മുത്തശ്ശൻ

മുത്തശ്ശൻ ഇന്നൊരു

ഓർമ്മമാത്രമായ്‌

എണ്ണമെഴുക്കും വിയർപ്പിൻ-

ചളിയും പുരണ്ട

കസാലത്തുണികളിൽ

വക്കുപൊളിഞ്ഞീർക്കിൽ-

നാവുപുറത്താക്കി

പൊട്ടിച്ചിരിക്കുന്ന

ചുണ്ണാമ്പു പാട്ടകളിൽ

ഞെരിയുന്ന കോവണി-

പ്പടിയിൽ പൊതിഞ്ഞയ-

വെട്ടുന്ന കാറ്റിൻ

അടക്കം പറച്ചിലിൽ

ഇരുൾ കാർന്നു തിന്നുന്ന

രണ്ടാം നിലയിലെ

ഇഴതൂങ്ങി നീളുന്ന

കയറിന്റെ കട്ടിലിൽ

അച്ഛന്റെ ആജ്ഞയെ

ലംഘിച്ചെരിഞ്ഞീണ

ബീഡിച്ചുരുളിന്റെ

നീലിച്ച നാടയിൽ

അന്ത്യകർമ്മങ്ങളിൽ

ചുരുൾ നീർത്തു പൊങ്ങിയ

സാമ്പ്രാണിത്തിരിയുടെ

പുകയും ഞരമ്പുകളിൽ

മാമ്പൂ ചിതറിയരിഞ്ഞുവീണ

തേന്മാവിന്റെ

ചിതൽതിന്ന വേരുകളിൽ

ബലിനാലിൽ പങ്കു-

പകുക്കുവാനെത്തിയ

വിരലറ്റ കാക്കയുടേങ്ങലുകളിൽ

അസ്ഥിത്തറയിൽ

മുനിഞ്ഞുകത്തും നിലാ-

ത്തിരിയിൽ കൊഴിയു-

മരളിച്ചെടികളിൽ

പട്ടടക്കഞ്ഞി കുടിച്ചു

മൗനത്തിന്റെ ചാരക്കുറി-

തേച്ചു നാമം ജപിക്കുന്ന

മുത്തശ്ശിയമ്മയിൽ

കോലായിൽ ഭിത്തിയിൽ

തൂങ്ങും ചില്ലിട്ട

ഏവരുമോർക്കുന്ന

ചിത്രമായ്‌ മുത്തശ്ശൻ

ഇന്നെന്റെ ഓർമ്മയിൽ മാത്രമായ്‌.

Generated from archived content: poem2_apr26_06.html Author: sravangiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English