തൊടുന്നതെല്ലാം പൊന്നക്കുവാൻ വരം നേടിയ രാജാവിന്റെ കഥയാണ് പത്മകുമാർ കെ. എഴുതിയ ‘റാറൂമി’ ഓർമ്മപ്പെടുത്തുന്നത്. ബാലസാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതിയാണ് ഇതെങ്കിലും മുതിർന്ന വായനക്കാരേയും ‘റാറൂമി’ രസിപ്പിക്കും.
ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യയുടെ ഒരു സാദ്ധ്യതയാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു. നാനോ ടെക്‌നോളജിയുടെ അടിത്തറയിലാണ് ഇതിലെ പ്രമേയം വികസിതമാകുന്നത്. ആത്മാർത്ഥതയും സൂക്ഷ്‌മതയുമുണ്ടായിട്ടും ചെറിയൊരു കൈയബദ്ധം ചിലപ്പോൾ അപകടത്തെ ക്ഷണിച്ചുവരുത്തുന്നുവെന്നും നോവലിസ്‌റ്റ് തന്റെ രചനയിലൂടെ മുന്നറിയിപ്പു നൽകുന്നു. ഒട്ടേറെ ഗുണപരമായ സാദ്ധ്യതകൾക്കിടയിലും വല്ലപ്പോഴും സംഭവിക്കുന്ന ദുരന്തങ്ങൾ, ലക്ഷ്യത്തെത്തന്നെ തകർത്തുകളയുന്നു.
മനുവാണ് ഈ നോവലിന്റെ പ്രധാന കഥാപാത്രം. ഒരു ബാങ്ക് കവർച്ചക്ക് ദൃക്‌സാക്ഷിയാകേണ്ടിവന്ന മനു അപ്പുവങ്കിളിന്റെ വെബ്‌ക്യാമറയുടേയും തന്റെ കമ്പ്യൂട്ടറിലെ പ്രോഗ്രാമിന്റേയും സഹായത്താൽ കുറ്റവാളികളെ ‘ടെലിപോർട്ടേഷനു’ വിധേയമാക്കുന്നു. ആഗോളതലത്തിൽ ഇതു ചർച്ചാവിഷയമാകുകയും ‘സോഴ്‌സ്’ കണ്ടെത്താൻ ഏവരും ശ്രമിക്കുകയും ചെയ്യുന്നു. റാറൂമി എന്ന സുഹൃത്തിന്റെ പേരാണ് പുതിയ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്യാമറക്ക് മനുവും അപ്പുവങ്കിളും നൽകുന്നത്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് കാര്യങ്ങൾ തകിടം മറിയുന്നു. ഇത് അവരേയും മറ്റുള്ളവരേയും അസ്വസ്‌ഥരാക്കുന്നു. ഒടുവിലവർ ആ സാങ്കേതികവിദ്യയെ കയ്യൊഴിയുന്നു.
ലളിതമായ ഭാഷയിലാണ് ക്ലിഷഠ്‌മായ സാങ്കേതികതയുൾക്കൊള്ളുന്ന ഈ ‘സയൻസ് ഫിക്‌ഷന്റെ’ ആഖ്യാനം പത്മകുമാർ നിർവ്വഹിച്ചിരിക്കുന്നത്. ശാസ്‌ത്രതാല്‌പര്യത്തെ ഉണർത്താനുതകുന്ന ഈ കൃതി ശാസ്‌ത്രം മനുഷ്യനന്മയെയാണ് ലക്ഷ്യം വയ്‌ക്കേണ്ടതെന്നും പരോക്ഷമായി ഓർമ്മപ്പെടുത്തുന്നു. എന്തുകൊണ്ടും ഇതൊരു പുതിയ കാലത്തിന്റെ നോവലാണ്. ഭാവനക്ക് സഞ്ചരിക്കാൻ ധാരാളം ഇടങ്ങൾ കഥനത്തിനിടയിലും നോവലിസ്‌റ്റ് കരുതി വച്ചിട്ടുണ്ട്.
എച്ച്.ആന്റ്.സി ബുക്‌സ് പ്രസിദ്ധീകരിച്ച റാറൂമി, പക്ഷേ, കെട്ടിലും മട്ടിലും അനാകർഷകമാണെന്ന് പറയാതെ വയ്യ.
റാറൂമി
വില – 50രൂപ, പേജ് – 80
പ്രസാധനം – എച്ച് ആന്റ് സി ബുക്‌സ്
Generated from archived content: book2_oct22_10.html Author: sp_suresh_elavoor
Click this button or press Ctrl+G to toggle between Malayalam and English