ഉദകം പകർന്നു വിലപിക്കാൻ…..

വ്യഥകളുടെ കുറുങ്കഥകളാണ്‌ രാമപുരം ചന്ദ്രബാബുവിന്റെ ‘അവസാനത്തെ ജലകണം’ എന്ന സമാഹാരം. കഥയുടെ സാമ്പ്രദായിക വഴികളിൽ നിന്നകന്ന്‌, സങ്കീർണ സാഹിത്യത്തെ മാറ്റിനിർത്തി, ഋജുവും സ്‌ഫുടവുമായി കഥകൾ വിരിയുന്നു. ഈ കഥകൾ വായിക്കാൻ അധികനേരം വേണ്ട. ഏറിയാൽ ഒരു മണിക്കൂർ. എന്നാൽ ഓരോ കഥകഴിയുമ്പോഴും ചിന്തയുടെ ആഴങ്ങളിലേക്ക്‌ വായനക്കാരൻ എടുത്തെറിയപ്പെടും. ധ്യാനാവസ്‌ഥയിലേയ്‌ക്ക്‌ ജന്മ കിളിവാതിലുകളല്ല, മറിച്ച്‌ നടന്നു പോന്ന വഴികളെക്കുറിച്ചോർത്തുള്ള അസ്വസ്‌ഥതകളാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌.

ഏതായാലും, ആധുനിക ജീവിതത്തിന്റെ നേർപ്പകർപ്പാണ്‌ ഇതിലെ ഓരോ കഥയും. ചിരപരിചിതമായ വിഷയങ്ങൾ, മനപ്പൂർവ്വം മറക്കുന്ന യാഥാർത്ഥ്യങ്ങൾ ഒരു നോവാക്കിമാറ്റാനുള്ള വൈദഗ്‌ദ്ധ്യം കഥാകാരനുണ്ട്‌. എന്നാൽ ഒരു കഥയിൽ നിന്നും നിലവിളികളുയരുന്നില്ല. അന്ധനായ ധൃതരാഷ്‌ട്രർക്ക്‌ കുരുക്ഷേത്രയുദ്ധം വിവരിച്ചുകൊടുക്കുന്ന സഞ്ജയ ധർമ്മമാണിവിടെ കഥാകാരൻ നിർവ്വഹിക്കുന്നത്‌. ഉൾക്കണ്ണുതുറന്നാൽ, വായനക്കാരനു വേണമെങ്കിൽ സത്യം ഗ്രഹിക്കാം. എങ്ങിനെ ആയാലും ഓർമ്മപ്പെടുത്തുക എന്നതുമാത്രമാണിവിടെ കഥ ലക്ഷ്യം വയ്‌ക്കുന്നത്‌.

ഈ സമാഹാരത്തിലെ ഏറ്റവും ഉജ്ജ്വലമായ കഥ, സമാഹാരത്തിന്റെ പേരു തന്നെയുള്ള അവസാനത്തെ ജലകണം ആണ്‌. കഥയിലൊരിക്കലും പശ്ചാത്തലവർണനകളിലൂടെ കഥാകാരൻ കടന്നുപോകുന്നില്ല. കർമ്മഫലത്തിനാണിതിൽ പ്രസക്തി. പിന്നിട്ടവഴികൾ അരുതാത്തവ ആയിരുന്നുവോ എന്ന്‌ അതിന്റെ പരിണിതഫലം കൊണ്ട്‌ തിരിച്ചറിയുക. അത്യാർത്തയുടെ പരക്കം പാച്ചിലുകൾ ജീവിതത്തേയും പ്രപഞ്ചത്തെയും വിശ്വാസങ്ങളേയും വന്ധ്യമാക്കി. ശേഷിക്കുന്നത്‌ ഒരു തുള്ളി ജലം. ഉദകം! ആത്മഹത്യചെയ്‌ത ദൈവത്തിന്റെ കണ്ണിൽ നിന്നാണ്‌ മനുഷ്യരാശിയുടെ പൊള്ളുന്ന നാവിലേയ്‌ക്കത്‌ ഇറ്റുവീഴുന്നത്‌. ഇതിനൊരിക്കലുമിനി ജീവജലമാകാനാകില്ലാ കാരണം, ഈ ഭൂമിക്ക്‌ മനുഷ്യനിന്നൊരു അനാവശ്യവസ്‌തുവത്രേ!

അമ്പത്തി രണ്ടു കഥകളിൽ 45 പേജുകളിലായി ചന്ദ്രബാബുവിന്റെ സങ്കടങ്ങൾ ചിതറിക്കിടക്കുന്നു. ഓരോ കഥയും ഒരു ശംഖുപോലെയാണ്‌. ചെവിയോടുചേർത്തുവച്ചാൽ അതിലെ കടലിരമ്പം കേൾക്കാം. പ്രകൃതി വിരുദ്ധമായ പ്രാർത്ഥനകൾ, അടിത്തറതകരുന്ന നിലനിൽപ്‌, പുതിയ കുതിപ്പിൽ, പുതിയ അന്വേഷണങ്ങൾക്കൊടുവിൽ ആധുനികൻ എത്തിപ്പെടുന്ന പരാതികളും പരിഭവങ്ങളുമില്ലാത്ത ജഢാവസ്‌ഥ. ‘സഹ്യന്റെ മകനെ’ ഓർമ്മപ്പെടുത്തുന്ന യാന്ത്രിക വ്യക്തിത്വത്തിന്റെ അപചയം വിശപ്പിന്റെ വിവിധ കാഴ്‌ചകൾ, ഉയർന്നുപോകുന്ന സുഖാസക്തിയുടെ ബില്ലുകൾ, ഉദ്‌ബോധനങ്ങളുടെ നീർക്കുമിളകൾ, ദുർഗന്ധപൂരിതമായ സൂക്ഷിപ്പുകൾ, കരുണയെ കച്ചവടമാക്കുന്ന കമ്പോള സംസ്‌ക്കാരം….. അങ്ങനെ ചന്ദ്രബാബു ജീവിത വൃക്ഷത്തിന്റെ തായ്‌ത്തടിയിലെ വിള്ളലുകൾ കാണിച്ചുതരുന്നു. ആധുനിക ജിവിത(അ)ക്രമം കഥാകാരന്റെ മനസ്സിൽ വരഞ്ഞ പോറലുകളിൽ നിന്ന്‌ പൊടിയുന്ന രക്തബിന്ദുക്കളാണ്‌ ഈ കഥകൾ.

വായനാസുഖവും ഈ കഥകൾക്കന്യമല്ല. എങ്കിലും പ്രൂഫ്‌ റീഡിംഗിലെ അശ്രദ്ധ അരോചകമാകുന്നു. കായംകുളം ഉണർവ്‌ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ‘അവസാനത്തെ ജലകണം’ എന്ന സമാഹാരത്തിന്‌ 40 രൂപയാണ്‌ വില.

Generated from archived content: book1_oct5_10.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English