ഇരുപത്‌

പാൽ തിളപ്പിച്ച്‌ ഇറക്കിയശേഷം സോസ്‌പാനിൽ കാപ്പിക്കുളള വെളളം പകർന്ന്‌ സ്‌റ്റൗവ്വിൽ വെയ്‌ക്കുമ്പോഴും റേഡിയോവിൽനിന്ന്‌ ഏതോ ത്യാഗരാജകീർത്തനമാണ്‌ മാന്ത്രികശക്തിയുളള അധരങ്ങളാൽ മഹാലിംഗം പുല്ലാങ്കുഴലിൽ സമന്വയിപ്പിക്കുന്നത്‌. നാദബ്രഹ്‌മത്തിന്റെ അവാച്യമായ അനുഭൂതി.

അടുക്കളയിലെ ചുമരലമാരയിൽനിന്നും ശാന്ത കാപ്പിപ്പൊടിയിരുന്ന ടിൻ പുറത്തേയ്‌​‍്‌ക്ക്‌ എടുത്തു. ടിന്നിന്റെ പുറത്ത്‌ ഏതോ കമ്പനിക്കാരുടെ പരസ്യചിത്രമായി വൃന്ദാവനത്തിലെ, ‘രാധാമാധവ ലീല’ ചിത്രണം ചെയ്‌തിട്ടുണ്ട്‌.

മുരളീരവത്തിൽ ലയിച്ച ശാന്തയുടെ മനസ്സിൽ വർണ്ണഭംഗിയെഴുന്ന കിനാവുകൾ പൊട്ടിവിരിഞ്ഞു.

വിലാസവതികളായ ഗോപികമാരുടെ വിഷാദം പൊലൊഴുകുന്ന കാളിന്ദിക്കരയിൽ, കഞ്ജവിലോചനന്റെ കാരുണ്യമിരക്കുവാൻ അഞ്ജലിക്കൂപ്പുന്ന ലതാനികുഞ്ജങ്ങൾക്കരികിൽ, കാതര നേത്രങ്ങളെ നാനാദിക്കിലും പറപ്പിച്ച്‌, മാധവനെക്കുറിച്ച്‌ മാലതീലതകളോട്‌ കുശലം ചോദിച്ച്‌, നീരണിമിഴികളും തുടച്ച്‌ നീങ്ങുന്ന കന്യകയായ രാധയുടെ ലാവണ്യമേനിയും, ആ മേനിയിലേയ്‌ക്ക്‌ കുളിർ വാരിയെറിയാൻ വസന്ത സൗരഭ്യംപോലെ വനഗർഭത്തിൽനിന്ന്‌ ഓടിയണയുന്ന വനമാലിയേയും മനസ്സിലവൾ കണ്ടു.

മഴമുകിലൊളിവർണ്ണന്റെ മാറിൽ മലരണി ലതികയായി പടർന്നു നില്‌ക്കുന്ന രാധ.

ശാന്ത താൻ ദാഹാർത്തയായ രാധയാണെന്ന്‌ സങ്കൽപ്പിച്ചു. എങ്കിൽ തന്റെ നിത്യനിർവൃതി ദായകനാര്‌? ശശിധരനോ?.. ആ മാറിൽ പടർന്നുകയറി കിടക്കുന്ന പൂവല്ലിയാകാൻ തനിക്ക്‌ ഭാഗ്യമുണ്ടോ? ഗുരുവായൂരപ്പൻ അതിന്‌ തന്നെ അനുഗ്രഹിക്കുമോ?

പെട്ടെന്ന്‌ മുരളീരവം നിലച്ചു. കാറ്റിൽ പറന്ന കരിയില നിലംപൊത്തി വീണതുപോലെ നടുങ്ങിപ്പോയി. ദിവാസ്വപ്നത്തിൽ നിന്നവളുണർന്നു. താൻ എന്തൊക്കെയാണ്‌ ചിന്തിച്ചത്‌? അരുത്‌. മോഹങ്ങളെ താലോലിച്ചുക്കൂടാ. ഇളംവെയിലിൽ വെണ്ണപോലെ ഉരുകിക്കൂടാ. കൃഷ്ണപ്പിളള സാറിന്റെ വാക്കുകൾ ഓർമ്മ വന്നു.

“തീയിൽ മുളച്ചവളാണ്‌ കുട്ടീ നീ. വെയിലത്തു വാടാൻ പാടില്ല.”

ശരിയാണ്‌. മനസ്സിന്‌ കടിഞ്ഞാണിട്ടേ മതിയാകൂ…ശാന്ത ധൃതിയിൽ തിളച്ച വെളളത്തിൽ കാപ്പിപ്പൊടി വിതറി.

* * * * * * * * * * * * * * * * * * * * * * * * *

പ്രൊഫസറും ശശിധരനും കൊണ്ടുപിടിച്ച വാഗ്വാദത്തിലേർപ്പെട്ടിരിക്കുകയാണ്‌. പ്രൊഫസർ പറഞ്ഞു.

“നോ…നോ…ആ ധാരണ എനിക്കില്ല.” ശശിധരൻ വിവരിച്ചു.

“പക്ഷേ, ജനങ്ങൾ അങ്ങിനെ വിശ്വസിക്കുന്നു. പോലീസിനോട്‌ അവർക്ക്‌ പകയും വിദ്വേഷവുമുണ്ട്‌.”

പ്രൊഫസർ കാരണം പറഞ്ഞു.

“തകരാറ്‌ നിങ്ങളുടേതാണ്‌ ശശി…ആയുധം കാണിച്ച്‌ അനുസരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പൊതുജനം രോഷം കൊണ്ടെന്നുവരും. അവർ അക്രമാസക്തരാകും. അവരെ നയിക്കാൻ സ്‌നേഹമാണ്‌ വേണ്ടത്‌. ഏതു ശക്തിയേയും കീഴടക്കാൻ സ്‌നേഹത്തിന്‌ കഴിയും കുട്ടി.”

ട്രേയിൽ കാപ്പിയുമായി ശാന്ത കടന്നുവന്നു. ടീപ്പോയിയിൽ അവൾ ഗ്ലാസ്സുകൾ വച്ചു. പ്രൊഫസ്സർ ചോദിച്ചു.

“ശാന്തക്കെവിടെ?”

“അകത്തുണ്ട്‌. ഞാൻ കഴിച്ചോളാം.”

പ്രൊഫസർ ശശിയുടെ നേരെ നോക്കി.

“കാപ്പി കുടിക്കൂ..”

ശശിധരൻ കാപ്പിയെടുത്ത്‌ കുടിക്കാൻ തുടങ്ങി. രുചി പിടിയ്‌ക്കാഞ്ഞിട്ടോ എന്തോ മുഖം ചുളിഞ്ഞു. ആരുമത്‌ ശ്രദ്ധിച്ചില്ല. പ്രൊഫസർ കാപ്പി കുടിച്ചതിനുശേഷം തലയുയർത്തി.

“ഇതിൽ മധുരം ചേർത്തു അല്ലേ?”

ശാന്തയ്‌ക്ക്‌ അബദ്ധം മനസ്സിലായത്‌ അപ്പോഴാണ്‌.

“ഇല്ല. ഗ്ലാസ്സു മാറിപ്പോയതാണ്‌. ഞാൻ വേറെ കൊണ്ടുവരാം.”

ചിരിയ്‌ക്കിടയിൽ ശശിധരൻ പറഞ്ഞു.

“അല്ലെങ്കിലും ഞാൻ ഭാഗ്യമില്ലാത്തവനാണ്‌ സാറേ. എന്റെ പങ്ക്‌ പലപ്പോഴും മറ്റുളളവർക്കാണ്‌ ലഭിക്കുക.”

ആ ഫലിതം കേട്ട്‌ പ്രൊഫസർ ഉറക്കെ ചിരിച്ചു. ശാന്ത ലജ്ജകൊണ്ട്‌ ചൂളി.

Generated from archived content: choonda21.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപത്തൊൻപത്‌
Next articleഇരുപത്തിനാല്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here