ഗാനസാഹിത്യത്തിന് വായനാസുഖത്തേക്കാളെറെ കേള്‍വി സുഖമാണുള്ളത്. വായനയില്‍ വിരിയാത്ത അര്‍ത്ഥതലങ്ങള്‍ , കേള്‍വിയില്‍ അവ സൃഷ്ടിക്കുന്നു . ഒരു സുഖമെന്നതിലുപരി , മനസിലൊരു രാസപ്രവര്‍ത്തനത്തിനും ഗാനാലാപനം കാരണമാകുന്നു. അതുകൊണ്ടാണ് അര്‍ത്ഥരഹിതമായ പല ഗാനങ്ങള്‍ പോലും കേള്‍വിക്കാരന്റെ ഹൃദയത്തില്‍ ചേക്കേറുന്നത്. ഈരടിയുടെ അര്‍ത്ഥമോ അതിലെ പദങ്ങളോ പലപ്പോഴും കേള്‍വിക്കാരന് അറിയില്ലായിരിക്കും. എങ്കിലും അറിയാതെയെങ്കിലും അയാളതു പാടുന്നു.
ഗാനത്തെ കവിതയാക്കി ദര്‍ശനമാക്കി സൗന്ദര്യമാക്കി മാറ്റിയവരും കുറവല്ല. മലയാളത്തില്‍ ലബ്ധപ്രതിഷ്ഠരായ അത്തരം അനേകം ഗാനങ്ങളും ഗാനരചയിതാക്കളുമുണ്ട്. ക്ലാസ്സിക്ക് ഗാനങ്ങളും തനതു ഗാനങ്ങളും അങ്ങനെ മലയാളത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ചലച്ചിത്രഗാനശാഖയും നാടകഗാനശാഖയും ലളിതഗാനങ്ങളും ഇതില്‍ വഹിച്ച പങ്ക് ചെറുതല്ല.
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരത്തെക്കുറിച്ചും മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കരയില്‍ മഞ്ഞളരച്ചു നീരാടുന്നതിനെ കുറിച്ചും പേരറിയാത്ത നൊമ്പരത്തെക്കുറിച്ചും ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞൊരീണം ഒരു മുളന്തണ്ടിലൂടെ ഒഴുകി വരുന്നതിനെക്കുറിച്ചും , ചന്ദനമണിവാതില്‍ പാതി ചാരി, ഹിന്ദോളം തിരയിളകുന്നതിനെക്കുറിച്ചും ഒക്കെ പാടി ആധുനിക മലയാളഗാനശാഖയെ ധന്യമാക്കി ,ചിരപ്രതിഷ്ഠ നേടിയവര്‍ എത്രയെത്ര! അക്ഷരദേവതയുടെ വിരല്‍ സ്പര്‍ശം ഏറ്റു വാങ്ങിയ അവര്‍ നടന്ന വഴികളിലെ വെളിച്ചത്തിലൂടെ പിറകെയും ധാരാളം പേര്‍ വന്നു. ചിലരതില്‍ ഇടക്കു വച്ച് തൂലിക താഴെ വച്ച് മടങ്ങിപ്പോയി .മറ്റു ചിലരാകട്ടെ ആദരപൂര്‍വം ആ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു. അവരിലൊളാണ് രാജീവ് ആലുങ്കല്‍. ‘ എന്റെ പ്രിയ ഗീതങ്ങള്‍ ‘ രാജീവ് ആലുങ്കലില്‍ന്റെ ചലചിത്രഭാവഗാന സമാഹാരമാണ്. സിനിമകള്‍ , ടി. വി സീരിയലുകള്‍ , ആല്‍ബങ്ങള്‍, ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍ എന്നിവയൊരുക്കിയ നിരവധി ഗാനങ്ങളുടെ സഞ്ചയനമാണ് ഈ പുസ്തകം. കടന്നുവന്ന വഴികളിലെ ദീപ്തമായ ഓര്‍മ്മച്ചിത്രമാണ് ഈ സമാഹാരമെന്ന് ‘ സ്മൃതികളില്‍ ശ്രുതി’ ചേര്‍ത്ത് രാജീവ് പറയുന്നു. ഗന്ധര്‍വനെ സ്വപ്നത്തില്‍ കൂട്ടായി ലഭിച്ച രാജീവിന് അക്ഷരങ്ങളുടെയും സംഗീതത്തിന്റേയും ഗന്ധര്‍വസ്പര്‍ശം ഏല്‍ക്കാന്‍ കഴിഞ്ഞതില്‍ അത്ഭുതമില്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ എത്രെയെത്ര ഗാനകുസുമങ്ങളാണ് ആ വല്ലിയില്‍ വിടര്‍ന്നത്. പലതിനും പല നിറങ്ങള്‍ വ്യത്യസ്ത സൗരഭ്യവും സൗന്ദര്യവും.
ഭാവദീപ്തിയുള്ള ഇതിലെ ഗാനങ്ങളെ തൊട്ടനുഗ്രഹിച്ച കവി ഗുരുവായ ഒ. എന്‍. വി ആമുഖം ചാര്‍ത്തുന്നു. ഈ ഗാനങ്ങളുടെ ഗ്രാമ്യ ഭംഗിയും സാരള്യവും ഒ. എന്‍ വി എടുത്തു കാട്ടുന്നു. ഒരു ഗാനരചയിതാവിന്റെ കാഴ്ചകളെ കേള്‍വികളെ എങ്ങനെയാണ് അയാളുടെ ഗാനങ്ങള്‍ അടയാളപ്പെടുത്തുന്നതെന്ന് ഈ ഗ്രന്ഥം ദൃഷ്ടാന്തമാകുന്നു.
ഒരു സൂര്യനായ്.. ഇനി ഉയരണമായിരം മനസുകളില്‍ പകലാകുവാന്‍ …. ഈ യൗവനം… തീക്കാറ്റായ് , തലമുറതോറുമുയര്‍ന്നു പറക്കണം … എന്നു പാടുന്ന കവി
കുട്ടിഭൂതം…കടുകട്ടിഭൂതം പെട്ടിക്കുള്ളില്‍ പെട്ടാലിവനയ്യോ പാവം കൊട്ടഭൂതം… പിടികിട്ടാഭുതം കെട്ടിപ്പിടിയെടാ ഇവനോടൊത്തീ കുട്ടിക്കാലം കിടുകിടെ കാടുവിറപ്പിക്കും പടപട വീടുപൊടിപ്പിക്കും പട്ടാപ്പകലും ഞെട്ടിപ്പിക്കാന്‍, സൂത്രംകാട്ടും നെട്ടോട്ടം കൂട്ടും
എന്നുമെഴുതുന്നു.
ഗാനങ്ങളുടെ പരിമിതി , അവ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് പിറവിയെടുക്കുക എന്നതാണ് . അപ്പോള്‍ പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും രചയിതാവ് വിധേയനാകുന്നു. എന്നാല്‍ കവിത്വമുള്ള ഒരു ഗാനരചയിതാവിന് ഈ വെല്ലുവിളികളെ സാര്‍ത്ഥകമായി ഏറ്റെടുക്കാനും ഗാനത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുക്കാനും കഴിയുന്നു. പ്രതിഭയില്ലാത്തവരില്‍ ഇത് വാക്കുകളുടെ അര്‍ത്ഥരഹിതമായ കൂടിച്ചേരലുകളായും അവശേഷിക്കുന്നു. എന്നാല്‍ രാജീവ് ഈ വെല്ലുവിളിയെ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയധികം എഴുതുമ്പോള്‍ പതിരാകുന്നത് വളരെക്കുറച്ചു മാത്രം. ഭക്തിഗാനങ്ങളെ ഒരുക്കുന്നതിലും രാജീവിന്റെ ഈ ശ്രദ്ധ ബോദ്ധ്യമാകുന്നതാണ്.
സങ്കടശംഖ് പിടഞ്ഞുണരുന്നൊരു സന്ധ്യായാമത്തില്‍ തിങ്കള്‍ വിളക്ക് തെളിഞ്ഞൊരു സന്നിധി തേടിവരുന്നു ഞാന്‍ എന്നും കാല്‍വരിമലയിലെ കാറ്റിനു പോലും കണ്ണീരിന്‍ നനവായിരുന്നു മുള്‍മുടി ചൂടിയ മിശിഹാമാത്രം മുഗ്ദമന്ദസ്മിതം തൂകി നിന്നു.
എന്നുമുള്ള വരികള്‍ ഉദാഹരണങ്ങളാണ്.
ഭാഷയുടെ ലാവണ്യവും കേരളീയ ഗാനപൈതൃകത്തിന്റെ താളവും ഒഴുക്കും വഴക്കവും ഈ ഗാനങ്ങളില്‍ തെളിഞ്ഞു കാണാം. സംഗീതത്തിനപ്പുറത്തേക്ക് ഗാനസാഹിത്യത്തിന്റെ ആഴവും അര്‍ത്ഥവും പകരാന്‍ ‘ എന്റെ പ്രിയ ഗീതങ്ങള്‍’ എന്ന സമാഹാരം സഹായകരമാകും. എച്ച് & സി ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി ആസ്വാദകര്‍ക്ക് രുചിക്കാതെ വരില്ല.
പേജ് : 420
വില : 250 രൂപ
എന്റെ പ്രിയ ഗീതങ്ങള്‍
രാജീവ് ആലുങ്കല്‍
പ്രസാധനം : എച്ച് & സി
Generated from archived content: book1_june22_12.html Author: sp_suresh_elavoor