ഉമ്മറത്ത് ആരോ നിഴലുപോലെ നിൽക്കുന്നുണ്ട്. കതകു തുറന്ന് ഓട്ടുവിളക്കുമായി കല്യാണിയമ്മ വന്നപ്പോൾ പതിഞ്ഞ സ്വരത്തിൽ ആഗതൻ പറഞ്ഞു.
“ഞാനാ കല്യാണിയമ്മേ”
“അല്ലേ മത്തായിസാറോ?” വിളക്കിന്റെ പ്രകാശത്തിൽ ആളെ തിരിച്ചറിഞ്ഞു. മത്തായി ദാഹദൃഷ്‌ടിയോടെ നിന്ന് വെളുക്കെ ചിരിച്ചു.
“ഇന്നൊരു സൗകര്യവുമില്ലല്ലോ സാറേ.”
അവർ ഓട്ടുവിളക്ക് ബഞ്ചിൽവച്ച് കൈഞ്ഞെട്ടൊടിച്ചു. മത്തായി വെപ്രാളപ്പെട്ടു.
“അയ്യോ അതു പറഞ്ഞാൽ പറ്റുകില്ല. എനിക്കല്ല. കൂടെ ഒരാളുണ്ട്. പറയുന്ന കാശ് കയ്യിൽ തരുന്ന പാർട്ടിയാ.”
“ആരാ?”
പഞ്ചായത്ത് പ്രസിഡന്റ് മഞ്ഞപ്പല്ലുകൾ കാട്ടി ഒന്നുകൂടി ചിരിച്ചു.
“നമ്മുടെ ഗോവിന്ദൻ മുതലാളിയുടെ മകനാ. മുകുന്ദൻകുട്ടി.”
കല്യാണിയമ്മയ്‌ക്കു അതിശയഭാവം.
“അയ്യോ! ആ കൊച്ചുപയ്യനോ?”
അവർ ചിരിക്കാൻ ഭാവിച്ചപ്പോൾ മത്തായി പറഞ്ഞു. “ശ്ശ് മിണ്ടല്ലേ…കുഞ്ഞുങ്ങളല്ലേ; അങ്ങനെ ഒരാശ.”
കല്യാണിയമ്മ തീർത്തു പറഞ്ഞു. “എന്തായാലും ഇന്നു പറ്റുകേലാ.”
പഞ്ചായത്ത് പ്രസിഡന്റ് നിരാശനായി. നെറ്റിയിൽ ചുളിവുകൾ വിരിഞ്ഞു. മനസ്സിൽ മറ്റൊരാശയം തോന്നി. മുഖം തെളിഞ്ഞു.
“എങ്കിൽ മകളുണ്ടല്ലോ? കുഴപ്പമൊന്നുമില്ല. പിളേളരല്ലേ..? അവര് തരക്കാരുമാണല്ലോ”
കല്യാണിയമ്മ ഒരീറ്റപ്പുലിയെപോലെ ചീറി. “സാറേ മര്യാദകേട് പറയരുത്. സാറായതുകൊണ്ടാ ഞാൻ മുഖത്തുനോക്കി ആട്ടാത്തത്.”
ഭയന്നുപോയ മത്തായി വിക്കിവിക്കി തെറ്റുതിരുത്താൻ ശ്രമിച്ചു.
“അല്ലാ…ഞാൻ…ഞാൻ?”
“ഒന്നും പറയണ്ട. കൊളളരുതാത്തവളാണെങ്കിലും ഞാൻ എന്റെ മോളെ നശിപ്പിച്ചിട്ടില്ല. ഇനിയൊട്ട് നശിപ്പിക്കുകേമില്ല. സാറ് പോ..”
“ഛെടാ..ഞാൻ ആ കൊച്ചനോട് വാക്കും പറഞ്ഞുപോയല്ലോ…ഇനി എന്തുചെയ്യും?”
വിഷാദത്തോടെ ബഞ്ചിലിരുന്ന് പഞ്ചായത്ത് പ്രസിഡണ്ട് നെറ്റിയിൽ വിരലോടിച്ചു.
കല്യാണിയമ്മ ആശ്വസിപ്പിച്ചു.
“സാരമില്ല…നല്ലവാക്കു പറഞ്ഞ് ഞാൻ അതിനെ പറഞ്ഞുവിടാം. ആളെവിടെയാ?”
“വിറകുപുരയിലിരിയ്‌ക്കയാ.”
കല്യാണിയമ്മ വിളക്കെടുത്ത് മുറ്റത്തേയ്‌ക്കിറങ്ങി.
വിറകുപുരയുടെ ഒരു കോണിൽ പകച്ച ദൃഷ്‌ടികളോടെ കഷ്‌ടിച്ച് പതിനേഴ് വയസ്സു തോന്നുന്ന ഒരു പയ്യൻ ഇരിക്കുന്നത് നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ കാണാം. ആകെ പതറിയാണയാൾ ഇരിക്കുന്നത്. ഇടക്കിടയ്‌ക്ക് പുറത്തേക്ക് നോക്കും. വിളക്കുമായി അങ്ങോട്ടുചെന്ന കല്യാണിയമ്മയെ കണ്ട് ഉൾക്കിടിലത്തോടെ പയ്യൻ എഴുന്നേറ്റു. കാലുകൾ നിലത്ത് ഉറയ്‌ക്കുന്നില്ല. ദേഹം വല്ലാതെ വിറക്കുന്നുണ്ട്. പുഞ്ചിരി പൊഴിച്ചുകൊണ്ട് കല്യാണിയമ്മ ചോദിച്ചു.
“അല്ലേ കൊച്ചുമുതലാളി വിറകുപുരയിൽ എന്തെടുക്കുവാ?”
നെഞ്ചിൽ, പാടത്തു വെളളമടിക്കുന്ന അഞ്ച് കുതിരശക്‌തിയുളള മോട്ടോർ സ്‌റ്റാർട്ടാക്കിയപോലെ മുകുന്ദന് തോന്നി. അതിന്റെ ഭീകരശബ്‌ദം ചെവിയിലും മുഴങ്ങുന്നു. താൻ വീണുപോകുമോ? ബോധം തന്നിൽ നിന്നകലുകയാണോ?
മുഖം കുനിച്ചുനില്‌ക്കുന്ന പയ്യന്റെ താടി ചുണ്ടുവിരൽ കൊണ്ട് ഉയർത്തി, ചിരിച്ചുകൊണ്ട് കല്യാണിയമ്മ ചോദിച്ചു.
“ഇതെന്താ ഒന്നും മിണ്ടാത്തത്?”
ഇടിവെട്ടുകൊണ്ട ഭാവത്തോടെ പയ്യൻ നിന്നു. ശൃംഗാരഭാവത്തിൽ കല്യാണിയമ്മ കിലുകിലെ ചിരിച്ചു. മുകുന്ദന്റെ മുഖം ചുണ്ണാമ്പുപോലെ വിളറി. പോക്കറ്റിൽ കയ്യിട്ട് നാലഞ്ച് പത്തുരൂപാ നോട്ടുകൾ എടുത്ത് പയ്യൻ നീട്ടി. കൈ ശക്തിയായി വിറയ്‌ക്കുന്നുണ്ടായിരുന്നു.
“രൂപ കയ്യിലിരുന്നോട്ടെ. മോനെന്താ വിറക്കുന്നത്?”
സഹതാപത്തോടെ കല്യാണിയമ്മ തിരക്കി. വരണ്ട തൊണ്ടയിൽനിന്നും ശബ്‌ദം പുറത്തുവന്നു.
“ഒന്നുമില്ല.”
കല്യാണിയമ്മ ഭയന്നു.
“അയ്യോ ഇതെന്തുപറ്റി?”
കുടുകുടാ വിയർക്കുന്ന പയ്യന്റെ കണ്ണുകൾ മയങ്ങി. പുരികം ചുളിഞ്ഞു. തളർന്നുവീഴാൻ ഭാവിച്ചപ്പോൾ പരിഭ്രമത്തോടെ കല്യാണിയമ്മ താങ്ങി. അവൾ വിളിച്ചു പറഞ്ഞു.
“അയ്യോ സാറേ…ഓടിവന്നേ…”
മത്തായി ഓടിയെത്തി. ഇരുവരുംകൂടി മുകുന്ദനെ ഒരു മരമുട്ടിയിൽ പിടിച്ചിരുത്തി.
“ആ തോർത്തുകൊണ്ട് ഒന്നു വീശിയേ സാറേ..”
മത്തായി തോർത്തെടുത്തു വീശി. പയ്യന്റെ വിഷമം കണ്ട് കല്യാണിയമ്മ തിരക്കി.
“മോന് വെളളം കുടിക്കണോ?”
ദീനസ്വരത്തിൽ പയ്യൻ പറഞ്ഞു.
“വേണം.”
കല്യാണിയമ്മ പുറത്തേയ്‌ക്ക് ഓടിപോയി. വീശുന്നതിനിടയിൽ മത്തായി പറഞ്ഞു.
“കുഞ്ഞിങ്ങനെ പേടിച്ചാലോ…? കഷ്‌ടം, കഷ്‌ടം!”
പയ്യന് മിണ്ടാനൊക്കുന്നില്ല. ദയനീയമാംവണ്ണം തളർന്ന മിഴികളോടെ മത്തായിയെ നോക്കി.
ഗ്ലാസ്സിൽ വെളളവുമായി കല്യാണിയമ്മ എത്തി. ചുണ്ടോടടുപ്പിച്ച വെളളം ഒറ്റവലിക്ക് പയ്യൻ കുടിച്ചുതീർത്തു.
“ഇനി വേണോ?”
അവശനായ മുകുന്ദൻ മറുപടി പറഞ്ഞു.
“വേണ്ട. എനിക്ക് വീട്ടിൽ പോകണം.”
പയ്യൻ എഴുന്നേൽക്കാൻ ശ്രമിച്ചു. മത്തായി സഹായിച്ചു. കല്യാണിയമ്മ മത്തായിയെ കുറ്റപ്പെടുത്തി.
“ഈ സാറ് കാരണമാ” അവർ പയ്യന്റെ കവിൾ തലോടി.
“ആട്ടെ, മോനിപ്പോൾ പൊയ്‌ക്കോളൂ. ഇനി ഒരു ദിവസം വന്നാൽ മതി.”
വിക്കി വിക്കി മുകുന്ദൻ പറഞ്ഞു.
“ഇനി….ഒരിക്കലും ഞാൻ വരില്ല…”
മുകുന്ദൻ മുൻപോട്ടു നടന്നു. മത്തായിയും അനുഗമിച്ചു. ആ പോക്കു നോക്കി കല്യാണിയമ്മ സഹതപിച്ചു.
“പാവം!”
* * * * * * * * * * * * * * * * * * * * * * * * *
Generated from archived content: choonda12.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English