അസ്വസ്‌ഥതയുടെ ആമന്ത്രണങ്ങൾ

മനുഷ്യരാശിയെക്കുറിച്ച്‌, അവരുടെ ഭാഗധേയത്തെക്കുറിച്ച്‌, നിരന്തരം വ്യാകുലപ്പെടുകയും ജാഗ്രത്തായ ചിന്തകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അനിവാര്യമായവയ്‌ക്കെതിരെപ്പോലും പോരാടുന്നവരാണ്‌ ചരിത്രത്തെ മുന്നോട്ടു ചലിപ്പിച്ചവർ. അസ്വസ്‌ഥതകളെ നെഞ്ചേറ്റി വെറുപ്പിനെ ഭക്ഷിച്ച്‌ അവർ തങ്ങൾക്കു വേണ്ടിയല്ലാത്ത ജീവിതങ്ങൾ നയിച്ചു. ആ ജീവിതപ്രകാശത്തിൽ ഇടറിവീഴാതെ നടന്നവരുണ്ട്‌. ആ ജീവിത പ്രകാശത്തെ അനുദിനം ഊതിക്കെടുത്താൻ ശ്രമിച്ചവരുമുണ്ട്‌. കഷ്‌ടതകളെ, കലഹങ്ങളെ അവർ വളരാനുള്ള ഊർജ്ജമാക്കി പരിണമിപ്പിച്ചു. കാരണം, അവർ ജീവിച്ചത്‌, ജീവിക്കുന്നത്‌ അപരനുവേണ്ടിയായിരുന്നു. എന്നാൽ, ആ സമൂഹം ഇതൊന്നുമറിയാതെ ‘ആന്ധ്യം കുടിച്ചു തൊഴുത്തു’.

സി.ആർ. പരമേശ്വരന്റെ ‘വെറുപ്പു ഭക്ഷിയ്‌ക്കുമ്പോൾ’ എന്ന പുസ്‌തകം ഗൗരവമേറിയ ചർച്ചകളെയാണ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌. വർഷങ്ങൾക്കു മുമ്പിറങ്ങിയ ‘പ്രകൃതി നിയമം’, വിപൽ സന്ദേശങ്ങൾ തുടങ്ങിയ കൃതികളുടെ അനുബന്ധം തന്നെയാണ്‌ ഈ പുസ്‌തകവും. ഋജുവായ ചിന്തയിലൂടെ ഭൂത-വർത്തമാന-ഭാവികളെ വിശകലനം ചെയ്യുകയാണിവിടെ. പതിനൊന്ന്‌ അദ്ധ്യായങ്ങളാണ്‌ ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇതിൽ നാലെണ്ണം അഭിമുഖങ്ങളാണ്‌. ജീവിതാവസ്‌ഥകളെ, സാമൂഹ്യാവസ്‌ഥകളെ അവയുടെ ജീർണ്ണതയിൽ നിന്നുയർത്താൻ ശ്രദ്ധപുലർത്തുന്ന കെ. വേണു, താഹമാടായി, കെ. അരവിന്ദാക്ഷൻ, വിജു വി. നായർ എന്നിവരാണ്‌ അഭിമുഖത്തിൽ പങ്കാളികളാകുന്നത്‌. സാമ്രാജ്യത്വത്തിന്റെ സമകാലീന രൂപമായി, പരിസ്‌ഥിതി – മനുഷ്യാവകാശങ്ങളുടെ ലംഘനമായി, ഇടതുപക്ഷക്കാരെ ഉൾപ്പെടെ വലതുപക്ഷക്കാരായി പരിണമിപ്പിക്കാൻ കരുത്താർജിച്ച ആഗോളവൽക്കരണത്തിന്റെ അധിനിവേശ ശക്തികളോടുളള പ്രതിരോധ സമരത്തിന്റെ പ്രസക്തിയും സ്വഭാവവും കെ. വേണുമായി സി. ആർ. പങ്കുവയ്‌ക്കുന്നു. ശുഭാപ്‌തിവിശ്വാസം എങ്ങനെയാണ്‌ ആത്മവഞ്ചനയാകുന്നതെന്ന്‌ താഹമാടായിയുമായുള്ള അഭിമുഖം വ്യക്തമാക്കുന്നു. കേരളത്തിൽ കക്ഷി രാഷ്‌ട്രീയത്തോട്‌ ഒളിഞ്ഞോ തെളിഞ്ഞോ ബന്ധമുള്ള എഴുത്തുകാരും ആക്‌ടിവിസ്‌റ്റുകളും വിജയിക്കാനുളള കാരണം നിക്ഷിപ്‌ത താല്‌പര്യങ്ങളുടെ വിജയത്തെ ഇവർ പങ്കുവയ്‌ക്കുകയാണെന്ന്‌ സി.ആർ. അഭിപ്രായപ്പെടുന്നു.

മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒരുപാട്‌ വേദനകൾ ഏറ്റുവാങ്ങുന്ന അവസ്‌ഥയെക്കുറിച്ച്‌ ആരാഞ്ഞുകൊണ്ടാണ്‌ കെ. അരവിന്ദാക്ഷന്റെ അഭിമുഖം ആരംഭിക്കുന്നത്‌. രാഗങ്ങളാണ്‌ രോഗഹേതു എന്ന്‌ ജീവിതാനുഭവങ്ങൾ കൊണ്ട്‌ തിരിച്ചറിഞ്ഞെന്ന്‌ സി.ആർ. പറയുന്നു. എഴുത്തിലേയ്‌ക്കു ഏകാഗ്രമാകുവാൻ പ്രചോദിപ്പിക്കുന്ന യാതൊന്നും ജീവിതത്തിലില്ലെന്ന്‌, സത്യത്തോട്‌ ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്ന ഈ പച്ചമനുഷ്യൻ വിജു.വി.നായരുടെ ചോദ്യത്തിനുത്തരം നൽകുന്നു. തന്നിൽ നിന്ന്‌ അകന്നുപോയ ‘ഞാനി’നെക്കുറിച്ച്‌ അദ്ദേഹം പറയുന്നു. കേരളത്തിൽ മദ്യത്തിന്‌ ലഭിക്കുന്ന ഭരണകൂടരക്ഷകർതൃത്ത്വം വോഡ്‌കക്ക്‌ അതിന്റെ ജന്മനാട്ടിൽ ലഭിച്ചുകാണില്ലെന്ന്‌ സി. ആർ. വിലയിരുത്തുന്നു. കൂടാതെ മുസ്ലീം ബുദ്ധിജീവിയെ ഇപ്പോഴാണാവശ്യം. അഭാവത്തിന്റെ പരകോടിയിലെ ഭാവം, പാർട്ടി ചേരികൾ എം.എൻ. വിജയനും, സിവിൽ സമൂഹത്തെ പുനഃസൃഷ്‌ടിക്കാൻ, കാവ്യസംസകാരത്തിലെ സ്വയംഭരണം, ചാവിന്നു ബന്ധുത്വമേറുമല്ലോ, എന്റെ തത്വചിന്തകൻ തുടങ്ങിയ ലേഖനങ്ങളും ഈ സമാഹാരത്തിന്റെ താളുകളിൽ നിറയുന്നു.

‘ചാവിന്നു ബന്ധുത്വമേറുമല്ലൊ’ എന്ന ലേഖനം കവി കടമ്മനിട്ടയെക്കുറിച്ചുള്ള ഓർമ്മയാണ്‌. സി.ആർ. കടമ്മനിട്ടയിൽ വായിച്ചെടുത്ത ശക്തി സൗന്ദര്യങ്ങളെ ഈ ലേഖനത്തിന്റെ വെളിച്ചമാകുന്നു. രാഘവൻ തിരുമുല്‌പാടിനെക്കുറിച്ചാണ്‌ ‘എന്റെ തത്വചിന്തകൻ’ എന്ന ലേഖനം. ഒരു ചികിത്സകൻ എന്നതിനപ്പുറം തിരുമുല്‌പാട്‌ എന്നൊക്കെ ആയിരുന്നുവെന്നും, തിരുമുല്‌പാടിൽ നിന്ന്‌ കൈക്കൊണ്ട സൂഷ്‌മാർത്ഥങ്ങളെന്തൊക്കെ എന്നും വ്യക്തി നിഷ്‌ഠവും വസ്‌തുനിഷ്‌ഠവും ആത്‌മനിഷ്‌ഠവുമായി അപഗ്രഥനം ചെയ്യുന്നു.

വിരളമായി മാത്രം എഴുതുന്ന സി. ആറിന്റെ ‘വെറുപ്പു ഭക്ഷിക്കുമ്പോൾ ’ എന്ന പുസ്‌തകം കേരളത്തിന്റെ മദ്ധ്യവർഗ്ഗബോധമനസ്സിനോട്‌ ചർച്ച ആവശ്യപ്പെടുകയാണ്‌. ശുഭാപ്‌തിവിശ്വാസിയുടെ ആത്മവഞ്ചന ഇനിയും അഭികാമ്യമോ എന്ന കാതലായ ചിന്ത ബാക്കിയാകുന്നു. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഒരഴിച്ചുപണി അനിവാര്യമാണെന്ന്‌ ബദൽചിന്തകളുടെ ഈ സമാഹാരം വായനക്കാരെ ബോദ്ധ്യപ്പെടുത്തുന്നു. മാനവരാശിയെക്കുറിച്ച്‌ സ്വപ്‌നങ്ങൾ അവശേഷിക്കുന്നവർക്ക്‌ ഈ കൃതി കരുതൽ ധനമാണ്‌.

വെറുപ്പ്‌ ഭക്ഷിയ്‌ക്കുമ്പോൾ

ഗ്രന്ഥകർത്താഃ സി. ആർ. പരമേശ്വരൻ

പ്രസാധനം -എച്ച്‌ ആൻഡ്‌ സി ബുക്‌സ്‌

പേജ്‌ 117, വില 70 രൂപ.

Generated from archived content: book1_mar21_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English