നാലഞ്ചുക്കൂട്ടം കറികളുണ്ടായിരുന്നു അന്ന് അത്താഴത്തിന്. കല്യാണിയമ്മ കറികളോരോന്നും രുചിച്ചു നോക്കി, മനസ്സിൽ ആശ്വാസം കൊണ്ടു.
ഇന്ന് അച്ഛന് തൃപ്തിയാകും. ഉപ്പും മുളകുമെല്ലാം പാകത്തിനായിട്ടുണ്ട്.
വാതിൽക്കൽ ചെന്ന് അവർ കാരണവരെ വിളിച്ചു. “അച്ഛാ എഴുന്നേൽക്കൂ…ഉണ്ണാറായി.”
കരിമ്പടം മാറ്റി വൃദ്ധൻ കട്ടിലിൽനിന്ന് മെല്ലെയിറങ്ങി. കല്യാണിയമ്മ വീഴാതെ സഹായിച്ചു. കൈകഴുകിയിട്ട് മകളെ വാത്സല്യത്തോടെ കാരണവർ നോക്കി.
“ഉളളത് രണ്ടു പാത്രത്തിലാക്കി വിളമ്പൂ മോളേ.. നീ പഷ്‌ണി കിടക്കുമ്പം അച്ഛനുമാത്രമായിട്ട് ഒന്നും വേണ്ട.”
“ഇല്ലച്ഛാ…എന്റെ അച്ഛനെ ഇനി ഞാൻ പട്ടിണി കിടത്തുകില്ല; ഒരിക്കലും പട്ടിണി കിടത്തുകില്ല.”
ചോദ്യചിഹ്‌നംപോലെ വൃദ്ധന്റെ പുരികം ചുളിഞ്ഞു.
“അപ്പോൾ നീ രണ്ടാമതും…?”
നൂലുപൊട്ടിയ മുത്തുകൾ കണക്കേ ഗദ്‌ഗദാക്ഷരങ്ങൾ ഉതിർന്നു വീണു.
“അല്ലാതെ നിവൃത്തിയില്ലച്ഛാ…ഞാൻ നശിച്ചാലും മരിച്ചാലും എന്റച്ഛനും മോളും ദുരിതപ്പെടരുത്.”
അവർ തേങ്ങിക്കരഞ്ഞു. പ്രകാശം നശിച്ച വൃദ്ധന്റെ ക്ഷീണദൃഷ്‌ടികൾ പോയകാലത്തിന്റെ പാതാളഗുഹകളിൽ അജ്ഞാതാത്മാക്കളെ തേടിയലഞ്ഞു.
* * * * * * * * * * * * * * * * * * * * * * * * *
ഹോസ്‌റ്റലിലെ മട്ടുപ്പാവിൽ, തന്റെ മുറിയിലെ ജനലഴികളിൽ പിടിച്ചുകൊണ്ട് വെളിയിലേയ്‌ക്ക് നോക്കി നിൽക്കുകയാണ് ശാന്ത.
നിലാവിന്റെ നീലിമയിൽ ഒരു യക്ഷിയെപ്പോലെ രൂപലാവണ്യമുളള രാത്രി.
ആകാശഗംഗയിൽ തിരമാലകളിലൊഴുകുന്ന കൊതുമ്പുവളളംപോലെ മേഘപാളികൾക്കിടയിലൂടെ അമ്പിളിക്കല സഞ്ചരിച്ചുകൊണ്ടിരുന്നു.
ടേബിൾലാബിന്റെ മഞ്ഞവെളിച്ചത്തിൽ തുറന്നുവെച്ച പുസ്തകത്തിനരികെ, മേശപ്പുറത്ത് കവിൾ ചേർത്ത് വലതുകൈ നീട്ടി സതി കിടന്നുറങ്ങുന്നു. വായിക്കാനിരുന്നതാണ് ശാന്തയും കൂട്ടുകാരികളും. പുസ്‌തകത്തിൽ കണ്ണുനട്ട് മനോരാജ്യം കണ്ടിരുന്ന ശാന്ത തൊട്ടരികിൽനിന്ന് കൂർക്കം വലികേട്ടു. നോക്കിയപ്പോൾ സതി ഉറങ്ങുന്നു. ചുണ്ടിൽ മന്ദഹാസം ഊറിക്കൂടി. ഉണർത്താൻ പോയില്ല. വിളിച്ചാൽ താൻ ഉറങ്ങുകയല്ലായിരുന്നുവെന്ന് വീമ്പും പറഞ്ഞ് മുഖം കഴുകിവന്ന് രണ്ടാമതും അവൾ വായിക്കാനിരിക്കും. ഉറങ്ങട്ടെ. യഥേഷ്‌ടം ഉറങ്ങട്ടെ.
മറ്റൊരു കൂട്ടുകാരി പൊന്നമ്മ, കട്ടിലിൽ മലർന്നു കിടന്ന് സുഖമായി കൂർക്കം വലിക്കുന്നുണ്ട്. രാത്രി ഉറക്കമിളയ്‌ക്കുന്ന കാര്യത്തിൽ പ്രാണസങ്കടക്കാരിയാണ് പൊന്നമ്മ. ഊണുകഴിഞ്ഞാൽ കൈകഴുകുന്നതുതന്നെ തിടുക്കത്തിലാണ്. അപ്പോഴേക്കും നിദ്ര അവളെ ആക്രമിച്ചു തുടങ്ങും. ഇടയ്‌ക്ക് പൊന്നമ്മ പറയും. “ഈശ്വരൻ രാത്രിയെ സൃഷ്‌ടിച്ചിരിക്കുന്നത് മനുഷ്യരെ ഉറക്കാൻ വേണ്ടിയാണ്. രാത്രി ഉണർന്നിരിക്കുകയെന്നുവെച്ചാൽ ദൈവത്തെ നിഷേധിക്കുകയെന്നാണർത്ഥം!”
ശാന്ത ഉറങ്ങിക്കിടക്കുന്ന പൊന്നമ്മയെ നോക്കി. ധരിച്ചിരിക്കുന്ന അടിവസ്‌ത്രം വഴുതിനീങ്ങി അരമുതൽ പൂർണ്ണ നഗ്നയായിരിക്കുകയാണവൾ. രാത്രി ഷെഡ്‌ഡിപോലും ധരിക്കുന്ന സ്വഭാവമില്ല. എത്ര പറഞ്ഞാലും അനുസരിക്കുകയില്ല. ഷെഡ്‌ഡിയിട്ടു കിടന്നാൽ അവൾക്കു ശ്വാസം മുട്ടുമത്രെ! തൊണ്ടു പൊളിച്ച നേന്ത്രവാഴത്തട പോലുളള തുടകൾ. പൊക്കിളിന് താഴെയുളള വയർമടക്ക് കണ്ടപ്പോൾ ശാന്തയ്‌ക്ക് നീരസം തോന്നി. “അസത്ത്” എന്നു പിറുപിറുത്ത് കൊണ്ട് വസ്‌ത്രം നേരെയാക്കി. പുതപ്പെടുത്ത് പൊന്നമ്മയെ പുതപ്പിച്ചു. പക്ഷേ, എന്തുഫലം? രണ്ടു നിമിഷത്തിനുളളിൽ തിരിഞ്ഞും പൊന്നമ്മ വീണ്ടും പഴയ പടിയായി.
“ങാ…അവളുടെ ഇഷ്‌ടംപോലെ എങ്ങിനേയും കിടക്കട്ടെ.”
ശാന്ത മുഖം തിരിച്ച് വെളിയിലേക്ക് ദൃഷ്‌ടി പായിച്ചു. പാൽക്കടലിൽ മുങ്ങിയ പ്രപഞ്ച സൗന്ദര്യം നുണഞ്ഞിറക്കാൻ തുടങ്ങി. നോക്കി നിൽക്കേ തെളിഞ്ഞു തെളിഞ്ഞു വരുന്ന നീലിമയാർന്ന പ്രപഞ്ചം. പ്രസാദം തുളുമ്പി തിരതല്ലുന്ന അത്ഭുതപ്രപഞ്ചം.
കവയിത്രിയല്ലാത്ത അവളുടെ കരളിൽ ഒരു നുണുങ്ങു കവിത ഊറിക്കൂടി.
“……കൂട്ടുകാരെല്ലാമുറങ്ങീ
കൂടുപോലുമുറങ്ങി;
കുഞ്ഞാറ്റക്കിളി
കൂരിയാറ്റക്കിളി
കണ്ണൊന്നു ചിമ്മിയില്ല…”
കവിത സ്വയമൊന്നു പറഞ്ഞുനോക്കി. അതിശയം! താൻ തന്നെ സൃഷ്‌ടിച്ചതാണോ ആ വരികൾ? അതോ പണ്ടെങ്ങാനും വായിച്ചിട്ടുളള, മറ്റാരെങ്കിലും എഴുതിയ കവിത ഓർമ്മകളിൽ എത്തിയതോ?..ശാന്തയ്‌ക്ക് സംശയമായി. ഒരിക്കൽക്കൂടി ആവർത്തിച്ചു നോക്കി.
അതെ. താൻ സ്വയം മിനഞ്ഞുണ്ടാക്കിയ കവിതാശകലം തന്നെ.
അതിന്റെ രാഗമെന്ത്? താളമെന്ത്?
ആകാശ മേലാപ്പിലെ പിടയ്‌ക്കുന്ന നക്ഷത്രങ്ങൾക്കറിയാമായിരിക്കും രാഗവും താളവും….കരളിലെ പാട്ടുകാരിക്കിളി മൃദുവായി പാടാൻ തുടങ്ങി. നക്ഷത്രപ്പൊടിപ്പുകൾ താളമടിച്ചു. ഹോസ്‌റ്റൽമുറ്റത്തെ ചെടികളും വൃക്ഷത്തലപ്പുകളും താളത്തിനൊപ്പം തലയാട്ടി.
രാഗമധുരിമയാർന്ന അനുഭൂതിയവസാനിച്ചത് ഏതോ കരിമേഘ കമ്പിളിപ്പുതപ്പിലേക്ക് ചന്ദ്രലേഖ തുഴഞ്ഞു കയറിയപ്പോഴാണ്.
ലോകം പെട്ടെന്ന് കരുവാളിച്ചു. ഒപ്പം മനസ്സും ഇരുണ്ടുപോയി.
സതിയെ ഉണർത്തി കട്ടിലിലേക്കാനയിച്ചിട്ട് ഉറക്കം വരുന്നില്ലെങ്കിലും അവളും കിടക്കയിലേക്ക് വീണു.
Generated from archived content: choonda22.html Author: sree-vijayan