കോളേജ് അഡ്‌മിഷന് അപേക്ഷ അയയ്‌ക്കാൻ പോസ്‌റ്റ് ഓഫീസിൽ പോയപ്പോൾ വഴിക്കുവെച്ച് ശാന്ത വീണ്ടും ഗോപിയെ കണ്ടു. കാണാത്തമട്ടിൽ നടന്നതാണ്. പക്ഷേ, ചിരിച്ചുകൊണ്ട് അയാൾ കുശലാന്വേഷണം തുടങ്ങി.
“ശാന്ത കോളേജിൽ പോകുന്നെന്ന് കേട്ടു?”
“ഉവ്വ്.”
നാട്ടുമര്യാദ അനുസരിച്ച് അവൾ മറുപടി പറഞ്ഞു. ഗോപിയെ ശരിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞത് അപ്പോഴാണ്.
ആദ്യ സന്ദർശനത്തിനുശേഷം ഒരുനാൾ അമ്പലത്തിൽനിന്നും മടങ്ങുമ്പോൾ ആൽച്ചുവട്ടിൽ നിന്നിരുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിൽ അയാളുമുണ്ടായിരുന്നുവെന്ന് ശാന്ത ഓർത്തു. നാട്ടിൽ നല്ലതല്ലാത്ത ഒരു മേൽവിലാസം തന്റെ കുടുംബത്തിനുളളതിനാൽ പുറത്തേയ്‌ക്കിറങ്ങിയാൽ അവൾ തല നിവർത്താറേയില്ല. ആളുകളുടെ മുമ്പിൽ ചൂളാതെ ഒന്നു നടക്കാൻ കഴിഞ്ഞെങ്കിൽ എന്ന് പല തവണ അവൾ ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചിട്ടുണ്ട്. ഗുരുവായൂരപ്പന്റെ കാരുണ്യം കൊണ്ടാകാം നല്ല രീതിയിൽ പാസ്സായതും ഉപരിപഠനത്തിന് മാർഗ്ഗം തെളിഞ്ഞതും. പ്രൊഫസ്സർ കൃഷ്ണപ്പിളള അയച്ച കത്തുകളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ഈശ്വരവിശ്വാസവും സത്യസന്ധതയുമുളളവർക്ക് എന്നും ഉന്നത പദവിയിലെത്താൻ കഴിയും.”
“എന്റെ ഗുരുവായൂരപ്പാ, എന്നെ രക്ഷിക്കണേ.” ആ നിനവോടെ അവൾ ദീർഘമായി നിശ്വസിച്ചു.
ഗോപി ചോദിച്ചു.
“ശാന്തയെന്താ ചിന്തിക്കുന്നത്?”
അവളൊന്നു ഞെട്ടി. ഒരു ചെറുപ്പക്കാരന്റെ മുമ്പിൽ ഇത്രയും നേരം തലയും കുനിച്ച് താൻ നില്‌ക്കുകയായിരുന്നുവെന്ന് അപ്പോഴാണവൾ ഓർത്തത്. പരിഭ്രാന്തിയോടെ അവൾ മുന്നോട്ടു നീങ്ങി.
“പഠിക്കുന്ന കുട്ടികളെ എനിക്കിഷ്‌ടമാണ്. ഞാൻ സമ്മാനമായി ഒരു പേന തന്നാൽ ശാന്ത വാങ്ങിക്കുമോ?”
“എനിക്കു വേണ്ട.”
ഗോപി പോക്കറ്റിൽ നിന്നും ഗോൾഡ് ക്യാപ്പുളള പേനയെടുത്ത് നീട്ടി.
“സ്വന്തം സഹോദരൻ തരുന്നതുപോലെ കണക്കാക്കിയാൽ മതി.”
“എനിക്കാവശ്യമില്ല.”
അവൾ ധൃതിയിൽ നടന്നു. ജാള്യത ഗോപിയുടെ മുഖത്ത് നിറഭേദമുണ്ടാക്കി.
മനസ്സിൽ നിരൂപിച്ചു. അല്പം തിടുക്കം കൂടിപ്പോയി.
ചിന്ത മറ്റൊരു വഴിക്കു തിരിഞ്ഞു. വരട്ടെ, സന്ദർഭങ്ങൾ ഇനിയുമുണ്ട്. ബോധപൂർവ്വം മുന്നോട്ടു നീങ്ങിയാലേ ലക്ഷ്യം പ്രാപിക്കാൻ പറ്റൂ.
അവൻ ഒരു ചാർമിനാറിന് തീകൊളുത്തി. വായ് നിറച്ച് പുകയെടുത്ത് ഊതി വായുവിൽ വലുതും ചെറുതുമായ വളയങ്ങളുണ്ടാക്കി.
* * * * * * * * * * * * * * * * * * * * * * * * *
കോളേജിൽനിന്ന് കൃഷ്‌ണപിളളസാറിന്റെ കത്തു കിട്ടി. കത്തിൽ പുറപ്പെടേണ്ട തീയതി കൃത്യമായി എഴുതിയിട്ടുണ്ട്. ലേഡീസ് ഹോസ്‌റ്റലിൽ താമസസൗകര്യവും അദ്ദേഹം ഏർപ്പാടാക്കിയിരിക്കുന്നു. പ്രൊഫസർ അയച്ചുകൊടുത്ത രൂപകൊണ്ട് അത്യാവശ്യം ഉടുപുടവകൾ സംഭരിച്ചു.
ഓട്ടുവിളക്കിന്റെ പ്രകാശത്തിൽ ശാന്ത ഒരു ചെറിയ ട്രങ്കുപെട്ടിയിൽ സാധനസാമഗ്രികൾ അടുക്കിവെയ്‌ക്കാൻ തുടങ്ങി. സഹായത്തിന് അമ്മയും സമീപത്തുണ്ട്. ഒരു പുളളിസാരി എടുത്ത് കല്യാണിയമ്മ പറഞ്ഞു.
“യാത്രയ്‌ക്കു പറ്റിയത് ഈ സാരിയാ മോളേ. ഇത് നിനക്ക് ഇണക്കവുമാ..”
“വേണ്ടമ്മേ. ആ കറുത്ത വോയിൽ സാരിയാ എനിക്കിഷ്‌ടം.”
“പോടീ…കറുത്തതും മുഷിഞ്ഞതുമൊന്നും വേണ്ട. കോളേജില് വരണ പെങ്കുട്ട്യോളുടെ ഇടയിൽ എന്റെ മോള് ഒരു രാജകുമാരിയെപ്പോലെ നിൽക്കണം.”
ആത്മാർത്ഥത ചോലുന്ന അമ്മയുടെ ആഗ്രഹത്തിന് ശാന്ത എതിരു പറഞ്ഞില്ല. പിറ്റേന്ന് രാവിലെ പുറപ്പെടുമ്പോൾ ഉടുക്കാനായി പുളളിസാരി അവൾ മാറ്റിവെച്ചു.
“ചെന്നാല് എല്ലാവിവരത്തിനും എന്റെ മോള് എഴുത്തയയ്‌ക്കണം.”
അതു പറയുമ്പോൾ കല്യാണിയമ്മയുടെ തൊണ്ടയിടറി. മിഴികൾ സജലങ്ങളായി. അകത്തുനിന്നും മുത്തച്ഛന്റെ ശബ്‌ദമുയർന്നു.
“ആരാ അവിടെ വർത്തമാനം പറയുന്നത്? മണിയെത്രയായി?”
അങ്ങോട്ടു നോക്കി ശാന്ത വിളിച്ചു പറഞ്ഞു.
“പത്തു മണിയായി മുത്തച്ഛാ..”
നിരാശയോടെ മുത്തച്ഛൻ പിറുപിറുത്തു.
“ഓ…സന്ധ്യയാകാൻ ഒരുപാടു നേരമുണ്ടല്ലോ..”
കല്യാണിയമ്മ അകത്തേയ്‌ക്ക് ചെന്നു. കട്ടിലിൽ പുതച്ചുമൂടി കിടക്കുന്ന വൃദ്ധനെ നോക്കി.
“അച്ഛനെന്താ ഈ പറയുന്നത്. ഇപ്പോൾ രാത്രിയാ..”
“രാത്രി പത്തുമണിയാണോ? അപ്പൊ നേരം വെളുക്കാൻ ഇനിയുമുണ്ടല്ലോടീ സമയം?”
“അച്ഛൻ കിടന്നുറങ്ങ്. ഉറങ്ങാതെയിരുന്നിട്ടാ രാത്രിം പകലും തിരിച്ചറിയാൻ പറ്റാത്തത്.”
വൃദ്ധൻ നിരാശയോടെ പറഞ്ഞു. “ഉറക്കം വരുന്നില്ല മോളേ. നീ ഈ കരിമ്പടം കാലിലേയ്‌ക്ക് ഒന്നു വലിച്ചിട്ടേ.”
“കരിമ്പടം ശരിയ്‌ക്കുതന്നെയാ കിടക്കുന്നത്.”
“ഹ! പിന്നെയെന്താ കാലിന് വല്ലാത്തൊരു തണുപ്പ്?”
മുറിയിലേയ്‌ക്ക് ശാന്ത കടന്നുവന്നു. ഒതുക്കിയ സ്വരത്തിൽ അമ്മയോടവൾ തിരക്കി.
“അമ്മേ, വെളുപ്പിന് കൃഷ്ണപ്പിളളസാറിന്റെ കാറു വരുമ്പോൾ മുത്തച്ഛൻ ഉറക്കമായിരിക്കില്ലേ? ഇപ്പോഴേ ഞാൻ യാത്ര ചോദിച്ചേക്കട്ടെ?”
“വേണ്ട മോളേ…മുത്തച്ഛൻ ഉറങ്ങട്ടെ. പോകാൻ നേരത്ത് പറഞ്ഞാൽ മതി. അല്ലെങ്കിൽ അതും ഓർത്ത് ഉറങ്ങാതെ കിടക്കും.”
ശാന്ത തെല്ലുനേരം മുത്തച്ഛനെ നോക്കിനിന്നു. വളഞ്ഞുകൂടി കിടക്കുന്ന ഒരെല്ലിൻകൂട്. നനച്ചുവച്ച നെൽവിത്തിന് മുളവന്ന കണക്കേ നരച്ച് കുരുത്ത രോമങ്ങൾ നിറഞ്ഞ മുഖം. കവിളിന് നീർക്കോളിന്റെ തടിപ്പ്. ശാന്തയുടെ കൺപീലികൾ അവളറിയാതെ കുതിർന്നു.
“മുത്തച്ഛന്റെ കാര്യമോർക്കുമ്പോൾ എനിക്ക് എങ്ങോട്ടും പോകാൻ തോന്നുന്നില്ലമ്മേ.”
“നീ മണ്ടത്തരം പറയാതിരിക്കൂ കുട്ടീ.” അമ്മ മകളുടെ പുറം തലോടി. ശാന്തയുടെ ഗദ്‌ഗദസ്വരം.
“എത്രനാള് കഴിഞ്ഞാണ് ഇനി മുത്തച്ഛനെ എനിക്കൊന്നു കാണാൻ പറ്റുക?”
“ഒഴിവു കിട്ടുമ്പോഴൊക്കെ എന്റെ മോൾക്ക് ഓടി വരാമല്ലോ.”
ശാന്ത അമ്മയോടു ചേർന്നുനിന്നു.
“അമ്മേ, മുത്തച്ഛന് ഒന്നിനും ഒരു മുട്ടുണ്ടാകാതിരിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിക്കണേ.. മുത്തച്ഛൻ വിളിക്കുമ്പോഴൊക്കെ അമ്മ അടുത്തുണ്ടാകണേ..”
“ശരി മോളേ” കല്യാണിയമ്മ തലകുലുക്കി.
ആരോ പുറത്തെ വാതിലിൽ മുട്ടുന്നതായി തോന്നി. ഇരുവരും ശ്രദ്ധിച്ചു. ഒരിക്കൽകൂടി വാതിൽക്കൽ മുട്ടുകേട്ടു.
“ആരാണെന്ന് നോക്കട്ടെ.” വിളക്കുമെടുത്ത് കല്യാണിയമ്മ ആ വശത്തേക്ക് നടന്നു.
“അമ്മേ” ശാന്ത പുറകിൽ നിന്നു വിളിച്ചു. പക്ഷേ ആ ശബ്‌ദം കല്യാണിയമ്മ കേട്ടില്ലെന്നു തോന്നുന്നു.
Generated from archived content: choonda11.html Author: sree-vijayan