കല കലയ്‌ക്ക്‌വേണ്ടിയെന്നും കല സമൂഹത്തിനുവേണ്ടിയെന്നുമുള്ള വാദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനിക കാലത്ത് കലയുടെ പ്രയോഗ-പ്രയോജന സാദ്ധ്യതയാണ് കൂടുതലും പ്രസക്തി കൈവരിയ്‌ക്കുന്നത്. ജീവിതം കലയായിത്തീരുമ്പോൾ ജീവിതവുമായി ബന്ധമുള്ളവയ്‌ക്കും കലാംശം ഇല്ലാതിരിക്കാനാകില്ല. ‘ആർട്ട് ഓഫ് സേഫ് ഡ്രൈവിംഗ്’ എന്ന പുസ്‌തകത്തിലൂടെ ശ്രീമതി ബൃന്ദാ സനിൽ, ആധുനിക ജീവിതത്തോട് ഒട്ടിനിൽക്കുന്ന അത്യന്തം പ്രയോജനപ്രദവും അതിലേറെ അപകടകരവുമായ ഒരു പ്രവൃത്തിയെ എപ്രകാരം കലാപരമാക്കാനാകുമെന്നും അതുവഴി സ്വന്തം ജീവിതവും അപരന്റെ ജീവിതവും സുരക്ഷിതമാക്കാനാകുമെന്നും വിശദമായി ചർച്ച ചെയ്യുന്നു.
ഡ്രൈവിംഗിൽ ശ്രദ്ധപുലർത്തുമ്പോൾ, നമുക്ക് ജീവിതത്തിലും ശ്രദ്ധ പുലർത്തുന്ന ശീലമുണ്ടാകും. കലാപരമായി, കലാപരഹിതമായി ജീവിതത്തെ ഡ്രൈവ് ചെയ്യുന്നതിന് ശ്രദ്ധ അനുപേക്ഷണീയമാണ്. ശ്രദ്ധമാത്രം മതിയോ? പോര, ക്ഷമ-കൂടിവേണം. ഈ ശ്രദ്ധയും ക്ഷമയും തന്നെയാണ് ആർട്ട് ഓഫ് സേഫ് ഡ്രൈവിംഗ് എന്ന കൃതിയുടെ രചനയിൽ ഗ്രന്ഥകാരി നിർവ്വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ; വാഹനം ഓടിയ്‌ക്കുക‘ എന്ന വിഷയം മാത്രമല്ല ഇതിലെ പ്രതിപാദ്യം. സഹജീവികളോടുള്ള സ്‌നേഹവും അനുതാപവും സാങ്കേതികതയ്‌ക്കുള്ളിൽ സന്നിവേശിപ്പിച്ചിരിയ്‌ക്കുകയാണിവിടെ. അങ്ങനെ, നല്ല മനുഷ്യനാകാൻ, ഉത്തമപൗരനാകാൻ, ധർമ്മാനുസാരിയായ ഭാരതീയനാകാൻ ഉള്ള ക്ഷണംകൂടിയാണ് ഈ കൃതി.
നിത്യജീവിതത്തിലെ കാഴ്‌ചകളും വാർത്തകളും അനുഭവങ്ങളുമാണ് ഈ രചനയുടെ പശ്ചാത്തല പ്രേരണകൾ. വായനക്കാരന് ഇതിലൂടെ അന്യതാബോധമില്ലാതെ സഞ്ചരിയ്‌ക്കാം. ’സേഫ് ഡ്രൈവിംഗ്‘ സംബന്ധമായ ചർച്ചയിൽ അരൂപിയായി പങ്കാളിയാകാം. അമ്മയും മക്കളുമൊരുമിച്ചുള്ള ഗാർഹികാന്തരീക്ഷത്തിൽ ഇത്തിരിനേരം ചെലവിടാം. ഇവിടെ കഥ തളിർക്കുന്നത് കാണാം; കാര്യം വിരിയുന്നതും കാണാം. അങ്ങനെ, അറിവില്ലായ്‌മയും അഹന്തയായികൊണ്ടു നടക്കുന്ന മലയാളിക്ക് ഒരു തിരുത്തൽ രേഖ കണ്ടെത്താം.
സുരക്ഷിതമായി വാഹനം ഡ്രൈവ് ചെയ്യുന്നത് സംബന്ധിച്ച് എല്ലാ വിഷയങ്ങളും ഗ്രന്ഥകാരി ഇവിടെ അവതരിപ്പിക്കുന്നു. അശ്രദ്ധകൊണ്ട് അകാലത്തിൽ കൊഴിഞ്ഞുപോയ യൗവനങ്ങൾക്ക്, അപരന്റെ അശ്രദ്ധയുടെ ഫലമായി ജീവിതത്തോട് വിടപറയേണ്ടിവന്നവർക്ക് നോവൂറുന്ന ഒരു മനസ്സർപ്പിയ്‌ക്കുന്ന അന്ത്യാജ്ഞലികൂടിയാണ് ഈ കൃതി.
മോട്ടോർ വാഹനവകുപ്പിൽ അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌റ്ററാണ് ഗ്രന്ഥകാരി. ഉപജീവനത്തിനപ്പുറത്തേയ്‌ക്കു നീളുന്ന ആർജവം അവരുടെ പ്രഥമകൃതിയിൽ പ്രകടമാണ്. ലളിതമായ ശൈലി, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അനുഭവപാഠങ്ങൾ, വിഷയത്തിൽ നിന്നു തെന്നിമാറാതെ അനുബന്ധവിഷയങ്ങളുടെ അവതരണം….. അതെ, വൈജ്ഞാനിക, പ്രായോഗിക സാഹിത്യത്തിന് ഈ കൃതി മുതൽക്കൂട്ടാണ്. ശ്രദ്ധാപൂർവ്വം ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ ശ്രീമതി ബൃന്ദാ സനൽ പറയുന്നതുപോലെ, നമുക്കും ബോദ്ധ്യമാകുന്ന സംഗതിയുണ്ട്.
“വാഹനമോടിയ്‌ക്കാൻ ആർക്കും പറ്റും. യന്ത്രം പ്രവർത്തിക്കുമ്പോൾ വാഹനമോടിക്കോളും. പക്ഷെ, നിയമമനുസരിച്ച്, സന്ദർഭത്തിനനുസൃതമായി നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കരുതലുള്ളവരായി വാഹനമോടിക്കുമ്പോഴാണ് നമ്മൾ നല്ല ഡ്രൈവറാകുന്നത്, നല്ല പൗരനാകുന്നത്. ചുരുക്കിപ്പറഞ്ഞാൽ നല്ല മനസ്സിന്റെ, അല്ലെങ്കിൽ നമ്മുടെയുള്ളിലെ നന്മയുടെ അളവ് നമ്മുടെ ഡ്രൈവിംഗിൽ നിന്നുതന്നെ നമുക്കറിയാൻ കഴിയും – മറ്റുള്ളവർക്കും”.
ആർട്ട് ഓഫ് സേഫ് ഡ്രൈവിംഗ്.
വില – 100രൂപ.
പേജ് – 132.
പ്രസാധനം – എച്ച് ആൻഡ് സി പബ്ലീഷിംഗ് ഹൗസ്.
Generated from archived content: book1_nov11_10.html Author: sp_suresh_elavoor
Click this button or press Ctrl+G to toggle between Malayalam and English