. ’ഈ നരകത്തിൽനിന്ന് കരകയറ്റണേ ശിവനേ‘ എന്നവർ സദാ പ്രാർത്ഥിക്കാറുണ്ട്.
ഒരിക്കൽ തോന്നി, പാലം പണിയ്‌ക്ക് പോകുന്ന മണ്ണു ചുമട്ടുകാരിപ്പെണ്ണുങ്ങളുടെ കൂടെ ജോലിയ്‌ക്ക് താനും പോയാലോ? കൂലിവേല ചെയ്താലും, കുത്തഴിഞ്ഞ ജീവിതത്തിനേക്കാളും അഭികാമ്യമാണെന്ന് തന്റെ പ്രിയപ്പെട്ട മകളും എഴുതിയിട്ടുണ്ടല്ലോ?
പരീത് വന്നപ്പോൾ അക്കാര്യം അവർ ആലോചിച്ചു. കൂലിവേലയെടുത്താലും രണ്ടുമൂന്ന് രൂപ ദിവസവും കിട്ടുമല്ലോ? പരീത് ഉത്തരമൊന്നും പറഞ്ഞില്ല. ആ മനസ്സിലെന്താണെന്ന് തുരന്നു നോക്കുകയൊന്നും വേണ്ട. കല്യാണിയമ്മയ്‌ക്ക് വ്യക്തമായറിയാം. മണ്ണു ചുമന്നാലും ഹീനമായ ജീവിതമവസാനിപ്പിക്കുന്നതായിരിക്കും പരീതിനും പ്രിയം.
അയൽക്കാരി നാണിയോട് കല്യാണിയമ്മ തന്റെ ഇംഗിതം പറഞ്ഞു. നാണി കൂലിവേലക്കാരിയാണ്. പാലം പണി തുടങ്ങിയതു മുതൽ നിത്യേന മണ്ണു ചുമക്കുവാൻ പോകുന്നവളാണ്. കല്യാണിയമ്മയുടെ ആഗ്രഹം അറിഞ്ഞപ്പോൾ നാണി അതിശയിച്ചുപോയി. നാട്ടിൽ പ്രസിദ്ധയായ ’വാരനാട്ടെ കല്യാണിയമ്മ‘ മണ്ണുചുമക്കുവാൻ പോവുകയോ? അവൾ മൂക്കത്തു വിരൽ വച്ചു.
കല്യാണിയമ്മ എല്ലാ കാര്യങ്ങളും നാണിയോട് വിവരിച്ചു. ഇതുവരെ താൻ നയിച്ച ജീവിതം ഇനി തുടരാൻ വയ്യെന്നും ഇങ്ങിനെ ജീവിച്ചാൽ ഒരുപക്ഷെ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും തുറന്നു പറഞ്ഞു. നാണിയ്‌ക്ക് സഹതാപം തോന്നി. ജോലിയ്‌ക്ക് ആളെ ചേർക്കാമോ എന്ന് അന്വേഷിച്ച് പിറ്റേന്നറിയിക്കാമെന്ന് പറഞ്ഞു നാണി പോയി.
പിറ്റേന്ന് ആകാംക്ഷയോടെ നാണിയുടെ വീട്ടിൽ ചെന്ന കല്യാണിയമ്മ നിരാശയോടെയാണ് മടങ്ങിയത്.
പണിസ്ഥലത്ത് ജോലിയില്ലാഞ്ഞിട്ടല്ല. കല്യാണിയമ്മയെ ജോലിക്കുവെച്ചാൽ വേല നടക്കുകില്ലെന്ന് മേസ്തിരിമാർ പറഞ്ഞത്രെ. ആണുങ്ങളായ ജോലിക്കാർക്ക് അവരുടെ മുഖത്തു നോക്കിനിൽക്കാനേ സമയമുണ്ടാവുകയുളളുവെന്ന്.
മേസ്തിരിമാർ വാസ്തവത്തിൽ കളിയാക്കുകയായിരുന്നു. ഇതിൽപ്പരം നാണക്കേട് മറ്റെന്താണ്? സ്വയം സമാധാനിച്ചു. കഷ്‌ടകാലസമയത്ത് എന്തും കേൾക്കേണ്ടിവരും. സഹിക്കുക. എല്ലാം സഹിക്കുകതന്നെ.
തനിക്ക് ജോലി തരില്ലെന്ന് മേസ്തിരിമാർ പറഞ്ഞ കാര്യം കല്യാണിയമ്മ പരീതിനെ അറിയിച്ചു. പരീത് ചിന്താധീനനായി.
“മനിശേരെ നല്ല രീതീല് കയ്യാൻ ഒരു ഇബിലീസുകളും സമ്മതിക്കൂലാ..”
ആ വാക്കിലെ ആത്മാർത്ഥതയോർത്ത് കല്യാണിയമ്മ നെടുതായി നിശ്വസിച്ചു.
Generated from archived content: choonda24.html Author: sree-vijayan