ഹോസ്‌റ്റൽ ഗേറ്റുകടന്ന് ശാന്തയും കൂട്ടുകാരി സതിയും പടിഞ്ഞാട്ടു നടന്നു. ആസ്പത്രികവല കൂടിപ്പോയാൽ ആൺകുട്ടികളുടെ ഹോസ്‌റ്റലുണ്ട്. അവിടെനിന്ന് കൂക്കിവിളിയും കമന്റടിയും ഉയരും. വടക്കോട്ടു നടന്നാൽ സെന്റ് ത്രേസ്യാസ് കോൺവെന്റിന്റെ ഓരം ചേർന്നുളള വഴിയിലൂടെ ബ്രോഡ്‌വെയിലെത്താം.
സതിക്കു ടൗണിൽ എല്ലായിടവും പരിചയമുണ്ട്. ഹൈസ്‌കൂൾ ക്ലാസ്സുകളിലും അവൾ പഠിച്ചത് പട്ടണത്തിൽ തന്നെയായിരുന്നു. ഗവഃപ്ലീഡറായിരുന്ന അച്ഛൻ റിട്ടയർ ചെയ്‌ത് കുടുംബസമേതം നാട്ടിൻപുറത്തേയ്‌ക്ക് പോയതുകൊണ്ടാണ് സതി ഹോസ്‌റ്റലിൽ താമസമാക്കിയത്.
അസ്തമനസൂര്യൻ കുങ്കുമപ്പൊടി കായലിൽ കലർത്താൻ ഒരുങ്ങുന്ന സമയം പടിഞ്ഞാറുനിന്നും വീശുന്ന കാറ്റ് പാർക്കിലെ നാനാതരം പൂക്കളേയും കിക്കിളിക്കൂട്ടുന്നുണ്ട്. പാർക്കിലെ അരമതിലിൽ വന്നലയ്‌ക്കുന്ന കുഞ്ഞോളങ്ങളിൽ പരൽമീനുകൾ മിന്നിമറയുന്നതും കാലുചുമന്ന നീല ഞണ്ടുകൾ പായൽ പിടിച്ച മതിലിലൂടെ ഇടംവലം പായുന്നതും പുതുമ നശിക്കാത്ത കാഴ്‌ചതന്നെ.
മേട്രനോട് പറഞ്ഞിട്ട് പോന്നിരുന്നെങ്കിൽ പാർക്കിലും പരിസരത്തും അല്പസമയം അലഞ്ഞുതിരിയാമായിരുന്നു. പ്രകൃതിഭംഗി നുകരാമായിരുന്നു.
ഇന്ന് ഒന്നിനും നേരമില്ല. ബ്രോഡ്‌വെയിൽ പോയി സ്‌കെച്ച് പെന്നും ബുക്കുകളും വാങ്ങി ഉടൻ മടങ്ങണം. അല്ലെങ്കിൽ ഹോസ്‌റ്റലിൽ എത്തുമ്പോൾ മേട്രന്റെ വഴക്കു കേൾക്കേണ്ടിവരും. പഴയ ദിവാൻ ബംഗ്ലാവിന്റെ പടിയ്‌ക്കലെത്തിയപ്പോൾ ഗേറ്റിൽ നിറയെ പോലീസുകാർ. സതി പറഞ്ഞു.
“ഗവർണ്ണരോ മന്ത്രിമാരോ ആരെങ്കിലും വന്നിട്ടുണ്ടാകും.”
പെട്ടെന്ന് തൊട്ടടുത്ത് നിന്ന് ഒരു ചോദ്യം.
‘അല്ലാ ശാന്തയല്ലേ ഇത്? എവിടെ പോകുന്നു.“
ഞെട്ടിപ്പോയി. ആദ്യമൊന്നു ഭയന്നു. ജീപ്പിന്റെ മറവിൽ നിന്നിരുന്ന യൂണിഫോറമണിഞ്ഞ ഡി.എസ്.പി. ശശിധരൻ പുഞ്ചിരിച്ചുകൊണ്ട് അടുത്തു വന്നു. ആളെ മനസ്സിലായപ്പോൾ പെൺകുട്ടികളുടെ പേടി ലജ്ജയായി മാറി.
”എങ്ങോട്ടാ ധൃതിപിടിച്ച്?“
”ബ്രോഡ്‌വെവരെ പോകുന്നു. കുറച്ചു സാധനങ്ങൾ വാങ്ങണം.“
ശശിധരൻ കുശലം ചോദിച്ചു. ശാന്ത ഉചിതമാംവണ്ണം മറുപടി പറഞ്ഞു. മിണ്ടാതെ നില്‌ക്കുന്ന സതിയെ ഉദ്ദേശിച്ച് ശശിധരൻ തിരക്കി.
”കൂട്ടുകാരിയുടെ പേരെന്താ?“
സതി നാണം പൂണ്ടു. ശാന്ത പറഞ്ഞു.
”സതി“
”ഓ….അന്നത്തെ ദുഷ്യന്തൻ അല്ലേ?“
പെൺകുട്ടികൾ ലജ്ജകൊണ്ടു തുടുത്തു.
”കൃഷ്ണപിളളസാറിനെ ഇന്നു ഞാൻ കണ്ടു. ലോഡ്‌ജിലേക്ക് ഒരു ദിവസം ക്ഷണിച്ചിട്ടുണ്ട്.“
പെൺകുട്ടികൾ മന്ദഹസിച്ചു.
”ശരി. എങ്കിൽ ചെല്ലൂ…വിശേഷമൊന്നുമില്ലല്ലോ.“
”ഇല്ല.“ ശാന്തയും സതിയും യാത്രപറഞ്ഞ് ധൃതിയിൽ നടന്നു.
തെല്ലുദൂരെ ചെന്നിട്ട് ഇരുവരും തിരിഞ്ഞു നോക്കിയപ്പോഴും ജീപ്പിനുസമീപം ശശിധരൻ നിൽപ്പുണ്ടായിരുന്നു.
ശാന്ത സതിയുടെ കാതിൽ പറഞ്ഞു.
”സാധനങ്ങൾ വാങ്ങിയിട്ട് നമുക്ക് ഈവഴി മടങ്ങിപ്പോരണ്ട.“
”എന്താ?“
”ഒന്നുമുണ്ടായിട്ടല്ല.“
”പോലീസുകാരെ കണ്ടിട്ടാണോ? പേടിക്കണ്ടാ. അവരും മനുഷ്യരാണെടീ..“
ഇരുവരും വൃഥാ ചിരിച്ചു.
* * * * * * * * * * * * * * * * * * * * * * * * * *
ശനിയാഴ്‌ചയായിരുന്നു അന്ന്. പതിവിലും വൈകിയാണ് പ്രൊഫസർ കൃഷ്ണപിളള ഉണർന്നത്. ക്ലാസ്സില്ലാതിരുന്നതിനാൽ ഉണർന്നെങ്കിലും ഏറെനേരം കിടക്കയിൽ തന്നെ തളർന്നു കിടന്നു. പത്രക്കാരൻ പയ്യൻ കൊണ്ടുവന്നിട്ടുപോയ ’ഹിന്ദു‘വും നോക്കി കിടക്കവേ അറിയാതെ വീണ്ടും ഉറക്കം കൺപോളകളിൽ ഇഴഞ്ഞു.
പുറത്ത് ആരോ കോളിംഗ് ബെൽ അമർത്തിയ ശബ്‌ദം. പ്രൊഫസർ പിടഞ്ഞെഴുന്നേറ്റു. ജനലിലൂടെ പൊളളുന്ന വെയിൽ അകത്തെത്തിയിരിക്കുന്നു. വാച്ചിൽ നോക്കി. മണി ഒമ്പതു കഴിഞ്ഞിരിക്കുന്നു. കോളിംഗ്‌ബെൽ ഒരിക്കൽക്കൂടി ശബ്‌ദിച്ചു. എഴുന്നേറ്റുചെന്ന് കതകു തുറന്നു.
പാൽക്കാരനാണ്. പതിവില്ലാതെ പാൽക്കാരനും വൈകിയിരിക്കുന്നു. പാലു വാങ്ങി അടുക്കളയിൽ വച്ചു. സ്‌റ്റൗ കത്തിച്ച് സോസ്‌പാനിൽ വെളളം ചൂടാക്കിയതിനുശേഷം വിസിറ്റിംഗ് റൂമിലെ കണ്ണാടിക്കുമുമ്പിൽ ഷേവിംഗ് ഉപകരണങ്ങളുമായി ചെന്നിരുന്നു.
മുഖത്ത് ക്രീം പുരട്ടി ചൂടുവെളളത്തിൽ മുക്കിയ ബ്രഷുകൊണ്ട് പതപ്പിച്ചപ്പോൾ തനിക്ക് ക്രിസ്‌മസ് രാത്രിയിലെ കരോൾ അപ്പൂപ്പന്റെ ഛായ തോന്നിപ്പോയി.
ഉളളിൽ അറിയാതൊരു മിന്നൽ.
ഓർമ്മയിലൂടെ ക്രിസ്‌മസ് രാത്രിയിലെ കരോൾ സംഗീതം ഒഴുകിയൊലിച്ചു.
Generated from archived content: choonda19.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English