‘പൈങ്കിളികൾ പിറക്കുന്നത്‌…..’

നബ്യേക്കൽ തറവാട്‌ നെല്ലിക്കുളങ്ങരയിലാണ്‌. തറവാട്ടു കാരണവർ ഗോവിന്ദൻ നായർ കരപ്രമാണിയും. ആനയടക്കമുള്ള വളർത്തുമൃഗങ്ങളും അടിയാനും കുടിയാനുമുള്ള തറവാട്‌. ഗ്രാമത്തിന്റെ നൈർമ്മല്യവും നിഷ്‌ക്കളങ്കതയും സൗകുമാര്യവും നെല്ലിക്കുളങ്ങരക്ക്‌ ആവോളമുണ്ടായിരുന്നു. ഗോവിന്ദൻ നായരുടെ ഏകമകൾ പാറു എന്ന പാർവ്വതി ഏവരുടേയും സ്‌നേഹവാത്സല്യങ്ങൾക്ക്‌ പാത്രമായിരുന്നു. അവളുടെ വളർച്ചയുടെ ഓരോ പടവും അവർ കൗതുകത്തോടെ കണ്ടുനിന്നു. അവളുടെ വിവാഹം അവർ അതിഗംഭീരമായിത്തന്നെ നടത്തി. എന്നിട്ടും വിധിവിഹിതം അവർക്ക്‌ ലംഘിക്കാനായില്ല. മദിരാശിയിൽ വച്ച്‌ ക്രൂരപിഢനങ്ങൾക്കൊടുവിൽ അവൾ അനാഥയായി. കൂടെ പറക്കമുറ്റാത്ത ഒരു പെൺകുഞ്ഞും. കന്യാസ്‌ത്രീമഠത്തിലും ശരണാലയത്തിലും നാളുകൾ കഴിച്ചുകൂട്ടിയ അവളെ മഹേഷ്‌ എന്നൊരാൾ നാട്ടിലെത്തിക്കുന്നു. മകളെ കാണാതെ മരിച്ചുപോയ അവളുടെ അമ്മയുടെ പേരുതന്നെ അവൾ തന്റെ മകൾക്കും നൽകുന്നു. ആ മകളുടെ വിവാഹം നടക്കുന്നതിനുമുമ്പേ ഒരു യാചകി ആയിത്തീരാനായിരുന്നു അവൾക്കുവിധി. ഭിക്ഷാപാത്രവുമായി, മുഖം മറച്ച്‌ ഗുരുവായൂർ ക്ഷേത്രനടയിലിരിക്കുന്ന അവളുടെ ഭിക്ഷാപാത്രത്തിൽ ഒരു നാണയം വന്നു വീഴുന്നു. അമ്മയെ തിരിച്ചറിയാതെ മകൾ സമ്മാനിച്ച നാണയം.

ഷൈനി ജോയ്‌ പുത്തൂരിന്റെ ‘കരകാണാക്കടൽ’ എന്ന നോവൽ പാർവ്വതി എന്ന പാറുവിന്റെ കഥപറയുന്നു. സ്വപ്‌നങ്ങളെ ചവറ്റുകൊട്ടയിലേയ്‌ക്കെടുത്തെറിയുന്ന യാഥാർത്ഥ്യത്തിന്റെ മുഖം വ്യക്തമാക്കുകയാണിവിടെ കഥാകാരിയുടെ ലക്ഷ്യം. കുത്സിതമായ വ്യക്തി സ്വാർത്ഥങ്ങൾ സാമൂഹ്യക്രമങ്ങളേയും നിഷ്‌കളങ്കജീവിതങ്ങളേയും എങ്ങനെ ചതിക്കുഴിയിലാഴ്‌ത്തുന്നുവെന്നും വരച്ചുകാണിക്കാൻ കഥാകാരി ഇവിടെ ശ്രമിക്കുന്നു.

പഴയൊരു കാലത്തിന്റെ കഥയാണ്‌ കരകാണാക്കടൽ. ഗൃഹാതുരത്വത്തിന്റെ വെള്ളിവെളിച്ചങ്ങൾ വായനക്കാരനിതിൽ അനുഭവപ്പെടാം. വളച്ചുകെട്ടുകളില്ലാത്ത ഭാഷയിൽ, ലളിതമായ ശൈലിയിൽ കഥപറഞ്ഞുപോവുകയാണ്‌ കഥാകാരി.

“വെളിയിൽ മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. നാലുകെട്ടിന്റെ ചുമരുകളെല്ലാം നനഞ്ഞുകുതിർന്നു. ആ വീടിന്‌ ക്ഷയം സംഭവിച്ചു തുടങ്ങി. ആകെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ അവസ്‌ഥ. ചില ഓടുകൾ പൊട്ടിയും പൊളിഞ്ഞും ഇരിക്കുന്നുണ്ട്‌. അതിന്റെ വിടവിലൂടെ മഴവെള്ളം ചോർന്നൊലിക്കുന്നു. അകങ്ങൾക്കെല്ലാം തട്ടുള്ളതിനാൽ ചോർച്ച പെട്ടെന്ന്‌ അറിയുന്നില്ല.”

ഒമ്പതാം അദ്ധ്യായം തുടങ്ങുന്നതിങ്ങനെയാണ്‌. മഴക്കാലത്തിന്റെ വർണ്ണന. അതിലൂടെ തകർന്നു തുടങ്ങുന്ന ഒരു തറവാടിന്റെ, ജന്മിത്വവ്യവസ്‌ഥിതിയുടെ കഥകൂടി ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. എങ്കിലും പുതിയ കാലത്തിന്റെ ഭാവുകത്വത്തോട്‌ ഈ നോവലിന്‌ സമരസപ്പെട്ടു പോകാൻ കഴിയുന്നില്ല എന്നൊരു നേര്‌ ഇവിടെ അവശേഷിക്കുന്നു. ശൈലിയിലും ജാതിവൃത്തത്തിലും പുതുമകളവകാശപ്പെടാൻ ഈ കൃതിക്കാവില്ല. ആസ്വാദനത്തിന്റെ അതിബൃഹത്തായ മേച്ചിൽപ്പുറങ്ങൾ ആധുനികവായനക്കാരനുമുമ്പിൽ തുറന്നു കിടക്കുമ്പോൾ, ഇത്തരമൊരു കൃതി വായിച്ചുതീർക്കുക എന്ന അതിസാഹസത്തിന്‌ വായനക്കാരൻ ഇറങ്ങിപ്പുറപ്പെടുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഥാകാരി തന്റെ മാധ്യമത്തെ കുറേക്കൂടി ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

കരകാണാക്കടൽ (നോവൽ)

വില – 70രൂപ, പേജ്‌ – 96

പ്രസാധനം – എച്ച്‌ ആന്റ്‌ സി. ബുക്‌സ്‌

Generated from archived content: book1_oct22_10.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English