അക്ഷയ ഖനികളായ ഇതിഹാസങ്ങളിലൂടെ സര്‍ഗ്ഗശക്തരായവര്‍ ആഴ്ന്നിറങ്ങുമ്പോള്‍ കനപ്പെട്ട രത്നങ്ങളുമായി അവര്‍ക്ക് തിരിച്ചുവരാനാകും. ജീവിതമെന്ന പ്രഹേളികയെ അതിന്റെ ആകസ്മികതകളെ , ആകുലതകളെ പുതിയൊരു വെളിച്ചത്തില്‍ അവര്‍ വിടര്‍ത്തിക്കാണിക്കും. വിസ്മയസ്തബ്ധരായി ഇരിക്കാനേ അനുവാചകര്‍ക്കപ്പോള്‍ സാധ്യമാകു.
ഇതാ, ഇവിടെയൊരു പുസ്തകം ‘മാധവി’ കെ. കവിതയാണ് ഇതിഹാസത്തില്‍ നിന്നും കണ്ടെടുത്ത മാധവിക്ക് പുനര്‍ജന്മം നല്‍കിയിരിക്കുന്നത്. സമകാലിക ജീവിത വ്യഥകളില്‍ നിന്നു കൊണ്ട് കവിത മാധവിയെ പുനര്‍വായനക്ക് വിധേയമാക്കിയിരിക്കുകയാണ്.
മാധവി യയാതിയുടെ പുത്രിയാണ്. പിതാവിന്റെ വാക്കും കീര്‍ത്തിയും പാലിക്കാന്‍ ജീവിതത്തെ വില്‍പ്പനചരക്കാക്കിയ രാജകന്യക. ഗാലവ്യനോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോള്‍ അവളൊരിക്കലും അറിഞ്ഞിരുന്നില്ല. താനൊരു ഭോഗവസ്തു മാത്രമാണെന്ന്. ഏതുകാലത്തും ഏതുനിലയിലും പുരുഷനു സ്ത്രീ കാമപൂരണത്തിനുള്ള ഉപാധി മാത്രം. എല്ലാം തിരിച്ചറിഞ്ഞ് സ്വശക്തി വീണ്ടെടുക്കുമ്പോഴേക്കും സ്വന്തമായി ഒന്നുമില്ലാത്തവളാകുന്നു സ്ത്രീ.
അവള്‍ക്കു മാര്‍ഗദര്‍ശി , രാജകുലമോ ഋഷികുലമോ അല്ല വേദനിച്ചു തളര്‍ന്നുറങ്ങുമ്പോള്‍, അറിവായി, അഗ്നിയായി മനസ്സിന്റെ അടിത്തട്ടില്‍ സുഷുപ്തിയിലാണ്ട ചിന്തകള്‍ വിടര്‍ത്തുന്ന സ്വപ്നങ്ങളാണ് അവള്‍ക്ക് ശക്തി പകരുന്നത്. ആ സ്വപ്നങ്ങളില്‍ ഉപനിഷത് കഥയിലെ സത്യകാമന്റെ അമ്മയായ ജബാലയുണ്ട്, സാവിത്രിയുണ്ട് ,സീതയുണ്ട് ,ശീലാവതിയുണ്ട്
നെഞ്ചിലെ പാല്‍ക്കുടങ്ങള്‍ പൊന്നോമനകളെ ഓര്‍ത്തു വിങ്ങുന്നു. ചിതറിയ ചിന്തകളില്‍ ആ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ വേട്ടയാടുന്നു. കണ്ണു തുറന്നാല്‍ അടുത്ത വേട്ടനായയുടെ താവളത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുചെന്നാക്കാന്‍ തയാറായി നില്‍ക്കുന്ന മുനികുമാരന്‍. അദ്വൈതികളുടെ വിഷയാസക്തികള്‍ ജരാനരകള്‍ മറച്ച കാമക്കണ്ണുകള്‍ സ്ത്രീ ഉടലുമാത്രമാകുന്നു. അവള്‍ക്കില്ല ഒരു മനസ്സ്. ചരിത്രാതീതകാലം മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ യുഗം വരെ സ്ത്രീക്ക് ഒരേ രൂപം ഒരേ ഭാവം അവളിലെ മകളെവിടെ ? സഹോദരി എവിടെ ?അമ്മയെവിടെ? ആര്‍ക്കും അതറിയേണ്ട എന്തിന്, മറ്റൊരു സ്ത്രീക്കു പോലും.
ആരാണ് സ്ത്രീ ലോകത്തിന്റെ സൃഷ്ടാവ് ? എന്തായിരുന്നിരിക്കാം സ്ത്രീ സൃഷ്ടിയുടെ പിന്നിലുള്ള ചേതോ വികാരം ഈ പ്രകൃതി മനസ്സ് ഇതൊക്കെ , ഇങ്ങനെ തന്നെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണിവ. അലോസരപ്പെടുത്തുന്ന പേക്കിനാവുകളാണിവ. ഇന്നോളമുള്ള സ്ത്രീ ജീവിതത്തിന്റെ താളുകളില്‍ , ഇങ്ങനെ എത്രയെത്ര ചോരപ്പാടുകള്‍ , കണ്ണീര്‍ക്കണങ്ങള്‍ പറ്റിച്ചേര്‍ന്നിരുപ്പുണ്ടാകാം! ആര്‍ക്കറിയണം അതൊക്കെ ‘സ്വാന്തസുഖം‘
‘മാധവി’ വേദനിപ്പിക്കുന്ന , അസ്വസ്ഥമാക്കുന്ന രചനയാണ്. കെ. കവിത ചടുലമാക്കി, സൂക്ഷ്മതയോടെ കഥ പറഞ്ഞിരിക്കുന്നു. എന്നിരുന്നാലും കഥയിലെ കാലത്തിനു ചേരാത്ത പദാവലികള്‍ അങ്ങിങ്ങ് ചിതറിക്കിടപ്പുണ്ട്. പുതിയ പതിപ്പില്‍ അവ കണ്ടെത്തി ഒഴിവാക്കിയാല്‍ ചാരുതയേറും ഒപ്പം , ‘മാധവി’ എന്ന് പുസ്തകപ്പേരും . ഇത്തിരിപ്പോന്ന അക്ഷരങ്ങളിലൂടെ ലീലാവതി ടീച്ചറും ഇ. പി രാജഗോപാലും മാതൃഭൂമിയും പുസ്തകത്തെ സഹൃദയ സമക്ഷത്ത് എത്തിച്ചിരിക്കുന്നു.
ഈ പുസ്തകം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും കൂട്ടത്തില്‍ പറയട്ടെ
മാധവി- കെ കവിത
പ്രസാധന- മാതൃഭൂമി ബുക്സ്
വില- 50/-
പേജ്- 76
Generated from archived content: book1_nov28_11.html Author: sp_suresh_elavoor