‘ കഥയാല്‍ തടുക്കാമോ കാലത്തെ’? കവി ചോദിക്കുന്നു. കാരണം ‘ തണുത്ത തലച്ചോറേ ഉണ്ണൂവാനുള്ളു കയ്യില്‍’ കാലത്തിന്റെ വേഗതയാര്‍ന്ന , ശക്തമായ കുത്തൊഴുക്കില്‍ മേല്‍പ്പറഞ്ഞ ചോദ്യത്തിനും ഉത്തരത്തിനും സാംഗത്യമേറും. ജീവിതമെന്നത് ഒരിക്കലും പൂര്‍ണ്ണത വരുത്താനാകാത്ത സമസ്യയാകുമ്പോള്‍ , കവികളും കഥാകാരന്മാരും അസ്വസ്ഥരാകുന്നു. അവര്‍ തണുക്കാത്ത തലച്ചോറിനെ കൊണ്ടു നടക്കുന്നവരാണ്. ‘ തീ പിടിച്ച വാലാണ് എന്റെ പകല്‍’ എന്നു കവി പറയുന്നു.
അവര്‍ കഥകളിലൂടെ , കവിതകളിലൂടെ സമസ്യാപൂരണത്തിനൊരുങ്ങുന്നു. ആ ശ്രമങ്ങള്‍ ചിലപ്പോള്‍ നമ്മെ ആനന്ദിപ്പിച്ചേക്കാം. മറ്റു ചിലപ്പോള്‍ അസ്വസ്ഥരാക്കിയേക്കാം. എന്നിട്ടും നമുക്കിവരെ കയ്യൊഴിയാന്‍ ആകുന്നില്ല . നാം പറയാന്‍ വിട്ടുപോയ വാക്കുകള്‍ , നമ്മുടെ മറവികള്‍ , നമ്മുടെ അരുതായ്മകള്‍ , നാം കാണാന്‍ മറന്ന കാഴചകള്‍ … അങ്ങനെ എല്ലാമെല്ലാം , കൈനോട്ടക്കാരിയുടെ തത്ത ചീട്ടുകൊത്തിയിടുന്നതുപോലെ , നമുക്കു മുമ്പില്‍ വയ്ക്കുന്നു. ഒരു വേള ഒന്നു കണ്ണോടിച്ചാല്‍ ഒരു പക്ഷെ, നെഞ്ചു പൊള്ളും. ജീവിതത്തിന്റെ കനലാളുന്ന യാഥാര്‍ത്ഥ്യങ്ങളാണ് അവയിലെമ്പാടും ചിതറിക്കിടക്കുന്നത്.
എന്തിനിത്ര പറയുന്നു എന്നാണെങ്കില്‍ ശ്രീ . എം. കെ ചന്ദ്രശേഖരന്‍ രചിച്ച ‘ സാന്ദ്രം ദീപ്തം’ എന്ന കഥാസമാഹാരം വായിക്കണം. പലകാലങ്ങളില്‍ , പല മണ്ഡലങ്ങളില്‍ അനുഭവിച്ച നേരും നോവുമാണ് ഇതിലെ ഓരോ കഥയുടേയും ഇതിവൃത്തം. ഒട്ടാകെ 43 കഥകള്‍. കൂടാതെ ശ്രീ. കെ. പി ശങ്കരന്റെ ആമുഖവും ശ്രീമതി ഷീല ടോമിയുടെ പഠനവും ചേരുമ്പോള്‍ , സാന്ദ്രമായ ഇക്കഥകള്‍ ദീപ്തവുമാകുന്നു.
നമ്മില്‍ നിന്ന് നമ്മിലേക്കുള്ള ദൂരം അളക്കുന്നവയാണ് എല്ലാ കഥകളും. നാമാകെ മാറിപ്പോയിരിക്കുന്നു. എന്നാല്‍ നമുക്കു തോന്നുന്നതാകട്ടെ , ലോകമാണ് മാറിയെതെന്നാണ്. ഇത്തിരിപ്പോന്ന ത്യാഗങ്ങള്‍ക്കു വരെ നാം സന്നദ്ധരല്ലാതായിരിക്കുന്നു.
മിക്ക കഥകളും ധ്വന്യാത്മകമാണ് . തുറന്നു പറച്ചിലുകള്‍ നടക്കുമ്പോഴും , ശംഖിനുള്ളിലെ കടലിരമ്പം നമുക്കു കേള്‍ക്കാം. ശാന്തമായി വായിക്കുമ്പോള്‍ , നെഞ്ചിടറുന്നത് നമുക്കറിയാം. ജീവിതത്തിന്റെ നിഴലുകളെയല്ല കഥാകൃത്ത് ഇവിടെ വരഞ്ഞിടുന്നത്; നെഞ്ചില്‍ കൊണ്ട മുറിവുകളെയാണ് . ആരാന്റെ ദു:ഖം സ്വദു:ഖമായി കാണുന്ന യഥാര്‍ത്ഥ കലാകാരന്റെ ഹൃദയസ്പന്ദനങ്ങളാണ് ഇക്കഥകള്‍.
നിയോഗം , ആദ്യം തിരിച്ചറിയപ്പെടാത്തതും പിന്നീട് തിരിച്ചറിയപ്പെടുന്നതുമായ നിയോഗത്തിന്റെ കഥയാണ്. നിയതിയുടെ അരക്കാലുകള്‍ എങ്ങനെ തിരിഞ്ഞു വരുമെന്നു പ്രവചിക്കുക വയ്യ. ഗണനങ്ങളും സങ്കലനങ്ങളും കീഴ്മേല്‍ മറിഞ്ഞു പോകും.
നഗരത്തിലെ പ്രദര്‍ശന ശാലയില്‍ നിന്ന് ഒരു കത്തി വാങ്ങുമ്പോള്‍ , പുഞ്ചിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് ഭയ സന്ത്രാസങ്ങള്‍ വിരിയുമ്പോള്‍ അയാളറഞ്ഞില്ല , കൂരിരുട്ടില്‍ പെയ്ത സ്വന്തം താവളത്തിലേക്കല്ല , പോലീസ് സ്റ്റേഷനിലേക്കാണ് നയിക്കുന്നതെന്ന്. കവിതപോലെ സുന്ദരമാണ് ഋജുവും ലളിതവും സൗമ്യവുമായ ഇക്കഥ.
മറ്റൊരു നിയോഗത്തിന്റെ കഥയാണ്. ‘ പതിയിരിക്കുന്ന ദുരന്തങ്ങള്‍’ ആകസ്മികമായാണ് ശൗരുവിന്റെ ശവപ്പെട്ടിക്കടയില്‍ ആദ്യ ഓര്‍ഡര്‍ എത്തിയത്. അതു പിന്നീടൊരു തുടര്‍ച്ചയായപ്പോള്‍ , കടമുമ്പിലെ ആശുപത്രിയിലെ ഡോക്ടര്‍ ശൗരുവിന് ദൈവമായി. എന്നാല്‍ ഡോക്ടര്‍ക്ക് ശത്രുവും. കടയുടെ മുമ്പില്‍ തൂക്കിയ ‘ ഇന്നു ഞാന്‍ , നാളെ നീ’ ബോര്‍ഡ് ഡോക്ടറെ ഞെട്ടിച്ചു. പക്ഷെ, ശൗരുവിനെ ചിരിപ്പിച്ചു. ഒടുവില്‍ , ബോര്‍ഡില്‍ തെളിഞ്ഞ അക്ഷരങ്ങള്‍ സത്യമായി. ശൗരുവിനൊപ്പം ഡോക്ടറും യാത്രയായി. അവര്‍ക്കായി ഉപയോഗിക്കപ്പെട്ട ശവപ്പെട്ടികള്‍ ഏതാകാം? ശത്രുമിത്ര ഭാവങ്ങളിലൂടെയുള്ള ജീവിതരഥ്യക്ക് അനിശ്ചിതത്വം മാത്രം എന്നും കൂട്ടെന്ന് ഇക്കഥ ഓര്‍മ്മിപ്പിക്കുന്നു.
ഒരു കാലത്തിന്റെ മുദ്രയെ തിരിച്ചറിയുകയാണ് ‘ മേനക’ എന്ന കഥ . നൂറ്റാണ്ടിന്റെ അന്ത്യം വരെ കാത്തുനില്‍ക്കാവാനാകാതെ വിസ്മൃതിയിലേക്ക് നടന്നിറങ്ങിയവള്‍ . പുതിയ കാലത്തിന് ഇവളുടെ ശാലീനത വേണ്ട. ഇവള്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളോ , പങ്കു വച്ച ദു:ഖങ്ങളോ , പകര്‍ന്ന സാന്ത്വനങ്ങളോ വേണ്ട എന്തിന്, കായലിന്റെ നെടുവീര്‍പ്പിന്റെ കാറ്റേറ്റ ഇവളുടെ പേരുപോലും ആര്‍ക്കും വേണ്ട; മുടന്തനായ , കപ്പലണ്ടിക്കച്ചവടം നടത്തുന്ന ഒരുന്തുവണ്ടിക്കാരനൊഴിച്ച് , അനവധി ഓര്‍മ്മകളെ ഒന്നിച്ചു ചേര്‍ത്ത്, കഥാകൃത്ത് മെനഞ്ഞ നഗരഹൃദയത്തിലെ സിനിമാടാക്കീസിന്റെ കഥ, കേവലമായ മനോരാജ്യങ്ങളല്ല. ഉള്ളുപൊള്ളിക്കുന്ന ചരിത്ര വര്‍ത്തമാനങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളാണ്.
നഗരപിതാവില്‍ നിന്ന് നഗരപതിയിലേക്കുള്ള ദൂരമാണ് ‘ അധികാര’ത്തിന്റെ പ്രമേയം . മിസ് നഗരത്തിനാവശ്യം നഗരപിതാവിനെ ആയിരുന്നു. അതിനായിരുന്നു അയാളെ തെരെഞ്ഞെടുത്തതും. എന്നാല്‍ വിഴുപ്പുകളുടെ ഭാണ്ഡമാകാന്‍ , വാര്‍ദ്ധക്യത്തിന്റെ ജീവച്ഛവമാകാന്‍ അയാളാഗ്രഹിച്ചില്ല. അയാളതുകൊണ്ട് നഗരപതിയായി. അധികാരത്തിന്റെ ഇടനാഴികളിലെ അന്ത: സംഘര്‍ഷങ്ങളാണ് ഈ കഥയുടെ കാതല്‍. അധീസ ശക്തിക്കെതിരായി ധര്‍മ്മച്ഛേയുടെ ചെറുത്ത് നില്‍പ്പ് പ്രതീകാത്മകമായ ഈ കഥ വായനക്കാരനെ അസ്വസ്ഥമാക്കുന്നു. നഗരപിതാക്കന്മാര്‍ എങ്ങനെ അലങ്കാര വസ്തുക്കള്‍ മാത്രമാകുന്നു എന്നു കാണിക്കുന്നു.
കൈവിട്ട കാലത്തിന്റെ നിനവുകള്‍ തേടി തന്റെ പഴയ ഗ്രാമം തേടിയെത്തുകയാണയാള്‍. എല്ലാം മാറിപ്പോയിരിക്കുന്നു. ആല്‍ത്തറയും കുളവും അമ്പലമുറ്റവുമെല്ലാം. എങ്കിലും അയാള്‍ വിശ്വസിച്ചു; കാലത്തിനു മാറ്റാനരുതാതെ തന്റെ പഴയ ശ്രീദേവി അവിടെയുണ്ടാകുമെന്ന്. എന്നാല്‍ , ജീവിതവുമായുള്ള നിരന്തര പോരാട്ടത്തില്‍ നിലനില്‍പ്പിനായി അവളും മാറിയിരിക്കുന്നു. അവളൊരു വിരുന്നു മേശ, അല്ല, ഒരു ഭക്ഷണശാല തന്നെ ആയി മാറിയിരിക്കുന്നു. മാറിയതാരാണ്? കാലമോ? നൈതികതയോ? മനുഷ്യനോ? ‘ നഷ്ടഗ്രാമം’ ഒരു ചോദ്യം അവശേഷിപ്പിക്കുന്നു.
വീട് അയാള്‍ക്കൊരു തടവറയായിരുന്നു അല്ലെങ്കില്‍ , അയാളങ്ങനെ വിശ്വസിച്ചിരുന്നു. പിന്നിടയാള്‍ , ജേഷ്ഠനു വേണ്ടി കള്ളക്കണക്കെഴുത്തുകാരനായി, മഞ്ഞപത്രത്തിന്റെ പത്രാധിപരായി, കള്ള ലാഭത്തിന്റെ ദല്ലാളായി ഒടുവിലൊക്കെ മടുത്തു. നടന്നു നീങ്ങിയ വഴികളിലെങ്ങും ശാന്തി കിട്ടിയില്ല. മദ്യത്തിലഭയം തേടുമ്പോള്‍ , തടവറ വീണ്ടും തന്നെ ക്ഷണിക്കുന്ന പത്രപരസ്യത്തില്‍ അയാളുടെ കണ്ണുകളുടക്കുന്നു.’ തടവറയിലേക്കു വീണ്ടും ‘ ജീവിതമെന്ന തടവറയുടെ കഥയാണ് പറയുന്നത്.
സ്നേഹത്തിന്റെ ‘ കുട’, ഒറ്റയാക്കപ്പെട്ട മൂകസാക്ഷി, കണ്ണാടിയില്‍ , തന്നെത്തന്നെ മൂത്തമ്മാവനായി കണ്ടു സ്നേഹിക്കാന്‍ തുടങ്ങിയ മൂത്തമ്മാവന്‍…. ഇങ്ങനെ വൈവിധ്യത്തിന്റെ വഴിത്താരകളിലൂടെ നടന്നു കയറുന്ന ഓരോ കഥയും സ്വാസ്ഥ്യാനുഭവങ്ങളുടേതല്ല . ജീവിതത്തിന്റെ ശാദ്വലഭൂമികളിലൂടെയല്ല കഥാകൃത്തിന്റെ സഞ്ചാരങ്ങള്‍. കണ്ണില്‍ വീണതെല്ലാം കനലുകളായിരുന്നു; കരളില്‍ കൊണ്ടത് കുന്തമുനകളും. അനുഭവങ്ങളുടെ വ്യതിരക്തത, അനുപമമായ അനുഭൂതിയായിരുന്നു കഥാകാരന്‍ . അതുകൊണ്ട് , ഏതു കഥയിലും ഏതു കഥാപാത്രങ്ങള്‍ക്കിടയിലും കഥകൃത്ത് സ്ഥാനം പിടിക്കുന്നതു കാണാം. കഥാപാത്രം അറിഞ്ഞതിലേറെ , അനുഭവിച്ചതിലേറെ, അറിഞ്ഞവനാണല്ലോ കഥാകാരന്‍.
ശ്രീ എം. കെ ചന്ദ്രശേഖരന്റെ ‘ സാന്ദ്രം ദീപ്തം’ എന്ന തെരെഞ്ഞെടുത്ത കഥകളുടെ സമാഹാരം, അദ്ദേഹത്തിന്റെ മറ്റു രചനകളെന്നപോലെ കാലത്തോടു കലഹിക്കുന്ന ഒന്നാണ്. നമുക്കേറ്റടുക്കാന്‍ കഴിയാത്ത കലഹങ്ങളെ , ചിലപ്പോള്‍ ശക്തമായും , മറ്റു ചിലപ്പോള്‍ വ്യഥയോടെയും വേറെ ചില നേരങ്ങളില്‍ നിര്‍മമതയോടെയും കഥാകൃത്ത് ഏറ്റെടുക്കുന്നു. വ്യക്തി മനസുകളുടെ സൂക്ഷ്മതലങ്ങളിലേക്ക് അദ്ദേഹം അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നു. അങ്ങനെ , ഇക്കഥകള്‍ സാന്ദ്രവും ദീപ്തവുമാകുന്നു.
മനോഹരമായി രൂപകല്‍പ്പന ചെയ്ത് , പലകാലത്തിന്റെ ജനകഥകളെ ഒറ്റ സമാഹാരത്തിലൊതുക്കി എച്ച്. & സി കുന്നംകുളം അവതരിപ്പിച്ചിരിക്കുന്നു.
സാന്ദ്രം ദീപ്തം : എം കെ ചന്ദ്രശേഖരന്‍
പേജ് : 395
വില : 250 രൂപ
പ്രസാധനം : എച്ച് & സി പബ്ലീഷിംഗ് ഹൗസ്
Generated from archived content: book1_mar6_12.html Author: sp_suresh_elavoor