ഗണിതത്തിലേയ്‌ക്കൊരു ക്ഷണം

യഥാശിഖാ മയൂരാണാം

നാഗാനാം മണയോ തഥാ

തദ്‌വദ്‌ വേദാംഗ ശാസ്‌ത്രാണാം

ഗണിതം മൂർദ്ധനിസ്‌ഥിതം

മയിലിന്റെ ശിരസ്സിലെ ചൂഢപോലെയും സർപ്പത്തിന്റെ മൂർദ്ധാവിലെ രത്‌നത്തെപ്പോലെയും വേദാംഗശാസ്‌ത്രങ്ങളുടെ കൂട്ടത്തിൽ ഗണിതം പ്രധാനസ്‌ഥാനം അലങ്കരിയ്‌ക്കുന്നു. പുരാതനകാലം മുതൽക്ക്‌ ഗണിതത്തിനുള്ള സ്‌ഥാനത്തെയാണ്‌ ഈ ശ്‌ളോകം കാണിയ്‌ക്കുന്നത്‌.

ശാസ്‌ത്രങ്ങളുടെ ശാസ്‌ത്രമായ ഗണിതശാസ്‌ത്രത്തിന്റെ പഠനം ഭൂരിപക്ഷം പേർക്കും രസകരമായി അനുഭവപ്പെടുന്നില്ല. വളരെ ചെറിയൊരു ശതമാനം പേർ മാത്രമേ ഗണിതത്തിന്റെ മാധുര്യം അറിയുന്നുള്ളൂ. വിരസതയിൽ നിന്ന്‌ ഗണിതത്തിന്റെ രസത്തിലേയ്‌ക്ക്‌ മാറ്റം അനിവാര്യമാണ്‌. ഈയൊരു മാറ്റത്തിന്‌ ചെറിയൊരു കാൽവയ്‌പിന്‌ സഹായകമാണ്‌ റ്റി.കെ. കൊച്ചുനാരായണൻ രചിച്ച “ഗണിതം പഠിയ്‌ക്കാം രസിയ്‌ക്കാം” എന്ന പുസ്‌തകം. ഗണിത ശാസ്‌ത്ര ചരിത്രത്തിലെ ഒട്ടേറെ മുഹൂർത്തങ്ങൾ വിരിയ്‌ക്കുന്ന “കണക്ക്‌ എരിവും പുളിയും” എന്ന പുസ്‌തകത്തിന്റെ രചയിതാവിന്റെ കയ്യിൽ നിന്നുമാണ്‌ വിനോദവും ചിന്തയും ഒരുപോലെ കോർത്തിണക്കിയ ഗണിതം- പഠിയ്‌ക്കാം, രസിയ്‌ക്കാം.

ചിന്താപ്രധാനമായ 111 ചോദ്യങ്ങൾ വളരെ ലളിതമായി അവതരിപ്പിയ്‌ക്കുകയും അവയുടെ ഉത്തരങ്ങൾ വിശദീകരണത്തോടെ നൽകുകയുമാണ്‌ ഈ ഗ്രന്ഥത്തിൽ. 3 എന്ന സംഖ്യ 5 തവണമാത്രം ഉപയോഗിച്ച്‌ 31 കിട്ടുന്ന വഴി എഴുതാമോ എന്ന്‌ ചോദിയ്‌ക്കുന്ന രമണിടീച്ചറിൽ നിന്നാണ്‌ ചോദ്യങ്ങളുടെ തുടക്കം. സഖ്യാബോധം, ചതുഷ്‌ക്രിയകളുടെ കളികൾ എന്നിവ കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ദൃഢമാകുന്ന രീതിയിൽ ഗ്രന്ഥകാരൻ ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നു.

കൂലിപങ്കിടലുമായി ബന്ധപ്പെട്ട 23-​‍ാമത്തെ ചോദ്യം ശ്രദ്ധിയ്‌ക്കു. ഹൈസ്‌കൂൾ ക്‌ളാസ്സിലെ ലഘുസമവാക്യങ്ങൾ (simple equations) എന്ന പാഠഭാഗത്തെ ഓർമ്മപ്പെടുത്തുന്ന വിധമാണ്‌ ഇതിന്‌ ഉത്തരം കണ്ടെത്തിയിരിക്കുന്നത്‌. ഇതനുസരിച്ചുള്ള മറ്റു ചോദ്യങ്ങളും ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്‌. ഗണിതക്രിയകളിലെ BOOMAS എന്ന തത്വവും ശതമാനത്തിന്റെ കളികളും സ്വായത്തമാക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിലുണ്ട്‌. 20-​‍ാം നൂറ്റാണ്ടിലെ പ്രശസ്‌ത ഭാരതീയ ഗണിതശാസ്‌ത്രജ്‌ഞ്ഞനായ ശ്രീനിവാസ്‌ രാമാനുജനെ അനുസ്‌മരിച്ചാണ്‌ 62-​‍ാമത്തെ ചോദ്യം. രാമാനുജൻസംഖ്യ എന്നറിയപ്പെടുന്ന 1729 ന്റെ സവിശേഷത വിവരിയ്‌ക്കുന്നതോടൊപ്പം അദ്ദേഹത്തിന്‌ പ്രിയപ്പെട്ട 153, 870, 371, 407 എന്നീ സംഖ്യകളുടെ സവിശേഷതകളും ഇതിൽ വിവരിയ്‌ക്കുന്നു. കുട്ടികളും പട്ടികളും എന്ന 79-​‍ാമത്തെ ചോദ്യത്തിന്‌ ഉത്തരം നൽകിയിരിക്കുന്നത്‌ ഹൈസ്‌കൂൾക്‌ളാസ്സുകളിലെ രണ്ട്‌ ചരങ്ങൾ ഉൾപ്പെടുന്ന സമവാക്യങ്ങൾ എന്ന പാഠഭാഗത്തെ അടിസ്‌ഥാനമാക്കിയാണ്‌.

ഗണിതത്തെ സ്‌നേഹിക്കുകയും അടുത്തറിയണമെന്ന്‌ ആഗ്രഹിയ്‌ക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയ്‌ക്കും ഗുണകരവും പുസ്‌കത്തിന്റെ പേരുപോലെത്തന്നെ പഠിച്ചു രസിയ്‌ക്കാൻ സഹായകവുമായ ഈ ഗ്രന്ഥത്തിന്റെ കവർ ഡിസൈനും ആകർഷകമാണെന്നത്‌ പറയാതെ വയ്യ. ഗണിതവിദ്യാർത്ഥികൾക്ക്‌, അദ്ധ്യാപകർക്ക്‌അധികവായനയ്‌ക്ക്‌ എന്നല്ല, അധികാനുഭവത്തിന്‌ ഈ പുസ്‌തകം ഉപകാരപ്രദമാണ്‌.

ഗണിതം പഠിയ്‌ക്കാം രസിയ്‌ക്കാം

ഗ്രന്ഥകർത്താഃ റ്റി.കെ. കൊച്ചുനാരായണൻ

വില 60 രൂപ, പേജ്‌ 80

പ്രസാധനം – ഗ്രീൻ ബുക്‌സ്‌ തൃശൂർ.

Generated from archived content: book1_mar25_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English