പതിവിലും നേരത്തെ അന്ന് വിശപ്പു തുടങ്ങി. കരിമ്പടത്തിനുളളിൽ കിടന്ന് വൃദ്ധൻ മകളെ വിളിച്ചു. അച്ഛന്റെ ദൈന്യതയിൽ അകംനൊന്ത് കല്യാണിയമ്മ നെടുവീർപ്പിട്ടു.
കവിടിപിഞ്ഞാണത്തിൽ ചോറും കറിയും കൊണ്ടുവന്ന് വച്ചു. വൃദ്ധൻ കൈകഴുകി ആർത്തിയോടെ അത്താഴമുണ്ണാൻ തുടങ്ങി. അച്ഛന്റെ കൂനിക്കൂടിയുളള രൂപം അവർ നോക്കിനിന്നു.
ഓട്ടുവിളക്കിന്റെ നാളം മുന്നിൽനിന്ന് ആടിക്കളിച്ചപ്പോൾ ഓർമ്മകൾ നിറഭേദങ്ങളോടെ മനസ്സിൽ ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങി. വൈവിദ്ധ്യമുളള എത്രയെത്ര ചിത്രങ്ങൾ…!
ഇന്ന് അവയെല്ലാം വൈരുദ്ധ്യങ്ങളായി തോന്നുന്നു. വൈവിദ്ധ്യവും വൈരുദ്ധ്യവും!… അതല്ലേ യഥാർത്ഥ ജീവിതവും?
നാലുകെട്ടും നടുമുറ്റവും പത്തായപ്പുരയുമുണ്ടായിരുന്ന കാലം…
മുറ്റത്ത് തണ്ടുചീഞ്ഞ കറ്റകൾ കുന്നുപോലെ കിടന്നിരുന്ന കാലം.
കൊയ്‌ത്തും മെതിയുമായി പാടത്തും മുറ്റത്തും അന്ന് എത്രയായിരുന്നു പണിക്കാർ?
പരാക്രമിയായ മനയ്‌ക്കലെ കാര്യസ്ഥൻ പാച്ചുനായരുടെ ഗന്ധർവ്വകന്യകയെ പോലുളള മകളായിരുന്നു താൻ. ഒരേയൊരു മകൾ.
മനയ്‌ക്കലെ കൊച്ചുതിരുമേനിമാർ ദാഹാർത്തരായി തന്നെ നോക്കി അമ്പലക്കടവിലും, ആൽത്തറയിലും, വേലിയ്‌ക്കരികിലും നില്‌ക്കാറുളള ഓർമ്മ ഇന്നും മനസ്സിലുണ്ട്.
പൂത്തിരുവാതിര നാളിൽ പാതിരാനേരത്ത് നൂറ്റൊന്നു കിളിവാലൻ വെറ്റിലയും മുറുക്കി കൂട്ടുകാരുമൊത്ത് കണ്ണാട്ടുകുളത്തിൽ ചാടി തിമിർത്ത് പാടിയാടുമ്പോൾ ആ അസുലഭമുഹൂർത്തം കാണാമറയത്ത് പതിയിരുന്ന് ദർശിക്കുന്ന പൂവാലന്മാരായ തിരുമേനിമാരുടെ മിഴികൾ ഉഴിഞ്ഞിരുന്നത് അഴകൊഴുകുന്ന തന്റെ തളിർമേനിയായിരുന്നു.
അടിച്ചു തളിക്കാരി നങ്ങേലി എന്തെല്ലാം കഥകളാണ് പറയാറുളളത്.
മനയ്‌ക്കലെ അപ്‌ഫനായ കുഞ്ചുണ്ണി നമ്പൂരിയ്‌ക്ക് തന്നെ സംബന്ധം ചെയ്യാൻപോലും കൊതിയുണ്ടായിരുന്നത്രെ. എന്നിട്ടെന്തേ അതു നടക്കാതിരുന്നത്.
ഭീരുവായ അദ്ദേഹം കാര്യസ്ഥനോടുളള ഭയം മൂലം തന്റെ ഇംഗിതം വെളിപ്പെടുത്താൻ മടിച്ചുവെന്ന്!
അന്നത് നടന്നിരുന്നുവെങ്കിൽ ഇന്ന് കെട്ടിലമ്മയെപ്പോലെ കഴിയാമായിരുന്നു. കുഞ്ചുണ്ണി നമ്പൂരിയെ തനിക്കും ഇഷ്‌ടമായിരുന്നോ? അല്ലെന്നു പറഞ്ഞുകൂടാ. കട്ടിപുരികവും, കാന്തശക്തിയുളള കണ്ണുകളും, ചമ്പകപ്പൂവിന്റെ നിറവുമുളള വെറ്റില മുറുക്കാത്ത ‘അപ്‌ഫൻ നമ്പൂതിരി’യെ ഒളിച്ചു നോക്കാൻ മനസ്സിൽ അടങ്ങാത്ത ആവേശമുണ്ടായിരുന്നു. അടിച്ചു തളിക്കാരി നങ്ങേലിയോട് അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കുഞ്ചുണ്ണി നമ്പൂതിരി വിവരം അറിഞ്ഞിട്ടുമുണ്ട്.
പക്ഷേ, ഉഗ്രപ്രതാപിയായിരുന്ന മനയ്‌ക്കലെ ‘വല്യമ്പ്‌രാന്റെ’ മുൻപിലും തന്റെ പിതാവായ കാര്യസ്ഥൻ പാച്ചുനായരുടെ മുൻപിലും ഭീരുവും നാണം കുണുങ്ങിയുമായ കുഞ്ചുണ്ണി നമ്പൂതിരി ‘നനഞ്ഞ പഴന്തുണി’ ആയിരുന്നു.
ആരും ശ്രദ്ധിക്കാത്ത ആ ‘മൂകരാഗം’ മുളച്ചില്ല; പടർന്നില്ല; പന്തലിച്ചുമില്ല…
കാരണം കഥകളിക്കാരൻ ഹംസം നാണുനായർ നേരിട്ടു കല്യാണമാലോചിച്ചു.
കളിഭ്രാന്തനായ ‘വല്യമ്പ്‌രാൻ’ നളചരിതം ഒന്നാംദിവസത്തിന്റെ ആസ്വാദനലഹരിയിൽ കാര്യസ്ഥനെ വിളിച്ചു കല്പിച്ചു.
“….പാച്ചൂന്റെ മഹളെ നാണൂന് അങ്ങട് കൊടുക്കാ…അരങ്ങത്ത് നാണു രസികനാ…അകത്തും മോശമാവില്യാന്നാ എന്റെ പക്ഷം…ന്താ?”
ഹംസം നാണുനായരുടെ ഹംസമായി മാറി ‘വല്യമ്പ്‌രാൻ’. തിരുവായ്‌ക്ക് എതിർമൊഴിയുണ്ടായില്ല. അച്ഛൻ സമ്മതിച്ചു. ആ കല്യാണവും നടന്നു.
ഒരു ഞെട്ടലോടെയാണ് പിന്നീടുളള സംഭവങ്ങൾ ഓർമ്മയിൽ വരുന്നത്.
മുഴുക്കുടിയനായ നാണുനായർ, തറവാട്ടു സ്വത്തു മുഴുവൻ നശിപ്പിച്ചു. വല്യമ്പ്‌രാന്റെ മരണശേഷം മനയ്‌ക്കലെ ഭാഗം വയ്പുകഴിഞ്ഞതോടെ അച്ഛനും ജോലിയില്ലാതായി.
പട്ടിണിയും കഷ്‌ടപ്പാടും വർദ്ധിച്ചു. അന്നേവരെ കൈ കമിഴ്‌ത്തി മാത്രം ശീലിച്ചിട്ടുളള അച്ഛൻ പലരുടെയും മുമ്പിൽ കൈമലർത്തി കാണിച്ചു. ഒടുവിൽ ആളുകളും മുഖം തിരിച്ചു.
ജീവിതം എത്ര പെട്ടെന്നാണ് കീഴ്‌പോട്ടു പോന്നത്? ഉറയ്‌ക്കാത്ത കാലുകളോടെ വല്ലപ്പോഴുമൊരിക്കൽ കയറിവരുന്ന കഥകളിക്കാരനുമായി അച്ഛൻ പലപ്പോഴും ഏറ്റുമുട്ടി.
താൻ പുടവ കൊടുത്ത പെണ്ണ് തന്റെ പുറകെ ഇറങ്ങിവരണമെന്നായി ഒടുവിലയാൾ. അച്ഛൻ സമ്മതിച്ചില്ല.
കുഴപ്പങ്ങൾ ഒഴിവാക്കാൻ അതിനും താൻ തയ്യാറായി. അച്ഛനെ ധിക്കരിച്ച് പിറന്ന വീട്ടിൽ നിന്ന് ഭർത്താവിന്റെ പുറകെ ഇറങ്ങിത്തിരിച്ചു.
പക്ഷേ കുഴപ്പങ്ങളുടെ ആരംഭമായിരുന്നു അത്.
ഒരിഞ്ചു ഭൂമിപോലും സ്വന്തമായി ഇല്ലാത്ത അയാൾ സുന്ദരിയായ ഭാര്യയേയും കൊണ്ട് അലഞ്ഞു. ഓരോ ദിവസം ഓരോ കൂട്ടുകാരുടെ വീട്ടിൽ.
വിരുന്നു പോവുകയെന്നാണത്രെ ആ തെണ്ടലിന് അയാൾ നൽകുന്ന പേര്. നാണക്കേടും നിരാശയും തന്നെ മഥിച്ചു.
മിണ്ടിയാൽ മർദ്ദനം. നേർവഴിക്കു നടക്കാൻ ഉപദേശിയ്‌ക്കാമെന്ന് നിനച്ചാൽ ഒരു നിമിഷംപോലും വെളിവുളള സമയവുമില്ല.
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അവിടേയും അനുകമ്പയുമായി മനുഷ്യരെത്തി.
ഒടുവിൽ കളിയോഗം മാനേജരോട് പരാതി പറഞ്ഞു. ഭർത്താവിന്റെ ‘കുടിഭ്രാന്ത്’ അവസാനിപ്പിക്കാൻ ഉപദേശിക്കാമെന്നയാൾ വാക്കുതന്നു. താമസം മാനേജരുടെ വീട്ടിലായി.
ഒരു സന്യാസിയെപ്പോലെ കാവി വസ്‌ത്രവും ഭസ്‌മവും രുദ്രാക്ഷമാലയും ധരിക്കുന്ന അയാൾ നീചനാണെന്ന് പിന്നീട് മനസ്സിലായി.
തന്റെ ഭർത്താവായ ‘ഹംസം നാണുനായരുടെ’ അനുവാദത്തോടെ അർദ്ധരാത്രി അയാൾ തന്റെ മുറിയിൽ വന്നു. അരങ്ങത്തെ ഹംസം ജീവിതത്തിലും നാണുനായർ ആടി തകർത്തു.
ബലിഷ്‌ഠനായ കളിയോഗം മാനേജർക്ക് കീഴടങ്ങാതെ നിവർത്തിയില്ലാതെ വന്നു.
തന്റെ പരിശുദ്ധിയിൽ മുറിവേല്പിച്ച കളിയോഗം മാനേജർ ഇന്നില്ല.
പക്ഷേ, അയാൾ സംഭാവന ചെയ്ത സമ്പത്ത് ജീവിച്ചിരിക്കുന്നു. തന്റെ ആദ്യപാപത്തിൽ നിന്ന് ഉടലെടുത്ത ‘ദിവ്യവിഗ്രഹം’ ഇന്ന് കോളേജിൽ പഠിക്കുന്നു-ശാന്ത!
ധർമ്മാശുപത്രിയിൽ ശാന്തയെ പ്രസവിച്ചു കിടന്ന ഘട്ടത്തിലാണ് കേട്ടത്. കുടിച്ചു ബോധമില്ലാതെ ഏതോ വഴിയരികിൽ ഉറങ്ങിക്കിടന്നിരുന്ന നാണുനായരുടെ ദേഹത്ത് തടിലോറി കയറിയ വിവരം.
തന്റെ ജീവിതം തകർത്ത ആ മനുഷ്യൻ ചതഞ്ഞരഞ്ഞു താറുമാറായത്രെ.
പക്ഷേ, എന്തു ഫലം? അതിനെത്രയോ മുമ്പ് താനും ചവുട്ടി അരയ്‌ക്കപ്പെട്ടു കഴിഞ്ഞു.
രോഗിയായ അച്ഛനെ പോറ്റാൻ, വിശന്നു കരയുന്ന കുഞ്ഞിനെ രക്ഷിക്കാൻ, തെറ്റുകളുടെ തീമുളളുകളിലൂടെ ദീർഘകാലം പിന്നീട് സഞ്ചരിക്കേണ്ടിവന്നു.
ഇനി എത്രനാൾ?…
ഒരു പിടിപാടുമില്ല. എത്ര തുഴഞ്ഞിട്ടും ഒരടിപോലും മുന്നോട്ടു നീങ്ങാൻ കഴിയുന്നില്ല. വിധിയുടെ നീരൊഴുക്കിന് എന്തു തീവ്രശക്തിയാണ്. ഉറക്കെ ഒന്നു കരയണമെന്നുണ്ട്. കണ്ണീര് കുറെ വാർന്നുപോയെങ്കിൽ തെല്ലൊരാശ്വാസം ലഭിച്ചേനെ. പക്ഷേ, ഈയിടെയായി അതിനും കഴിയുന്നില്ല…
ഓർമ്മയിൽ നിന്നുണർത്തിയത് അച്ഛന്റെ ശബ്‌ദമാണ്. പാത്രത്തിലെ അവസാനത്തെ വറ്റും തീർന്നപ്പോൾ വൃദ്ധൻ പറഞ്ഞു.
“ഇത്തിരി കൂടി ചോറുതാ മോളേ…വല്ലാത്ത വിശപ്പ്…”
കല്യാണിയമ്മ അതുകേട്ടു. പക്ഷേ മൗനം പാലിക്കേണ്ടിവന്നു. വൃദ്ധൻ കണ്ണുചിമ്മി മകളെ സൂക്ഷിച്ചുനോക്കി. മകൾ ചുമരും ചാരി നിൽക്കുന്നു.
“നീ കേട്ടില്ലേ? കുറച്ചുകൂടി ചോറുതരാൻ..”
ഉളളിലുയർന്നത് തേങ്ങലാണ്. കല്യാണിയമ്മ അത് നിയന്ത്രിച്ചു.
“ഇനി ചോറില്ലച്ഛാ…അരി വാങ്ങാൻ കാശില്ലായിരുന്നു….”
കാരണവർ ആർദ്ര ദൃഷ്‌ടികളോടെ നോക്കി. “അപ്പൊ മോള് അത്താഴമുണ്ടില്ലേ?”
കല്യാണിയമ്മയുടെ ംലാനഭാവമായിരുന്നു അതിനു മറുപടി നൽകിയത്. അവരൊന്നു നിശ്വസിച്ചു. ആ നിശ്വാസം വൃദ്ധന് കൊടുങ്കാറ്റായി തോന്നി. സംശയത്തോടെ മകളെ ശ്രദ്ധിച്ചു.
“അതുശരി, അപ്പോൾ ഇന്നലെയൊന്നും ഇവിടെ….ആരും…?”
“ഇല്ലച്ഛാ…ആരും ഇവിടെ വന്നില്ല. ഇനി ഇവിടെ ആരും വരികയുമില്ല.”
വൃദ്ധൻ ഓർമ്മകളിൽ തപ്പി. “നേരത്തെ പരീതുവന്ന് എനിക്കു ബീഡി തന്നല്ലോടീ?”
കല്യാണിയമ്മ പറഞ്ഞു. “പരീത് മാത്രമേ ഇനി ഇവിടെ വരികയുളളൂ. പരീതിവിടെ താമസിക്കാൻ പോകുവാ.”
നെറ്റിചുളിച്ച് വീണ്ടും മകളെ സൂക്ഷിച്ചു. മകളുടെ മുഖത്ത് നിശ്ചയദാർഢ്യത വേരൂന്നി പിടിച്ചിരിക്കുന്നു. ആലോചനയിൽ ലയിച്ച് വിദൂരതയിൽ ദൃഷ്‌ടിയൂന്നി കാരണവർ ചോദിച്ചു.
“സമ്മന്തമാണ് അല്ലേ?”
അതിനു മറുപടിയുണ്ടായില്ല.
“ങാ. ജാതീം കുലോം നോക്കിയില്ലേലും വീട്ടിൽ ആണൊരുത്തനുണ്ടാകുമല്ലോ.”
ഒരു പ്രമാണംപോലെ വൃദ്ധൻ ഈണത്തിൽ തുടർന്നു.
“എരപ്പയാണേലും വരത്തനാണേലും പെണ്ണുങ്ങൾക്ക് ഒരുത്തനേ പാടൊളളൂ. എങ്കിലേ മഹത്വമുണ്ടാകൂ.”
എച്ചിൽപാത്രങ്ങളെടുക്കുന്നതിനിടയ്‌ക്ക് മകൾ പറഞ്ഞു. “അച്ഛൻ എഴുന്നേറ്റ് കൈകഴുകൂ.”
Generated from archived content: choonda17.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English