അസ്വസ്ഥതയുടെ അടക്കം പറച്ചിലുകള്‍

Men may come and men may go,

but i go on forever.

പുഴ ഒഴുകുകയാണ് . തടങ്ങളെ നനച്ച് ജീവജലം പകര്‍ന്ന്, സാംസ്ക്കാരിക ധാരണകളെ നെഞ്ചിലേറ്റി. എത്രപേര്‍, ഈ തടങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടു എന്നറിയില്ല അനേകര്‍ വന്നു അനേകര്‍ മടങ്ങുകയും ചെയ്തു. അവരില്‍ ചിലര്‍ , പുഴയുടെ അനുസ്യൂതമായ പ്രവാഹത്തിനിടയില്‍ , മനോഹരമായ കളിവഞ്ചികള്‍ തീര്‍ത്ത് നമ്മെ വിസ്മയിപ്പിക്കുന്നു. ചിലര്‍ ഉള്ളിലെവിടെയോ ഒരു തേങ്ങല്‍ , ഒരു തുള്ളി കണ്ണുനീര്‍ ബാക്കി നിര്‍ത്തുന്നു അപ്പോഴും പുഴ ഒഴുകുകയാണ് , നിര്‍മമമായി.

ഇക്കുറി തെരെഞ്ഞെടുത്ത പത്തുകഥകളുടെ ആര്‍ദ്ര സൗന്ദര്യവുമായി പുഴ. കോം ഒരു സമാഹാരം പുറത്തിറക്കിയിരിക്കുന്നു. പുഴയുടെ ഭാഷയില്‍ ഇവ ‘ പുഴയെ ഉണര്‍ത്തിയ കഥ‘ കളാണ് ‘ ഉത്തിഷ്ഠത ! ജാഗ്രത! ‘ എന്നു കൂടി ഈ കഥകള്‍ പറയുന്നുണ്ട്. കാരണം , കാലത്തിന്റെ കരി പടര്‍ന്ന കഥകളാണിവ . ഓരോ കഥയിലും വായനക്കാരന്‍ കാണുന്നത് സ്വന്തം പ്രതിച്ഛായ തന്നെയാണ്. ആദ്യകഥയില്‍ പറയുമ്പോലെ , ‘ റിയര്‍ വ്യൂ മിററിലൂടെ സ്വന്തം പ്രതിച്ഛായ കണ്ട് അയാള്‍ അത്ഭുതപ്പെട്ടു’ അതോ ഞെട്ടിയോ?

ലിജിയ ബൊണേറ്റിയുടെ ‘ അവസാനത്തെ ഉരുപ്പടി’ അതിമനോഹരമായ കഥയാണ്. ശബ്ദകോലാഹലങ്ങളോ വാക്കുകളുടെ ട്രിപ്പീസോ ഇല്ലാത്ത ഈ കഥയ്ക്ക് ആന്തരികമായ ഓരോജസ്സുണ്ട്. കഥയിലൂടെ കടന്നുപോകുമ്പോള്‍ , ഒറ്റപ്പെടുന്നതിന്റെ വ്യഥകള്‍ ഹൃദയത്തിലൊരു തേങ്ങലാകും. പക്ഷെ, അതാരും അറിയില്ലെന്നു മാത്രം. വത്സലക്ക് ആകെയുള്ളത് വീടാണ്. മക്കള്‍ അകലെ അവരവരുടെ ജീവിതപ്പാതയിലാണ്. പറയാനും കരുതിവയ്ക്കാനും ഒന്നും ബാക്കിയില്ലാതായപ്പോള്‍ പടിയിറങ്ങിപ്പോയ ഭര്‍ത്താവ്. തൂലികത്തുമ്പിലെ മഷി വറ്റി വത്സല ഒന്നുമെഴുതാതെയുമായി.

‘ അമ്മയ്ക്കാരാണ് ഇവിടെയുള്ളത് ? എന്ന മകളുടെ ചോദ്യത്തിനു മുമ്പില്‍ , ഇനി തളര്‍ന്നു വീഴാന്‍ വത്സലക്ക് പാതാളലോകമറിയില്ല .മകള്‍ എല്ലാത്തിനും വില പറഞ്ഞിരിക്കുന്നു. പക്ഷെ, വത്സലക്ക് എങ്ങനെ പിരിയാനാകും?

വ്യര്‍ത്ഥ സമസ്യകളുടെ പൂരണമാണോ ജീവിതം? എങ്കിലും , രാജശേഖരന്റെ അവസാനത്തെ ഫോണ്‍ വിളി ഏതോ പച്ചപ്പിന്റെ പുല്‍നാമ്പാകുന്നു. അടക്കമുള്ള ഭാഷ, ലിജിയയെ നിറഞ്ഞനുഗ്രഹിച്ചിരിക്കുന്നു. ക്രാഫ്റ്റും ശ്രദ്ധേയം തന്നെ.

പ്രേമചന്ദ്രന്‍ ബഷീറിന്റെ കഥ നാടകമാക്കി കുട്ടികളെക്കൊണ്ട് അഭിനയിപ്പിക്കാന്‍ എത്തിയതാണ് സ്കൂളില്‍ . ഒടുവില്‍ ബഷീറിന്റെ പ്രണയമല്ല , ത്രിജി പ്രണയം വെണ്ണകട്ടുതിന്നു പോയ കാഴ്ച, പ്രേമചന്ദ്രനെ സ്വയം കുറ്റവാളിയാക്കി കുരുക്കിലൊതുക്കി. വെണ്ണ കട്ടുതിന്ന കണ്ണനും , വെണ്ണ ബാക്കി നില്‍ക്കുന്ന ഉറിയും, എലിയറ്റിന്റെ ‘ വേസ്റ്റ് ലാന്റി’ ലെന്നപോലെ , മുടി കോതി അരങ്ങൊഴിഞ്ഞു പോയി. ഭയം കാഴ്ച്ചക്കാരനിലായിരുന്നു. അവന്‍ കാത്തു സൂക്ഷിച്ച നന്മ തിന്മകളുടെ ബോധാബോധങ്ങളിലായിരുന്നു. ഹൃദയാലുവായ കാഴ്ച്ചക്കാരന്‍ തന്നെ പാവം ഭീരു!

വി. ഷൈജുവിന്റെ ‘ ഭയം’ സാധാരണത്വത്തെ മറികടക്കുന്ന കഥയാണ്. നര്‍മ്മത്തില്‍ ചാലിച്ച്, പരോക്ഷമായ വരമ്പുകളിലൂടെ അനുവാചകനെ നയിച്ച് , മാറിയ കാലത്തിന്റെ കാഴചകളും നൈതികതയും കാണിച്ചു തരുന്നു.അക്ഷരം കിനിയുന്ന ഈ മനസ്സ് തളരാതിരിക്കട്ടെ. ജീവിത നിരാസത്തിന്റെ മണ്ണില്‍ ജീവിക്കാതെ വീണ്ടെടുക്കലാണ് ‘ പുനര്‍ജ്ജനി’ എന്ന കഥ. അഫ്ഗാനിസ്ഥാനില്‍ എരിഞ്ഞടങ്ങുന്ന ശൈശവങ്ങള്‍ , യൗവനങ്ങള്‍, സ്ത്രീജന്മങ്ങള്‍ … ഭാഷ, ആചാരം, വേഷം വിഭിന്നമെമെങ്കിലും ഏവര്‍ക്കും വൈകാരികതയുടെ ഉള്‍ത്തുടിപ്പുകളറിയാനാകും. ആന്ന്ദി അതിന്റെ ഉത്തമോദാഹരണവും. വൈശാഖന് ആത്മാവു കണ്ടെത്താനാകാത്ത എല്ലാ അഭിരമിക്കലുകളിലും ആനന്ദി , ആ ആഴങ്ങളെ തൊട്ടറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഭയത്തില്‍ നിന്ന് , മരണത്തില്‍ നിന്ന് , വികലജീവിത മരുഭൂമികളില്‍ നിന്ന് ഒരു പുനര്‍ജ്ജനി. തികച്ചും കാവ്യാത്മകവും ആഴവും ഉള്‍ക്കൊള്ളുന്ന ഭാഷ. മനസ്സിന്റെ സ്പന്ദമറിയുന്ന വൈദഗ്ദ്ധ്യം. വി. കെ ദീപ എഴുതിയ പുനര്‍ജ്ജനി കൂടുതല്‍ പഠനങ്ങള്‍ അവശ്യപ്പെടുന്ന കഥയാകുന്നു.

ന്യൂട്ടന്റെ ചലനനിയമങ്ങളിലൂടെ ജീവിതത്തിന്റെ ഇഴകളെ വേര്‍തിരിച്ചെടുക്കാനുള്ള സുജയന്‍ എന്ന പോലീസുകാരന്റെ രാ‍ത്രി കാവലാണ് ചലനനിയമങ്ങള്‍ എന്ന കഥ. ആത്മഹത്യയുടേയും കൊലപാതകത്തിന്റേയും ഇടയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ഒരു തീവണ്ടിയായി ചലനനിയമം മൂന്നില്‍ നിന്ന് നാലിലെത്തുന്നു. നാലാം ചലനനിയമത്തെ അയാള്‍ ഭാവനയില്‍ കണ്ടത് സുരതപ്രക്രിയയിലായിരുന്നു. എന്നാല്‍ , യാഥാര്‍ത്ഥ്യമായി അത് പ്രത്യക്ഷപ്പെട്ടതാകട്ടെ മരണത്തിലും. അന്ത: സംഘര്‍ഷങ്ങളെ നേര്‍പ്പിച്ച് ലാഘവത്തോടെ കഥ പറയുന്ന അനില്‍ കുമാര്‍ , കഥയുടെ ക്ലൈമാക്സില്‍ വായനക്കാരനെ ഞെട്ടിക്കുന്നു. കാതലുള്ള ഈ കഥ ഒരു നൊമ്പരം തന്നെ.

രമേശ് ബാബുവിന്റെ ‘ നിഴല്‍ വീണ വഴികള്‍’ രാജീവ് ജി. ഇടവയുടെ ‘ ഹെല്‍ത്ത് ആന്റ് ഹെല്‍ത്ത് മെഡിക്ലിനിക്ക്’ സി അനൂപിന്റെ ‘ അതികായകന്‍’ സില്‍വിക്കുട്ടിയുടെ ‘ ഒറ്റപ്പെട്ടവരുടെ ഓണം’ വി. ആര്‍ രാജമോഹന്‍ എഴുതിയ ‘ റിയല്‍ ടേസ്റ്റ്’ റിതുലാ നായരുടെ ‘ ഗുല്‍മോഹര്‍ പൂത്ത താഴ്വര’ എന്നിവ ഈ സമാഹാരത്തിലെ മറ്റു കഥകളാണ്. ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്തം . ഓരോ കഥയിലുമുണ്ട് ഒരു പാടു ധര്‍മ്മസങ്കടങ്ങള്‍.

യഥാര്‍ത്ഥത്തില്‍ ‘ പുഴയെ ഉണര്‍ത്തിയ കഥകള്‍ ‘ മലയാളത്തെ ഉണര്‍ത്തുന്ന കഥകളാണ്. അതിരുകള്‍ ഭേദിച്ചു വരുന്ന മലയാളിയുടെ കഥകളാണ്. അതിരുകള്‍ അലിഞ്ഞില്ലാതാകുമ്പോള്‍ , നമുക്കെവിടെയാണ് കാലിടറുന്നതെന്ന് ഈ കഥകള്‍ നമ്മോടു പറയുന്നു. ഈ അടക്കം പറച്ചിലുകള്‍ , നമ്മെ അസ്വസ്ഥമാക്കുക തന്നെ ചെയ്യും. നാം മാറേണ്ടിയിരിക്കുന്നുവെന്ന ശക്തമായ താക്കീത് കേള്‍ക്കാതെ വയ്യ. പുഴ.കോമിന് അഭിമാനിക്കാം . വലയില്‍ കുടുങ്ങിയതൊന്നും അകക്കാമ്പില്ലാത്തതല്ല. അതുകൊണ്ടുതന്നെ തെരെഞ്ഞെടുപ്പിന് ബുദ്ധിമുട്ടുകള്‍ ഏറിയിട്ടുമുണ്ടാകും. കെ. എല്‍ മോഹനവര്‍മ്മ ചീഫ് എഡിറ്ററായും എം. കെ ചന്ദ്രശേഖരന്‍ എഡിറ്റു ചെയ്തും തയ്യാറാക്കിയ പുഴ. കോമിന്റെ ഈ കഥാസമാഹാരം എച്ച്. & സി ബുക്സാണ് വിതരണം നടത്തുന്നത് നിലവാരമുള്ള ഒരു പുസ്തകം- ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കുമത് ബോദ്ധ്യപ്പെടും – എല്ലാം കൊണ്ടും .

പുഴയെ ഉണര്‍ത്തിയ കഥകള്‍

പ്രസാധനം: പുഴ.കോം

വിതരണം: എച്ച് & സി ബുക്സ്

വില 80 രൂപ പേജ് 105

Generated from archived content: vayanayute45.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here