മുനിഞ്ഞുകത്തുന്ന കുപ്പിവിളക്കിനു സമീപം വെറും നിലത്ത് ചിന്താക്രാന്തയായി ശാന്ത ഇരുന്നു. മനസ്സ് ഒരു കടലായിരുന്നു. കോള് കൊണ്ട കടൽ. തിരമാലകൾ അജ്ഞാതമായ കരിമ്പാറകളിൽ തല്ലിത്തകർത്തു കൊണ്ടേയിരുന്നു. കാറ്റ് ചൂളം കുത്തി കരളിലൂടൊഴുകി. ഓർമ്മവെച്ച കാലം മുതലേ അമ്മയുടെ പെരുമാറ്റം അലോസരപ്പെടുത്തുന്ന തരത്തിലാണ്. നാട്ടിലെത്രയോ സ്‌ത്രീകൾ വേറെയുമുണ്ട്? അവർക്കാർക്കും ഇത്തരം ചീത്തപ്പേരില്ല. അവരുടെ മക്കളെ പളളിക്കൂടത്തിൽ വച്ച് ആരും കളിയാക്കാറില്ല. അവരെ കാണുമ്പോൾ ഒരാളും അടക്കം പറയാറില്ല. പക്ഷേ, തന്റെ വിധി…?
പുറത്തേയ്‌ക്കിറങ്ങാൻ ലജ്ജയാണ്. ആളുകളുടെ തുളഞ്ഞു കയറുന്ന നോട്ടം. അവജ്ഞ നിറഞ്ഞ ഭാവം. കുശുകുശുപ്പ്. ഈ നരകത്തിൽനിന്നും ഇന്നല്ലെങ്കിൽ നാളെ മുക്തി കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ജീവിക്കുന്നത്. പക്ഷേ, വീണ്ടും വീണ്ടും അമ്മ അപഥമാർഗ്ഗത്തിലൂടെ സഞ്ചാരം തുടരുന്നു. കാലുപിടിച്ചിട്ടും തന്റെ അപേക്ഷ അവഗണിക്കപ്പെട്ടു പോകുന്നു. പലതവണ തോന്നിയിട്ടുളളതാണ് ആത്മഹത്യചെയ്യാൻ. അങ്ങിനെ സംഭവിച്ചാൽ ഒപ്പം അമ്മയും മുത്തച്ഛനും മരിച്ചെന്നു വരും. കണ്ണിലെ കൃഷ്‌ണമണിപോലെയാണ് തന്നെ കരുതുന്നതും കൊണ്ടുനടക്കുന്നതും. ആ കടപ്പാട് മറക്കുന്നതെങ്ങിനെ? മാത്രമല്ല, താൻ സ്വയം ജീവിതമൊടുക്കിയാൽ ജനങ്ങൾ ആർത്തുകൂവി നടന്നെന്നുവരും.
“കല്യാണിയമ്മയുടെ മകൾ തൂങ്ങിമരിച്ചു. മരിക്കുമ്പോൾ ഗർഭിണിയായിരുന്നു.”
അല്ലെങ്കിൽ പറയും- “….ഗർഭം കലക്കാൻ മരുന്നു കഴിച്ചതാ. ഡോസു കൂടിപോയി.”
കൂട്ടത്തിൽ നല്ലവരും കണ്ടേക്കാം. അവർ തനിക്കുവേണ്ടി വാദിച്ചെന്നും വന്നേക്കാം.
“ഗർഭിണിയൊന്നുമാകാൻ വഴിയില്ല. അമ്മയുടെ സ്വഭാവമല്ല ആ പെൺകുട്ടിക്ക്..”
പക്ഷേ, ആ അഭിപ്രായത്തിന് പ്രാബല്യം കിട്ടാൻ വഴിയില്ല. ജാതകഫലം പ്രവചിക്കുന്ന പൊതുജനമല്ലേ? അവർ തീർപ്പുകൽപ്പിക്കും.
“ഗർഭമുണ്ടായിരുന്നു; തീർച്ച അഞ്ചുമാസമെങ്കിലും കഴിഞ്ഞപ്പോഴാണ് മരുന്നു കഴിച്ചത്. പറഞ്ഞിട്ടു വിശേഷമെന്ത്? കല്യാണിയമ്മയുടെയല്ലേ സന്തതി. അമ്മ വേലി ചാടിയാൽ മകള് മതില് ചാടും!”
എന്തായാലും അത്തരം വൃഥാവാർത്തകൾക്കൊന്നും താൻ വഴിവച്ചില്ലല്ലോ എന്നോർത്തപ്പോൾ ശാന്തയ്‌ക്ക് തെല്ലാശ്വാസം തോന്നി. ദീർഘമായി അവൾ നിശ്വസിച്ചു.
കുപ്പിവിളക്കിലെ നാളം സ്വർണ്ണത്തുമ്പിയെപ്പോലെ മുന്നിൽ നിന്ന് തത്തിക്കളിച്ചു. സ്വർണ്ണനാളത്തിനെന്തൊരു തീക്ഷ്ണ സൗന്ദര്യമാണ്. പക്ഷേ, ലോകം നശിപ്പിക്കാൻ ഉതകുന്ന ചൂടല്ലേ അതിന്റെ ഉദരത്തിൽ…?
തീയുടെ ഉദരം?…അപ്പോൾ മസ്തിഷ്‌ക്കമെവിടെ?…ആത്മാവെവിടെ? എല്ലാം വിരോധാഭാസങ്ങൾ.
കല്യാണിയമ്മ മുറിയിലേയ്‌ക്ക് കടന്നുവന്നു. ശാന്തയുടെ ഇരിപ്പു കണ്ട് വല്ലായ്‌മ തോന്നി. അവർ ചോദിച്ചു.
“എന്താ മോളേ…?”
അമ്മയുടെ സാമീപ്യം മനസ്സിലായെങ്കിലും ശാന്ത മിണ്ടിയില്ല. മുട്ടുകാലിൽ താടിയമർത്തി വിളക്കിൽ ദൃഷ്‌ടിനട്ട് അവൾ ഇരുന്നു. വിടർന്ന മിഴികളിൽ വിളക്കിലെ നാളം കണ്ണാടി നോക്കി. അമ്മയുടെ ശബ്‌ദം വീണ്ടും കേട്ടു.
“നീയെന്താ ആലോചിക്കുന്നത്?”
അപ്പോഴും ശാന്ത മിണ്ടിയില്ല. കല്യാണിയമ്മ മകളുടെ ചുമലിൽ പിടിച്ചു.
“ശാന്തേ…”
മുളന്തണ്ടു കീറുന്നപോലെ ശാന്ത പൊട്ടിക്കരഞ്ഞു.
“ഇനിയെങ്കിലും അമ്മയ്‌ക്കിത് അവസാനിപ്പിച്ചുക്കൂടെ?”
ഞരമ്പുകളിൽ രക്തം മരിച്ചമട്ടിൽ സ്തബ്ധയായി കല്യാണിയമ്മ നിന്നു. കട്ടിപിടിച്ച നിമിഷങ്ങൾക്ക് മകളുടെ തേങ്ങൽ വിടവുകളുണ്ടാക്കി. തളർന്ന ഗദ്‌ഗദാക്ഷരങ്ങൾ ഉതിർന്നു വീണു.
“മോളേ….നിന്റെ വിഷമം അമ്മയ്‌ക്കറിയാം. ഈ നരകത്തിൽ നിന്ന് രക്ഷപ്പെടുന്നത് നീ മാത്രമാണ്. ആവതില്ലാത്ത മുത്തച്ഛനേയും കൊണ്ട് അമ്മ എന്തുചെയ്യും മോളേ?”
കാൽമുട്ടുകളിലേയ്‌ക്ക് മുഖം കുനിച്ചിരുന്നു തേങ്ങിക്കരയുന്ന മകളുടെ നേരെ കണ്ണീരോടെ അമ്മ നോക്കി.
അപ്പോൾ രാത്രിയുടെ ശാന്തിയെ മുറിവേല്പിക്കാൻ ദൂരെയെങ്ങോ മലമ്പുളളുകൾ കൂവിയാർത്തുകൊണ്ടിരുന്നു.
* * * * * * * * * * * * * * * * * * * * * * * * *
ഗോപിയുടെ മുറിയിൽ കൊണ്ടുപിടിച്ച ആലോചന നടന്നു.
“എന്താടാ ഒരു മാർഗ്ഗം?”
“മാർഗ്ഗമെന്താ, നേരെ ചെന്ന് കല്യാണിയമ്മയോട് ആലോചിക്കണം.”
“അങ്ങിനെ ബെല്ലും ബ്രേക്കുമില്ലാതെ ചെന്നാൽ സമ്മതിക്കുകയില്ല. കേട്ടത് നേരാണെങ്കിൽ മകളെ പഠിപ്പിച്ച് വലിയൊരു നിലയിലാക്കാനാ അവരുടെ പ്ലാൻ.”
കൂട്ടുകാരൻ ഓർമ്മിപ്പിച്ചു.
“ഒരുകാര്യം പറഞ്ഞേക്കാം..ശാന്ത പഠിച്ച് ബീയ്യേക്കാരിയോ, എമ്മേക്കാരിയോ ആയാൽ പിന്നെ കല്യാണം കഴിക്കാൻ പറ്റില്ലെന്നു തന്നെയല്ല അവളെ നേരെയൊന്നു കാണാൻപോലും നിനക്ക് കഴിഞ്ഞെന്നു വരില്ല.”
ആ വാചകം ഗോപിയുടെ ഉളളിൽ കൊണ്ടു. ചങ്കു ചൂളിപ്പോകുന്ന വിമ്മിട്ടം. ശാന്ത കൈവിട്ടുപോയാൽ പിന്നെ ജീവിതത്തിലെന്തു രസം?
മരിച്ചാലോ?….
നഖശിഖാന്തം താനവളെ സ്‌നേഹിക്കുന്നു. അവളുടെ രൂപം, സ്വരം, ചലനം…എന്തിന് ഓർമ്മപോലും ഗോപിയെ ലഹരി പിടിപ്പിച്ചു. അവൾ തന്റെ വികാരമായിരിക്കുന്നു.
നീണ്ട മൗനത്തിനുശേഷം ഗോപി തലയുയർത്തി.
“അവളെ എന്റെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ വല്ല വിഷവും വാങ്ങി കഴിച്ച് ആണുങ്ങളെപ്പോലെ ഞാൻ ആത്മഹത്യചെയ്യും.”
കൂട്ടുകാരൻ പൊട്ടിച്ചിരിച്ചു. ഗോപിക്ക് വാശി കയറി.
“ചിരിക്കണ്ടാ. ഞാൻ വാക്കു പാലിച്ചില്ലെങ്കിൽ എന്റെ പേര് നീ പട്ടിയ്‌ക്കിട്ടോ.”
അവൻ എഴുന്നേറ്റ് പുറത്തിറങ്ങി വാതിൽ പൂട്ടി.
ചായക്കടയിൽ ചെന്നപ്പോഴാണ് ആരോ പറഞ്ഞറിഞ്ഞത്. പെട്ടിയും കിടക്കയുമായി കൃഷ്ണപിളള സാറിന്റെ കാറിൽ ശാന്ത പട്ടണത്തിലേയ്‌ക്ക് പുറപ്പെട്ടിരിക്കുന്നു. കോളേജിൽ അവൾക്ക് പ്രവേശനം കിട്ടിയത്രേ!
കഠിനമായ നിരാശ. കരള് വിങ്ങിപ്പൊട്ടുമോ?…
കൂട്ടുകാരൻ ചെവിയിൽ പറഞ്ഞു.
“ആ ചിത്രശലഭം പറന്നോട്ടെ ഗോപീ…”
Generated from archived content: choonda13.html Author: sree-vijayan