സന്ധ്യ എരിഞ്ഞടങ്ങിയപ്പോൾ ഒരു ഇൻലന്റുമായി കയറിവന്ന് പരീത് കല്യാണിയമ്മയെ വിളിച്ചു.
“കാലത്ത് പോസ്‌റ്റുമാൻ തരാൻ മറന്നതാ. ശാന്തമോളുടെ ആണെന്ന് തോന്നണ്. ഒരെയ്‌ത്ത്‌ണ്ട്.”
കയ്യിലിരുന്ന നിലവിളക്ക് ഉമ്മറത്ത് വെച്ച് കത്തുവാങ്ങി ധൃതിയിൽ കല്യാണിയമ്മ വായിക്കാൻ തുടങ്ങി. വായിക്കുന്തോറും കണ്ണുകൾ ഈറനായി. ദുഃഖിതയായ തന്റെ മകൾ തന്നോടു നേരിട്ടു പറയുന്ന വാചകങ്ങൾപോലെ അവർക്കു തോന്നി. നിറമിഴികൾക്ക് പലപ്പോഴും അക്ഷരങ്ങൾക്കുമീതെ മൂടൽ അനുഭവപ്പെട്ടു.
“എന്താണ് ബിശേയം? ഞമ്മളും കൂടി കേക്കട്ടെ. ഒറക്കെ ബായിക്ക്.”
പരീത് ബഞ്ചിലിരുന്നു. കല്യാണിയമ്മ ആദ്യം മുതൽക്കേ വായിച്ചു.
“പ്രിയപ്പെട്ട എന്റെ അമ്മയ്‌ക്ക്….
കൃഷ്ണപിളളസാറിനെ ബുദ്ധിമുട്ടിക്കരുതെന്നും രൂപാ അയയ്‌ക്കരുതെന്നും അമ്മ എനിക്കെഴുതിയിരുന്നെങ്കിലും ചെലവിനുവേണ്ടി സാറ് ഏല്പിച്ച പണത്തിൽനിന്ന് എഴുപത്തഞ്ചു രൂപാ ഞാൻ അയയ്‌ക്കുന്നു. പാപം ചെയ്യാതെ കിട്ടുന്ന കാശുകൊണ്ട് എന്റെ പ്രിയപ്പെട്ട അമ്മയ്‌ക്കും മുത്തച്ഛനും ഒരു ദിവസമെങ്കിലും ജീവിക്കാൻ ഉപകരിക്കുമല്ലോ എന്നുമാത്രം കരുതിയാണ് ഞാൻ ഇതയയ്‌ക്കുന്നത്.
അമ്മേ…കൂലിപ്പണിയെടുത്താലും മണ്ണു ചുമന്നാലും മുത്തച്ഛനും അമ്മയ്‌ക്കും ചെലവിനുളള വക ഇന്നു കിട്ടും. എന്നാലും ദുഷിച്ച മാർഗ്ഗത്തിലൂടെ എന്റെ പൊന്നുംകുടത്തമ്മ ഇനി സഞ്ചരിക്കരുത്. ഇതുമാത്രമാണ് ഈ മകൾക്ക് അമ്മയോട് അപേക്ഷിക്കാനുളളത്.
മുത്തച്ഛനേയും അമ്മയേയും ഈശ്വരൻ രക്ഷിക്കട്ടെ. മുത്തച്ഛൻ എന്നെ അന്വേഷിക്കുന്നുണ്ടോ?
എനിക്കു സുഖമാണ്.
അമ്മയുടെ സ്വന്തം ശാന്ത…”
കവിളിലൂടെ കണ്ണീരൊഴുകി പലതവണ കത്തിൽ വീണു. കദനം ഊറിക്കൂടിയ അക്ഷരങ്ങൾ കടലാസിൽ ആകെ പരന്നു. ഉടുമുണ്ടുകൊണ്ട് മിഴിനീരൊപ്പി എഴുത്തുമടക്കി മടിയിൽ വച്ചു. പരീത് പറഞ്ഞു.
“ബെശമിക്കാണ്ടിരി, പടച്ചോൻ എന്തെങ്കിലുമൊരു പോംവഴി ഒണ്ടാക്കിത്തരും.”
“അവള് ചങ്കുനൊന്താണ് പരീതേ എഴുതിയിരിക്കുന്നത്.”
തലകുനിച്ച് കാൽപാദങ്ങൾ ചലിപ്പിച്ചുകൊണ്ട് ദീർഘനേരം ആലോചനയിൽ മുഴുകിയിരുന്നതിനുശേഷം നിശ്വാസത്തോടെ പരീത് എഴുന്നേറ്റു.
ചുമരും ചാരി നിന്നിരുന്ന കല്യാണിയമ്മയെ നോക്കി അയാൾ പറഞ്ഞു.
“ഞമ്മക്കൊരു ചിട്ടിയൊണ്ട് അത് ഒന്ന് ബിളിച്ചെടുക്കാമോന്ന് നോക്കട്ടെ. കിട്ട്യാല് എടക്കറവയുളള ഒരു പശൂനെ മേടിക്കാം. മുന്തിയ തോതിലല്ലെങ്കിലും തട്ടീം മുട്ടീം കഴിഞ്ഞുകൂടാൻ അതുകൊണ്ട് കയ്യും.”
പരീത് മുറ്റത്തേക്കിറങ്ങി.
“ഞമ്മള് നാളെ ബരാം.”
മറുപടിയ്‌ക്ക് കാക്കാതെ അയാൾ പടികടന്ന് ഇരുട്ടിൽ മറഞ്ഞു.
അച്ഛന്റെ വിളി ഉയർന്നു. ചിന്തയിൽ നിന്നുണർന്ന കല്യാണിയമ്മ അകത്തേയ്‌ക്ക് നടന്നു.
* * * * * * * * * * * * * * * * * * * * * * * * * *
കോളേജിൽ കൊണ്ടുപിടിച്ച ഇലക്ഷൻ പ്രചരണം നടക്കുന്നു. വാശിയേറിയ മത്സരമായിരുന്നു എല്ലാ വിഭാഗത്തിലും. നോട്ടീസും വാൾപോസ്‌റ്ററും മൈക്കും അനുസ്യൂതം സംസാരിച്ചു. അതിന്റെ പേരിൽ വഴക്കും വക്കാണവും അടികലശലും പലവട്ടം സംഭവിച്ചു.
പക്ഷേ, ആർട്ട്‌സിന്റെ സെക്രട്ടറിയായി ശാന്തയെ തെരഞ്ഞെടുത്തത് ഒരു ബഹളവും കൂടാതെയായിരുന്നു. എതിർസ്ഥാനാർത്ഥികൾ പിൻവാങ്ങി. ശാന്ത സെക്രട്ടറിയാകുന്നതിൽ ആർക്കും എതിരില്ലായിരുന്നു.
പഠിത്ത കാര്യങ്ങളോടൊപ്പം കലാബോധവും വളർത്തണമെന്ന് പ്രൊഫസർ കൃഷ്ണപിളള അവളെ എപ്പോഴും ഉപദേശിക്കും. അദ്ദേഹത്തിന്റെ വാത്സല്യവും ആശീർവാദവും അവൾക്ക് വിലപ്പെട്ടതുമായിരുന്നു.
* * * * * * * * * * * * * * * * * * * * * * * * * *
ഗേറ്റുമുതൽ തോരണങ്ങളും കുലവാഴയും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ബാഡ്‌ജ് കുത്തിയ വാളണ്ടിയേഴ്‌സ് നിർദ്ദേശങ്ങളുമായി ഓടിനടന്നു. കോളേജിൽ ആർട്ട്‌സിന്റെ ഉദ്‌ഘാടനമാണ്.
കലാപരിപാടികൾക്കുളള സമയമടുക്കുന്നു. വിശിഷ്‌ടാതിഥികളെക്കൊണ്ട് ഓഡിറ്റോറിയം നിറഞ്ഞു കഴിഞ്ഞു. കൃത്യസമയത്തിന് തന്നെ പരിപാടികൾ നടക്കണമെന്നായിരുന്നു ഭാരവാഹികളുടെയും വാശി.
സ്‌റ്റേജിൽ, കർട്ടനുവെളിയിൽ മൈക്ക് സ്‌റ്റാന്റ് ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തേക്ക് പ്രൊഫസർ കൃഷ്ണപിളള കടന്നുവന്നു. വിദ്യാർത്ഥിവിദ്യാർത്ഥിനികൾ കയ്യടിച്ചു. സാധാരണ അത്തരം സന്ദർഭങ്ങളിൽ പൂച്ച, നായ്, കോഴി മുതലായവയുടെ ശബ്‌ദങ്ങളും കൂക്കിവിളിയും ഓഡിറ്റോറിയം സംഭാവന ചെയ്യാറുണ്ട്. പ്രൊഫസ്സർ കൃഷ്‌ണപിളളയോട് കുട്ടികൾക്ക് ആ മനോഭാവമല്ലായിരുന്നു. അദ്ദേഹം സ്മേരഭാവത്തിൽ മൈക്കിനെ സമീപിച്ചപ്പോൾ ഓഡിറ്റോറിയം കാതുക്കൂർപ്പിച്ചു. പ്രൊഫസർ സംസാരിച്ചു.
“അഭിവന്ദ്യരെ…പ്രിയം നിറഞ്ഞ എന്റെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ…..
ഈ കലാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും എന്റെ വത്സലശിഷ്യനും ഇവിടെ പുതുതായി ചാർജ്ജെടുത്തിരിക്കുന്ന ഡി.എസ്.പിയുമായ ശ്രീ.ശശിധരൻനായരെ ഇന്നത്തെ കലാപരിപാടികൾ ഉദ്‌ഘാടനം ചെയ്യാൻ ഞാൻ ക്ഷണിച്ചു കൊളളുന്നു….സമുന്നതനായ, കലാപ്രിയനായ അദ്ദേഹത്തിന് കാര്യമായി എന്തെങ്കിലും നിങ്ങളോട് പറയാൻ കാണും.”
കൈയടികൾ ഉയരവേ ഓഡിറ്റോറിയത്തിന്റെ മുൻനിരയിൽ ഇരുന്നിരുന്ന ഡി.എസ്.പി. ശശിധരൻ മന്ദഹാസത്തോടെ എഴുന്നേറ്റു. സ്‌റ്റേജിലേയ്‌ക്കു ചാരിവച്ചിരുന്ന ‘സ്‌റ്റെയർകേസി’ലൂടെ അദ്ദേഹം കയറിച്ചെന്നു. ഹാരാർപ്പണത്തിനുശേഷം കോമളനായ ആ യുവാവ് ചെറുതെങ്കിലും സരസമായി സംസാരിച്ചു.
“വന്ദ്യരായ എന്റെ ഗുരുക്കന്മാരേ; സഹോദരീ സഹോദരന്മാരെ….!
വിദ്യാർത്ഥികൾ തടിച്ചുകൂടിയിരിക്കുന്ന ഒരു സദസ്സിനെ അഭിസംബോധനചെയ്ത് ഒരു പോലീസുകാരൻ സംസാരിക്കുന്നതിൽ ഔചിത്യം എത്രയ്‌ക്കുണ്ടെന്ന് ഞാൻ സംശയിച്ചു പോകുന്നു. കാരണം, സമ്മേളനങ്ങൾ പിരിച്ചുവിടാനാണ് പോലീസുകാരെ സാധാരണ ഉപയോഗിക്കാറ്.”
സദസ്സിൽ കൂട്ടച്ചിരിയും കയ്യടിയും മുഴങ്ങി. പ്രസംഗത്തിന്റെ തുടക്കം തന്നെ ഇഷ്‌ടപ്പെട്ടുവെന്നർത്ഥം. ശശിധരൻ തുടർന്നു.
“കലയോടുളള എന്റെ സ്‌നേഹംകൊണ്ട് തൽക്കാലം ഞാൻ ആ സാഹസത്തിന് മുതിരുന്നില്ല.”
കുട്ടികൾ വീണ്ടും കയ്യടിച്ചു.
“ഈ കലാലയത്തിൽ കഴിഞ്ഞു കൂടിയ നാലുവർഷക്കാലം എന്റെ ജീവിതത്തിലെ വസന്തമായിരുന്നു. ആ കാലഘട്ടം ഇങ്ങിനി വരാതെ കടന്നുപോയല്ലോ എന്നോർക്കുമ്പോൾ മനസ്സു നൊമ്പരപ്പെടുന്നു. ഇങ്ങിനെ ഒരു ചടങ്ങിലെങ്കിലും ഈ കോളേജിൽ വരാനും അന്നത്തെ എന്റെ അഭിവന്ദ്യ ഗുരുക്കന്മാരെ നേരിൽ കാണാനും ഇടയായത് എന്റെ ഭാഗ്യമാണ്.
ഈ പുണ്യമുഹൂർത്തത്തിൽ നിങ്ങൾ ഓരോരുത്തരുടേയും അനുവാദത്തോടുകൂടി ഔപചാരികമായി ഇന്നത്തെ കലാപരിപാടികൾ ഞാൻ ഉദ്‌ഘാടനം ചെയ്തുകൊളളുന്നു….”
ശശിധരൻ പ്രസംഗം അവസാനിപ്പിച്ചു സ്മേരവദനനായി താഴേക്കിറങ്ങി. തുടർന്ന് കലാപരിപാടികൾ ആരംഭിച്ചു. കൃഷ്ണപിളള സാറിനോടൊപ്പം സദസ്സിന്റെ മുൻനിരയിൽ ഇരുന്ന് അദ്ദേഹം പരിപാടികൾ ആസ്വദിച്ചു.
ശാകുന്തളത്തിലെ ‘കൊണ്ടൽവേണിയൊരുരണ്ടുനാലടി നടന്നതില്ലെ’ന്നു തുടങ്ങുന്ന വരികൾക്ക് ഈണം പകർന്ന് അവതരിപ്പിച്ച നൃത്തനാടകമായിരുന്നു ആദ്യ ഇനം. ശാന്തയടക്കമുളള വിദ്യാർത്ഥിനികൾ അത് ഭംഗിയാക്കി.
‘ഷേക്‌സ്പീരിയൻ’ നാടകങ്ങളിലെ ചില രംഗങ്ങളായിരുന്നു ആൺകുട്ടികൾ അവതരിപ്പിച്ചത്. ചെറുപ്പത്തിൽ സൗദാമിനിടീച്ചർ പഠിപ്പിച്ച അഷ്ടപദിയിലെ ഈരടികൾ ഏറ്റവും ഒടുവിൽ ശാന്ത പാടി. പരിപാടികൾ തീർന്നു. കർട്ടൻ വീണു. തിരശ്ശീലയ്‌ക്ക് മുമ്പിലുളള മൈക്കിന് സമീപം ശാന്ത വന്നു. ആർട്ട്‌സിന്റെ സെക്രട്ടറിയെന്ന നിലയിൽ കൃതജ്ഞതാപ്രകടനം നടത്തി. ഇംഗ്ലീഷിലാണവൾ സംസാരിച്ചത്.
ശശിധരന്റെ ചെവിയിൽ പ്രൊഫസർ കൃഷ്ണപിളള ശാന്തയെക്കുറിച്ചു സംസാരിച്ചു.
തന്റെ ‘ലോക്കൽ ഗാർഡിയൻഷിപ്പി’ൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണെന്ന സൂചനയോടെ ഒരു സാധു കുടുംബത്തിലെ ബുദ്ധിമതിയായ പെൺകുട്ടിയാണവളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ശാന്തയുടെ കലാപരമായ കഴിവിനേയും ഇംഗ്ലീഷുച്ചാരണ ഭംഗിയേയും ശശിധരൻ ശ്രദ്ധിച്ചു.
കൃതജ്ഞതാപ്രകടനം തീർന്ന് സദസ്സിൽ കൈയടികൾ ഉയർന്നപ്പോൾ പ്രൊഫസർ ചോദിച്ചു.
“കലാകാരന്മാരെ ഒന്നു പരിചയപ്പെട്ടിട്ടു പോയാൽ പോരേ?”
“മതി.”
സന്തോഷത്തോടെ ശശിധരൻ സമ്മതിച്ചു. അദ്ദേഹത്തേയും കൂട്ടി പ്രൊഫസർ ഗ്രീന്റൂമിലേയ്‌ക്ക് നടന്നു.
പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ശശിധരൻ മുക്തകണ്‌ഠം പുകഴ്‌ത്തി.
“നല്ല പെർഫോമൻസ് ആയിരുന്നു. ആർട്ട്‌സിന്റെ സെക്രട്ടറിക്ക് അഭിമാനിക്കാൻ ധാരാളം വകയുണ്ട്.”
“താങ്ക്‌സ്.” ശാന്ത നന്ദി പ്രകടിപ്പിച്ചു. ശശിധരന്റെ നോട്ടം ശാന്തയുടെ വിടർന്ന മിഴികളിലൂടെ ആഴ്‌ന്നിറങ്ങി. അവൾ മുഖം കുനിച്ചു.
യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ കൈത്തണ്ടയിൽ കിടന്ന പൂമാല ശശിധരൻ സമീപത്തു കിടന്നിരുന്ന കസാലക്കയ്യിലേയ്‌ക്കിട്ടു.
അത് ശ്രദ്ധിച്ചിട്ട് കൂട്ടുകാരി സതി ശാന്തയുടെ കാതിൽ അടക്കം പറഞ്ഞു.
“ഡി.എസ്.പി. സാറ് മാല ഉപേക്ഷിച്ചു കളഞ്ഞല്ലോ.”
ശാന്ത മന്ദഹസിച്ചു.
Generated from archived content: choonda16.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English