പത്തൊൻപത്‌

ബിഷപ്പിന്റെ അരമനയ്‌ക്ക്‌ തൊട്ടടുത്തുളള വലിയ പളളിയിലേക്ക്‌ വെളുത്ത താറാവിൻ പറ്റംപോലെ ചട്ടയും മുണ്ടും ധരിച്ച്‌ ക്രിസ്‌ത്യാനിപ്പെണ്ണുങ്ങൾ ഒഴുകുന്നു. വിടർന്ന ലില്ലിപ്പൂപോലെ അവർക്കിടയിൽ ഒരു മുഖം. ആ മുഖം ആരുടേതാണ്‌? നീലപ്പുരികവും നീണ്ട കണ്ണുകളുമുളള സാറാമ്മ. എക്കണോമിക്സ്‌ ബി.എയ്‌ക്ക്‌ ക്ലാസ്സെടുക്കുന്ന ലക്‌ചററായ സാറാമ്മ. ചുവന്ന ചുണ്ടുകൾക്കിടയിൽ മുല്ലമൊട്ടുകൾ വിരിയിക്കുന്ന വെളുത്ത മാലാഖയായ സാറാമ്മ.

ഹിന്ദുവായ തന്നെ ക്രിസ്‌മസ്‌ രാത്രിയിൽ കരോൾ സംഗീതം കേൾക്കാൻ ക്ഷണിച്ച ആ സാറാമ്മ ഇന്നെവിടെ?

കാഷ്‌മീരിലെ കുളുതാഴ്‌വരയിലെവിടെയോ സ്നേഹസമ്പന്നനായ ഭർത്താവിനോടും കുസൃതിക്കിടാങ്ങളോടുമൊത്ത്‌ ജീവിക്കുന്നുണ്ടെന്നറിയാം.

കണ്ണീരിൽ കുതിർന്ന കല്യാണക്കുറി കിട്ടിയിട്ടും സാറാമ്മയുടെ വിവാഹത്തിന്‌ താൻ പങ്കെടുത്തില്ല.

ശംഖു കടഞ്ഞെടുത്ത അവളുടെ കഴുത്തിൽ മറ്റൊരാൾ താലികെട്ടുന്നത്‌ കാണാൻ അന്ന്‌ ഉൾക്കരുത്തില്ലായിരുന്നു.

പതിനേഴ്‌ വർഷങ്ങൾക്കുമുമ്പ്‌ കഴിഞ്ഞ കഥകൾ…

ഓർമ്മകൾക്കുപോലും വ്യക്തരൂപം നല്‌കാൻ കഴിയാത്ത രീതിയിൽ മാഞ്ഞുപോയ ആ പ്രണയകഥ അയവിറക്കിയിട്ട്‌ എന്തുഫലം?

പാർക്കിലെ പവിഴമല്ലിച്ചോട്ടിലിരുന്ന്‌ താൻ സാറാമ്മയോട്‌ പറഞ്ഞ വാക്ക്‌

“…സാറാമ്മയെയല്ലാതെ മറ്റാരെയും ഞാൻ കല്യാണം കഴിക്കില്ല…”

പ്രൊഫസർ ദീർഘമായി നിശ്വസിച്ചു. ഉളളിൽ ലഹരി തോന്നി. മനസ്സ്‌ ഒരിക്കൽ കൂടി ശപഥം ചെയ്‌തു.

“…മരണംവരെ അവിവാഹിതനായി കഴിയണം. തീർച്ച….”

കതകിൽ ആരോ മുട്ടുന്ന ശബ്‌ദം; പകൽകിനാവിൽ നിന്നുണർത്തി. പുറത്തുനിന്നുളള ചോദ്യം.

“മേ ഐ കമിൻ?”

“യേസ്‌….കമിൻ”

വാതിൽ തുറന്ന്‌ ശശിധരൻ കടന്നു വരുന്നത്‌ കണ്ണാടിയിൽക്കൂടി കണ്ടു.

“വരൂ ശശീ…. ഇരിയ്‌ക്കൂ. കോളേജില്ലാത്തതിനാൽ ദിനകൃത്യങ്ങൾ അല്പം വൈകി.”

ശശി ഇരുന്നു. പ്രൊഫസർ കുശലാന്വോഷണത്തിനിടയ്‌ക്ക്‌ ഷേവു കഴിഞ്ഞെണീറ്റു.

“പിന്നെ എന്തുണ്ട്‌ വിശേഷങ്ങൾ…?”

“കുറച്ചു ദിവസമായി ഇങ്ങോട്ടു വരണമെന്ന്‌ വിചാരിക്കുന്നു. കാക്കിക്കുപ്പായമല്ലേ? രാപ്പകൽ ജോലിതന്നെ.”

ശശിധരൻ മെല്ലെ ചിരിച്ചു.

“കുറച്ചു ബുദ്ധിമുട്ടിയാലും കഴിവുകൾക്ക്‌ വിലകിട്ടുന്ന ജോലിയാണല്ലോ…. മാത്രമല്ല, ‘യു ആർ വെരി യംഗ്‌ മൈ ബോയ്‌’”

പ്രൊഫസർ വത്സലശിഷ്യന്റെ സ്ഥാനമാനങ്ങളിൽ അഭിമാനം കൊണ്ടു. തന്നെക്കുറിച്ചുളള ഗുരുവിന്റെ മതിപ്പിൽ അഹംമറന്ന്‌ ശശിധരന്‌ കുളിരുകോരി.

“സാറിന്‌ പ്രത്യേകിച്ച്‌ അപ്പോയിന്റ്‌മെന്റ്‌സ്‌ ഒന്നും ഇല്ലല്ലോ..?”

“ഒരു ട്യൂഷനുളളതൊഴികെ വേറൊന്നുമില്ല.”

“കുട്ടികൾ വരാറായിട്ടുണ്ടോ?”

“ആകുന്നതേയുളളൂ. വേറെയാരുമല്ല, അന്നത്തെ നമ്മുടെ ശാന്തയുണ്ടല്ലോ. ആർട്ട്‌സിന്റെ സെക്രട്ടറി?”

“ഓ…”

“ഒഴിവുദിവസങ്ങളിൽ ശാന്തവരും….പഠിക്കാൻ മിടുക്കിയാണ്‌. ചെറിയൊരു സഹായംകൂടി കിട്ടിയാൽ വളരെ ”ഷൈൻ“ ചെയ്യും.”

ശശിധരന്റെ മനസ്സിലേയ്‌ക്ക്‌ ഒരു പ്രകാശധാരപോലെ ശാന്ത ഊളിയിട്ടു വന്നു. ആർട്ട്‌സിന്റെ ഉദ്‌ഘാടനദിവസം നടന്ന കലാപരിപാടികളിൽ ശാന്തയണിഞ്ഞ വേഷം…കാമിനീമനം കവർന്ന ദുഷ്യന്തന്റെ നേരെ കാലിൽ ദർഭമുനയേറ്റ വ്യാജേന ഇഷ്‌ടതോഴികളറിയാതെ തപോവന കന്യക തിരിഞ്ഞുനോക്കിയ രംഗം. വാചാലമായ കണ്ണുകൾ കരിവണ്ടിണയെപ്പോലെ കാമുകന്റെ മുഖപത്മത്തിലേയ്‌ക്ക്‌ പറന്നെത്തി പിൻവാങ്ങിയ അനർഘ നിമിഷം; വിശ്വമഹാകവിയുടെ ഭാവനയെപോലും അതിശയിപ്പിയ്‌ക്കുമാറായിരുന്നില്ലേ ശാന്ത ആ രംഗം അവതരിപ്പിച്ചത്‌? മലർമാലയും മരവുരിയും അണിഞ്ഞ സാക്ഷാൽ ശകുന്തളപോലും സത്യത്തിൽ ശാന്തയോളം സുന്ദരിയായിരുന്നുവോ? കണ്വതപോവനത്തിലെ നിഷ്‌ക്കളങ്കതയുടെ ആത്മാവിന്‌ വാസ്തവത്തിൽ ശാന്തയോളം ശാലീനത്വമുണ്ടായിരുന്നുവോ?

“ശശിയ്‌ക്ക്‌ പോകാൻ തിടുക്കമില്ലല്ലോ?” പ്രൊഫസർ ചോദിച്ചു.

“ഇല്ല സാർ…ഞാനിന്ന്‌ ലീവെടുത്തിരിക്കുകയാണ്‌..”

ശാകുന്തളത്തിലെ ശാദ്ദ്വലഭൂമിയിൽനിന്നും ശശിധരൻ പ്രൊഫസ്സറുടെ റൂമിലെ സോഫയിലേയ്‌ക്ക്‌ മടങ്ങിവന്നു…

“എങ്കിൽ ഇരിക്കൂ. ഞാൻ എന്റെ ഈ ലഘു പരിപാടികൾ ഒന്നു തീർത്തോട്ടെ. വിരോധമില്ലെങ്കിൽ ധൃതിയിൽ ഒരു കുളിയും പാസ്സാക്കാം. പത്തുമിനിട്ടു മതി.”

“സാവധാനം മതി സാർ…എനിയ്‌ക്കു തിടുക്കമൊന്നും ഇല്ല.”

പ്രൊഫസ്സർ പുഞ്ചിരിയോടെ തോർത്തും സോപ്പും കയ്യിലെടുത്തു.

“ഷെൽഫിൽ പുസ്തകങ്ങളുണ്ട്‌ ശശീ…” ധൃതിയിൽ അദ്ദേഹം കുളിമുറിയിലേയ്‌ക്ക്‌ നടന്നു.

ശശിധരൻ എഴുന്നേറ്റ്‌ അലമാരയ്‌ക്കടുത്തെത്തി. റസ്സലും, ലോറൻസും, ഇബ്‌സനും, കീറ്റ്‌സും, ഷെല്ലിയും, ജോയിസും, കാഫ്‌ക്കയും, ഡസ്‌റ്റോവ്‌സ്‌ക്കിയും, ഉളളൂരും, വളളത്തോളും, ആശാനും, തകഴിയും, ഹ്യൂഗോയും, ദേവും, ടോൾസ്‌റ്റോയിയും, ബഷീറും, കുറുപ്പും, ചാറ്റർജിയും, ഒ.എൻ.വിയും, പൊറ്റെക്കാടും, ബിമൽമിത്രയും, ബന്ദോപാദ്ധ്യായയും….അങ്ങിനെ പലരും അടുക്കും ചിട്ടയുമായി വിവിധ നിറത്തിലും ഭാവത്തിലും അവിടെ നിരന്നിരിക്കുന്നു.

കുറേയധികം പുസ്തകങ്ങൾ ശശിധരൻ മേശപ്പുറത്തേയ്‌ക്ക്‌ എടുത്തുവച്ചു. കൂട്ടത്തിൽ ചങ്ങമ്പുഴയുടെ സമ്പൂർണ്ണകൃതിയുടെ ഒന്നാം വാള്യവുമായി സോഫയിൽ ചെന്നിരുന്നു. അക്ഷരങ്ങൾക്കുമേലെ ഇഴഞ്ഞു നീങ്ങുന്ന കണ്ണുകൾ ശക്തിയറ്റതായിരുന്നു. മനക്കണ്ണ്‌ ശാന്തയുടെ രൂപവും ചലനവും ഒപ്പിയെടുത്ത്‌ പ്രദർശിപ്പിക്കാൻ തുടങ്ങി.

എത്ര നേരമങ്ങിനെ ഇരുന്നെന്നറിഞ്ഞു കൂടാ. വളകിലുക്കവും, പാദവിന്യാസവും കേട്ട്‌ മുഖമുയർത്തിയപ്പോൾ കയ്യിൽ പുസ്തകവുമായി അകത്തേയ്‌ക്ക്‌ പ്രവേശിച്ച ശാന്തയെയാണ്‌ കണ്ടത്‌.

ശാന്തയും ഓർക്കാപ്പുറത്ത്‌ ശശിധരനെ കാൺകെ, ലജ്ജകൊണ്ട്‌ തുടുത്തു. ശശിധരൻ വിരൽ ചൂണ്ടി.

“ശാന്തയിരിക്കൂ… സാറ്‌ കുളിക്കുന്നു.”

അകത്തെ വാതിലിനരികിലേയ്‌ക്കു നീങ്ങി ജനലഴികൾക്കിടയിൽ കയ്യിലിരുന്ന പുസ്‌തകങ്ങൾവെച്ച്‌ സാരിത്തുമ്പുകൊണ്ട്‌ ശാന്ത വിയർപ്പൊപ്പി.

ശശിധരൻ അവളെത്തന്നെ നോക്കിയിരിക്കുകയാണെന്ന്‌ മനസ്സിലായപ്പോൾ ശാന്ത അകത്തേയ്‌ക്ക്‌ നടക്കാൻ ഭാവിച്ചു.

“ആർട്ട്‌സിന്റെ പരിപാടികൾ ആകെ നന്നായിരുന്നു കേട്ടോ ശാന്തേ…”

അകത്തേയ്‌ക്ക്‌ വെച്ചകാൽ പിൻവലിഞ്ഞു. ഒരിക്കൽ തന്നെ ഇതേ വാചകത്താൽ അഭിനന്ദിച്ചതാണ്‌. അന്നതിനു നന്ദിയും പറഞ്ഞു. തന്നോട്‌ സംസാരിക്കാനുളള കൗതുകമുണ്ടായിട്ടായിരിക്കുമല്ലോ വീണ്ടും അഭിനന്ദനമാവർത്തിച്ചത്‌? പക്ഷേ എന്തു മറുപടി പറയും?

കതകിലെ അടരാൻ തുടങ്ങുന്ന ഉണങ്ങിയ പെയിന്റും നുളളി ശാന്ത വൃഥാനിന്നു.

ശശിധരൻ തിരക്കി.

“വീട്ടിൽ ആരെല്ലാമുണ്ട്‌?”

ഒന്നു ഞെട്ടി. ഝടുതിയിൽ സമചിത്തത വീണ്ടെടുത്തു. എന്തെങ്കിലും മറുപടി പറയണം. എന്തു പറയണം?

“എന്താ മിണ്ടാത്തത്‌?”

“അമ്മ.”

“അമ്മ മാത്രം?”

“മുത്തച്ഛനുണ്ട്‌. അമ്മയുടെ അച്ഛൻ.”

“ശാന്തയുടെ അച്ഛൻ…?”

“ഇല്ല…മരിച്ചുപോയി.”

“അച്ഛന്റെ പേരെന്തായിരുന്നു?”

വിഷമത്തിലായി ശാന്ത. എന്താണ്‌ പറയേണ്ടത്‌? അമ്മയെ നിയമപ്രകാരം താലികെട്ടിയ ആൾ കഥകളിക്കാരൻ നാണുനായരാണ്‌. പക്ഷേ, തനിക്കു ജന്മം നൽകിയത്‌ കളിയോഗം മാനേജരാണെന്ന്‌ പലരും പറഞ്ഞു താൻ അറിഞ്ഞിട്ടുണ്ട്‌. അങ്ങിനെയെങ്കിൽ യഥാർത്ഥത്തിൽ താൻ പറയേണ്ട പേര്‌ കളിയോഗം മാനേജരുടെയല്ലേ?

നടക്കല്ലിൽ ചവുട്ടി കാലുതുടച്ചുകൊണ്ട്‌ പ്രൊഫസ്സർ കയറിവന്നു. അതൊരനുഗ്രഹമായിരുന്നു. ദീർഘമായവൾ നിശ്വസിച്ചു.

“അല്ലാ…ശാന്ത വന്നോ…? ഇരിക്കൂ കുട്ടീ..”

അദ്ദേഹം ധൃതിയിൽ ഈറൻ മാറാൻ അകത്തേയ്‌ക്ക്‌ കയറി.

പരിസരം ശ്രദ്ധിച്ചുകൊണ്ട്‌ ശശിധരൻ എഴുന്നേറ്റു.

“ഞാൻ പുസ്തകങ്ങളെല്ലാം കുഴച്ചുമറിച്ചിട്ടു.”

മേശപ്പുറത്തുനിന്ന്‌ അദ്ദേഹം പുസ്തകങ്ങൾ ഓരോന്നായി അലമാരയിലേക്ക്‌ വയ്‌ക്കാൻ തുടങ്ങി. ശാന്ത അങ്ങോട്ടു ചെന്നു.

“ഞാൻ അടുക്കി വച്ചോളാം..”

“ഞാൻ സഹായിക്കാം.”

ശാന്ത മന്ദഹസിച്ചു. അലമാരയുടെ തട്ടിൽ മുൻപോട്ടാക്കി വച്ചിരിക്കുന്ന ഓരോ സെറ്റിലേയ്‌ക്കും ഒരോ പുസ്‌തകം വീതം മേശപ്പുറത്തുനിന്നും എടുത്ത്‌ ശശിധരനും ശാന്തയും അടുക്കിവച്ചുകൊണ്ടിരുന്നു.

ഇംഗ്ലീഷുബുക്കുകൾ കഴിഞ്ഞപ്പോൾ ‘മരുഭൂമി’ എന്ന നോവൽ ശാന്ത ഒരടുക്കിൽ വച്ചു. ശശിധരൻ വച്ച പുസ്‌തകം ‘എനിക്കു ദാഹിക്കുന്നു’ എന്നതായിരുന്നു. ഒരത്ഭുതമെന്നോണം, ശാന്തയുടെ കയ്യിൽ കിട്ടിയത്‌ ‘തണ്ണീർപന്തൽ’ ആണ്‌.

‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്ന പുസ്‌തകം ശശിധരൻ വച്ചപ്പോൾ ശാന്ത എത്തിപ്പിടിച്ചത്‌ ‘അനുഭവങ്ങൾ, പാളിച്ചകൾ’ ആയിരുന്നു.

‘വിധി’ എന്ന ബുക്ക്‌ ശശിധരൻ എടുത്തു. അവസാനത്തെ പുസ്‌തകം ‘ഓർക്കുക വല്ലപ്പോഴും’ ആയിരുന്നു. ശാന്ത അത്‌ കയ്യിലെടുത്തപ്പോൾ പുറംചട്ടയിലേയ്‌ക്ക്‌ നോക്കി ശശി വായിച്ചു.

“ഓർക്കുക വല്ലപ്പോഴും”

ശാന്ത ശശിയുടെ മുഖത്തേയ്‌ക്ക്‌ നോക്കി. ശശി പറഞ്ഞു.

“പുസ്തകത്തിന്റെ പേര്‌ വായിച്ചതാണ്‌.”

ലജ്ജയോടെ അവൾ മുഖം കുനിച്ചു.

പ്രൊഫസ്സർ ഡ്രസ്സുചെയ്‌തു പുറത്തേയ്‌ക്കു വന്നു.

“വരൂ…ശശി.”

ശശിയും പ്രൊഫസ്സറും സോഫാകളിൽ അഭിമുഖമായി ഇരുന്നു.

പ്രൊഫസർ ശാന്തയെ നോക്കി.

“ശാന്തേ, സ്‌റ്റൗ കത്തിച്ചിട്ടുണ്ട്‌. രണ്ടുമൂന്ന്‌ ഗ്ലാസ്സ്‌ കാപ്പി തയ്യാറാക്കൂ.”

ശാന്ത അലമാരയടച്ച്‌ അകത്തേയ്‌​‍്‌ക്ക്‌ നീങ്ങി. പ്രൊഫസർ പെട്ടെന്ന്‌ ഓർമ്മിച്ചു. “ഓ…ഇന്ന്‌ മഹാലിംഗത്തിന്റെ കച്ചേരിയുണ്ട്‌. സമയമെത്രയായി?”

“പത്ത്‌ കഴിഞ്ഞ്‌ പത്ത്‌ മിനിറ്റ്‌.”

“തുടങ്ങിക്കാണും.”

അദ്ദേഹം റേഡിയോ ഓൺ ചെയ്‌തു.

ഉറവയൊഴുകുന്ന രീതിയിൽ പുല്ലാങ്കുഴലിന്റെ മാദകസംഗീതം ഉയർന്നു.

ആ ലഹരിയിലേയ്‌ക്ക്‌ പൊടുന്നനെ പ്രപഞ്ചം മുങ്ങിപ്പോയി.

Generated from archived content: choonda20.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപതിനേഴ്‌
Next articleഇരുപത്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here