പുതുതായി മാറിവന്ന പോസ്‌റ്റുമാൻ കവലയിൽ ഗംഗാധരന്റെ മുറുക്കാൻ കടയിൽ വന്നു.
“ഒരു മുറുക്കാൻ താ.”
ഗംഗാധരൻ മുറുക്കാൻ എടുത്തു കൊടുത്തു. വെറ്റിലയിൽ ചുണ്ണാമ്പു തേച്ചുകൊണ്ട് പോസ്‌റ്റുമാൻ തിരക്കി.
“ഈ വാരനാട്ടെ കല്യാണിയമ്മയുടെ വീടെവിടെയാ?”
ഗംഗാധരൻ കൈചൂണ്ടി.
“ആ വളവു കഴിഞ്ഞുചെന്നാൽ ഒരു പാടമുണ്ട് പാടത്തിന്റെ അക്കരെയാ. എഴുത്തു വല്ലോമാണെങ്കിൽ ഇവിടെ വച്ചേച്ചാമതി. പുളളിക്കാരി ഇതിലെ വരും.”
“എഴുത്തല്ല; ഒരു എഴുപത്തഞ്ചുരൂപാ മണിയോർഡറുണ്ട്.”
പോസ്‌റ്റുമാൻ ചുരുട്ടിയ വെറ്റില വായിലേയ്‌ക്ക് ഇട്ടു. നുറുക്കിയ അടയ്‌ക്ക ചവച്ചു. തിണ്ണയിലിരുന്ന തെമ്മാടിക്കുട്ടപ്പൻ എഴുന്നേറ്റു ചെന്നു. അവനൊരു സംശയം.
“കല്യാണിയമ്മയ്‌ക്കു മണിയോർഡറോ? ആരയച്ചതാ?”
“എറണാകുളത്തുനിന്നാണ് ഒരു ശാന്ത.”
“അത് അവരുടെ മകളാ. എറണാകുളത്ത് കോളേജിൽ പഠിക്കുവാ.” ഗംഗാധരൻ പറഞ്ഞു.
കുട്ടപ്പൻ മെല്ലെ ചിരിച്ചു.
“കോളേജി പഠിക്കാൻ പണം അങ്ങോട്ടല്ലേ കൊടുക്കേണ്ടത്? അമ്മേം മോളുംകൂടി അക്കരക്കാരൻ കൃഷ്ണപ്പിളളസാറിനെ വലയ്‌ക്കും.”
ചായക്കടക്കാരൻ രാമൻനായർക്ക് കുട്ടപ്പന്റെ വാക്കുകൾ രസിച്ചില്ല.
“എടാ…എടാ…തെണ്ടിത്തരം പറയാതെടാ. കൃഷ്ണപിളളസാറിനെപ്പറ്റി നിനക്കറിയാമോ? അങ്ങേര് ആളൊരു ഉപകാരിയാ.”
കുട്ടപ്പൻ വിട്ടില്ല.
“ഉപകാരം ചെയ്യാൻ കിട്ടിയിരിക്കുന്ന ചരക്കും മോശമല്ലല്ലോ പത്തരമാറ്റ്, പവൻമാർക്ക്!”
ദൂരെനിന്നു കല്യാണിയമ്മ നടന്നു വരുന്നത് ഗംഗാധരൻ കണ്ടു.
“ദേ വരുന്നെടാ കുട്ടപ്പാ കല്യാണിയമ്മ. അന്നത്തെപ്പോലെ ആട്ടുകൊളളാതെ വേഗം സ്ഥലം വിട്ടോ.?
കുട്ടപ്പൻ പരുങ്ങി.
”അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ?“
പോസ്‌റ്റുമാൻ ദൂരെനിന്നും വരുന്ന കല്യാണിയമ്മയെ ശ്രദ്ധിച്ചു.
”അവരാണോ കക്ഷി?“
അപ്പോഴും കുട്ടപ്പന്റെ നാക്ക് വെറുതെയിരുന്നില്ല.
”അയ്യോ…കക്ഷിയെന്നൊന്നും പറഞ്ഞേക്കല്ലേ….തനിക്കക്ഷിയാ!“
എല്ലാവരും ചെറുചിരി മുഴക്കി. കുട്ടപ്പൻ തിണ്ണയിലേയ്‌ക്ക് വലിഞ്ഞു.
”ഒരു മണിയോർഡറുണ്ട്.“
കല്യാണിയമ്മ തിരിഞ്ഞുനിന്നു. പോസ്‌റ്റുമാൻ മണിയോർഡർ ഫോറം നീട്ടി. കല്യാണിയമ്മ ഫോറം വാങ്ങി, പോസ്‌റ്റുമാൻ കൊടുത്ത പേനകൊണ്ട് നിർദ്ദേശിച്ച സ്ഥാനങ്ങളിൽ ഒപ്പിട്ടു.
ബാഗിൽനിന്ന് പുറത്തെടുത്ത രൂപ ഓരോന്നായി എണ്ണിക്കൊണ്ടിരുന്നപ്പോൾ പുറകിൽ നിന്ന് പരീതിന്റെ ശബ്‌ദം.
”ആളില്ലാത്ത മണിയോർഡറ് ഒണ്ടെങ്കില് ഞമ്മക്കും താ പോസ്‌റ്റുമാനേ ഒരെണ്ണം.“
പോസ്‌റ്റുമാൻ തിരിഞ്ഞുനോക്കി പുഞ്ചിരിച്ചു. പരീത് അടുത്തുവന്നു.
”എന്താണ് കല്യാണിയമ്മേ….ഞമ്പടെ പോലീസിൻ സേട്ടിരിക്കടെ മണിയോർഡറാണോ?“
”ചുമ്മാതിരി പരീതേ…വായിൽ കൊളളുന്നത് പറഞ്ഞാൽ മതി.“
കല്യാണിയമ്മയുടെ മറുപടി കേട്ട് പരീത് മെല്ലെ ചിരിച്ചു. കിട്ടിയ പണത്തിൽനിന്ന് ഒരമ്പതു പൈസയെടുത്ത് കല്യാണിയമ്മ പോസ്‌റ്റുമാന്റെ നേർക്കു നീട്ടി.
”എനിക്ക് കാശൊന്നും വേണ്ട.“
”മേടിച്ചൊപ്പാ…മന്ത്‌രിമാര് ബരെ കൈക്കൂലി മേടിയ്‌ക്കണ്. നിങ്ങള് മാത്തിരം എന്തിനാ കൂട്ടത്തില് ഒരു നല്ല മനിശേൻ?“
പരീതിന്റെ ആ ഫലിതം പോസ്‌റ്റുമാന് രസിച്ചു.
”അതു ശരിയാ മുതലാളി പറഞ്ഞത്.“ അയാൾ പണം വാങ്ങി.
”ഞമ്മളെ എന്താ ബിളിച്ചത്? മുതലാളിയെന്നാ? കൊളളാം.“പരീത് പറഞ്ഞു. ”രാമൻനായരേ, നല്ല കടുപ്പത്തില് ഒരു ചായ പോസ്‌റ്റുമേനിയ്‌ക്ക് ഞമ്മടെ കണക്കില് കൊട്. ഏതായാലും മൊതലാളീന്ന് സ്ഥാനപ്പേരു തന്നതല്ലേ! ഒരു കൈക്കൂലി ഞമ്മടെ ബഹയായിട്ടും ഇരിക്കട്ടെ.“
എല്ലാവരും ചിരിച്ചു. കല്യാണിയമ്മ അന്വേഷിച്ചു.
”പരീത് വരുന്നുണ്ടോ പടിഞ്ഞാട്ട്?“
”പോന്നു കളയാം.“
”വരൂ..“
ഇരുവരും നടന്നു. ഉച്ചവെയിൽ ഒന്നു ലാഘവപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറുനിന്നും ഒഴുകിവരുന്ന കാറ്റിന് കുളിര് തുടങ്ങിയിരിക്കുന്നു. നെൽച്ചെടിത്തലപ്പുകളിൽ അലമാലകൾ മിനഞ്ഞുകൊണ്ട് കാറ്റ് കിഴക്കോട്ടു പാഞ്ഞു. വയൽവരമ്പിലൂടെ പരീതും കല്യാണിയമ്മയും നടന്നു. പരീതിനോട് എന്തെല്ലാമോ പറയണമെന്നുണ്ട് കല്യാണിയമ്മയ്‌ക്ക്. എങ്ങിനെ തുടങ്ങണമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. വാചാലമായ മൗനം ഒടുവിൽ അവർ ഭഞ്ജിച്ചു.
”ഒരു കാര്യം ചോദിച്ചാൽ പരീതെന്നോട് സത്യം പറയുമോ?“
”എന്താണ്? ചോദിയ്‌ക്ക്.“
”പരീതിന് എന്നോട് വല്ല വിരോധവുമുണ്ടോ?“
”ഒണ്ട്.“
”ങേ…?“ കല്യാണിയമ്മ അയാളെ നോക്കി.
”ബിരോദമുണ്ടോ എന്നല്ലേ ചോദിച്ചത്??“
”അതെ.“
”അതാണ് പറഞ്ഞത് ഒണ്ടെന്ന്. നിങ്ങളോടല്ല; നിങ്ങടെ തൊഴിലിനോട്.“
വയൽവരമ്പുവിട്ട് അവർ ഇടവഴിയിലേയ്‌ക്കു കയറി.
കല്യാണിയമ്മ ഹൃദയത്തിൽ തട്ടുംവിധം സംസാരിക്കാൻ തുടങ്ങി.
”പരീത് വീണ്ടും എന്നെ കുറ്റപ്പെടുത്തുകയാണ്. അന്നു രാത്രി നിങ്ങളോട് ഞാൻ പറഞ്ഞല്ലോ, ഞാനീ തൊഴില് നിർത്താം; നിങ്ങളെന്നെ കല്യാണം കഴിക്കൂ എന്ന്.“
അവർ മൂക്കുചീറ്റി. പരീത് തിരിഞ്ഞു നിന്നു.
”ഇസ്‌റ്റാമില്ലാഞ്ഞിട്ടല്ലല്ലോ കല്യാണിയമ്മേ. ഞമ്മക്ക് കൃത്യബരുമാനമൊളള ഒരു തൊയിലില്ലാ. ഒരു ജോലിക്കു ബേണ്ടി ഞമ്മള് അന്നേശിക്കണ്‌ണ്ട്. കിട്ടിയാല് അന്നു ഞമ്മള് നിങ്ങളെ കെട്ടും. പിന്നെ ഈ ഹലാക്കിന്റെ പണിക്ക് എറങ്ങാൻ ഞമ്മള് സമ്മതിക്കൂലാ.“
”ജോലിക്കുവേണ്ടി പരീത് ശ്രമിക്കാഞ്ഞിട്ടല്ലേ?“
പരീത് മന്ദഹസിച്ചു.
”അവറാച്ചൻ മുതലാളീടെ അറക്കക്കമ്പനീല് ഒരു ബാച്ചറിന്റെ ബേക്കൻസീണ്ടെന്ന് കേട്ട്. ബടക്കുഞ്ചേരി ജോസഫ്‌മാശ് കബൂലാക്കി തരാന്ന് ബാക്കു പറഞ്ഞിട്ടുമൊണ്ട്. അത് കിട്ട്യാല് പിന്നെ ചെലവിന് തരണ്ട കാര്യം ഞമ്മളേറ്റ്.“
കല്യാണിയമ്മ ചോദിച്ചു.
”ജോസഫ് മാഷെ ഞാനൊന്നു കണ്ടാലോ?“
പരീത് പറഞ്ഞു.
”ബേണ്ട ബേണ്ട….കുരുത്തക്കേടിനൊന്നും പോകണ്ട. നല്ല ബയിക്ക് തന്നെ കിട്ടുമോന്ന് നോക്കട്ടെ.“
കല്യാണിയമ്മ സമ്മതിച്ചു. ആത്മാർത്ഥത തിരളുന്ന ശബ്‌ദത്തിൽ അവർ പറഞ്ഞു.
”പരീത് പറയുന്നതെന്തും അനുസരിക്കാൻ ഞാൻ തയ്യാറാണ്. എനിക്ക് ഒന്നേ അപേക്ഷിക്കാനുളളൂ. എന്നെ നോക്കുന്ന ദൃഷ്‌ടിയോടെ ഒരിക്കലും പരീത് എന്റെ മകളെ കാണരുത്.“
അന്ധാളിപ്പോടെ പരീത് അവരെ നോക്കി.
”യാ. റബ്ബുൽ ആലമീൻ! നിങ്ങളെന്താണപ്പാ പറയണത്? ഞമ്മടെ മോളെപ്പോലെയാണപ്പാ ഞമ്മക്ക് ശാന്തമോള്.“
കല്യാണിയമ്മയ്‌ക്കാശ്വാസമായി.
”മതി പരീതേ. അതുമാത്രമെനിയ്‌ക്കു കേട്ടാൽ മതി. പിടക്കോടി ചിറകിനു താഴെ കുഞ്ഞിനെയൊതുക്കുന്ന രീതിയിലാ ഞാനെന്റെ മോളെ കൊണ്ടു നടക്കുന്നത്. അറിയാമോ? അവൾക്കൊരു പോറലേറ്റാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുകയില്ല.“
പരിസരബോധമില്ലാതെ കല്യാണിയമ്മ തേങ്ങിക്കരഞ്ഞു. സാന്ത്വനവാക്കുകളാൽ പരീത് അവരെ ആശ്വസിപ്പിച്ചു. വേലിയ്‌ക്കപ്പുറത്തെ വളപ്പിൽ നിന്ന് പ്രണയ സല്ലാപവുമായി ഓടിവന്ന രണ്ട് അനാഥ നായ്‌ക്കൾ അവരെക്കണ്ട് മുരണ്ടുകൊണ്ട് ഇടവഴിയും താണ്ടി അടുത്ത പറമ്പിലേയ്‌ക്ക് ഓടിപ്പോയി.
Generated from archived content: choonda15.html Author: sree-vijayan