അന്വേഷണം അവസാനിക്കുന്നില്ല

കുറ്റാന്വേഷണ കഥകൾക്ക്‌ മലയാള സാഹിത്യത്തിൽ എന്നുമൊരിടമുണ്ട്‌. ഉദ്വോഗജനകമായ അതിന്റെ വഴിത്താരകൾ ആകർഷിക്കാത്തവർ നന്നേ കുറയും. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ വായനക്കാരൻ ഈ വഴിയും നടന്നിട്ടുണ്ടാകും. അങ്ങനെ മലയാളസാഹിത്യത്തിൽ നിന്നു തുടങ്ങി സാഹിത്യത്തിന്റെ വിശ്വഭൂമികയിലെല്ലാം ഇത്തരം കഥകൾ തേടി നടന്നവർ അനവധിയാണ്‌. ജനപ്രിയസാഹിത്യത്തിന്റെ ലേബൽ പലപ്പോഴും ഇത്തരം കഥകൾക്കു ലഭിക്കാറുണ്ട്‌. അതിന്റെ ഒരു സ്വാഭാവിക പരിണിതി എന്ന രീതിയിൽ കുറ്റാന്വേഷണ കഥകൾക്ക്‌ നിലവാരം കാത്തു സൂക്ഷിക്കാനും കഴിയാതിരുന്ന ദുര്യോഗത്തിനും മലയാള സാഹിത്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.

ആർ. ശ്രീലേഖ എഴുതിയ കുഴലൂത്തുകാരൻ എന്ന കുറ്റാന്വേഷണ നോവൽ ഇക്കാര്യത്തിൽ വേറിട്ടുനില്‌ക്കുന്നു. അനുഭവങ്ങളുടെ ലോകത്തു നിന്നാണ്‌ ഗ്രന്ഥകാരി നിരീക്ഷണങ്ങൾ കണ്ടെടുക്കുന്നതും അക്ഷരങ്ങളിൽ പകർത്തുന്നതും. എഴുത്തും കുറ്റാന്വേഷണവും ഗ്രന്ഥകാരിക്ക്‌ പുതിയ അനുഭവങ്ങളല്ല. കുഴലൂത്തുകാരൻ എന്ന കൃതി ഇതുകൊണ്ടാണ്‌ ശ്രദ്ധേയമാകുന്നത്‌. പൈഡ്‌പൈപ്പർ അഥവാ കുഴലൂത്തുകാരനാണ്‌ ഇതിലെ കേന്ദ്ര കഥാപാത്രം. കാണാതാകുന്ന കുട്ടികൾക്കു വേണ്ടി റീതമേരി എന്ന ഐ.പി.എസുകാരി നടത്തുന്ന അന്വേഷണങ്ങളിൽ കണ്ടെത്തുന്നതെല്ലാം ഒരേ പോലുള്ള തെളിവുകൾ. സംശയത്തിന്റെ മുൾമുനകൾ ചുറ്റിലുമുള്ള ഏവരിലേക്കും നീളുന്നു. ഇതിനിടയിലാണ്‌ ഒരു കുട്ടി രക്ഷപ്പെടുന്നതും ആശുപത്രിയിലെത്തുന്നതും. അതുവഴി മറ്റു കുട്ടികളിലേക്കും അവരുടെ രക്ഷയിലേക്കും നയിക്കുന്നു.

അന്വേഷണങ്ങൾക്കൊടുവിലാണ്‌ റീതമേരി കുഴലൂത്തുകാരനെ കണ്ടെത്തുന്നത്‌. സി.ആർ.പി. എന്ന മൂന്നക്ഷരത്തെക്കുറിച്ച്‌ അയാളിൽ നിന്ന്‌ അന്വേഷണോദ്യോഗസ്‌ഥ അറിയുന്നത്‌ ഒരു ഞെട്ടലോടെയാണ്‌. അന്വേഷണങ്ങളിലൊക്കെ ഉയർന്നു വന്ന ഒരു ചുരുക്കപ്പേരായിരുന്നു അത്‌. കഥയുടെ ക്ലൈമാക്‌സിൽ, റീതമേരി തന്റെ രണ്ടാമത്തെ മകളാണെന്ന്‌ വില്യം എന്ന കുഴലൂത്തുകാരൻ അവകാശപ്പെടുന്നു. സി.ആർ.പി ആരെന്ന്‌ റീതമേരിക്ക്‌ വെളിപ്പെടുത്തി കൊടുക്കുന്നതിനു മുമ്പേ തോക്കിനിരയാകുകയും ചെയ്യുന്നു.

ഇനിയുള്ള യാത്ര സി.ആർ.പി യെ തേടിയാണ്‌. അതു കണ്ടെത്തുക തന്നെ ചെയ്യുമെന്ന്‌ നോവലിസ്‌റ്റ്‌ വായനക്കാരന്‌ ഉറപ്പു നല്‌കുകയും ചെയ്യുന്നു.

അനേകം വഴികളിലൂടെ വായനക്കാരെ നടത്തുന്ന, അനേകം ചോദ്യങ്ങൾ വായനക്കാർക്കു മുമ്പിൽ നിരത്തുന്ന കൃതിയാണ്‌ കുഴലൂത്തുകാരൻ. വിരസമല്ല ഈ നോവൽ. വായനാസുഖവും ഈ കൃതിക്കുണ്ട്‌. ക്രൈംബ്രാഞ്ച്‌ ഐ.ജിയായ ആർ. ശ്രീലേഖയുടെ കുഴലൂത്തുകാരൻ ഡി.സി. ബുക്‌സാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

കുഴലൂത്തുകാരൻ

ഗ്രന്ഥകർത്താഃആർ. ശ്രീലേഖ

പേജ്‌ – 152, വില – 80&-

പ്രസാധനം – ഡി.സി. ബുക്‌സ്‌

Generated from archived content: book1_jun6_11.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English