ക്ലാസ്സ് തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ആദ്യമാദ്യം വലിയ പരിഭ്രമമായിരുന്നു. നാട്ടിൻപുറത്തെ ഹൈസ്‌കൂളിൽനിന്ന് എത്രയോ വ്യത്യസ്തമാണ് കോളേജ്! ഹൈസ്‌കൂളിലാണെങ്കിൽ ഒരുവർഷം മുഴുവൻ ഒരേ ക്ലാസ്സിലിരുന്ന് പഠിക്കണം. ഓരോ പീരിയേഡിനും സബ്‌ജക്‌ട് അനുസരിച്ച് വ്യത്യസ്ത മുറികളിൽ ചെന്നിരിക്കുന്ന കോളേജിലെ സമ്പ്രദായം അവൾക്കു നന്നേ പിടിച്ചു. തന്നെയല്ല, പഠിത്തത്തോടൊപ്പം കളിതമാശകൾക്കും പ്രാധാന്യമുണ്ടിവിടെ. ലക്‌ചർ ചെയ്യാൻ വരുന്ന അധ്യാപകരും വിദ്യാർത്ഥികളും കൂട്ടുകാരെപോലെ വർത്തിക്കുന്നു.
ഹൈസ്‌കൂളിൽ ഹെഡ്‌മാസ്‌റ്റർ രാമൻപിളള സാറിന്റെ ചുവന്നു കലങ്ങിയ കണ്ണുകളും ചൂരൽവടിയും ഇപ്പോഴും ഭയത്തോടെ ഓർത്തുപോകുന്നു. ക്ലാസ്സിൽ ആരെങ്കിലുമൊന്ന് പിറുപിറുത്താൽ മതി, രാമൻപിളള സാർ ചൂരൽ മേശപ്പുറത്ത് ആഞ്ഞടിച്ച് ഗർജ്ജിക്കും.
“സൈലൻസ്…”
എന്തൊരു ഭീകരാന്തരീക്ഷമായിരുന്നു അത്. ഇവിടെ തമാശ പറയാനും രസിക്കാനും ഇഷ്‌ടംപോലെ കൂട്ടുകാർ. ഒഴിവു ദിവസങ്ങളിൽ പട്ടണം കാണാൻ പോകാം. എല്ലാദിവസവും സായാഹ്നങ്ങളിൽ കൂട്ടുകാരികളുമൊത്ത് പാർക്കിൽ പോയിരിക്കാം. പടിഞ്ഞാറുനിന്നും ചുളുചുളാ പാഞ്ഞെത്തുന്ന കടൽക്കാറ്റ് കായലിൽ ഞൊറികൾ തുന്നുമ്പോൾ ഓർമ്മകളുടെ ചുരുളുകൾ മനസ്സിലും നിവരുമായിരുന്നു.
നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ….വീട്; അമ്മ, മുത്തച്ഛൻ…എല്ലാം നൊമ്പരങ്ങളുടെ രൂപഭേദങ്ങളാണ്.
നെരിപ്പോടുപോലെ മനസ്സ് നീറാൻ തുടങ്ങുമ്പോഴേക്കും കൃഷ്ണപിളളസാറിന്റെ വാക്കുകൾ ഓർമ്മയിലൂടെ ആശ്വാസത്തിനെത്തും.
-അദ്ദേഹം തനിക്കുവേണ്ടി എത്ര ബുദ്ധിമുട്ടുന്നു? ഒരച്ഛന്റെ സ്‌നേഹവാത്സല്യത്തോടെ എല്ലാ കാര്യങ്ങളും നിർവ്വഹിച്ചു തരുന്നു….
ശനിയും ഞായറും ദിവസങ്ങളിൽ പകൽ സമയം കൃഷ്ണപിളളസാറിന്റെ ലോഡ്‌ജിലേയ്‌ക്ക് പോകും. ഒരാഴ്‌ച ക്ലാസ്സിലെടുത്ത പാഠങ്ങളെക്കുറിച്ച് അദ്ദേഹം ചോദിക്കും. സംശയങ്ങൾ തിരുത്തിത്തരും. സാരോപദേശങ്ങൾ നടത്തും.
പ്രൊഫസ്സർ കൃഷ്ണപിളളയുടെ ‘ലോക്കൽ ഗാർഡിയൻഷിപ്പി’ലുളള കുട്ടിയെന്ന നിലയിൽ കോളേജിലും ഹോസ്‌റ്റലിലും ശാന്ത ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാവർക്കും അവളോട് സ്‌നേഹമാണ്. ഗുരുവായൂരപ്പൻ അദൃശ്യഹസ്തങ്ങളാൽ തന്റെമേൽ കാരുണ്യം ചൊരിയുകയാണെന്ന് ശാന്ത തികച്ചും വിശ്വസിച്ചു.
അല്ലെങ്കിൽ കൃഷ്ണപിളളസാർ തന്നെ ഇത്രമാത്രം ഇഷ്‌ടപ്പെടുമായിരുന്നോ? ലോഡ്‌ജിൽ വച്ച് ഒരിക്കലദ്ദേഹം പറഞ്ഞു. “കുറുന്തോട്ടി ഒരു ചെറിയ ചെടിയാണ്. ഒഴുക്കിൽപെട്ട് വൻമരങ്ങൾവരെ കടപറിഞ്ഞ് വീണെന്നുവരും. പക്ഷേ, ഒരൊഴുക്കിനും കുറുന്തോട്ടിയെ പറിച്ചെറിയാൻ സാധിക്കുകയില്ല.”
സാറ് പറഞ്ഞതിന്റെ പൊരുൾ പിന്നീടാണ് മനസ്സിലായത്. അദ്ദേഹം തുടർന്നു.
“….തീയിൽ മുളച്ചവളാണ് നീ….വെയിലത്തു വാടാൻ പാടില്ല. നമുക്കു മാത്രമേ നമ്മളെ നശിപ്പിക്കാൻ കഴിയൂ.”
ശാന്ത ആ വലിയ സാരോപദേശം മനോഭിത്തിയിൽ കുറിച്ചിട്ടു. ഇടയ്‌ക്കിടയ്‌ക്ക് സ്വയം പറയും.
“ശരിയാണ്. തീയിൽ മുളച്ചവളാണ് ഞാൻ. ഒരിക്കലും വെയിലത്ത് വാടാൻ പാടില്ല…”
ഒരിക്കൽ സാറ് ചോദിച്ചു.
“വീട്ടിലേക്ക് കത്തെഴുതാറുണ്ടല്ലോ, അല്ലേ?”
“ഉവ്വ്….ഇന്നലെ അമ്മയുടെ കത്തുണ്ടായിരുന്നു. വിശേഷമൊന്നുമില്ല.”
“ആഴ്‌ചയിൽ ഒരെഴുത്തെങ്കിലും അങ്ങോട്ടയയ്‌ക്കണം.”
അലമാരി തുറന്ന് ഒരു നൂറുരൂപ നോട്ടെടുത്ത് അദ്ദേഹം നീട്ടി.
“വേണ്ട സാർ…തിങ്കളാഴ്‌ച തന്നതിൽ ഇനിയും ബാക്കിയുണ്ട്.”
“ഇരിക്കട്ടെ…കുറച്ച് കാശ് വീട്ടിലേയ്‌ക്കും അയച്ചു കൊടുത്തേയ്‌ക്ക്.”
പ്രൊഫസർ മന്ദഹസിച്ചു. ശാന്ത ഒരത്ഭുതംപോലെ ആ മനുഷ്യനെ നോക്കി.
“എന്താ വാങ്ങാത്തത്?”
“സാറിനെ ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുതെന്ന് അമ്മ പ്രത്യേകം എഴുതിയിട്ടുണ്ട്.”
“എനിക്കെന്തു ബുദ്ധിമുട്ടാണു കുഞ്ഞേ? സ്വന്തമായി ആരും എനിക്കില്ല. ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അതൊരു നേട്ടമല്ലേ?”
ചിന്തയിലാണ്ട ദൃഷ്‌ടികളോടെ അദ്ദേഹം നിന്നു. നിമിഷങ്ങൾക്കു ദൈർഘ്യം വച്ചപ്പോൾ ഉണർന്നു.
“ഈ രൂപ വച്ചോളൂ കുട്ടീ…”
ശാന്ത പണം വാങ്ങി യാത്ര പറഞ്ഞ് ഹോസ്‌റ്റലിലേയ്‌ക്ക് മടങ്ങി.
Generated from archived content: choonda14.html Author: sree-vijayan