ആകാരത്തിൽ വലിപ്പമുള്ള ആനകൾ എന്നും മനുഷ്യനെ ആകർഷിച്ചിട്ടുണ്ട്. ചരിത്രാതീതകാലം മുതൽ ആനകളെ മനുഷ്യർ ഇണക്കി വളർത്തിയിട്ടുണ്ട്. ആനയെക്കൊണ്ടുള്ള ഉപകാരത്തിലേറെ, ആനയ്‌ക്കധിപനായിരിയ്‌ക്കുക എന്നതൊരു പ്രതാപവുമായിരുന്നു. വലിയൊരു വിഭാഗം സാധാരണ ജനതയ്‌ക്ക് ആനയോട് ആരാധനയായിരുന്നു; ഇന്നുമാണ്. അതുകൊണ്ടാകണം മതങ്ങളിലും സാഹിത്യങ്ങളിലും ആനയ്‌ക്ക് ഇടം ലഭിച്ചത്. ഐരാവതം മുതൽ സർക്കസിലും തടി ഡിപ്പോകളിലും പ്രവൃത്തിയെടുക്കുന്ന ആനകൾവരെ വിസ്‌മയചിഹ്‌നങ്ങളാണ്.
ആനയോടുള്ള ഈ കമ്പം പുരാതന കാലത്തും ഉണ്ടായിരുന്നു എന്നതിന് തെളിവാണ് പാലകാവ്യ മഹർഷിയുടെ ഹസ്‌ത്യായുർവേദം. ആനയുടെ ആരോഗ്യസംരക്ഷണത്തിനു മാത്രമായി ഒരു പരമ്പരാഗത ചികിത്സാരീതി വളർന്നുവന്നുവെന്നും അതിന്നും അഭംഗുരം തുടരുന്നുവെന്നും പറഞ്ഞാൽ ഇതിന്റെ പ്രാധാന്യം നമുക്കു മനസ്സിലാകും. തിരുമംഗലത്ത് നീലകണ്‌ഠൻ മൂസ്സിന്റെ മാതംഗലീലയും ഗജശാസ്‌ത്രത്തിലെ ചുവടുവയ്‌പാണ്.
നേരത്തേ സൂചിപ്പിച്ച രണ്ടുഗ്രന്ഥങ്ങളുടേയും സ്വാനുഭവത്തിന്റേയും ഓർമ്മകളുടെയും പങ്കുവയ്‌ക്കപ്പെട്ട കഥകളുടേയും അടിസ്‌ഥാനത്തിൽ പ്രശസ്‌ത എഴുത്തുകാരൻ മലയാളത്തിന് ആനക്കഥകൾ സമ്മാനിയ്‌ക്കുകയാണ്. ‘അ….ആ…..ആന – ആനക്കഥകൾ.’ ഒട്ടേറെ ഗൗരവ തരങ്ങളായ വിഷയങ്ങളെ സാഹിത്യത്തിലും സിനിമയിലും കൈകാര്യം ചെയ്‌ത മാടമ്പ് കുഞ്ഞുകുട്ടന്റെ ഈ കൃതി താരതമ്യേന സരളവും സരസവുമാണ്. വായനക്കാരെ അമ്പരപ്പിയ്‌ക്കുന്ന ഒരു ഗ്രന്ഥരചനയ്‌ക്കല്ല ഇവിടെ മാടമ്പ് മുതിരുന്നത്. അവരുടെ ഹൃദയത്തിനുള്ളിലെ ഒരു കൂതുകത്തിന് ഇത്തിരിനേരം സല്ലപിയ്‌ക്കാൻ ഒരിടം നൽകുന്നതിനാണ് അദ്ദേഹം ഈ കൃതിയിലൂടെ ശ്രമിയ്‌ക്കുന്നത്. പതിനൊന്ന് അദ്ധ്യായങ്ങളിലൂടെ പത്ത് ആനകളുടെ കഥകളും ആനയുമൊത്തുള്ള അറിവും അനുഭവങ്ങളും അദ്ദേഹം പങ്കുവയ്‌ക്കുന്നു.
ആവശ്യമായ സന്ദർഭങ്ങളിൽ വേണ്ടത്ര സൂചനകളും ഉദ്ധരണികളും വിശദീകരണങ്ങളും ഈ കൃതിയിലുണ്ട്. എന്നാൽ ആനകളെക്കുറിച്ച് സമഗ്രതയിൽ വീക്ഷിക്കുന്ന കൃതിയെന്ന് ഇതിനെ വിലയിരുത്താനാകില്ല. അത് ഗ്രന്ഥകർത്താവിന്റെ ലക്ഷ്യവുമില്ല. എങ്കിലും ആനപ്രേമികൾക്കും കഥകളെ ഇഷ്‌ടപ്പെടുന്നവർക്കും ഈ പുസ്‌തകം രസിയ്‌ക്കും. വളരെ ലളിതമായി, ഗ്രാമ്യഭാഷയിൽ മാടമ്പ് കഥകളും കാര്യവും അയവിറക്കുന്നു. അനുവാചകൻ അരികിലിരുന്ന് അവയെല്ലാം അറിയുന്നു, അനുഭവിയ്‌ക്കുന്നു. ഉള്ളടക്കത്തിന്റെ ലാളിത്യം കൊണ്ടാകാം തലക്കെട്ടിലും കവർഡിസൈനിലും ലാളിത്യം പുലർത്തിയത്. അതു പുസ്‌തകത്തിന്റെ ഗൗരവത്തെ കുറച്ചോ എന്നൊരു സന്ദേഹവുമില്ലാതില്ല.
അ…. ആ… ആന ആനക്കഥകൾ
ഗ്രന്ഥകർത്താഃ മാടമ്പ് കുഞ്ഞുകുട്ടൻ
വില 55 രൂപ, പേജ് 68
പ്രസാധനം – ഗ്രീൻ ബുക്‌സ്
Generated from archived content: book1_may14_11.html Author: sp_suresh_elavoor