വേദനകളുടെ മന്ദഹാസം

യാത്രാക്കുറിപ്പുകൾ സഞ്ചാരസാഹിത്യമാകുന്നത്‌ ജീവിതഗന്ധിയായ അനുഭവങ്ങൾ അവയിൽ ഇഴ ചേരുമ്പോഴാണ്‌. ആ അനുഭവങ്ങൾ ചിലപ്പോൾ ഒരു ദേശത്തിന്റെ കഥയെ, സവിശേഷതകളെ അനാവരണം ചെയ്‌തു എന്നു വരാം. ‘കെനിയ എന്ന വിസ്‌മയം’ ഈ ഗണത്തിൽപെടുന്ന രചനയാണ്‌. സഞ്ചാര സാഹിത്യം എന്നതിലുപരി, അനുഭവസാക്ഷ്യത്തിന്റെ കൃതിയാണിത്‌. പറഞ്ഞുകേട്ട അനുഭവങ്ങളുടെ വിദൂരഗന്ധമല്ല, മറിച്ച്‌ നെഞ്ചു പൊള്ളിച്ച സ്വാനുഭവങ്ങൾ തന്നെയാണ്‌ പുസ്‌തകത്താളുകളിൽ ഇടം കണ്ടെത്തിയിരിയ്‌ക്കുന്നത്‌. അതുകൊണ്ട്‌, കണ്ട സ്‌ഥലങ്ങളേക്കാൾ കൊണ്ട അനുഭവങ്ങൾക്കാണ്‌ ഇവിടെ പ്രാധാന്യം. അതിലൂടെ ഇതൾ വിരിയുന്നത്‌ ഒരു പ്രദേശത്തിന്റെ ചരിത്രവർത്തമാനങ്ങളാണ്‌.

കുറിക്കപ്പെട്ട അനുഭവങ്ങളിൽ പലതും സാധാരണമനുഷ്യരെ സംബന്ധിച്ചിടത്തോളം പിന്നീടൊരിക്കലും ഓർക്കാനിഷ്‌ടപ്പെടാത്തവയാണ്‌. എന്നാൽ വേദനകൾക്ക്‌ മന്ദസ്‌മിതം ചാർത്തിയാണ്‌ ബാബു ജി നായർ രചന നിർവ്വഹിച്ചിരിക്കുന്നത്‌. ഏറ്റപ്രഹരങ്ങളിലും വീഴ്‌ചകളിലും അവയുടെ ഓർമ്മകളിലും ഗ്രന്ഥകാരന്‌ നിസ്സംഗതമാത്രം. ചതി പതിയിരിയ്‌ക്കുന്ന സ്‌നേഹം, പൊള്ളയായ സൗഹൃദങ്ങൾ, ഔമ എന്ന ആട്ടിടയൻ, ചിരവയുടെ നഷ്‌ടം, മുതല ഇറച്ചികൊണ്ട്‌ നാമച്ചോമ, വിറ്റുപോയ കാർ…. അനുഭവങ്ങളിലെ ഈ പാളിച്ചകൾ വായനക്കാരെ സ്‌തബ്‌ധരാക്കുന്നവയാണ്‌. അനുഭവങ്ങൾക്ക്‌ സർഗ്ഗാത്‌മകതയുടെ സ്‌പർശവും നൽകാൻ ഗ്രന്ഥകാരൻ മറന്നിട്ടില്ല.

മസായി മാരയിലെ പച്ചപ്പുൽത്തടങ്ങൾ, ഒരു ശപഥത്തിന്റെ കഥ, 1000 ഡോളർ വിലയുള്ള ഈജിപ്‌ഷ്യൻ പൂച്ച സുന്ദരി, നീന്തൽക്കുളത്തിലെ മുതലകൾ, ഓപ്പറേഷൻ മേബിൾ, അമ്മച്ചി എന്നീ സ്‌മൃതികൾക്ക്‌ ഹാസ്യത്തിന്റെ ചാരുതയുണ്ട്‌. ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്‌ ചാൾസ്‌ എന്ന തെരുവുബാലന്റെ കഥ. മിഴിക്കോണിലൊരു നനവ്‌, ഹൃദയത്തിലൊരു നോവ്‌, ഈ കഥ അവശേഷിപ്പിയ്‌ക്കുന്നു.

അക്ഷരങ്ങൾക്കു പിറകിൽ ദൃശ്യങ്ങൾ വിരിയിക്കാൻ ഗ്രന്ഥകാരന്‌ കഴിയുന്നത്‌ തിരക്കഥയുടെ ലാവണ്യശാസ്‌ത്രം വശമുള്ളതുകൊണ്ടാകാം. എങ്കിലും അനുഭവങ്ങൾക്കുള്ളിൽ അതിഭാവുകത്വം കുത്തിനിറയ്‌ക്കാൻ ബാബു ജി നായർ ശ്രമിച്ചിട്ടില്ല. ഇരുണ്ട വൻകരയിലെ ആയാസകരമായ യാത്ര അനായാസമായി ഗ്രന്ഥകാരൻ പകർത്തുമ്പോൾ വായനക്കാരനും അതിൽ പങ്കാളിയാകുന്നു. ബ്രിട്ടീഷ്‌ കമ്പനിയുടെ ജനറൽ മാനേജരായി കെനിയയിൽ ചെലവഴിച്ച അഞ്ചുവർഷങ്ങളിലെ ചില അനുഭവങ്ങൾ മാത്രമാണ്‌ ഈ പുസ്‌തകത്തിലെ ഏടുകൾ. ഇനിയുമെത്രയോ എഴുതാതെ മനസ്സിൽ മയങ്ങികിടക്കുന്നുണ്ടാകാം. ശ്രദ്ധയോടെ, അവധാനതയോടെ അവയ്‌ക്കും അക്ഷരസ്‌പർശം നൽകാവുന്നതാണ്‌. ഈ ആഫ്രിക്കൻ അനുഭവങ്ങളെ വായനക്കാർ ഇഷ്‌ടപ്പെടാതിരിക്കില്ല.

കെട്ടിലും മട്ടിലും പുലർത്തിയ ശ്രദ്ധയില്ലായ്‌മ ഈ ഗ്രന്ഥത്തിന്റെ പോരായ്‌മയാണെന്നുകൂടി പറയാതിരിയ്‌ക്കാനാകില്ല.

പുസ്‌തകം ഃ കെനിയ എന്ന വിസ്‌മയം.

ഗ്രന്ഥകർത്താ. ബാബു ജി നായർ.

വില ഃ 50 രൂപ.

പേജ്‌ ഃ 96.

പ്രസാധനം – അസെൻസ്‌ ബുക്‌സ്‌, കോട്ടയം.

Generated from archived content: book1_nov26_10.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here