അഞ്ച് കഥകൾകൊണ്ട്, കഥയുടെ സമ്പന്നമായ ഒരു കാൻവാസ് നിവർത്തുന്ന കൃതിയാണ് ജോസ് പനച്ചിപുറത്തിന്റെ ‘ആർക്കിമിഡീസ് ദുരന്തം’ എന്ന കഥാസമാഹാരം. എഴുത്തിന്റെ ലാവണ്യമാണ് ഇതിലെ ഓരോ കഥയുടേയും മുഖമുദ്ര. വ്യത്യസ്‌തമായ പ്രമേയങ്ങളെ, അതീവ ചാരുതയോടെ കഥാകാരൻ അനുഭവേദ്യമാക്കുന്നു.
ഒരു പക്ഷേ, എഴുത്തിന്റെ വഴികളിലൂടെയുള്ള നിരന്തര പ്രയാണവും ലാളിത്യത്തോടെ കാഴ്‌ചകളെ സ്വീകരിക്കാനുള്ള കഥാകാരന്റെ സ്വതസിദ്ധമായ സാമർത്ഥ്യവുമാകാം ഈ കഥ തന്നെ ആകർഷകമാക്കുന്നത്.
എസ്.കെ. പൊറ്റക്കാട് പറഞ്ഞു നിർത്തിയിടത്തുനിന്നു തുടങ്ങി ഏറെ ദൂരം സഞ്ചരിച്ച്, മറ്റൊരു വഴിയിലെത്തി കഥയെ അനുവാചകന്റെ കൈകളിലേക്കു പകർന്നു, എങ്ങോ മറഞ്ഞുപോകുന്ന കഥാകാരൻ, ആട്ടിടയനും രാജകുമാരിക്കും പിന്നീട് സംഭവിച്ചത്‘ എന്ന കഥയെ ഒരപൂർവ്വതയാക്കുന്നു…. ഫാന്റസിയുടെ ധാരാളിത്തം, അപ്രതീക്ഷിതമായ വളവുതിരിവുകൾ, വായനാന്ത്യം വരെ വായനക്കാരനെ ഒഴുക്കിലൊതുക്കി കൊണ്ടുപോകാനുള്ള പ്രാവീണ്യം എന്നിവ ഈ കഥയുടെ സവിശേഷമുദ്രകളാണ്. ഭൂതവും വർത്തമാനവും യഥാർത്ഥ്യവും ഫാന്റസിയും സ്വഹാസവും പരിഹാസവും ദ്വന്ദ്വങ്ങളായി ഈ കഥയിൽ അവശേഷിക്കുന്നു. അപക്വമായ മനസ്സുകളിൽ നിന്ന് അശ്ലീല മുതിരാൻ സാദ്ധ്യതയുണ്ടായിരുന്ന ഈ കഥ അതിവിദഗ്‌ദ്ധമായി ശ്ലീലത്തിനുള്ളിൽ തളച്ചിടപ്പെട്ടിരിക്കുകയാണ്.
’ആർക്കിമിഡീസ് ദുരന്തം‘ എന്ന രണ്ടാമത്തെ കഥ പുതിയ കാലത്തിന്റെ കണ്ണാടിയാണ്. ഒരു ചിത്രകാരന്റെ മനോവ്യാപരത്തിലൂടെ കഥയുടെ ചുരുളഴിയുമ്പോൾ ജ്ഞാതവും അജ്ഞാതവുമായ ഒട്ടേറെ അനുഭവങ്ങൾക്കൂടി വായനക്കാരനിലേക്കു സംക്രമിക്കുകയാണ്. കഥാഗതിയെക്കുറിച്ച് ഒരു സമയത്തും വായനക്കാരന് പ്രവചനം സാദ്ധ്യമല്ല. സ്വാഭാവികതയോടെ, എന്നാൽ വേറിട്ടവഴികളിലൂടെ നീങ്ങുന്ന മനോഹരമായൊരു കഥയാണിത്.
’അളവുകളും തൂക്കങ്ങളും‘ എന്ന കഥ വർത്തമാനാവസ്‌ഥയിലൂടെ കടന്നു പോകുന്ന ദൃശ്യമാദ്ധ്യമസംസ്‌ക്കാരത്തിന്റെ ചിത്രം വരക്കുന്നു. ടിവിയിലെ അവതാരകനും അയാളുടെ അച്ഛനും സ്‌ക്രീനിനകത്തും പുറത്തുമിരുന്നു നടത്തുന്ന വ്യാപാരങ്ങളാണിതിലെ പ്രമേയം. ’ഓണമദ്യക്യൂ‘ വാർത്തയാകുമ്പോൾ, വാർത്തയെ അട്ടിമറിക്കുന്ന അളവുതൂക്കങ്ങളുടെ കൃത്യതക്ക് പരിഹാരമെന്നോണം കരുതി വക്കേണ്ടുന്ന ആകുലത യഥാർത്ഥ്യമാകുമെന്നൊരു തോന്നൽ ഇവിടെ ഈ കഥ നൽകുന്നു. നാനാവശങ്ങളിലേക്കും ഓടിയെത്തുന്ന കഥാകാരന്റെ കണ്ണുകൾ ഈ കഥയിൽ തെളിഞ്ഞു നിൽക്കുന്നത് അനുവാചകന് അനുഭവപ്പെടും.
ഡാവഞ്ചിയുടെ പ്രശസ്‌തമായ മൊണാലിസ ചിത്രത്തിന് പുതിയ വ്യാഖ്യാനമൊരുക്കുന്ന ’മൊണാലിസ ഹോസ്‌പിറ്റൽ‘ എന്ന കഥയും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. രണ്ടു ഫോൺ കോളുകൾ മാത്രമായി പ്രത്യക്ഷപ്പെടുന്ന മകനും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അച്ഛനും തമ്മിലുള്ള ബന്ധം മൂന്നാമതൊരാളിലൂടെയാണ് വായനക്കാരനിലെത്തുന്നത്.
അതിൽ മൂന്നാമന്റെ വൈയക്‌തിക ദുഃഖവും അതേ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ മറ്റൊരച്ഛന്റേയും അയാളുടെ മകന്റേയും വിപരീതദിശയിലുള്ള ബന്ധവും അനാവരണം ചെയ്യപ്പെടുന്നു.
’മട്ടാഞ്ചേരി 007‘ എന്ന അക്ഷേപഹാസ്യകുറ്റാന്വേഷണ കഥയാണ് ഈ സമാഹാരത്തിലെ അവസാനത്തെ കഥ. വർത്തമാനകാലം മുന്നോട്ടുവയ്‌ക്കുന്ന വ്യക്തി ബന്ധങ്ങളിലെ പ്രതിസന്ധിക്ക് സ്വകാര്യകുറ്റാന്വേഷകന്റെ പങ്ക് ഇവിടെ വെളിവാക്കപ്പെടുന്നു. ഒടുവിൽ അവിശ്വാസങ്ങൾ വിശ്വാസദൃഢതയിലെത്തിച്ചേരുന്നതും വായനക്കാരനുകാണാം.
അന്യവൽക്കരിക്കപ്പെടുന്ന സാഹിത്യരചനകളുടെ പുത്തൻ അന്തരീക്ഷത്തിൽ ശ്രീ ജോസ് പനച്ചിപുറത്തിന്റെ ’ആർക്കിമിഡീസ് ദുരന്തം എന്ന സമാഹാരം വലിയൊരാശ്വാസമാണ്. സവിശേഷശൈലിയും അനുഭവങ്ങളുടെ തീവ്രതയും ഈ കഥകളെ മികവുറ്റതാക്കുന്നു. മുഷിപ്പെന്തെന്നറിയാതെ വായനക്കാരനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഥാകാരന്റെ കഴിവ് ശ്ലാഘനീയം തന്നെ.
ആർക്കിമിഡീസ് ദുരന്തം,
ജോസ് പനച്ചിപ്പുറം,
വിലഃ 40രൂപ,
പ്രസാധനം – ഡി.സി. ബുക്‌സ്.
Generated from archived content: book1_sep20_10.html Author: sp_suresh_elavoor