ഈ ഡോക്‌ടർ പറയുന്നതു കേൾക്കു

ആധുനിക മനുഷ്യൻ സഞ്ചരിക്കുന്ന ഒരു രോഗാലയമാണ്‌. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനവധി രോഗങ്ങളെ കൂടെ കൊണ്ടുനടപ്പവൻ. ആരോഗ്യത്തിലുള്ള ശ്രദ്ധ അതുകൊണ്ട്‌, ഇന്ന്‌ വളരെ കൂടുതലാണ്‌. ഭക്ഷിക്കുന്നതെല്ലാം ശുദ്ധീകരിച്ചവ. നാടിനൊന്ന്‌ എന്ന രീതിയിൽ മെഡിക്കൽ കോളേജുകൾ. എല്ലാ നാൽക്കവലകളിലും പാടത്തും പറമ്പിലും ആശുപത്രികൾ, ഡിസ്‌പെൻസറികൾ. മെഡിക്കൽ ഷോപ്പുകളുടെ നീണ്ട നിര. ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും നഴ്‌സിംഗിനു പഠനം മെഡിക്കൽ കോളേജുകളിൽ അഡ്‌മിഷനുവേണ്ടിയുള്ള ശുപാർശകൾ, പണയപ്പെടുത്തലുകൾ. എല്ലാത്തിന്റെയും ലക്ഷ്യം ഒന്ന്‌ – സുഭദ്രമായ ആരോഗ്യമേഖല.

ഒട്ടനവധി മാസികകളും ആഴ്‌ചപ്പതിപ്പുകളും മറ്റുമാദ്ധ്യമങ്ങളും നമ്മുടെ ആരോഗ്യത്തെക്കുറിച്ചോർത്ത്‌ നിരന്തരം വേവലാതിപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും ആതുരാലയങ്ങൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്‌. കാരണം, നാം വളർച്ചയുടെ പടവുകളിലാണ്‌. ‘അൾട്രാമോഡേണാണ്‌. പാരമ്പര്യത്തെ പടിയടച്ച്‌ പിണ്ഡം വച്ചു. അതിന്റെ ബാക്കിപത്രങ്ങൾ ഷോകേസിൽ സൂക്ഷിക്കുന്ന ചിരവയും കതിർക്കുലയും മാത്രമാണ്‌.

മുത്തശ്ശിമാരും മുത്തച്ഛന്മാരും വൃദ്ധസദനത്തെ പകൽ വീടും രാത്രിസത്രവുമാക്കി. അറിവിന്റെ കണ്ണി അറ്റു. നറുനിലാവുപോലെ നാട്ടറിവുംവറ്റി. വഴിതെറ്റി ഒഴുകി, പുതിയ വിശ്വാസങ്ങളുടെ മണൽപ്പരപ്പിൽ അലിഞ്ഞില്ലാതായിപ്പോയ നദിപോലെ, ജീവിതത്തിന്‌ വഴികളില്ലാതായി. ഇന്നിപ്പോൾ ’അന്നന്നു കണ്ടതിനെ വാഴ്‌ത്തുകയാണു നാം.‘

ഇത്തരുണത്തിൽ ഒരോർമ്മക്കുറിപ്പാണ്‌ ഡോ. കെ. മുരളീധരൻ പിള്ള എഴുതിയ ’രോഗങ്ങളും പ്രതിവിധികളും‘ എന്ന പുസ്‌തകം. പല രോഗങ്ങളും നമ്മുടെ ജീവിത ശൈലികളുടെ സംഭാവനകളാണെന്ന്‌ അദ്ദേഹം അടിവരയിട്ട്‌ ഓർമ്മിപ്പിക്കുന്നു. അനുഭവസമ്പത്തും ഈ മേഖലയിലുള്ള ആഴമേറിയ അറിവും കൈമുതലാക്കിയാണ്‌ 57 അദ്ധ്യായങ്ങളിലൂടെ ഡോക്‌ടർ, നാമറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറയുന്നത്‌. കാര്യവും കാരണവും പരിഹാരവും ഇതിലുണ്ട്‌. ഭയക്കേണ്ടതെപ്പോൾ, എന്തിനു വെറുതെ ഭയക്കണം, ഭയംകൊണ്ടുള്ള പ്രശ്‌നങ്ങൾ – ഏതുരോഗത്തെ സംബന്ധിച്ചും ഇത്തരത്തിലുള്ള അടിസ്‌ഥാനപരമായ അറിവുകളും ഈ പുസ്‌തകം ചർച്ചചെയ്യുന്നു.

ആരോഗ്യം രോഗമില്ലാത്ത അവസ്‌ഥമാത്രമല്ലെന്നും ശേഷിയോടെ ജീവിക്കാൻ കഴിയുന്ന മനസ്സിന്റെയും ശരീരത്തിന്റെയും അവസ്‌ഥയാണെന്നും ഈ പുസ്‌തകം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ബാല്യത്തിലെ ബുദ്ധിവൈകല്യം തൊട്ട്‌ വാർദ്ധക്യത്തിൽ ചിലപ്പോൾ വന്നു ചേരുന്ന അൽഷൈമേഴ്‌സ്‌ വരെ ഡോക്‌ടർ ഇവിടെ പ്രതിപാദിക്കുന്നു. ഒട്ടേറെ രോഗ-ചികിത്സാഗ്രന്ഥങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും തന്റെ മുമ്പിലിരിക്കുന്ന രോഗിയുടെ മനസ്സിലേയ്‌ക്കും രോഗത്തിലേയ്‌ക്കും ഉൾക്കാഴ്‌ചയോടെ നോക്കി. ലളിതമായി വിശദീകരണങ്ങൾ നൽകുന്ന ഒരു ഡോക്‌ടറെ ഇതുപോലെ മറ്റെങ്ങും കാണുക വിരളമാകുന്നു. രോഗങ്ങളും പ്രതിവിധികളും അങ്ങനെ കാതൽക്കനമുള്ള ഗ്രന്ഥമാകുന്നു.

രോഗങ്ങളും പ്രതിവിധികളും

പ്രസാധകർഃ എച്ച്‌ ആന്റ്‌ സി പബ്ലീഷിംഗ്‌ ഹൗസ്‌

ഗ്രന്ഥകർത്താഃ ഡോ. കെ. മുരളീധരൻ പിള്ള

പേജ്‌ – 288, വില – 100 രൂപ.

Generated from archived content: book1_mar4_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here