നടക്കുമ്പോഴും ഇരിക്കുമ്പോഴും ചിന്തിക്കുമ്പോഴും പറയുമ്പോഴും ചിരിക്കുമ്പോഴും നാം എവിടെ നില്‍ക്കുന്നുവെന്ന് പലപ്പോഴും അറിയാറില്ല. മുഖ്യധാരായുടെ ഒഴുക്ക് അത്ര ശക്തമായതിനാല്‍ അറിയാതെ ആ ഒഴുക്കില്‍ നാം പൊങ്ങുതടികളായി അകപ്പെട്ടുപോകുന്നു. ചിലപ്പോഴെല്ലാം ഒഴുക്കിനേക്കാളും വേഗത്തില്‍ ഒഴുകാനും ശ്രമിക്കുന്നു. ഏതൊക്കെ ചാലുകളിലൂടെയാണ് ഏതൊക്കെ തടാകങ്ങളിലൂടെയാണ് ഓരോ ജലത്തുള്ളിയും ഒഴുകി മഹാപ്രവാഹമായി മാറിയതെന്ന് അത്ഭുതം കൂറുമ്പോള്‍ മണ്ണിന്നാര്‍ദ്രതയിലേക്ക് ഉച്ചവെയിലിന്റെ തീക്ഷ്ണതയിലേക്ക് വറ്റിപ്പോയ ജലബിന്ദുക്കളെക്കുറിച്ച് നാം ഓര്‍ക്കാറില്ല. ഓരോ പ്രവാഹത്തിനു പിറകിലും ഉയിരും ഉണര്‍വുമായി നിന്നത് ഈ നഷ്ടപ്പെടുത്തലുകളാണ്.
കാലം അതിന്റെ അനുസ്യൂത ഗതിയില്‍ മുന്നോട്ടു പോകുമ്പോള്‍ സ്വാര്‍ത്ഥങ്ങളുടെ സ്വത്വങ്ങള്‍ പരാര്‍ത്ഥങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. കാരണം ആ ചിന്തകള്‍ നമ്മെ വല്ലാതെ മുറിപ്പെടുത്തും. അതിലേറെ വേദനിപ്പിക്കും.
‘തൊട്ടുകൂടാത്തവരുടെ തീണ്ടിക്കൂടായ്മകള്‍’ എന്ന ചെറിയൊരു പുസ്തകം നമ്മളോട് വിളിച്ചുപറയുന്നു നാമെവിടെ നില്‍ക്കുന്നുവെന്ന്. തിരിച്ചറിവിന്റെ കാവല്‍ക്കാരനായ കാവില്‍ രാജ് ആണ് ഗ്രന്ഥകര്‍ത്താവ്. 12 ലേഖനങ്ങളിലൂടെ 96 പേജുകളിലൂടെ നമ്മുടെ തന്നെ ഉള്ളറകളിലേക്കുള്ള വാതിലുകള്‍ തുറക്കുകയാണ് ശ്രീരാജ്. ഇതിലെ കാഴ്ചകളെല്ലാം തന്നെ തോറ്റവന്റെ പക്ഷത്തു നിന്നുള്ള കാഴ്ചകളെല്ലാം തന്നെ തോറ്റവന്റെ പക്ഷത്തു നിന്നുള്ള കാഴ്ചകളാണ്. ജാതിയായും മതമായും ജന്മിയായും അധികാരിയായും മുതലാളിത്തത്തിന്റെ കപടസദാചാരമായും കലയായും മുഖമായും കാലാകാലങ്ങളില്‍ മുഖ്യധാരയിലുള്ളവര്‍ സന്ധിചെയ്തപ്പോള്‍ ഇപ്പോഴും സന്ധി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വിയര്‍പ്പായി ചോരയായി കണ്ണീരായി തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിക്കുന്ന ഗദ്ഗദമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ നരകക്കുണ്ടില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ടുവെന്ന് ഈ ഗ്രന്ഥം നമ്മെ കാണിച്ചു തരുന്നു. ‘ മനസിലെ തമസ്സിനെ അകറ്റുവാന്‍ പൂര്‍ണ്ണമായി സാധിക്കുന്നില്ല എന്നതാണ് ഇന്നിന്റെ അവസ്ഥ’- തലക്കുറിയില്‍ ഗ്രന്ഥകാരന്‍ പറയുന്നു. ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതായി അമര്‍ത്യാസെന്നിന്റെ മൊഴി, അവതാരികയില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വരഞ്ഞിടുന്നു ‘ സാമൂഹ്യ നീതിയുടെ ഏറ്റവും വലിയ എതിരാളി നിശബ്ദതയാണ്!
കാലത്തിന്റെ കെട്ട മാതൃകകളായി വികസന കേരളത്തിന്റെ പേക്കോലങ്ങള്‍ അരങ്ങുവാഴുന്നു. ആര്‍പ്പും ആരവങ്ങളുമായി പണയം വച്ച മുഖങ്ങളുമായി ഉയര്‍ന്ന സ്വത്വബോധം പേറുന്ന ദല്ലാളുകള്‍ അവര്‍ക്കു വേണ്ടി വഴിയൊരുക്കുന്നു. അപ്പോള്‍ അധിനിവേശ ചിന്തകളോ ആശങ്കകളോ നമ്മെ വേട്ടയാടാറില്ല. ‘ നേരമില്ലാത്ത നേരത്ത്’ ആഘോഷങ്ങളില്‍ നുരഞ്ഞു പൊന്തുമ്പോള്‍ നഗനപാദന്റെ വിണ്ട കാലടികളെക്കുറിച്ച് , നെഞ്ചിന്റെ നെരിപ്പോടിനു മുകളില്‍ തിളക്കുന്ന കണ്ണീരിനെക്കുറിച്ച് , അവിടേയും ഇതുപോലെയൊരു ജീവിതമുണ്ടെന്ന നേരറിവിനെക്കുറിച്ച് നാമെങ്ങനെ ഓര്‍ക്കും?
പ്രിയ വായനക്കാരാ , വായിക്കുക ഈ ഗ്രന്ഥം ഉള്ളില്‍ പൊള്ളലേറ്റാല്‍ പരിഭവിക്കരുത്. നാമെല്ലാം അഗ്നിക്കുപോലും വേണ്ടാത്ത കരിക്കട്ടകളാണെന്നും ഒരു പക്ഷെ തോന്നിയേക്കാം. ഇരിക്കുമ്പോഴും ചിരിക്കുമ്പോഴും ഉരിയാടുമ്പോഴും നാം കാത്തുസൂക്ഷിക്കുന്ന അലക്കിത്തേച്ച സ്വത്വത്തിന് വില കൊടുക്കുന്നവര്‍ സ്വന്തം ജീവിതത്തെയാണ് ഹോമിക്കുന്നതെന്ന് തിരിച്ചറിയുക.
എച്ച് & സി ബുക്സിന്റെ ഈ ഗ്രന്ഥം ഓരോ മലയാളികളും വീടുവിട്ടിറങ്ങുന്നതിനു മുമ്പ് നിത്യപാരായണത്തിന് അവനവനെ ഓര്‍മ്മപ്പെടുത്തലിന് തിരിച്ചറിവിന് ഉപയുക്തമാക്കാം. കണ്‍തുറപ്പിക്കുന്ന കാതലുള്ള ഗ്രന്ഥം.
‘ തൊട്ടുകൂടാത്തവരുടെ തീണ്ടിക്കൂടായ്മകള്‍ ‘
കാവില്‍ രാജ് ,
എച്ച് & സി ബുക്സ്
വില 75 രൂപ.
Generated from archived content: book1_nov2_12.html Author: sp_suresh_elavoor